സമീഹയുടെ സർഗപഥം

സമീഹ ജുനൈദ്
സമീഹ ജുനൈദ്
സമീഹയുടെ പുസ്തകത്തിന്റെ കവർ
ഉപ്പയെക്കുറിച്ച കവിത

ജീവിതത്തിൽ നിറമുള്ള സ്വപ്നങ്ങളേയും ആഹ്ളാദ നിമിഷങ്ങളേയും താലോലിക്കുന്ന സമീഹ ജുനൈദ് എന്ന പത്തൊമ്പതുകാരി ലക്ഷ്യബോധത്തിലും ജീവിതവീക്ഷണത്തിലുമൊക്കെ പുതിയ തലമുറയുടെ പ്രതീക്ഷയേയും പ്രത്യാശയേയുമാണ് പ്രതിനിധീകരിക്കുന്നത്. ജീവിതത്തിൽ സ്വപ്നങ്ങളെ മുറുകെ പിടിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുമ്പോൾ ഏത് പ്രതിസന്ധിയേയും ആർജവത്തോടെ നേരിടുവാനും സമാധാനപരമായി ജീവിക്കുവാനും കഴിയുമെന്ന് ഈ പെൺകുട്ടി പറയുമ്പോൾ ഈ ചെറുപ്രായത്തിലെ ഇരുത്തം വന്ന അവരുടെ ചിന്തയും കാഴ്ചപ്പാടുകളുമൊക്കെ നമ്മെ വിസ്മയിപ്പിക്കും.
ഈ ലോകത്ത് ഓരോരുത്തർക്കും സവിശേഷമായ നിയോഗമാണുള്ളതെന്നും ആ നിയോഗം തിരിച്ചറിഞ്ഞ് കർമപഥത്തിൽ മുന്നേറുകയാണ് വേണ്ടതെന്നുമാണ് കണ്ണുകളിൽ നക്ഷത്രത്തിളക്കം ഒളിപ്പിച്ച ഈ പെൺകുട്ടിയുടെ നിലപാട്. സ്വപ്നങ്ങളുടെ വർണാഭമായ ഭൂമികയിൽ സ്വന്തമായൊരിടം അടയാളപ്പെടുത്താനൊരുങ്ങി ഭാവനയുടെ അതിരുകളില്ലാത്ത ലോകത്ത് ചിറകടിച്ചുയരാൻ കൊതിച്ച ഈ കൊച്ചുമിടുക്കിയുടെ സർഗസഞ്ചാരത്തിന്റെ വേറിട്ട വഴികളാണ് നമ്മെ കൂടുതൽ ആകർഷിക്കുന്നത്. കുതിച്ചുചാട്ടത്തിന് തയ്യാറായി നിൽക്കുമ്പോഴാണ് ജീവിതത്തിന്റെ വഴികാട്ടിയും മുഖ്യ പ്രചോദകനുമായിരുന്ന പ്രിയപിതാവ് ഈ ലോകത്തോട് വിടപറഞ്ഞത്. കൗമാരത്തിന്റെ കൗതുകത്തിലുള്ള ഏത് പെൺകുട്ടിയും തകർന്നടിയുകയോ കത്തിക്കരിഞ്ഞ സ്വപ്നചിറകുകളുമായി നിശബ്ദമായേക്കാവുന്ന വൈകാരിക സമ്മർദ്ദങ്ങൾക്കൊടുവിലും വിശ്വാസത്തിന്റെ വെളിച്ചവും പ്രതീക്ഷയുടെ കരുത്തുമായി ക്രിയാത്മക രംഗത്ത് സജീവമായ സാന്നിധ്യം അടയാളപ്പെടുത്തിയാണ് സമീഹ ജുനൈദ് തന്റെ നിയോഗം തിരിച്ചറിയുന്നത്.


മാസ്മരിക ശക്തിയുള്ള തന്റെ ചിന്തകളും വരികളും സമൂഹത്തിന്റെ രചനാത്മകമായ വളർച്ചക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് ഈ ചെറുപ്പക്കാരി ചിന്തിച്ചത്. കുട്ടിക്കാലം മുതലേ ഒരു ഗ്രന്ഥകാരിയാകണമെന്നായിരുന്നു മോഹം. വ്യത്യസ്ത സന്ദർഭങ്ങളിൽ മനസിൽ തെളിയുന്ന ചിതറിയ ചിന്തകളും ആശയങ്ങളുമൊക്കെ ഒരു നോട്ട് പുസ്തകത്തിൽ കുറിച്ചിടുമായിരുന്നു. അങ്ങനെ സ്വന്തം സ്വപ്നത്തിന്റെ സാക്ഷാൽക്കാരമായി പത്തൈാമ്പതാമത് വയസ്സിൽ ആദ്യകവിതാസമാഹാരം പുറത്തിറക്കിയാണ് ഈ കൊച്ചുമിടുക്കി നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത്. ീില ംീൃഹറ, ീില ഹശളല, ീില ്യീൗ , യല ്യീൗ എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്.
ഒരു മലയാളി പെൺകുട്ടിയുടെ ഇംഗ്ളീഷ് കവിതാസമാഹാരമെന്നതാകാം പലരേയും പുസ്തകം വായിക്കുവാൻ ആദ്യം പ്രേരിപ്പിക്കുക. എന്നാൽ വായിച്ചുതുടങ്ങുമ്പോൾ പ്രായത്തിൽ കവിഞ്ഞ പക്വമായ ജീവിതവീക്ഷണവും നിലപാടുകളും ഓരോ വായനക്കാരനേയും ഇരുത്തിചിന്തിപ്പിക്കുന്നതാണ്. അകാലത്തിൽ പൊലിഞ്ഞ പ്രിയ പിതാവിന് സമർപ്പിച്ചിരിക്കുന്ന പുസ്തകത്തിലെ പല വരികളും സഹൃദയമനസുകളെ പിടിച്ചുകുലുക്കുകയും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്യും. ഞാൻ ഞാനായാണ് ജീവിക്കേണ്ടതെന്ന് എന്നെ പഠിപ്പിച്ച പ്രിയപ്പെട്ട പിതാവാണ് ജീവിതത്തിലെ എന്റെ ഏറ്റവും വലിയ ശക്തിയും പ്രചോദനവും. പിതാവ് നൽകിയ ഇച്ഛാശക്തിയും ജീവിതവീക്ഷണവുമാണ് എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും തളരാതെ പിടിച്ചുനിൽക്കുവാൻ സഹായിച്ചത്.
ദുഃഖിച്ചിരിക്കാനും സങ്കടപ്പെടുവാനും ജീവിതത്തിൽ പല കാരണങ്ങളുമുണ്ടാകാം. അവയെ മറികടക്കാനാവുക സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമ്പോഴാണ്. പിതാവിന്റെ അനശ്വരമായ ഓർമകൾ മനസിനെ തരളിതമാക്കിയപ്പോഴാണ് വൈകാരിക വിസ്ഫോടനത്തിന്റെ മനോഹരമായ വരികൾ സമീഹയുടെ പേനയിൽ നിന്നും ഉതിർന്നുവീണത്.
ജീവിതം സമ്മർദ്ദങ്ങളിൽപ്പെട്ട് പ്രയാസപ്പെടുമ്പോൾ മനസിന് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ആനന്ദം കണ്ടെത്തുകയും സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നാണ് ഈ കൊച്ചു കവയിത്രി നമ്മോട് പറയുന്നത്.


ഓരോരുത്തരും നിസ്തുലരാണെന്നും അനാവശ്യമായ താരതമ്യങ്ങളില്ലാതെ നിങ്ങൾ നിങ്ങളാകൂ എന്നവൾ മന്ത്രിക്കുമ്പോൾ ഉള്ളിലുയരുന്ന തീപ്പൊരി കെടുത്താൻ ഒരു കണ്ണുനീരിനും ശക്തിയില്ലെന്ന് ജീവിതത്തിലൂടെ ബോധ്യപ്പെടുത്തുകയാണ് സമീഹ. ഉൾവിളി തിരിച്ചറിഞ്ഞ് സ്വപ്നത്തിന്റെ ചിറകിലേറി ലക്ഷ്യത്തിലേക്ക് കുതിക്കുവാൻ ആഹ്വാനം ചെയ്യുന്നതാണ് സമീഹയുടെ ഓരോ വരിയും. മനസ്സിന്റെ ചില്ലയിലേക്ക് മഴക്കാറു വീശുമ്പോഴേ പേനയും കടലാസും കയ്യിലെടുത്ത് പ്രതീക്ഷയുടേയും പ്രത്യാശയുടേയും മനോഹരമായ സ്വപ്നങ്ങൾക്ക് നിറം പകരുന്ന ഈ പെൺകുട്ടി എല്ലാ പരീക്ഷകളെയും പരീക്ഷണങ്ങളെയും വകഞ്ഞുമാറ്റി സർഗസഞ്ചാരത്തിന്റെ പുതിയ ലോകം സൃഷ്ടിക്കാമെന്നാണ് തെളിയിക്കുന്നത്.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന പിതാവിന്റെ അനുജത്തിയുടെ ഭർത്താവാണ് പുസ്തകം എന്ന സ്വപ്നസാക്ഷാൽക്കാരത്തിന് വഴിയൊരുക്കിയത്. അവധിക്ക് വന്നപ്പോൾ എന്റെ കുറേ കവിതകൾ വായിച്ച് ഇഷ്ടപ്പെട്ട് അദ്ദേഹം പ്രസാധകരുമായി ബന്ധപ്പെടുകയും 2020 ആദ്യത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയുമായിരുന്നു.
പലപ്പോഴായി എഴുതിയ 50 കവിതകളാണ് ആദ്യ സമാഹാരത്തിലുള്ളത്. സ്വന്തത്തെക്കുറിച്ചും ജീവിത ലക്ഷ്യത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചുമൊക്കെയുള്ള ചിന്താശകലങ്ങളാണ് ഈ കവിതാസമാഹാരത്തിലുള്ളത്. സമൂഹവും മനസും, ഹൃദയവികാരങ്ങളും വിധിയുമൊക്കെ കവിതയിൽ വിഷയമാകുന്നുണ്ട്. പ്രിയ മാതാവിനെക്കുറിച്ചും പിതാവിനെക്കുറിച്ചും പ്രത്യേകമായി ഓരോ കവിതകളും പുസ്തകത്തിന്റെ സവിശേഷതയാണ്.
അനുകമ്പയുടേയും അനുതാപത്തിന്റേയും ലോകത്ത് സഹജീവികൾക്ക് ആശയും പ്രതീക്ഷയും നൽകുകയാണ് തന്റെ എഴുത്തിന്റെ ലക്ഷ്യം. അക്ഷരം അഗ്‌നിയാണ്. അറിവില്ലായ്മയും തെറ്റിദ്ധാരണകളുമകറ്റി അറിവിന്റെ വെളിച്ചം തെളിയിക്കുകയെന്ന പുണ്യപ്രവൃത്തിയാണ് എഴുത്ത്. നമ്മുടെ വരികൾക്ക് ഒട്ടേറെ പേരെ ജീവിപ്പിക്കുവാനും നിരാശയുടെ കയങ്ങളിൽനിന്നും ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാനും കഴിയുമെന്ന തിരിച്ചറിവാണ് യൂ ട്യൂബിലേക്കും ഇൻസ്റ്റഗ്രാമിലേക്കും എത്തിച്ചത്. ആശയവിനിമയത്തിന്റെ എല്ലാ മാധ്യമങ്ങളും ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നത് സമൂഹത്തിൽ മാറ്റമുണ്ടാക്കുമെന്നാണ് സമീഹ കരുതുന്നത്.
പത്തുവയസ്സിലെ പലതും കുത്തിക്കുറിക്കുവാൻ തുടങ്ങിയിരുന്നെങ്കിലും വായനയുടെ സ്വർഗലോകത്തേക്ക് കടക്കുന്നത് പത്താം ക്ലാസിലെത്തിയ ശേഷമാണ്. എഴുത്തിന് ശക്തിപകരുന്ന സുപ്രധാനമായ ഒന്നാണ് വായനയെന്ന് മനസിലായതോടെ കൂടുതൽ സജീവമായി വായിക്കുവാൻ തുടങ്ങി. വായനയിൽ സജീവമായതോടെ എഴുത്തിന് കരുത്ത് കൂടി, ബുക്ക് പ്രസ്സ് ബ്ലോഗിലും സ്വന്തം നോട്ട്ബുക്കിലുമൊക്കെയാണ് കാര്യമായും എഴുതിയിരുന്നത്. ഇപ്പോൾ ഇൻസ്റ്റഗ്രാം ബ്ലോഗർ എന്ന നിലക്കും യൂട്യൂബർ എന്ന നിലക്കും സജീവമാണ് സമീഹ. ഏത് പ്രതിസന്ധിയേയും തരണം ചെയ്യുവാൻ കരുത്തുള്ള മനസ്സ് നൽകിയ സർവേശ്വരനോട് എന്നും കടപ്പെട്ടിരിക്കുന്നു.


തന്റെ എഴുത്ത് പലരുടേയും പ്രയാസങ്ങൾ ലഘൂകരിക്കുവാനും ജീവിതത്തിൽ പ്രതീക്ഷ പകരുവാനും സഹായിക്കുന്നുവെന്ന രീതിയിൽ വന്ന പ്രതികരണങ്ങളാണ് ഈ രംഗത്തെ ഏറ്റവും വലിയ ശക്തി. വീട്ടിൽ നിന്നും കൂട്ടുകാരിൽ നിന്നും ലഭിക്കുന്ന പ്രോൽസാഹനവും വളരെ വലുതാണ്. വേദനകൾ മറക്കാനും പ്രതീക്ഷകൾ മുളപ്പിക്കാനുമൊക്കെ സഹായകമാകുന്ന വരികൾ ദൈവം നൽകുന്ന മഹത്തായ അനുഗ്രഹമാണ്.
ജീവിതത്തിൽ സംഭവിക്കുന്ന ഓരോന്നും ഓരോ കാരണത്തിന് വേണ്ടിയാണ്. ആ കാരണം നാം കണ്ടെത്തുകയും നമ്മുടെ പാഷൻ പിന്തുടരുകയുമാണ് വേണ്ടത്. പാഷൻ പിന്തുടരുമ്പോഴാണ് എന്തും ഹൃദ്യവും ആസ്വാദ്യകരവുമാകുന്നത് എന്നാണ് സമീഹ കരുതുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും തന്റേടത്തോടെ അതിജീവിച്ചാണ് സമീഹ തന്റെ ദിവസങ്ങളെ ധന്യമാക്കുന്നത്.
സയൻസായിരുന്നു എന്നും സമീഹക്ക് പ്രിയപ്പെട്ട വിഷയം. രണ്ട് തവണ നീറ്റിൽ ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും വിജയിച്ചില്ല. എങ്കിലും കരിയറിൽ വെളുത്ത കോട്ട് ധരിക്കണമെന്ന മോഹം ഉപേക്ഷിക്കാനായില്ല. അങ്ങനെയാണ് ബി.ഫാമിന് ചേർന്നത്.
തൃശൂർ ജില്ലയിലെ മാളക്കാരിയായ സമീഹ സ്വയം വളർന്നുവികസിക്കുന്നതോടൊപ്പം സമാന സ്വഭാവമുള്ളവരെ വളർത്തികൊണ്ടുവരാനും കൂടിയുള്ള ശ്രമങ്ങളിലൂടെയാണ് സഹൃദയ ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നത്.

 

 

Latest News