മുയൽ ഒരു മാംസഭോജിയാണ്

മുയലുകൾ സസ്യഭുക്കുകളാണ്, അതായത് അവ സസ്യങ്ങളെയോ സസ്യജന്യങ്ങളായ പദാർഥങ്ങളോ ആണ് ഭക്ഷിക്കുന്നത്.'  
ശാസ്ത്രാധ്യാപകനായ അഹമ്മദ് ഇത്രയും പറഞ്ഞപ്പോഴേക്കും ക്ലാസിന്റെ പിൻബെഞ്ചിൽ നിന്ന് ഒരു കൈ ഉയർന്നു. 
'ഉസ്താദ് അത് ശരിയല്ല.'
'എന്താണ് ശരിയല്ലാത്തത്.' അഹമ്മദിന് കാര്യം മനസ്സിലായില്ല. 
'മുയലുകൾ സസ്യഭുക്കുകളാണെന്ന് പറഞ്ഞത് കള്ളമാണ്. എന്റെ മുയലുകൾ മീൻ തിന്നാറുണ്ടല്ലോ.'  
ക്ലാസിൽ ചിരിപടർന്നു. കുട്ടി കൂസലില്ലാതെ നിൽക്കുകയാണ്. ചൂടനായ അഹമ്മദിന് ദേഷ്യം വന്നു.
'ലോകം മുഴുവൻ അംഗീകരിക്കുന്ന ശാസ്ത്ര സത്യമാണ് ഞാൻ പഠിപ്പിക്കുന്നത്. രാവിലെ ഏതോ മാളത്തിൽ നിന്ന് പുറത്തിറങ്ങുന്ന തനിക്കത് മനസ്സിലാകില്ല.'
'ഞാനല്ല, താങ്കളാണ് ഞങ്ങളെ പഠിപ്പിക്കാനെന്നും പറഞ്ഞ് ഏതോ മാളത്തിൽ നിന്നും വിമാനം കയറി വന്നത്.'
അഹമ്മദിന് നിയന്ത്രണം വിട്ടു. കുട്ടിയെ ചെവിക്ക് പിടിച്ച് ക്ലാസിൽനിന്ന് പുറത്താക്കി.
പിറ്റേ ദിവസം ക്ലാസിൽനിന്ന് കൂവലും ബഹളവും കേട്ടാണ് അഹമ്മദും മറ്റ് അധ്യാപകരും അവിടേക്ക് ഓടിച്ചെന്നത്. 
ക്ലാസിന് നടുവിലായി വിതറിയിട്ടിരിക്കുന്ന ഉണക്കമീൻ ഒരു മുയൽ ഭക്ഷിക്കുകയാണ്. കുട്ടികൾ ആർത്തുവിളിക്കുന്നു.
'ഇതാണ് ഞാൻ പറഞ്ഞത് മുയൽ സസ്യഭോജിയല്ലെന്ന്. ആരാണ് കള്ളംപറഞ്ഞത് ഞാനോ ഉസ്താദോ?' 
വിദ്യാർഥിയുടെ ചോദ്യത്തിന് മുന്നിൽനിന്ന് ശാസ്ത്രാധ്യാപകൻ വിയർത്തു. 


കെ. എസ്. റെജിയുടെ 'മുയൽ ഒരു മാംസഭോജിയാണ്' എന്ന പുസ്തകത്തിലെ അനുഭവകഥകളിലൊന്നാണിത്. വിദേശത്ത് പഠിപ്പിക്കുന്ന അധ്യാപകരും അവിടത്തെ വിദ്യാർഥികളും തമ്മിലുള്ള ബന്ധത്തിന്റെ ചൂരും ചൂടുമുള്ള അനുഭവങ്ങളുടെ കയറ്റിറക്കങ്ങളിലൂടെയാണ് 15 അധ്യായങ്ങളുള്ള ഈ പുസ്തകം സഞ്ചരിക്കുന്നത്. എല്ലാ ക്ലാസിലും വിജയിച്ചു വളർന്നുവന്ന അധ്യാപകനെ പരാജയത്തിന്റെ പാഠം പഠിപ്പിച്ച അയാളുടെ ആദ്യവിദ്യാർഥി, വികൃതിയായ സ്വന്തം മകനെ കൊന്ന് ഫാനിൽ കെട്ടിത്തൂക്കിയേക്കുക എന്ന് ക്ലാസിൽ വെച്ച് അധ്യാപകനോട് അലറിയ ഷെയ്ഖ് ഖൽഫാൻ എന്ന പിതാവ്, പ്രീത്കുമാർ എന്ന ട്രാൻസ്ജെൻഡർ വിദ്യാർഥി, അനുസരണക്കേട് കാണിച്ച വിദ്യാർഥിയെ ടേപ്പ് റെക്കോർഡറിന്റെ വയറുകൊണ്ട് അടിച്ച് പോലീസ് കേസിൽ പെട്ട ആഫ്രിക്കൻ അധ്യാപകൻ, മയക്കുമരുന്നിന്റെ അടിമയായി  തെറ്റിദ്ധരിക്കപ്പെട്ട അലി എന്ന മിടുക്കനായി വിദ്യാർഥി ഇങ്ങനെ നീളുന്നു കെ എസ് റെജി പരിചയപ്പെടുത്തുന്ന കഥാപാത്രങ്ങൾ. വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള അധ്യാപകർക്കൊപ്പം ഗൾഫ് രാജ്യങ്ങളിൽ രണ്ടു പതിറ്റാണ്ടിലധികം അധ്യാപകനായി പ്രവർത്തിച്ചതിലൂടെ ആർജിച്ച അനുഭവങ്ങളുടെയും തിരിച്ചറിവുകളുടെയും സമാഹാരമാണ് 'മുയൽ ഒരു മാംസഭോജിയാണ്' എന്ന പുസ്തകം.

 

കെ. എസ്. റെജി എന്ന മാതൃകാധ്യാപകൻ

മസ്‌ക്കത്ത് ഹയർ കോളേജ് ഓഫ് ടെക്നോളജിയിൽ ഇംഗ്ലീഷ് അധ്യാപകനായ റെജി കെ സാമുവൽ എന്ന കെ. എസ് റെജി താൻ പഠിപ്പിച്ച സ്ഥാപനങ്ങളിലെല്ലാം മാതൃകാ അധ്യാപകൻ എന്ന ഖ്യാതി നേടിയത് കേവല വൈകാരികതകൾക്കപ്പുറത്ത് വിദ്യാർഥികളിലും സഹപ്രവർത്തകരിലുമുള്ള നൻമയെ എന്നും തിരിച്ചറിയുന്നതു കൊണ്ടാണ്. മാവേലിക്കര അറനൂറ്റിമംഗലം ഗ്രാമത്തിൽ നിന്നുള്ള കെ എസ് റെജി എന്ന അധ്യാപകനെ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയവും ഹയർ കോളേജ് ഓഫ് ടെക്നോളജീസും മാതൃകാ അധ്യാപകനായി തിരഞ്ഞെടുത്തതിന് കാരണമായതും ഈ തിരിച്ചറിവാണ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന മീററ്റിലെ കന്റോൺമെന്റ് പ്രദേശത്തെ സെന്റ്.ജോൺസ് സ്‌കൂളിൽ അധ്യാപനമാരംഭിച്ചതുകൊണ്ടാണ് പിൽക്കാലത്ത് അധ്യാപനത്തിലെ ബഹുസ്വരതയെ അതിന്റെ ശരിയായ അർഥത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞതെന്ന് റെജി പറയുന്നു. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിച്ചപ്പോൾ പ്രധാനമായും ക്ലാസ്സിൽ ഒമാനി കുട്ടികളായിരുന്നെങ്കിലും ഈജിപ്ത്, ജോർദാൻ, സിറിയ, സുഡാൻ, മൊറോക്കോ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു സഹപ്രവർത്തകർ. അവരുടെ മക്കളും ഞങ്ങളുടെ സ്‌കൂളിൽത്തന്നെ പഠിച്ചിരുന്നതുകൊണ്ട് ആ രാജ്യങ്ങളിൽ നിന്നൊക്കെയുള്ള കുട്ടികളെ പഠിപ്പിക്കാനുള്ള അവസരമുണ്ടായി. ബഹ്‌റൈനിലും ഒമാനിലുമായി കോളേജ് തലത്തിലുള്ള അധ്യാപനമാരംഭിച്ചപ്പോൾ ചൈനയിൽ നിന്നുള്ള കുട്ടികൾ വരെ ക്ലാസ്സുമുറിയിലുണ്ടായിരുന്നു. ലോകത്തിന്റെ മിക്ക ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള സഹപ്രവർത്തകരുമായി അടുത്തിടപഴകുവാനും സാധിച്ചു. ലോകത്തെവിടെയായാലും ക്ലാസ്സുമുറിയിൽ അദ്ധ്യാപകനും വിദ്യാർത്ഥിയും മാത്രമേയുള്ളു. നമ്മൾ പഠിപ്പിച്ചു തുടങ്ങുമ്പോൾ നമ്മുടെ വംശീയവും, സാംസ്‌കാരികവും ഭാഷാപരവുമായ എല്ലാ വൈജാത്യങ്ങളും അപ്രത്യക്ഷമാവുന്നു. പാഠം ഗ്രഹിക്കുന്ന വിദ്യാർത്ഥിയും അതിനവരെ സഹായിക്കുന്ന അദ്ധ്യാപകരും മാത്രമേ ക്ലാസ്സ് മുറിയിലുള്ളു. അദ്ധ്യാപകരുടെ പുഞ്ചിരി, അഭിനന്ദന വാക്കുകൾ, സ്നേഹപൂർവ്വമുള്ള ഒരു തലോടൽ ഇതൊക്കെ ലോകത്തെവിടെനിന്നുമുള്ള കുട്ടിക്കും മനസ്സിലാക്കാൻ സാധിക്കുന്ന സാർവ്വലൗകികമായ സ്നേഹചിഹ്നങ്ങളാണ്. ഒരു പക്ഷെ വിവിധ സംസ്‌കാരങ്ങളിൽ നിന്നുള്ള മനുഷ്യർ തമ്മിൽ ഏറ്റവും സർഗ്ഗാത്മകമായ ആശയ വിനിമയം നടത്തുന്നത് ഇത്തരം ക്ലാസ്സുമുറികളിലാണ്. മുൻവിധികളില്ലാതെ വിദ്യാർത്ഥികളെ സമീപിക്കുക എന്നതാണ് പ്രധാനം. ബാക്കിയൊക്കെ ക്ലാസ്സുമുറിയിൽ സ്വാഭാവികമായ് സംഭവിച്ചുകൊള്ളും.

അറേബ്യൻ അനുഭവങ്ങളുടെ ഊഷ്മളത


ലോകത്തുള്ള മനുഷ്യരെ കുറച്ചു കൂടെ കാരുണ്യത്തോടെ കാണാൻ മിഡിൽ ഈസ്റ്റിലെ അനുഭവങ്ങൾ സഹായിച്ചു. പന്ത്രണ്ട് വർഷങ്ങളായിട്ടും തെക്കൻ സുഡാനിലെ കലാപം കാരണം സ്വന്തം വീട്ടിലേക്ക് പോവാനാവാത്ത ജാക്സൺ, ഇസ്രായേലിന്റെ അധിനിവേശത്തിനിടെ ഓറഞ്ചു തോട്ടത്തിൽ കളിച്ചു കൊണ്ടിരിക്കെ ബോംബ് ആക്രമണം നേരിട്ട ആദ്ലി, അങ്ങനെ  കേട്ടറിഞ്ഞതും ക്ലാസ്സുമുറിയിൽ കണ്ടറിഞ്ഞതുമായ അനുഭവങ്ങൾ നമ്മളെ കുറേക്കൂടി വിനയമുള്ളവരാക്കും. ലോകത്തെവിടെയും മനുഷ്യരുടെ സന്തോഷങ്ങൾക്കും, നൊമ്പരങ്ങൾക്കുമൊക്കെ ഒരേ ഭാഷയാണ്.
1994 ൽ ഒമാനിലെത്തി ആദ്യമായ് പഠിപ്പിച്ചത് അബൂബഖ്‌റ എന്ന ഗ്രാമത്തിലെ സർക്കാർ സ്‌കൂളിലായിരുന്നു.2006 ൽ ജോലി മതിയാക്കി നാട്ടിലേക്ക് പോന്നു. ഒമാനിൽ കോളേജധ്യാപകനായ് തിരികെയെത്തിയ ശേഷം 2019ൽ ആ ഗ്രാമത്തിലേക്ക് വീണ്ടും പോയി. ആ ഗ്രാമത്തിലെത്തിയപ്പോൾ ആദ്യം കണ്ടത് എന്റെ ആദ്യ വർഷത്തെ വിദ്യാർഥികളിലൊരാളെയായിരുന്നു. 'അലി ജാബർ' എന്ന്  ഞാനയാളെ പേര് പറഞ്ഞു വിളിച്ചപ്പോൾ അയാളതിശയിച്ചു പോയി. 
ഏതാനും മിനിട്ടുകൾക്കുള്ളിൽ എന്റെ ധാരാളം കുട്ടികളെത്തി. മിക്കവരും നരച്ചു തുടങ്ങിയിരിക്കുന്നു. നാലും അഞ്ചും കുട്ടികളുള്ള ബാബാമാരായിരിക്കുന്നു. എനിക്കും കുടുംബത്തിനും എന്ത് തന്നാൽ മതിയാവുമെന്ന ചിന്തയിലായിരുന്നു എന്റെ  കുട്ടികൾ. ലോകത്തെവിടെയായാലും, കാലമെത്ര കഴിഞ്ഞാലും, ഏതു വർഗ്ഗത്തിൽ പെട്ടവരായാലും ഒരധ്യാപകനെ സംബന്ധിച്ചിടത്തോളം അയാളുടെ വിദ്യാർത്ഥികൾ അയാളുടെ കുട്ടികൾ തന്നെയായിരിക്കുമെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.
ഇന്ത്യയിലെ വിദ്യാഭ്യാസ രീതിയെയും മിഡിൽ ഈസ്റ്റിലെ വിദ്യാഭ്യാസ രീതിയെയും താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ രീതിയിൽ ചില പോരായ്മകൾ കെ എസ് റെജി കാണുന്നു. അധ്യാപകരുടെ പ്രാഗത്ഭ്യവും, വിദ്യാർത്ഥികളുടെ സാമർഥ്യവും, വിദ്യാഭ്യാസ വിഭവ സമാഹരണത്തിലെ സ്വാശ്രയത്വവുമാണ് നമ്മുടെ പ്രധാന മേന്മകൾ. എന്നാൽ കാലത്തിനൊത്ത് മാറാനുള്ള വൈമുഖ്യവും,  മാറ്റങ്ങൾ വരുത്താനുള്ള തീരുമാനമെടുത്താൽ തന്നെ അത് നടപ്പിലാക്കാനുള്ള താമസവും നമ്മുടെ പ്രധാന  പ്രശ്നങ്ങളാണ്. മനസ്സിലുറച്ചുപോയ ചില ശീലങ്ങൾ നമുക്ക് തിരുത്താൻ കഴിയുന്നില്ല. അതേസമയം ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുള്ളതായാലും വിദ്യാഭ്യാസരംഗത്തെ പുതിയ പ്രവണതകൾ ഉൾക്കൊള്ളാനും അത് നടപ്പിലാക്കാനുമുള്ള  ഇച്ഛാശക്തിയാണ് മിഡിൽ ഈസ്റ്റിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഒരു പ്രധാന മേന്മ. 

 

മാറ്റമില്ലാത്ത മാറ്റം

ക്ലാസ്സിലെ ഏകാധിപതികളായ അധ്യാപകരുടെ കാലം എന്നേ കഴിഞ്ഞുവെന്ന് റെജി ഓർമിപ്പിക്കുന്നു. ഫെസിലിറ്റേറ്റർ എന്ന റോളിലായിരുന്നു കുറേക്കാലമായി അദ്ധ്യാപകർ ക്ലാസ്സുമുറിയിൽ പെരുമാറിയിരുന്നത്.  ഇപ്പോൾ അക്കാലവും കടന്നാണ് ഓൺലൈൻ ടീച്ചിങ്ങിൽ എത്തിനിൽക്കുന്നത്. മാറ്റങ്ങളുടെ മഹാപ്രളയത്തിൽ എന്നന്നേക്കുമായ് അപ്രത്യക്ഷരാകാതെ പിടിച്ചു നിൽക്കാൻ കഴിയുകയെന്നതാണ് അധ്യാപകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 'മുയൽ ഒരു മാംസഭോജിയാണ്' എന്ന പുസ്തകത്തിൽ പറയുന്നത് പോലെ 'ഒന്നുകിൽ മാറ്റത്തെ ഉൾക്കൊള്ളുക അല്ലെങ്കിൽ സ്വയം മാറിപ്പോവുക'.മറ്റ് വഴികൾ അധ്യാപകർക്ക് മുന്നിലില്ല.

സജീവ് കോക്കാട്ട് മാതൃകാധ്യാപകനുള്ള അവാർഡ് മസ്‌ക്കത്ത് ഹയർ കോളേജ് ഓഫ് ടെക്‌നോളജി ഡീൻ ഡോ. ഖാലിദ് അബ്ദുൾ അസീസ് അംബുസൈദിയിൽ നിന്നും കെ. എസ് റെജി ഏറ്റുവാങ്ങുന്നു. 

 

Latest News