സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ പ്രവാസ പ്രതിഭകളുടെ ചുവടുവെപ്പിനൊരു വേദി. ദമാം ധ്വനി നൃത്തവിദ്യാലയം സംഘടിപ്പിച്ച മൂന്നാമത് അരങ്ങേറ്റവും പത്താമത് വാർഷികവും സദസ്യരിൽ അനുഭൂതി പകർന്നു. ലാസ്യ കലയുടെ നൃത്താവിഷ്കാരങ്ങളൊരുക്കി ശൃംഗാര രസവദനരായി അംഗനമാർ കേരളത്തിന്റെ തനതു നൃത്തകലയായ മോഹിനിയാട്ടം ആടിത്തുടങ്ങിയതോടെ സദസ്യരുടെ ജിജ്ഞാസ അണ പൊട്ടിയൊഴുകി വന്നു.

നർത്തകിമാർക്കൊപ്പം കുഴിത്താളവും കൊട്ടി വായ്ത്താരിയും ചൊല്ലി അരങ്ങിലെത്തിയ ഗുരുനാഥയായ രശ്മി ടീച്ചറുടെ അനുഗ്രഹങ്ങൾ സ്വീകരിച്ചുകൊണ്ട് അടവുകൾക്ക് യോജിച്ച ഭാവവും താളവും കൈയും മെയ്യും കണ്ണുകളും അംഗോപാംഗങ്ങൾ ഭംഗിയോടെ ചലിപ്പിച്ച് കുമാരികൾ ആടിത്തിമർത്തതോടെ അരങ്ങേറ്റത്തിനു തുടക്കം കുറിച്ചു.

കഴിഞ്ഞ പത്ത് വർഷമായി പ്രവാസ ലോകത്തെ 600 ൽപരം വിദ്യാർത്ഥിനികളെ നൃത്തം അഭ്യസിപ്പിച്ചിട്ടുള്ള ആലപ്പുഴ ജില്ലയിലെ മാവേലിക്കര ചെട്ടിക്കുളങ്ങര സ്വദേശിനിയായ രശ്മി മോഹൻ നടത്തുന്ന ധ്വനി നൃത്ത വിദ്യാലയത്തിൽ ഭാരതീയ ദേശീയ നൃത്തരൂപമായ ഭരത നാട്യവും ലാസ്യ നൃത്തരൂപമായ മോഹിനിയാട്ടവും നാട്ട്യശാസ്ത്രം അടിസ്ഥാനമാക്കിയ കുച്ചുപ്പുടിയും അഭ്യസിക്കുന്ന മുപ്പത്തി ഒന്ന് നർത്തകിമാരുടെ അരങ്ങേറ്റമാണ് കഴിഞ്ഞ ദിവസം ദമാമിൽ നടന്നത്.

കഴിഞ്ഞ ഒരു വർഷമായി കോവിഡ് മഹാമാരിയെ തുടർന്ന് ഓൺ ലൈനിലൂടെയാണ് ക്ലാസുകൾ നൽകിയിരുന്നത്. ഇത്തരം പരിമിതികളിൽ അരങ്ങേറ്റം നടത്തിയ വിദ്യാർത്ഥികളിൽ അത്ഭുതകരമായ അവതരണമാണ് കാണാൻ കഴിഞ്ഞതെന്ന് സദസ്യർ അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിയെ തുടർന്ന് പ്രവാസികൾക്കിടയിൽ നിലനിൽക്കുന്ന മൂകതക്ക് മേൽ കുളിർമഴ പെയ്യിച്ചുകൊണ്ടാണ് ലളിതമാണെങ്കിലും ദമാമിൽ ഈ ചടങ്ങ് സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും മലയാളി സമൂഹത്തിലും ആത്മവിശ്വാസം കൈവരിക്കുന്നതിനും ഇത്തരം കൂടിച്ചേരലുകൾക്കായിട്ടുണ്ട്.

കലാമണ്ഡലം ഹരികുമാറിന്റെ കീഴിൽ ഭരതനാട്യവും കുച്ചുപ്പുടിയും കലാമണ്ഡലം വിജയകുമാരി ടീച്ചറുടെ കീഴിൽ മോഹിനിയാട്ടവും അഭ്യസിച്ച രശ്മി മോഹൻ ദമാമിൽ നൂറ്റിയൻപതിൽപരം കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചു വരുന്നു. കഴിഞ്ഞ വർഷം ദമാമിൽ നടന്ന അരങ്ങേറ്റത്തിലും നിരവധി കലാകാരികൾ ചിലങ്കയണിഞ്ഞ് അരങ്ങേറ്റം നടത്തുകയുണ്ടായി.
അരങ്ങേറ്റം നടത്തിയ കുട്ടികൾക്ക് പുറമെ ധ്വനി നൃത്തവിദ്യാലയത്തിലെ മറ്റു വിദ്യാർത്ഥിനികൾ അവതരിപ്പിച്ച നൃത്തങ്ങളും പ്രവിശ്യയിലെ പ്രമുഖ ഗായകരുടെ ഹൃദ്യമായ ഗാനങ്ങളും സദസ്സിനെ ആകർഷിച്ചു. അർച്ചന അഭിഷേക് അവതാരകയായിരുന്നു. മോഹൻ കുമാർ, മോജിത് മോഹൻ, ബിൻസ് മാത്യൂസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.






