ന്യൂയോർക്ക് ടൈംസിന്റെ ശ്രദ്ധേയ പുസ്തകങ്ങളിൽ ഇടം പിടിച്ച നോവലാണ് മലയാളിയായ എഴുത്തുകാരി പാലക്കാട് സ്വദേശിനി ദീപ ആനപ്പാറയുടെ ജിൻ പട്രോൾ ഓൺ ദ പർപ്പിൾ ലൈൻ. മാധ്യമപ്രവർത്തകയായിരുന്ന ദീപ ആനപ്പാറയുടെ ആദ്യ നോവലാണ് ജിൻ പട്രോൾ ഓൺ ദ പർപ്പിൾ ലൈൻ. ഒരു ചേരിയിൽ മാതാപിതാക്കളോടും മൂത്ത സഹോദരിയോടൊപ്പവും താമസിക്കുന്ന ഒമ്പത് വയസ്സുള്ള ഒരു ബാലന്റെ കഥയാണിത് .പല കാരണങ്ങളാൽ ഏറെ ശ്രദ്ധേയനാണ് ഈ ബാലൻ. സഹപാഠിയുടെ തിരോധാനത്തിലുള്ള നിഗൂഢതയുടെ ചുരുളഴിക്കാനുള്ള ജയ് എന്ന പേരുള്ള കുട്ടിയുടെ ശ്രമങ്ങളാണ് നോവലിന്റെ ഇതിവൃത്തം.
2020 - ൽ കോവിഡ് പ്രതിസന്ധിക്കിടയിൽ ആഗോളതലത്തിൽ വായനയിൽ പുതു ചലനം സൃഷ്ടിച്ച ചില പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണിവിടെ. മാരകമായ മഹാമാരിയുടെ ഭീതിയിൽ യാത്രകൾ ഒഴിവാക്കാൻ നിർബ്ബന്ധിതമായപ്പോൾ അക്ഷരങ്ങളോടൊപ്പം സഞ്ചരിച്ചവർക്ക് ജിജ്ഞാസയെ ആളിക്കത്തിക്കാനും വൈകാരിക പിരിമുറുക്കങ്ങളിൽനിന്നും മുക്തി നേടാനും പുസ്തകങ്ങൾ സഹായിച്ചിട്ടുണ്ട്. അനുഭവക്കുറിപ്പുകൾ , സാങ്കൽപികമായ ലോകം തുറന്നുവെച്ച ഫിക്ഷൻ എന്നിവയിൽ ശ്രദ്ധേയമെന്ന് തോന്നിയ അഞ്ച് പുസ്തകങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

കോവിഡ് കാലത്ത് ഏറെ വിറ്റഴിക്കപ്പെട്ട പുസ്തകമാണ് ജാപ്പനീസ് എഴുത്തുകാരി മീകോ കവകാമിയുടെ ബ്രസ്റ്റ്സ് ആൻഡ് എഗ്ഗ്സ് എന്ന നോവൽ. ഇന്ന് ജീവിച്ചിരിക്കുന്ന ഏതൊരു എഴുത്തുകാരെക്കാളും മികവോടെയാണ് ജപ്പാനിലെ സ്ത്രീത്വത്തെ കവകാമി ഈ നോവലിലൂടെ അവതരിപ്പിച്ചിരിക്കുന്നതെന്ന് ചില നിരൂപകർ വിശേഷിപ്പിക്കുകയുണ്ടായി. ജപ്പാനിലെ ഒസാക്കയിലെ പ്രാദേശിക ഭാഷാ ശൈലിയിൽ 2008 -ൽ ഒരു ബ്ലോഗായി എഴുതിയതാണ് ബ്രസ്റ്റ്സ് ആൻഡ് എഗ്ഗ്സ് എന്ന നോവൽ. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം ഏറെ വ്യത്യസ്തമായ രീതിയിൽ ആവിഷ്കരിച്ചപ്പോൾ ജപ്പാനിലെ പുരുഷ കേന്ദ്രീകൃത ലോകത്ത് ഈ നോവൽ അക്ഷര സ്ഫോടനം സൃഷ്ടിച്ചു. പാരമ്പര്യവാദികൾ നോവലിനെ പുച്ഛിക്കുകയും ടോക്കിയോ ഗവർണറായിരുന്ന നോവലിസ്റ്റ് ഷിന്റാഹോ ഇഷിഹാര ഇതിനെ അസുഖകരവും അസഹനീയവുമെന്ന് ഇകഴ്ത്തിപ്പറയുകയും ചെയ്തെങ്കിലും ജപ്പാനിൽ മാത്രം ഈ നോവൽ രണ്ടര ലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയി. ഒരു ഡസനിലധികം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ നോവലിന് 2020 -ൽ ആഗോളതലത്തിൽ ഏറെ വായനക്കാരെ ലഭിക്കുകയുണ്ടായി. നിരന്തരം വളർന്ന് പന്തലിക്കുന്ന ഒരു വൃക്ഷം പോലെയോ , കടലിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന നദി പോലെയോ ആണ് കവകാമി എന്നാണ് ജപ്പാനിലെ ഏറ്റവും പ്രശസ്തനായ നോവലിസ്റ്റ് ഹരുക്കി മുറകാമി അടുത്തിടെ അവരെ വിശേഷിപ്പിച്ചത്.
*****

അമേരിക്കയുടെ മുൻ പ്രസിഡണ്ട് ബരാക് ഒബാമയുടെ 'പ്രോമിസ്ഡ് ലാൻഡ് ' ഗംഭീരവും ചിന്തോദ്ദീപകവുമായ ഓർമ്മക്കുറിപ്പുകൾ എന്ന നിലയിൽ ഏറെ ശ്രദ്ധേയമായ കൃതിയാണ് . ഒബാമയുടെ ആദ്യകാല രാഷ്ട്രീയ അഭിലാഷങ്ങളിൽനിന്ന് പ്രസിഡണ്ട് സ്ഥാനത്തെക്കുറിച്ചുള്ള യാത്രയെക്കുറിച്ചുള്ളതാണ് ഈ പുസ്തകം . 'ഒരു വാഗ്ദത്ത ഭൂമി ' എന്ന ഈ പുസ്തകം യു എസ് പ്രസിഡണ്ടിന്റെ ഓവൽ ഓഫിസിലേക്കും , വൈറ്റ് ഹൗസിലേക്കും മാത്രമല്ല വായനക്കാരെ കൊണ്ടുപോകുന്നത് . മോസ്കോ , കയ്റോ മുതൽ ബീജിംഗ് വരെയുള്ള ലോകത്തെ പലസ്ഥലങ്ങളിലേക്കും അവിടങ്ങളിലുള്ള പലരിലേക്കും വായനക്കാരനെ പ്രചോദിപ്പിക്കും വിധം കൂട്ടിക്കൊണ്ട് പോകുന്നുണ്ട് . ജനാധിപത്യത്തിന്റെ ശക്തിയിൽ വിശ്വസിക്കാൻ ഈ പുസ്തകം വായനക്കാരന് പ്രചോദനമായിത്തീരും. ഒബാമയുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തെക്കുറിച്ചും വ്യക്തിപരമായ വിശദാംശങ്ങളിലേക്കും ഈ പുസ്തകം വിശദമായി ഇറങ്ങി ചെല്ലുന്നുണ്ട് . ഒരു ഭരണതന്ത്രജ്ഞൻ മാത്രമല്ല താനെന്നും ഒരു നല്ല എഴുത്തുകാരൻ കൂടിയാണെന്ന് 768 പേജുകളുള്ള 'ഒരു വാഗ്ദത്തഭൂമിയിലൂടെ' ഒബാമ നമ്മെ അനുഭവിപ്പിക്കുന്നു. ഒബാമയുടെ 'ഡ്രീംസ് ഫ്രം മൈ ഫാദർ ' 'ദി ഓഡോസിറ്റി ഓഫ് ഹോപ് ' എന്നീ പുസ്തകങ്ങളുടെ വിപുലീകരണമായ ട്രയോളജിയുടെ മൂന്നാം ഭാഗമായി പ്രോമിസ്ഡ് ലാൻഡിനെ കാണാം .ലോകത്തെ വീണ്ടും പുനർനിർമ്മിക്കാനും അതിനായ് യുവാക്കളെ ക്ഷണിക്കാനുമാണ് താൻ പ്രോമിസ്ഡ് ലാൻഡ് എഴുതിയതെന്ന് ഒബാമ പറയുന്നു.അമേരിക്ക എന്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് മനസ്സിലാക്കാൻ മാത്രമല്ല ഒബാമ മുന്നോട്ട് വെക്കുന്ന ആശയം മനസ്സിലാക്കാനും ഈ പുസ്തകം വായനക്കാരെ സഹായിക്കും .2020 നവംബറിലാണ് ഈ പുസ്തകം പുറത്തിറങ്ങിയതെങ്കിലും വായനക്കാർ പ്രതീക്ഷയോടെ കാത്തിരുന്ന പുസ്തകം എന്ന നിലയിൽ എക്കാലത്തെയും മികച്ച വിൽപ്പനയാണ് പ്രസാധകർ പ്രതീക്ഷിക്കുന്നത്. യു എസ്സിലെയും കാനഡയിലെയും വായനക്കാർക്ക് മാത്രമായി പുസ്തകത്തിന്റെ 34 ലക്ഷം കോപ്പികളാണ് അച്ചടിച്ചിരിക്കുന്നത്. ജർമ്മനിയിലേക്ക് 15 ലക്ഷം കോപ്പികളും മറ്റ് രാജ്യങ്ങളിലെ വായനക്കാർക്കായ് 25 ലക്ഷം കോപ്പികളും പുറത്തിറക്കിയിട്ടുണ്ട്.ഇംഗ്ളീഷിന് പുറമെ സ്പാനിഷ് , പോർച്ചുഗീസ് ,ചൈനീസ് റൊമാനിയൻ എന്നിങ്ങനെ 19 ഭാഷകളിലായാണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്.
*****

ഇന്ത്യൻ എഴുത്തുകാരിയായ മേഘ മജുംദാറിന്റെ കന്നി നോവലായ 'എ ബേണിങ്' എന്ന കൃതിയെ ഈ സീസണിൽ നിർബന്ധമായും വായിച്ചിരിക്കേണ്ട കൃതി എന്നാണ് വാഷിങ്ങ്ടൺ പോസ്റ്റ് പത്രം വിശേഷിപ്പിച്ചത്. ഈ പുസ്തകം ബെസ്ററ് സെല്ലറിൽ ഇടം പിടിച്ചിട്ടുണ്ട്. സമകാലിക ഇന്ത്യൻ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നോവലിലെ കഥ ഇതൾ വിരിയുന്നത്. പശ്ചിമ ബംഗാളിൽനിന്നും നരവംശ ശാസ്ത്രം പഠിക്കാനായി ഹാർവാർഡ് സർവകലാശാലയിൽ ചേരാൻ ന്യൂയോക്കിലേക്ക് താമസം മാറ്റിയ യുവ എഴുത്തുകാരിയാണ് മേഘ മജുംദാർ. പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ഭീതിയും പ്രതീക്ഷകളുമെല്ലാം പ്രക്ഷുബ്ധമായി വരച്ചു കാണിക്കുന്ന ഈ നോവൽ ഇന്ത്യയിൽ ഏറെയൊന്നും ചർച്ച ചെയ്യപ്പെട്ടില്ലെങ്കിലും ഇന്ത്യക്ക് വെളിയിൽ ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ഈ നോവലിന്റെ രസകരമായ ഒരു ഭാഗം ജീവൻ എന്ന കഥാപാതത്തിന് ഫേസ് ബുക്ക് പോസ്റ്റിന് കുറച്ച് ലൈക്കുകൾ മാത്രം ലഭിക്കുന്നു എന്നതാണ് . കൂടുതൽ ജാഗ്രത പുലർത്തുന്ന പോസ്റ്റുകൾ എഴുതാൻ ഇതവളെ പ്രേരിപ്പിക്കുന്നു. അങ്ങിനെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് ഈ നോവൽ മുന്നോട്ട് പോകുന്നത് . നമ്മളിൽ പലരും അവഗണിക്കുന്ന വെളിച്ചം എത്താത്ത ജീവിതങ്ങളുടെ നിഴലുകളിലേക്ക് തെളിക്കുന്ന പ്രകാശമാണ് ഈ നോവൽ . ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ മാനവികതയിൽ വിശ്വസിക്കുന്നവർ ഈ നോവൽ തീർച്ചയായും വായിക്കണം.
*****

ഐറിഷ് എഴുത്തുകാരനായ കോളം മെക്കാൻ എഴുതിയ ഇസ്രായേലി പൗരന്റെയും ഫലസ്തീനിയുടെയും അസാധാരണമായ സൗഹൃദത്തിന്റെ കഥ പറയുന്ന നോവലാണ് അപ്പീരോഗൻ .ഒരു യഥാർത്ഥ സംഭവ കഥയെ ആധാരമാക്കി എഴുതിയ ഈ നോവൽ വ്യാപകമായി പ്രശംസിക്കപ്പെടുകയുണ്ടായി.ഒരു മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ കൃതിയെ 'ഒരു തലമുറയിൽ ഒരിക്കൽ മാത്രം വെളിപ്പെടുന്ന പുസ്തകം' എന്നാണ് ഗാർഡിയൻ പത്രം വിശേഷിപ്പിച്ചത്. മാനവികതയുടെ മഹത്വം വിളംബരം ചെയ്യുന്ന ഈ നോവൽ കോവിഡ് കാലത്ത് ന്യൂയോർക്ക് ടൈംസ് ബെസ്ററ് സെല്ലറിൽ സ്ഥാനം നേടുകയും ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റുകയുമുണ്ടായി. സംഘട്ടനങ്ങളുടെ ലോകത്ത് ജീവിക്കുന്ന ബസാം അരാമിൻ എന്ന ഫലസ്തീനിയുടെ പത്തുവയസ്സുള്ള മകൾ റബ്ബർ ബുള്ളറ്റിനാൽ കൊല്ലപ്പെടുന്നു. റാമി എന്ന ഇസ്രായേലിയുടെ പതിമൂന്ന് വയസ്സുള്ള മകൾ സ്മാദർ ചാവേർ അക്രമത്തിന് ഇരയാവുന്നു. റാമിയും ബസ്സാമും പരസ്പരം വെറുക്കപ്പെട്ടവരായി ജീവിതം മുന്നോട്ട് നീക്കുന്നു . ഒടുവിൽ അവർ പരസ്പരം തങ്ങളുടെ ജീവിത യാഥാർഥ്യങ്ങൾ അറിയുമ്പോൾ അതുമായി ബന്ധപ്പെട്ട് കിടക്കുന്ന തങ്ങളുടെ നഷ്ടം തിരിച്ചറിയുന്നു . അവർ ഒരുമിച്ച് തങ്ങളുടെ സങ്കടത്തെ സമാധാനത്തിനുള്ള ആയുധമായി ഉപയോഗിക്കാൻ ശ്രമിക്കുന്നതിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത് .
*****

ന്യൂയോർക്ക് ടൈംസിന്റെ ശ്രദ്ധേയ പുസ്തകങ്ങളിൽ ഇടം പിടിച്ച നോവലാണ് മലയാളിയായ എഴുത്തുകാരി പാലക്കാട് സ്വദേശിനി ദീപ ആനപ്പാറയുടെ ജിൻ പട്രോൾ ഓൺ ദ പർപ്പിൾ ലൈൻ. മാധ്യമപ്രവർത്തകയായിരുന്ന ദീപ ആനപ്പാറയുടെ ആദ്യ നോവലാണ് ജിൻ പട്രോൾ ഓൺ ദ പർപ്പിൾ ലൈൻ. ഒരു ചേരിയിൽ മാതാപിതാക്കളോടും മൂത്ത സഹോദരിയോടൊപ്പവും താമസിക്കുന്ന ഒമ്പത് വയസ്സുള്ള ഒരു ബാലന്റെ കഥയാണിത് .പല കാരണങ്ങളാൽ ഏറെ ശ്രദ്ധേയനാണ് ഈ ബാലൻ. സഹപാഠിയുടെ തിരോധാനത്തിലുള്ള നിഗൂഢതയുടെ ചുരുളഴിക്കാനുള്ള ജയ് എന്ന പേരുള്ള കുട്ടിയുടെ ശ്രമങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ദീപ ആനപ്പാറ നേരത്തെ പത്ര പ്രവർത്തകയായി മുംബൈയിലും ദൽഹിയിലും പ്രവർത്തിച്ചിട്ടുണ്ട്.






