ഓണവും പെരുന്നാളുകളും പോലെ ക്രിസ്മസും ഇക്കുറി വലിയ ആഘോഷങ്ങളില്ലാതെ കടന്നു പോയി. എങ്കിലും സോഷ്യൽ മീഡിയയിൽ കൊണ്ടു പിടിച്ച ആഘോഷമായിരുന്നു. അത് കഴിഞ്ഞാൽ ലീഗ് ഓഫീസിലാണ് പൊലിമയോടെ കൊണ്ടാടിയതെന്ന് ചില വിരുതന്മാർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ലീഗ് ലീഡർ കുഞ്ഞാലിക്കുട്ടിയ്ക്ക് പതിവു തെറ്റിക്കാതെ മൂന്ന് പാതിരിമാർ കേക്കുമായെത്തിയ കാര്യം അദ്ദേഹം തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അബ്ദുൽ വഹാബിനും ലഭിച്ചു കേക്ക്. ലീഗിന്റെ പരമ്പരാഗത ശൈലി ഉപേക്ഷിച്ച് തുർക്കിയിലെ ഹാഗിയ സോഫിയ വിഷയത്തിലൊക്കെ നെടുങ്കൻ ലേഖനങ്ങൾ കാച്ചിയത് രണ്ടാമത്തെ പ്രബല ന്യൂനപക്ഷത്തിന് അത്ര തന്നെ ഇഷ്ടമായില്ലെന്ന തിരിച്ചറിവാണ് ഈസാ നബിയുടെ കേക്കിന് ഇക്കുറി മധുരം കൂടാനിടയാക്കിയത്. പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നു. കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കാൻ ഒരു മധ്യസ്ഥൻ ഇവിടെ തന്നെയുണ്ടാവുന്നത് നല്ലതാണ്. വേങ്ങരയിലെ വോട്ടർമാർ തുടർച്ചയായി ഏണിയിൽ വോട്ട് രേഖപ്പെടുത്തുന്നത് സംബന്ധിച്ച മീഡിയ വൺ ടിവിയിലെ അഭിലാഷിന്റെ ക്ലിപ്പ് വൈറലായി. രണ്ട് പതിറ്റാണ്ടുകൾക്കപ്പുറം ഈ പരിഹാസത്തിന് അർഥമുണ്ടായിരുന്നു. താമര വിരിഞ്ഞ നിലമ്പൂർ നഗരസഭയിൽ പോലും ലീഗ് സംപൂജരായി നിൽക്കുകയാണിപ്പോൾ.
*** *** ***
ആര്യ രാജേന്ദ്രൻ എന്ന 21 വയസുകാരിയെ തിരുവനന്തപുരം കോർപ്പറേഷൻ മേയറാക്കാൻ സിപിഎം നേതൃത്വം തീരുമാനിച്ചതോടെ രാജ്യത്തെ പാർലമെൻററി രാഷ്ട്രീയത്തിൽ പുതിയ ചരിത്രമാണ് കുറിച്ചത്. ന്യൂസ് 18, സീന്യൂസ് എന്നീ ദേശീയ ചാനലുകളിൽ വരെ ആര്യയുടെ അഭിമുഖം സംപ്രേഷണം ചെയ്തു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിട്ടാണ് മുടവൻമുഗൾ വാർഡിൽ നിന്നും വിജയിച്ച ആര്യ ചരിത്രത്തിൽ ഇടം പിടിക്കുന്നത്. ആൾ സെയിന്റ്‌സ് കോളേജിലെ ബി. എസ്‌സി മാത്‌സ് വിദ്യാർത്ഥിയായ ആര്യ ബാലസംഘം സംസ്ഥാന പ്രസിഡൻറാണ്. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം, സി പി എം കേശവദേവ് റോഡ് ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ആര്യയുടെ അഛൻ ഇലക്ട്രീഷ്യനും അമ്മ എൽ.ഐ.സി ഏജന്റുമാണ്.
*** *** ***
വിവിധ വിഭാഗങ്ങൾക്കിടയിൽ ഐക്യവും സാഹോദര്യവും വളർത്തുകയെന്നതും മാധ്യമങ്ങളുടെ ലക്ഷ്യമാണ്. ഇതിന് നേരെ വിരുദ്ധമായാണ് റിപ്പബ്ലിക് ടിവിയുടെ പ്രവർത്തനം. അതിനുള്ള ശിക്ഷ യഥാസമയം കിട്ടുന്നുണ്ടെന്നതാണ് ആശ്വാസം. അർണബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള ചാനലിന് പിഴ. വിദ്വേഷം പ്രചരിപ്പിച്ച കുറ്റത്തിനാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് റെഗുലേറ്റർ അതോറിറ്റി (ഓഫ്‌കോം) പിഴ ചുമത്തിയത്. ബ്രിട്ടനിൽ സംപ്രേഷണം ചെയ്യുന്ന റിപബ്ലിക് ഭാരത് എന്ന ഹിന്ദി വാർത്താ ചാനലിനാണ് പിഴ ചുമത്തിയത്. ചാനലിൽ പാക്കിസ്ഥാൻകാരെ മോശമാക്കി ചിത്രീകരിച്ച് വാർത്താ അധിഷ്ഠിത പരിപാടി സംഘടിപ്പിച്ചു എന്നാണ് കണ്ടെത്തിയത്. 20000 പൗണ്ട് ആണ് പിഴ. ബ്രിട്ടനിലെ ഹിന്ദി സംസാരിക്കുന്നവരെ ആകർഷിക്കാൻ വേണ്ടിയാണ് റിപബ്ലിക് ഭാരത് ആ രാജ്യത്ത് സംപ്രേഷണം ചെയ്യുന്നത്. റിപബ്ലിക് ഭാരതിന്റെ ലൈസൻസി വേൾഡ് വ്യൂ മീഡിയ നെറ്റ് വർക്കാണ് പിഴ തുക നൽകേണ്ടത്. ഓഫ്‌കോമിന്റെ നടപടി സംബന്ധിച്ച് ചാനൽ പരസ്യപ്പെടുത്തണം. പ്രോഗ്രാം നിർത്തിവയ്ക്കുകയും വേണമെന്നും ഓഫ്കാം ചാനലിന് നിർദേശം നൽകി.
സമകാലിക സംഭവങ്ങൾ ചർച്ച ചെയ്യുന്ന പൂച്താ ഹയ് ഭാരത് എന്ന പ്രോഗ്രാമിലാണ് അർണബ് ഗോസ്വാമി വിവാദമായ പരാമർശങ്ങൾ നടത്തിയത്. 2019 സെപ്തംബർ ആറിനായിരുന്നു ഇത്. പാക്കിസ്ഥാൻകാരെ മോശമായി ചിത്രീകരിക്കുകയായിരുന്നു ഗോസ്വാമി. കഴിഞ്ഞ വർഷം ജൂലൈയിലെ ചന്ദ്രയാൻ 2 ദൗത്യവുമായി ബന്ധപ്പെട്ട് ചാനലിൽ ചർച്ച സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിലേയും പാക്കിസ്ഥാനിലെയും മൂന്ന് വീതം പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുത്തു. ഇരു രാജ്യങ്ങളുടെയും ശാസ്ത്ര സാങ്കേതിക മികവ് പരിപാടിയിൽ ചർച്ചയായി. പാക്കിസ്ഥാൻ തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുകയും ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുന്നു എന്ന് അർണബ് ഗോസ്വാമി പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ചർച്ച. പാക്കിസ്ഥാാൻകാർ എല്ലാം തീവ്രവാദികളാണെന്ന് ഗോസ്വാമിയും ചർച്ചയിൽ പങ്കെടുത്ത ചില അതിഥികളും കുറ്റപ്പെടുത്തി. ഞങ്ങൾ ശാസ്ത്രജ്ഞരെ വളർത്തിയെടുക്കുന്നു, നിങ്ങൾ തീവ്രവാദികളെ സൃഷ്ടിക്കുന്നു എന്നായിരുന്നു അർണബ് ഗോസ്വാമിയുടെ വിവാദ പരാമർശം. ഇതിനെതിരെ പരാതി ഉയർന്നതോടെയാണ് അധികൃതർ പരിശോധിച്ചത്. ചാനൽ പരിപാടികൾ നിരീക്ഷിക്കാനും തുടങ്ങി. എല്ലാ ചട്ടങ്ങളും ലംഘിച്ചും വിദ്വേഷം ജനിപ്പിച്ചുമാണ് ചാനൽ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇതൊരു പാഠമാകട്ടെ.
ടിആർപി തട്ടിപ്പ് കേസിൽ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ മുൻ സിഇഒ പാർത്തോ ദാസ് ഗുപ്തയെ മുംബൈ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കേസുമായ ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന 15 ാമത്തെ വ്യക്തിയാണ് ഗുപ്ത. ഒക്ടോബർ ആറിനാണ് ടിആർപി തട്ടിപ്പ് കേസിൽ മുംബൈ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നേരത്തെ ബാർക് മുൻ സിഒഒ റാമിൽ രാംഗരിയ അടക്കമുള്ളവരെ കേസിൽ സിഐയു അറസ്റ്റ് ചെയ്തിരുന്നു.
*** *** ***
ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവർത്തകൻ ടിജെഎസ് ജോർജ്. സിനിമയിൽ ഉപയോഗിക്കുന്ന ഡയലോഗുകൾക്ക് സമാനമായ ഭാഷാപ്രയോഗങ്ങളാണ് സുരേഷ് ഗോപിക്ക് വിനയായി തീർന്നത്. പൊതുജനങ്ങളോടുള്ള സമീപനത്തെക്കുറിച്ച് അദ്ദേഹം അജ്ഞനാണ്. മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച 'ആർക്കുവേണം സുരേഷ് ഗോപിയെ?' എന്ന തലക്കെട്ടിലുള്ള കുറിപ്പിലാണ് അദ്ദേഹം ബിജെപി എം.പിയെ വിമർശിച്ചത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത്, തന്റെ സിനിമാപശ്ചാത്തലം നൽകിയ 'സ്വാതന്ത്ര്യ ലഹരിയിൽ' അദ്ദേഹം തൃശൂരിൽ നടത്തിയ പ്രസ്താവനകൾ തിരിച്ചടികളായിട്ടുണ്ടെന്നും മാധ്യ്യമപ്രവർത്തകൻ പരിഹാസത്തിന്റെ ഭാഷയിൽ ചൂണ്ടിക്കാട്ടി. തൃശൂരിലെ ജനങ്ങൾക്കിടയിൽ സുരേഷ് ഗോപിയുടെ ഈ വാക്കുകൾക്ക് ഒരു ചലനവും സൃഷ്ടിക്കാൻ സാധിച്ചില്ലെന്നകാര്യം തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സുരേഷ് ഗോപിക്ക് മനസിലായിട്ടുണ്ട്. ആദ്യകാലത്ത് അദ്ദേഹം കമ്യൂണിസ്റ്റുകാരെയാണ് സ്‌നേഹിച്ചത്. 2011ൽ സിപിഎമ്മിലെ മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദന് വേണ്ടി അദ്ദേഹം പ്രചാരണത്തിനിറങ്ങിയത് ഓർമപ്പെടുത്തുന്നുമുണ്ട്. കോൺഗ്രസിന്റെ പിന്തുണയും ഒരിക്കൽ ലഭിച്ചിരുന്ന അദ്ദേഹം ബിജെപിയിലേക്ക് വന്നത് 'ദൽഹി മനസിൽ വച്ചുകൊണ്ടായിരുന്നു' എന്നും ടിജെഎസ് ജോർജ് കുറിപ്പിലൂടെ പറയുന്നുണ്ട്. തന്നെ സന്ദർശിച്ച വേളയിൽ നരേന്ദ്ര മോഡി അദ്ദേഹത്തിന് മന്ത്രിപദത്തെ കുറിച്ച് സൂചന നൽകിയിരുന്നിരിക്കാം. അധികാരമില്ലാത്ത സമയത്ത് ബിജെപി പ്രസിഡന്റിന്റെ കത്തുമായി വരണമെന്ന് പറഞ്ഞ സുരേഷ് ഗോപിക്ക് 'കസേര കിട്ടിയാൽ എന്തായിരിക്കും പുകിലെ'ന്നും മാദ്ധ്യമപ്രവർത്തകൻ ആശങ്കപ്പെടുന്നുണ്ട്. ബി.ജെ.പി സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കാൻ തയാറാക്കിയ കരടു പട്ടികയിലെ ആദ്യ സ്ഥാനക്കാരനാണ് സുരേഷ് ഗോപി.
മലയാളത്തിലെ സൂപ്പർതാരമായ മോഹൻലാലിനെ കുറിച്ചും ടിജെഎസ് ജോർജ് തന്റെ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. മോഹൻലാലും ഒരുകാലത്ത് രാഷ്ട്രീയ മോഹം ഉണ്ടായിരുന്ന ആളാണെന്നും എന്നാൽ മലയാളിയുടെ സ്വഭാവം നേരത്തെ തന്നെ അദ്ദേഹം മനസിലാക്കിയിരുന്നു എന്നും മാദ്ധ്യമപ്രവർത്തകൻ നിരീക്ഷിക്കുന്നു.എന്നാൽ 'സ്വന്തം മാനം നോക്കി' സ്വന്തം തട്ടകത്തിൽ തന്നെ തുടരുന്നതാണ് അഭികാമ്യമെന്ന് ബുദ്ധിമാനായ അദ്ദേഹം മനസ്സിലാക്കുകയായിരുന്നു എന്നും അതുമൂലം സ്‌നേഹവും ബഹുമാനവും നിറഞ്ഞ 'ലാലേട്ടൻ' എന്ന വിളിയിൽ അദ്ദേഹത്തിന് സന്തോഷം കണ്ടെത്താൻ സാധിച്ചുവെന്നും ടിജെഎസ് ജോർജ് പറയുന്നു.
*** *** ***
മാതൃഭൂമി ന്യൂസിലെ ക്രിസ്മസ് സ്‌പെഷ്യൽ പ്രോഗ്രാമിലെ അതിഥിയായിരുന്നു മുൻ ക്രൈംബ്രാഞ്ച് മേധാവി ഡിജിപി ടോമിൻ ജെ. തച്ചങ്കരി. രണ്ടര വർഷം മുൻപ് കാണാതായ കോളേജ് വിദ്യാർഥിനി ജെസ്‌ന തിരികെയെത്താനുള്ള സാധ്യതകളിലേക്ക് അദ്ദേഹം വിരൽ ചൂണ്ടി. നിലവിൽ കേസിന്റെ അന്വേഷണം നടത്തുന്നത് പത്തനംതിട്ട എസ്.പി കെ.ജി സൈമണാണ്. അദ്ദേഹം കേസിന്റെ പിന്നാലെ തന്നെയുണ്ടെന്ന് തച്ചങ്കരി പറയുന്നു. കോവിഡ് മൂലമുണ്ടായ പ്രശ്‌നങ്ങൾ ഇല്ലാതിരുന്നെങ്കിൽ കേസ് നേരത്തെ തന്നെ തെളിയുമായിരുന്നു എന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു. വീട്ടുകാർക്കും ബന്ധുക്കൾക്കും പ്രതീക്ഷയുണ്ട്. ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് നിർണ്ണായകമായ വിവരങ്ങൾ ലഭിച്ചത്. ഇതിൽ നിന്നും ജസ്‌ന പോയ വാഹനം അടക്കം മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും തച്ചങ്കരി പറയുന്നു.
വെച്ചൂച്ചിറ മുക്കൂട്ട് തറയിലെ കോളേജ് വിദ്യാർഥിനിയായിരുന്ന ജസ്‌ന മരിയാ ജെയിംസിനെ കാണാതായിട്ട് രണ്ടരവർഷം കഴിയുകയാണ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന ജെസ്‌ന 2018 മാർച്ച് 22നാണ് ബന്ധു വീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങിയത്. എരുമേലി വരെ ജെസ്‌ന ബസിൽ വന്നതിന് തെളിവുണ്ട്. നല്ല വാർത്തകൾക്കായി കാതോർക്കാം. കോവിഡ് കാലമായതിനാൽ കല്യാണത്തിന് അമ്പത് പേരെ ക്ഷണിച്ചാൽ മതിയെന്നത് നേട്ടമായി അഭിമുഖത്തിൽ അദ്ദേഹം എടുത്തു പറയുന്നു.
*** *** ***
ഏഷ്യാനെറ്റിലെ കുടുംബവിളക്ക് പരമ്പര കണ്ടിരുന്നവർക്കെല്ലാം ആശ്വാസമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്‌കൂളുകൾ മുടങ്ങിയ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാണികൾ അനുഭവിച്ച മാനസിക സംഘർഷം പറഞ്ഞറിയിക്കാനാവാത്തതാണ്. ഒരു ചെറിയ തുണിക്കടയുടെ ഉദ്ഘാടനത്തിന് സിനിമാതാരം അജു വർഗീസ് എത്തുമോയെന്നതായിരുന്നു വിഷയം. കോർപറേറ്റ് ഭീമന്റെ കടയും ഉദ്ഘാടനത്തിന് കാത്തിരിക്കുന്നത് ഇതേ താരത്തെ. പ്രോളിറ്റേറിയൻ ഷോപ്പിനൊപ്പമാണ് പ്രേക്ഷകർ. അജു വർഗീസിന്റെ സിനിമ ഇനി കാണില്ലെന്ന് വരെ സോഷ്യൽ മീഡിയയിൽ ഭീഷണി ഉയർന്നു. സമാധാനമായി, കോർപറേറ്റ് ഷോപ്പിനെ അവഗണിച്ച് പാവപ്പെട്ട തുണിക്കട ഉദ്ഘാടനത്തിന് താരമെത്തി. സിനിമയും തിയേറ്ററുമില്ലാത്ത കാലത്ത് അജു വർഗീസ് സൂപ്പർ സ്റ്റാറുമായി. നീട്ടി വലിച്ചു പോകുന്ന പരമ്പരകളുടെ സ്‌ക്രിപ്റ്റ് എഴുത്തുകാരിലും മാറ്റം പ്രകടമാണ്. മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നവനെ നിലക്കു നിർത്താൻ പുതിയ നിയമം കൊണ്ടു വരണമെന്ന് ഉപദേഷ്ടാവിനെ വിളിച്ചു പറഞ്ഞുവെന്നും ഒരു പരമ്പരയിലെ ഡയലോഗിൽ കേട്ടു.