കേരളത്തിലെ വിമാനത്താവളങ്ങളിൽ ഏറ്റവും പോഴത്തക്കാരനായിരുന്നു തിരുവനന്തപുരം. തലസ്ഥാന നഗരമെന്നൊക്കെ ഗമയ്ക്ക് പറയാം. ട്രാഫിക് കുറഞ്ഞത് കണക്കിലെടുത്ത് അന്താരാഷ്ട്ര റൂട്ടുകൾ പലതും നഷ്ടമായി. കൊച്ചി, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിലൂടെ സ്വർണ കടത്തിന്റെ പുത്തൻ പരീക്ഷണങ്ങൾ സംബന്ധിച്ച വാർത്തകൾ നിരന്തരം വരുമ്പോഴും അനന്തപുരി നിരപരാധിയായി നിലകൊണ്ടു. എല്ലാം മാറ്റിമറിച്ചത് തികച്ചും ഡിപ്ലോമാറ്റിക്കായി കാര്യങ്ങൾ നീങ്ങി തുടങ്ങിയത് മുതലാണ്. മറ്റു മൂന്ന് വിമാനത്താവളങ്ങളിലെത്തുന്ന പാവം പ്രവാസി പഴ്‌സിൽ ഒളിപ്പിച്ചു കൊണ്ടുവരുന്ന ഒന്നോ രണ്ടോ സ്വർണ നാണയങ്ങളൊക്കെ വെറും ചീള് കേസ്.
പണ്ടു കാലത്ത് കേരളകൗമുദിയിൽ ഒരു വാർത്ത വന്നിരുന്നു. യു.ഡി.എഫ് ഭരണം വന്നതോടെ നഗരത്തിലെ ലോഡ്ജുകാർക്ക് കോളടിച്ചുവെന്ന്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പല കാര്യങ്ങളും സാധിക്കാനെത്തുന്നവർ തമ്പാനൂരിലും മറ്റും നൂറും നൂറ്റമ്പതും കൊടുത്ത് മുറി വാടകയ്‌ക്കെടുക്കുന്നതിലൂടെ ഇക്കോണമി പുഷ്ടിപ്പെടുന്നതാണ് വാർത്ത. എന്നാൽ കുറച്ചു കാലമായി തലസ്ഥാനത്ത് നടക്കുന്ന പലതും ആശങ്കയുളവാക്കുന്നതാണ്. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ദുരൂഹ മരണം, മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ പാതിരാവിൽ ഐ.എ.എസ് ഉദ്യോഗസ്ഥനും കൂട്ടുകാരിയും സഞ്ചരിച്ച കാറിടിച്ച് മരിച്ചതുമെല്ലാം ഞെട്ടിക്കുന്ന സംഭവങ്ങളാണ്. അതു കഴിഞ്ഞ് കേരളം തെരഞ്ഞെടുപ്പ് ഫലമറിയാനുള്ള ആകാംക്ഷയോടെ ഇരിക്കുമ്പോഴതാ മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപ് നഗരത്തിൽ ഒരു അപകടത്തിൽ മരിക്കുന്നു. സിനിമയിൽ മാത്രം കണ്ട കാര്യങ്ങൾ പോലെയിരിക്കുന്നു സമീപകാല സംഭവങ്ങൾ. എസ്. വി പ്രദീപിന്റെത് അപകടമരണം തന്നെയെന്ന നിഗമനത്തിലാണ് പോലീസ്. മരണത്തിൽ സംശയമുണ്ടെന്ന് ആരോപിച്ച് ഭാര്യ ശ്രീജ എസ്. നായർ രംഗത്തെത്തി. മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവയ്ക്കുന്നതിനിടയാക്കിയ ഹണിട്രാപ് കേസ് സിബിഐ അന്വേഷിക്കണമെന്ന ഹരജി പിൻവലിക്കാൻ സമ്മർദമുണ്ടായിരുന്നതായും പ്രദീപിന്റെ മരണത്തിൽ സംശയമുണ്ടെന്നും ശ്രീജ പറഞ്ഞതായാണ് റിപ്പോർട്ട്. ഇപ്പോഴത്തെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ശ്രീജ പറയുന്നു. വാർത്ത നൽകുന്നതുമായി ബന്ധപ്പെട്ടു നിലവിൽ പ്രദീപ് നിരവധി ഭീഷണികളാണ് നേരിട്ടിരുന്നത്. സംശയം നിലനിൽക്കുമ്പോൾ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും ഭാര്യ പറയുന്നു. പ്രദീപിന്റെ മരണം കൊലപാതകമാണെന്ന് സുഹൃത്തും സംവിധായകനുമായ സനൽ കുമാർ ശശിധരനും ആവർത്തിക്കുന്നു. സ്‌കൂട്ടറിൽ എവിടെയും ടിപ്പർ ലോറി ഇടിച്ചതിന്റെ ലക്ഷണങ്ങൾ ഇല്ലെന്നും ദൃക്‌സാക്ഷികളുടെ വിവരണം മാത്രം മതി ഇതു കൊലപാതകമെന്ന് തെളിയിക്കാനെന്നും സനലിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
*** *** ***
പ്രാദേശിക തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ദൃശ്യ മാധ്യമങ്ങൾക്ക് റേറ്റിംഗ് കൂട്ടാനുള്ള അവസരമായിരുന്നു. വിപുലമായ സൗകര്യമേർപ്പെടുത്തി തൽക്ഷണം ഫലമറിയിക്കാനുള്ള സംവിധാനം പ്രധാന ന്യൂസ് ചാനലുകളെല്ലാം ഏർപ്പെടുത്തി. കാണികൾ കണ്ടു രസിച്ചത് 24 ന്യൂസിൽ ശ്രീകണ്ഠൻ നായരും ഡോ: അരുൺ കുമാറും ചേർന്ന് അവതരിപ്പിച്ച പ്രോഗ്രാമാണ്. ചെയ്യുന്നത് ഏത് ജോലിയായാലും അത് ആസ്വദിച്ച് ചെയ്യുകയെന്നതിനോളം സംതൃപ്തി പകരുന്ന മറ്റൊന്നില്ല. ആദ്യ ഫലം എൽ.ഡി.എഫിന് അനുകൂലമെന്ന വാർത്ത വായിച്ചത് മുതൽ ആദ്യ വിജയിക്ക് അഭിനന്ദനമറിയിച്ചതിലുമെല്ലാം ഈ മികവ് പ്രകടമായിരുന്നു. ജയിച്ച ആളെ എനിക്കറിയില്ല, എനിക്കുമറിയില്ല..എന്നാലും കിടക്കട്ടെ ഒരഭിനന്ദനം. രണ്ടു പേരും അജ്ഞാതനായ വിജയിയെ അഭിനന്ദിച്ചത് ട്രോളന്മാർക്ക് വരെ വിരുന്നായി.
ഇലക്ഷൻ റിസൾട്ട് വന്ന ദിവസം ഏറ്റവും മികച്ച സംവാദം നയിച്ചത് കൈരളി ചാനലിൽ ജോൺ ബ്രിട്ടാസാണ്. തെരഞ്ഞെടുപ്പ് ഫലത്തിൽ വലിയ അത്ഭുതത്തിനൊന്നും കാരണമില്ല. കേരളത്തിലെ പ്രതിപക്ഷം കഴിഞ്ഞ അഞ്ച് വർഷം ഏതാണ്ട് നിഷ്‌ക്രിയമായിരുന്നു. സ്വർണ തളികയിൽ കൈവരുന്ന സൗഭാഗ്യം പൗഡറിൽ കുളിച്ചിരുന്നാലൊന്നും കിട്ടില്ലെന്ന ശക്തമായ മുന്നറിയിപ്പാണിത്. കൊടുവള്ളിയിലെ കൂപ്പർ പോരാളി വരെ സ്വീകാര്യമാവുന്ന കാലമാണിത്. കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ മാനം വീണ്ടെടുത്ത ഒന്നാണ് ഇവിഎം. ആർക്കും പരാതിയില്ല. ഫലം വന്ന ദിവസം പ്രതിപക്ഷത്തെ പ്രമുഖ പാർട്ടി നഗരങ്ങൾ ഞങ്ങൾക്കൊപ്പമെന്ന ആശ്വാസത്തിലായിരുന്നു. അതും അസ്ഥാനത്താക്കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ അറിയിപ്പ്. ഡിജിറ്റൽ പിഴവ് കാരണമാണ് നഗരസഭകളിൽ യു.ഡി.എഫ് മുന്നിലെന്ന് ആദ്യം പ്രഖ്യാപിച്ചത്. യഥാർഥത്തിൽ നഗരസഭകളിലും ആധിപത്യം എൽ.ഡി.എഫിനാണ്.
മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമാണ് യഥാർഥ വിജയശിൽപ്പികൾ. മറ്റൊന്നുമില്ലെങ്കിലും പൗരന്മാരുടെ ആരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന ഒരു ഭരണകൂടം സംസ്ഥാനത്തുണ്ടെന്ന ബോധം വോട്ടർമാർക്കുണ്ടായിരുന്നു. പുന്നപ്രയും കയ്യൂരും പോലെ വിപ്ലവ പ്രസ്ഥാനത്തിന് വളക്കൂറുള്ള മണ്ണായിരുന്നു ഒരു കാലത്ത് പാലക്കാടും. സി.പി.എം ദുർബലമായതാണ് പാലക്കാട് നഗരത്തിലെ പല വാർഡുകളിലും താമര വിരിഞ്ഞതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 29 സീറ്റുകളിലാണ് ബിജെപി വിജയിച്ചിരിക്കുന്നത്. യുഡിഎഫ് 14 സീറ്റിലും ഇടതുമുന്നണി ആറ് സീറ്റിലേക്കും വിജയിച്ചു.
മൂന്ന് ദശകങ്ങൾക്കപ്പുറം മഅ്ദനി, ഐ.എസ്.എസ് മുതലുള്ള പേരുകളിൽ പാർട്ടിയുണ്ടാക്കിയപ്പോൾ അതിന്റെ സ്വാധീനം ഗുരുവായൂരിനപ്പുറമുള്ള തീരദേശ ഗ്രാമങ്ങളിലായിരുന്നു. ഏതാണ്ട് അതുപോലെയായിരുന്നു ബി.ജെ.പിയുടേയും അവസ്ഥ. കോട്ടയത്ത് മത്സരിക്കാനിറങ്ങിയ ശിവസേനയുടെ സ്ഥാനാർഥിയെ അക്കാലത്ത് പരിഹസിച്ചത് റിപ്പോർട്ടർ ചാനൽ ചർച്ചയിൽ പാനലിസ്റ്റ് അഡ്വ. രശ്മിത അനുസമരിക്കുകയുണ്ടായി. കോഴിക്കോട് നഗരത്തിൽ വെള്ളയിൽ, കണ്ണഞ്ചേരി തുടങ്ങിയ ഡിവിഷനുകളിലാണ് പണ്ട് ബി.ജെ.പി ജയിച്ചിരുന്നത്. ഇപ്പോഴത് മാറി. നഗരഹൃദയത്തിൽ ജില്ലാ ഭരണ ആസ്ഥാനത്തിന് വിളിപ്പാടകലെ കാരപ്പറമ്പ് ഡിവിഷനിൽനിന്ന് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട നവ്യ ഹരിദാസ് ബി.ജെ.പിയുടെ മേയർ സ്ഥാനാർഥിയായിരുന്നു. ഹൈദരാബാദിൽ നിന്ന് ഐ.ടി ബിരുദം നേടിയ നവ്യ സിംഗപ്പൂരിലെ പ്രവാസ ജീവിതത്തിന് ശേഷമാണ് തൊട്ടുമുമ്പുള്ള കോർപറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് രാഷ്ട്രീയത്തിൽ സജീവമായതെന്ന് ജനം ടിവി റിപ്പോർട്ട് ചെയ്തിരുന്നു. വിദ്യാസമ്പന്നരായ മധ്യ വർഗത്തിനും ബി.ജെ.പി സ്വീകാര്യമായിരിക്കുന്നുവെന്ന മാറ്റം ശ്രദ്ധേയമാണ്. പാലക്കാട് നഗരസഭയിൽ ആദ്യമായി ഭൂരിപക്ഷം ലഭിച്ചപ്പോൾ സംഘ പരിവാർ അണികൾ നഗരസഭാ കാര്യാലയത്തിൽ ജയ്ശ്രീരാം മുദ്രാവാക്യം മുഴക്കി ശിവജിയുടെ ചിത്രം പതിച്ചത് വ്യാപക വിമർശനത്തിനിടയാക്കി. പുള്ളിപ്പുലിയ്ക്ക് റെയ്മണ്ട്‌സ് സ്യൂട്ടിംഗ്‌സ് വാങ്ങിക്കൊടുത്താലും അതിന്റെ ശീലം മാറ്റില്ലല്ലോ. മലപ്പുറം ജില്ലയിൽ വലിയ അവകാശവാദങ്ങൾ ഉന്നയിച്ചാണ് ബിജെപി തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങിയത്. കൂടുതൽ സീറ്റുകൾ പിടിക്കുമെന്നും ചിലയിടങ്ങളിൽ ഭരണം പിടിക്കുമെന്നും വരെ നേതാക്കൾ പറഞ്ഞിരുന്നു. വണ്ടൂരിൽ ടി.പി സുൽഫത്ത്, പൊൻമുണ്ടത്ത് ആയിഷ ഹുസൈൻ എന്നിവർ ബിജെപിക്ക് വേണ്ടി മൽസര രംഗത്തിറങ്ങിയത് ദേശീയ തലത്തിൽ വാർത്തയാകുകയും ചെയ്തു. എന്നാൽ മലപ്പുറത്തെ ജനങ്ങൾ ബിജെപിയെ പുൽകാൻ തയ്യാറായില്ല. വണ്ടൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ജനവിധി തേടിയ ടി.പി സുൽഫത്തിന് 56 വോട്ടാണ് ലഭിച്ചത്. പൊന്മുണ്ടത്ത് ബിജെപി സ്ഥാനാർഥിയായ ആയിഷ ഹുസൈന് 55 വോട്ടുകളേ ലഭിച്ചുള്ളൂ. ഒമ്പതാം വാർഡിൽ ജനവിധി തേടിയ ആയിഷ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. നരേന്ദ്ര മോഡിയുടെ വികസന നയങ്ങളിൽ ആകൃഷ്ടരായിട്ടാണ് സുൽഫത്തും ആയിഷയും ബിജെപി സ്ഥാനാർഥികളായത്.
*** *** ***
കാഴ്ചയുടെ പരിമിതിയെ പരാജയപ്പെടുത്തിയ മലയാളികളുടെ പ്രിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. നിരവധി ഗാനങ്ങളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുള്ള വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചു കിട്ടുമെന്നതാണ് ആഹ്ലാദ വാർത്ത. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ വിജയലക്ഷ്മി തന്നെയാണ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. വിജയലക്ഷ്മിക്ക് കാഴ്ച തിരികെ കിട്ടാനുള്ള ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലാണ് ചികിത്സ നടക്കുന്നത്. കാഴ്ച തിരികെ കിട്ടുമെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ ഉറപ്പ് പറഞ്ഞിട്ടുണ്ടെന്ന് മാതാപിതാക്കൾ വീഡിയോയിൽ വ്യക്തമാക്കി. ഞരമ്പിന്റെ പ്രശ്‌നമാണ്. ഗുളിക കഴിച്ചുകൊണ്ടിരിക്കുന്നു. ഈ ഗുളിക കഴിക്കുമ്പോൾ മാറ്റം ഉണ്ടാകുമെന്നാണ് അവർ പറയുന്നത്.
ആദ്യ സ്‌കാൻ റിപ്പോർട്ട് അയച്ചു. രണ്ടാമതും സ്‌കാൻ ചെയ്ത് റിപ്പോർട്ട് അയക്കേണ്ടതുണ്ട്. കൊറോണ വന്നതുകാരണം ഒന്നും നടക്കുന്നില്ല. പുരോഗതി അനുസരിച്ച് വേണം ഓരോ കാര്യങ്ങളും അവർക്ക് ചെയ്യാൻ. അമേരിക്കയിൽ സ്‌പോൺസർമാരാണ് എല്ലാം ചെയ്യുന്നതെന്നും വൈക്കം വിജയലക്ഷ്മിയുടെ മാതാപിതാക്കൾ പറഞ്ഞു. ഗാനങ്ങൾ മൂളാൻ ചെറുപ്രായത്തിൽ തന്നെ താത്പര്യമുണ്ടായിരുന്നു എന്ന് വൈക്കം വിജയലക്ഷ്മി പറഞ്ഞു.
അച്ഛനും അമ്മയുമാണ് തന്റെ സംഗീതത്തിലെ വാസന തിരിച്ചറിഞ്ഞത്. അഞ്ച് വയസുവരെ ചെന്നൈയിൽ ആയിരുന്നു. അച്ഛന് അവിടെയായിരുന്നു ജോലി. അവിടെ വെച്ച് ഒന്നര വയസ് മുതൽ താൻ പാടാൻ തുടങ്ങിയിരുന്നെന്ന് അച്ഛനും അമ്മയും പറഞ്ഞിട്ടുണ്ട്. തന്റെ അഞ്ചാം വയസിലാണ് വൈക്കത്ത് എത്തുന്നത്. ദാസേട്ടന്റെയും ബാലമുരളി സാറിന്റെയും ഒക്കെ കാസറ്റ് കേട്ടാണ് പാട്ട് പഠിച്ചത്. ആറാം വയസിൽ വൈക്കം ടിബി ഹാളിൽ വെച്ച് ദാസേട്ടന് ഗുരുദക്ഷിണ സമർപ്പിച്ചു. അദ്ദേഹത്തോടൊപ്പം ഗാനമേളയിൽ പാടാൻ സാധിച്ചു- വിജയലക്ഷ്മി പറഞ്ഞു.
*** *** ***
കർഷക സമരം അരങ്ങ് തകർക്കുന്നതിനിടെ ടൈംസ് നൗ ചാനലിൽ ഒരു വാർത്ത. പഴയകാല ബോളിവുഡ് സ്വപ്‌നറാണി ജൂഹി ചൗളയുമായി ബന്ധപ്പെട്ടാണിത്. താൻ 15വർഷമായി ഉപയോഗിക്കുന്ന ഡയമണ്ട് കമ്മൽ നഷ്ടമായെന്നും കണ്ടെത്താൻ എല്ലാവരും സഹായിക്കണമെന്നും താരം പറയുന്നു. മുംബൈ വിമാനത്താവളത്തിൽ വെച്ചാണ് കമ്മൽ നഷ്ടപ്പെട്ടത്. കമ്മൽ തിരികെ കിട്ടണമെങ്കിൽ ആരാധകർ സഹായിക്കണമെന്നും കണ്ടെത്തുന്ന ആൾക്ക് സമ്മാനം തരാൻ തനിക്ക് സന്തോഷമേ ഉള്ളൂവെന്നും ജൂഹി ചൗള പറഞ്ഞു. മുംബൈ എയർപോട്ടിലെ ഗെയിറ്റ് 8ന് സമീപത്തേയ്ക്ക് നടക്കുന്നതിനിടയിൽ എമിറേറ്റ്‌സ് കൗണ്ടറിന് സമീപത്ത് എവിടെയോ എന്റെ ഡയമണ്ട് കമ്മൽ നഷ്ടമായി. അത് കണ്ടെത്താൻ ആരെങ്കിലും സഹായിച്ചാൽ ഞാൻ സന്തോഷവതിയാവും. കമ്മൽ കിട്ടിയാൽ പോലീസിനെ അറിയിക്കൂ. നിങ്ങൾക്ക് സമ്മാനം തരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ', ജൂഹി ചൗള കുറിച്ചു. കഴിഞ്ഞ പതിനഞ്ച് വർഷമായി താൻ ഉപയോഗിക്കുന്ന കമ്മലാണെന്നും അതുകൊണ്ടാണ് നഷ്ടപ്പെട്ടപ്പോൾ ഇത്ര വേദനയെന്നും നടി കൂട്ടിച്ചേർത്തു. കമ്മലിന്റെ ഫോട്ടോക്കൊപ്പമാണ് നടി പോസ്റ്റ് പങ്കുവെച്ചതെന്നും വാർത്തയിലുണ്ട്.
*** *** ***
ഇന്ത്യയിൽ ജീവിക്കാൻ നിർവാഹമില്ലെന്ന് കരുതുന്നവർക്ക് ആശ്വാസ വാർത്ത. ബിസിനസ് സ്റ്റാൻഡേഡാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഓസ്‌ട്രേലിയ വഴി തന്റെ 'രാജ്യ'മായ കൈലാസം സന്ദർശിക്കാൻ വിമാനവും വാഗ്ദാനം ചെയ്ത് ബലാത്സംഗക്കേസിൽ അകപ്പെട്ട് നാടുവിട്ട വിവാദ ആൾദൈവം നിത്യാനന്ദ. അവസാനമായി പുറത്തുവിട്ട വീഡിയോയിലാണ് നിത്യാനന്ദയുടെ വാഗ്ദാനം. ലൈംഗിക ആരോപണങ്ങളെ തുടർന്ന് ഇന്ത്യയിൽ നിന്നും പലായനം ചെയ്ത ഇയാൾ ഇക്വഡോറിലാണിലുള്ളത്. ഇവിടെ സ്വന്തം രാജ്യം സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്‌പോർട്ടും മന്ത്രിസഭയും ഉണ്ടെന്നും അവകാശപ്പെട്ടിരുന്നു. 'കൈലാസ' എന്ന് പേരിട്ട രാജ്യത്തേക്ക് മൂന്ന് ദിവസത്തെ പര്യടനത്തിനുള്ള വിസയാണ് നിത്യാനന്ദ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ നിന്നും ചാർട്ടേഡ് ഫ്‌ളൈറ്റിലാകും കൈലാസയിലേക്കെത്താൻ കഴിയുക എന്നാണ് ഇയാൾ അറിയിച്ചിരിക്കുന്നത്. നിത്യാനന്ദയുടെ പുതിയ പ്രഖ്യാപനം സംബന്ധിച്ച വീഡിയോയും വൈറലായിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ നിന്നും തന്റെ 'രാജ്യത്തേക്ക്' 'ഗരുഡ'എന്ന പേരിൽ ചാർട്ടേഡ് വിമാന സർവീസുകൾ നടത്തുന്നുണ്ട്. അനുയായികൾക്ക് ഓസ്‌ട്രേലിയയിൽ വന്ന ശേഷം ഈ സൗകര്യം ഉപയോഗപ്പെടുത്തി കൈലാസയിലേക്ക് വരാം എന്നായിരുന്നു നിത്യാനന്ദയുടെ വാക്കുകൾ. ഒരു റൂട്ട് മാപ്പും ഇയാൾ പുറത്തുവിട്ടിട്ടുണ്ട്.
ബലാത്സംഗക്കേസിൽ അകപ്പെട്ടതോടെയാണ് നിത്യാനന്ദ രാജ്യം വിട്ടത്. പോലീസ് ഏറെ അന്വേഷിച്ചെങ്കിലും നിത്യാനന്ദയെ കണ്ടെത്താനായില്ല. പിന്നീട് സ്വന്തമായി ദ്വീപ് വാങ്ങി സ്വയം രാജ്യമായി പ്രഖ്യാപിച്ച് വീണ്ടും രംഗപ്രവേശം ചെയ്യുകയായിരുന്നു.