ആഘോഷങ്ങളാകാം; പക്ഷേ മാര്‍ഗതടസ്സങ്ങള്‍ സൃഷ്ടിച്ചു കൊണ്ടാകരുത്

https://www.malayalamnewsdaily.com/sites/default/files/2021/01/05/nasar.jpg

പൊതുനിരത്തുകളില്‍ ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള ശക്തി പ്രകടനങ്ങളും ആഹ്ലാദ പ്രകടനങ്ങളും ഈ കോവിഡ് പശ്ചാത്തലത്തിലും പൂര്‍വാധികം ശക്തിയോടെ നിലനില്‍ക്കുന്നുവെന്നത് ആശ്ചര്യവും അതിലേറെ അമര്‍ഷവും ഉളവാക്കുന്നു.  
പ്രധാന ദേശീയ പാതകളില്‍ പോലും വാഹന ഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ചുകൊണ്ടുള്ള ഇത്തരം വിജയാഹ്ലാദ പ്രകടനങ്ങള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല.  ഒരു കൂട്ടര്‍ ചെയ്തു എന്നതുകൊണ്ട് മറ്റൊരു കൂട്ടര്‍ക്ക് ചെയ്യാം എന്ന ഒരു പൊതുബോധം കാരണമാവാം ഇതൊക്കെ പൂര്‍വാധികം ശക്തിയോടെ നിലനില്‍ക്കുന്നത്.
പുതുതലമുറയെ സജീവമായി ഒപ്പം നിര്‍ത്താന്‍ അവരുടെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ച് നിന്നുകൊടുക്കേണ്ടതുണ്ട് എന്നതില്‍ നിന്നാണ് ഇതൊക്കെ ഈ രീതിയില്‍ തുടര്‍ന്നു പോവുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതുകൊണ്ട് പ്രത്യേകിച്ചും.
മനുഷ്യ മനസ്സിന് പ്രായത്തിന്റെ ഓരോ ഘട്ടത്തിലും വ്യത്യസ്ത അഭിരുചികളും ഇഷ്ടാനിഷ്ടങ്ങളുമുണ്ടാവാം.  ഇളം പ്രായത്തിലെ പല ചെയ്തികളും മുതിര്‍ന്നു കഴിഞ്ഞാല്‍ ചെയ്യുകയുമില്ല, ചിലതെങ്കിലും ചെയ്യാന്‍ കഴിയുകയുമില്ല.  അവരെ പറഞ്ഞിട്ട് കാര്യമില്ല; നാലാം വയസ്സില്‍ കിട്ടേണ്ട സൈക്കിള്‍ നാല്‍പതാം വയസ്സില്‍ കിട്ടിയിട്ട് കാര്യമില്ലല്ലോ.  പക്ഷേ അവരെ പറഞ്ഞു മനസ്സിലാക്കിക്കണം. നമ്മുടെ ഒരു പ്രവൃത്തിയും മറ്റുള്ളവര്‍ക്ക് മാര്‍ഗ തടസ്സമുണ്ടാക്കുന്നതോ പ്രയാസമുണ്ടാക്കുന്നതോ വേദനിപ്പിക്കുന്നതോ ആവാതിരിക്കാന്‍ ഒരു കരുതല്‍ വേണമെന്ന് അവരെ ഓര്‍മപ്പെടുത്തണം. അത്തരത്തില്‍ ഗതാഗതം സ്തംഭിച്ച സമയത്ത് അത്യാസന്ന നിലയിലുള്ള ഒരു രോഗിയുമായി പോകുന്ന വാഹനം ആ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടാലുള്ള അവസ്ഥ ഒന്നാലോചിച്ച് നോക്കൂ. രോഗിയുടെ ബന്ധപ്പെട്ട ഒരാള്‍ അല്ലെങ്കില്‍ ഗതാഗതക്കുരുക്കില്‍ പെട്ടത് കാരണം വലിയ കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചേക്കാവുന്ന ഒരാള്‍ ക്ഷമ കെട്ട് മനസ്സിന്റെ നിയന്ത്രണം വിട്ട് അവിടെ എന്തും ചെയ്‌തേക്കും!
ആംബുലന്‍സ് അടക്കം ഒരു വണ്ടിയെയും ആ ഗതാഗതക്കുരുക്കില്‍ നിന്നും പ്രത്യേകം മോചിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല. ഇരുവശങ്ങളിലും പ്രകടനം വീക്ഷിക്കാന്‍ വന്ന ജനക്കൂട്ടം, പുറമെ  നേരത്തെ തന്നെ അവിടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍, ഇരുദിശകളിലും അടുത്തടുത്തായി നീങ്ങുന്ന വാഹനങ്ങള്‍. അവിടെ നിന്നും ഒരു വണ്ടിക്ക് പ്രത്യേകം വഴിയൊരുക്കുക എന്നത് വളരെ ദുഷ്‌കരമാണ്.  ഇനി അങ്ങനെ ഒന്ന് സാധ്യമാവുമ്പോഴേക്കും ആ ജീവന്‍ രക്ഷിക്കാന്‍ വേണ്ട എത്ര സുവര്‍ണ നിമിഷങ്ങളാണ് പാഴായിപ്പോവുക.
കഴിഞ്ഞ ദിവസം ഞങ്ങളുടെ കൂട്ടിലങ്ങാടിയില്‍ നടന്ന വിജയാഹ്ലാദ പ്രകടനം ഏകദേശം 20 മിനിറ്റ് പൂര്‍ണമായും ഒരു മണിക്കൂര്‍ ഭാഗികമായും ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെടുത്തി.  ഇത്തരം പരിപാടികള്‍ക്ക് സംഘാടകര്‍ നല്ല മുന്നൊരുക്കങ്ങള്‍ നടത്തുകയാണെങ്കില്‍ ഒരു പരിധി വരെ ഗതാഗതം തടസ്സപ്പെടാതെ നോക്കാം.  ആദ്യമായി വേണ്ടത്  സംഘാടകര്‍ തന്നെ തങ്ങളുടെ ഇരുചക്ര വാഹനമടക്കം ഒരു വാഹനവും അങ്ങാടിയിലോ റോഡിനിരുവശങ്ങളിലോ നിര്‍ത്തിയിടരുത്.  കുറച്ച് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ അവിടെ വന്ന് അങ്ങാടിയിലും പരിസരത്തും മറ്റു വാഹനങ്ങള്‍ അലക്ഷ്യമായി നിര്‍ത്തിയിടുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.  
 

 

 

Latest News