അനുഭവം
കുട്ടിക്കാലത്ത് റേഡിയോ പരിപാടികൾ എനിക്ക് ഏറെയിഷ്ടമായിരുന്നു. റേഡിയോയെ അത്രമേൽ സ്നേഹിച്ചൊരു കുട്ടിയായിരുന്നു ഞാനെന്ന് സാരം..
റേഡിയോ പരിപാടികളിൽ , ചലച്ചിത്ര ഗാനങ്ങളും , നാടകങ്ങളുമൊക്കെ ഇഷ്ടമായിരുന്നെങ്കിലും ആകാശവാണിയുടെ വലിയ ആകർഷണമാവട്ടെ അനൗൺസർമാരുടേയും വാർത്താ വായനക്കാരുടേയും സ്വതഃസിദ്ധമായ ശൈലിയായിരുന്നു. അതുകൊണ്ടു തന്നെയാവാം പത്രം കിട്ടിയാൽ അന്നത്തെ പ്രമുഖ വാർത്താ വായനക്കാരായിരുന്ന രാമചന്ദ്രന്റേയും, പ്രതാപന്റേയും, ശങ്കരനാരായണന്റേയും, സത്യേന്ദ്രന്റേയുമൊക്കെ ശൈലി അനുകരിച്ച് വായിക്കുക എന്നത് പതിവാക്കിയത്..
അന്നിവരൊക്കെയായിരുന്നു ആകാശവാണിയിലെ താരങ്ങൾ. അവർ ചെയ്യുന്ന ജോലിയോടും ഒരിഷ്ടം അങ്ങിനെ അന്നുമുതൽ കടന്നുവന്നതാകാം..
'ആകാശവാണി, തിരുവനന്തപുരം , ആലപ്പുഴ ഇപ്പോൾ ചലച്ചിത്ര ഗാനങ്ങൾ കേൾക്കാം...'
ഇവ്വിധം അനൗൺസ്മെന്റ് ചിലരുടെ ശബ്ദത്തിലൂടെ കേൾക്കുക എന്നത് പോലും ഒരു ഹൃദ്യാനുഭവമായിട്ടാണ് അക്കാലത്ത് തോന്നിയിട്ടുള്ളത്...
വേണു നാഗവള്ളിയും പത്മരാജനുമൊക്കെ ആകാശവാണിയിൽ നിറഞ്ഞു നിന്ന ആ കാലത്ത് അവരുടെ ശബ്ദത്തിനും അവതരണ രീതിയ്ക്കും എന്തോ ഒരു വശ്യത ഉണ്ടായിരുന്നു. അക്കാലത്തെ പരിപാടികളുടെ ആ പ്രൗഢി ഇന്ന് ഉണ്ടെന്നും പറയുക വയ്യ. റേഡിയോയിലൂടെ കേൾക്കുന്ന മലയാളത്തിന്റെ പ്രിയ പത്മരാജന്റേയടക്കം ഇവ്വിധം അനൗൺസ്മെന്റും ഞാൻ അന്ന് അനുകരിച്ച് പരീക്ഷിക്കുമായിരുന്നു...

റേഡിയോ നാടകങ്ങളിലൂടെയും നിരവധി ശബ്ദങ്ങൾ അക്കാലത്ത് മനസ്സിൽ ഇടം പിടിച്ചിരുന്നു.
'ശ്രീ. എസ് രാമൻകുട്ടി നായർ എഴുതിയ തുടർ നാടകം 8-ാം ഭാഗം ....'
ആഴ്ചയിലൊരിക്കൽ അങ്ങിനെയും കേൾക്കുമായിരുന്നു.
ശബ്ദമാന്ത്രികരായ ഖാൻ കാവിൽ ,ടി.പി. രാധാമണി, സി.എസ് രാധാദേവി തുടങ്ങി അനേകം പേരുകളും അക്കാലത്ത് റേഡിയോ ശ്രോതാക്കൾക്ക് ഏറെ സുപരിചിതവുമായിരുന്നു. അന്നൊക്കെ കൈയിൽ കരുതിയിരുന്ന കുട്ടി റേഡിയോ മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു എന്ന് പിന്നേയും പറയേണ്ടതില്ലല്ലോ.
റേഡിയോയുടെ ഏരിയൽ ഉയർത്തി വെക്കുമ്പോൾ ശ്രീലങ്കാ പ്രക്ഷേപണ നിലയത്തിൽ നിന്നുള്ള മലയാളം പരിപാടികളും ശബ്ദമേറിയും മുറിഞ്ഞും പാടുപെട്ട് കേട്ടിരുന്നതുമായ കാലം കൂടിയായിരുന്നു .
അന്ന് ടിവിയുടെ ആന്റിനയാവട്ടെ വലിയ മുളകളിൽ കെട്ടിവച്ച് ആഞ്ഞിലി മരത്തിന്റെ മുകളിലായിരുന്നു ഇടം പിടിച്ചിരുന്നത്. സ്കൂൾ പഠന വേളയിൽ ആകാശവാണിയിലൂടെ ഒരിക്കൽ ശബ്ദം പ്രക്ഷേപണം ചെയ്യപ്പെട്ടിരുന്നെങ്കിലും അത് കേൾക്കാനായില്ല. കാരണം ആ കാലയളവ് ഞാൻ വീട്ടിലായിരുന്നില്ല.
എന്റെ പിതാവ് കെ.ജലാലുദീൻ കുഞ്ഞ് സ്ഥാപിച്ച ഇലിപ്പക്കുളം ബി ഐ എൽപി - യു പി സ്കൂൾ പഠനശേഷം കറ്റാനം ബെഥനി ബോർഡിംഗിൽ താമസിച്ചായിരുന്നു കറ്റാനം പോപ്പയസ്സിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം.
അവിടെ വെച്ചാണ് അഞ്ച് മിനിട്ട് ആകാശവാണിയിലൂടെ ഒരു പ്രസംഗം നടത്താൻ ഭാഗ്യം സിദ്ധിച്ചത്. അത് നല്ലോർമ്മയായി മനസ്സിലിന്നും തെളിയുന്നു. ഹെഡ്മാസ്റ്ററായിരിക്കെ മണ്ണന്തല വേലായുധൻ നായർ സാറിന് മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ലഭിച്ച സമയം കൂടിയായിരുന്നു അത്. അന്നാ കുട്ടിപ്രസംഗം കേട്ട എന്റെ ബന്ധു കായംകുളം മുല്ലശേരിൽ ബാബുക്ക എന്നെ പിന്നീട് കണ്ടപ്പോൾ അഭിനന്ദിച്ചത് ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്. എല്ലാവർഷവും ബോർഡിംഗ് ഡേയ്ക്ക് സെലക്ട് ചെയ്യപ്പെടുന്ന കുട്ടി പ്രസംഗകരിലൊരാൾ ഞാനായിരുന്നു എന്നതൊരത്ഭുതമായി ഇപ്പോഴും മനസ്സിൽ അവശേഷിക്കുന്നു. പിന്നെ ചെറു നാടകങ്ങളിലും വേഷം ഉറപ്പായിരുന്നു.
ആകാശവാണിയോടിഷ്ടം അപ്പോഴേ മനസ്സിൽ കൂടുകൂട്ടിയതാണ്.
ആയിടയ്ക്ക് തിരുവനന്തപുരത്തുള്ള സഹോദരിയുടെ വീട്ടിൽ ചെല്ലുമ്പോൾ വിവിധ് ഭാരതിയിലൂടെ ഒഴുകിയെത്തുന്ന മുഹമ്മദ് റഫി, മുകേഷ്, കിഷോർ കുമാറിന്റെയുമൊക്കെ പാട്ടുകളും ഗൃഹാതുര സ്മരണകളാണ്. എത്ര ഹൃദ്യമായിരുന്നു പഴയ സിനിമാ ഗാനങ്ങൾ.
ആകാശവാണിയിൽ ഒരു അനൗൺസർ , അല്ലെങ്കിൽ വാർത്താ വായനക്കാരനാകണമെന്നൊക്കെ കുട്ടിക്കാലത്ത് മനസ്സിന്റെ കോണിൽ വലിയ ആഗ്രഹം നിലനിന്നിരുന്നു.
പ്രിയസുഹൃത്ത് മാവനാൽ കുറ്റിയിൽ അജിത്തുമായി (എൽ.ഐ. സി) ആകാശവാണിയുടെ 'ട്രാൻസ്മിഷൻ എക്സിക്യൂട്ടിവ്' തസ്തികയിലേക്കുള്ള ഒരു ടെസ്റ്റ് തമിഴ്നാട്ടിൽ പോയി എഴുതിയതും അനുബന്ധമായുള്ള മറ്റൊരനുഭവം. തമിഴ്നാട്, നൊങ്കമ്പക്കവും മീനമ്പക്കവും, അണ്ണാനഗറും, പ്യാരീ സ്ട്രീറ്റുമൊക്കെ കറങ്ങി നടന്നതല്ലാതെ ടെസ്റ്റിനായുള്ള ആ യാത്ര പ്രയോജനം ചെയ്തതുമില്ല. വേണ്ടത്ര തയാറെടുപ്പില്ലാതെ അത്തരമൊരു ടെസ്റ്റ് എഴുതിയിട്ടും കാര്യമുണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ റാങ്ക് ലിസ്റ്റിൽ നമ്പർ പോയിട്ട് പൊടി പോലുമുണ്ടായിരുന്നില്ല കണ്ടുപിടിക്കാൻ എന്നതായിരുന്നു സ്ഥിതി.

'ആകാശവാണി ഒരു പ്രത്യേക ലോകമാണ് , അവിടം ചിലരുടെ കുത്തകയാണ് .... തനിയ്ക്കൊന്നും അവിടെ അവസരങ്ങൾ കിട്ടില്ല'
എന്ന് പലരും അക്കാലത്ത് പറഞ്ഞ് പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു.
ആകാശവാണിയെക്കുറിച്ചുള്ള കലാഭവന്റെ ആക്ഷേപഹാസ്യവും നിലനിൽക്കുന്ന കാലവുമായിരുന്നു അത്.
ആകാശവാണി ആഗ്രഹം മനസ്സിലുണ്ടായിരുന്നെങ്കിലും പിന്നീട് ഒരിക്കൽ പോലും ഒരപേക്ഷ സമർപ്പിക്കാൻ കഴിയാതെ പോയിയെന്നുള്ളതും യാഥാർത്ഥ്യം.
ആയിടയ്ക്ക് 1989 ലാണ് ദൂരദർശനിലേക്ക് ന്യൂസ് റീഡർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാനായതും ഓഡിഷൻ ടെസ്റ്റുകളെല്ലാം കടന്ന് ആകാശവാണിയുടെ സഹോദര സ്ഥാപനമായ ദൂരദർശനിലെത്തി പെട്ടതും...
ജലവിഭവ വകുപ്പിൽ ജോലി ലഭിക്കുന്നതും അതേവർഷം.
അതോടെ ആകാശവാണിയെ തൽക്കാലത്തേക്ക് മറക്കേണ്ടി വന്നു.
2017 ൽ ദുബായ് പ്രവാസികളുടെ 'മാധ്യമ പുരസ്കാരം' ഏറ്റുവാങ്ങാൻ പോയ വേളയിൽ റേഡിയോ ഏഷ്യയിൽ ഒരു മണിക്കൂറോളം ഹിഷാമുമായി അനുഭവങ്ങൾ പങ്ക് വയ്ക്കാൻ കഴിഞ്ഞിരുന്നു. നിരവധി റേഡിയോ എഫ്.എം കളിൽനിന്ന് അന്ന് ക്ഷണം കിട്ടിയിരുന്നെങ്കിലും സമയ പരിമിതി അതൊക്കെയും സ്വീകരിക്കാൻ തടസ്സം തീർത്തു.
2015 -16 കാലഘട്ടത്തിൽ 90.8 എഫ്.എം റേഡിയോ മീഡിയാ വില്ലേജിൽ വിപിൻ മോഹനുമായി ഒരു മണിക്കൂറോളം അഭിമുഖം പ്രക്ഷേപണം ചെയ്യപ്പെട്ടു. പിന്നീട് പലകുറി 90.8 തത്സമയ പരിപാടികളുടേയും ഭാഗമായിട്ടുണ്ട്. 91. 2 എഫ് എം എന്റെ റേഡിയോയിലും ലക്ഷ്മണുമായി പങ്കെടുത്ത് സംസാരിക്കാനായിട്ടുണ്ട്.
ഇ-ദളം ഓൺലൈൻ റേഡിയോ വഴിയും ചില്ലറ പരിപാടികളൊക്കെ ചെയ്തിട്ടുണ്ട്. റേഡിയോ എന്ന മാധ്യമത്തോടുള്ള ഇഷ്ടം അങ്ങനെയൊക്കെ നിലനിർത്തിവരുന്നു.
ദൂരദർശനിലെ ന്യൂസ് റീഡർമാർ , എഡിറ്റർമാർ , അനൗൺസേഴ്സ് എന്നിവരിൽ ചിലർക്കെങ്കിലും ആകാശവാണി പരിപാടികളുടേയും ഭാഗമായി പ്രവർത്തിക്കാൻ കഴിയുന്നുണ്ടെന്നത് എന്നത് ഏറെ ഭാഗ്യകരമായും കരുതുന്നു.
ദൂരദർശനിലെത്തിയ ശേഷമാണ് , ആകാശവാണിയിലെ ഉദ്യോഗസ്ഥയും ദൂരദർശനിലെ മികച്ച വാർത്താ അവതാരകയുമായിരുന്ന രാജേശ്വരി മോഹനോട് ആകാശവാണി (എം.എസ്.എം കോളജിലെ മധുസാറിന്റെ സഹോദരി) സന്ദർശിക്കണമെന്നാഗ്രഹം പറഞ്ഞത്. അങ്ങനെ ഒരു ദിവസമവിടെയുമെത്തി. ഇഷ്ട ന്യൂസ്റീഡറായ രാമചന്ദ്രനെ പക്ഷേ അന്ന് കാണാനായില്ല. വർഷങ്ങൾക്ക് ശേഷം കെ. കൃഷ്ണകുമാരൻ തമ്പി ബെസ്റ്റ് കമന്റേറ്റർ അവാർഡ് രാമചന്ദ്രനും എനിയ്ക്കും ലഭിച്ചപ്പോൾ അതേറ്റു വാങ്ങാൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഒത്തുകൂടാൻ ഭാഗ്യം കൈവന്നു.
അദ്ദേഹത്തിന്റെ വാർത്തകളും കൗതുക വാർത്തകളും ഒക്കെ മിമിക്രിയിലെ എന്റെ ഒരു പ്രധാന ഐറ്റമായിരുന്നു എന്നതും ഞാൻ അവാർഡ് ഏറ്റു വാങ്ങിയ മറുപടി പ്രസംഗത്തിൽ പറയാനും മറന്നില്ല..
പിന്നീടൊരിക്കൽ ഒരു ട്രെയിനിംഗ് വേളയിൽ ദൂരദർശനിലെത്തിയപ്പോഴും അദ്ദേഹത്തിൽ നിന്ന് ഏറെ കേൾക്കുവാൻ കഴിഞ്ഞു.
1984-85 ലാണെന്ന് തോന്നുന്നു സംസ്ഥാനതല മിമിക്രി മത്സരത്തിലും രാമചന്ദ്രൻ , ശങ്കരനാരായണൻ , സത്യേന്ദ്രൻ തുടങ്ങിയവരൊക്കെ യായിരുന്നു എന്റെ അനുകരണങ്ങളിൽ ഇടം പിടിച്ചത്. അന്ന് കലോൽസവ ജേതാവ് ജോസഫ് വിൽസണ് ഒന്നാം സ്ഥാനവും എനിയ്ക്ക് രണ്ടാം സ്ഥാനവും കിട്ടിയിരുന്നു.

എം. എ വിദ്യാഭ്യാസ കാലഘട്ടത്തിലുള്ള രണ്ടു വർഷങ്ങളിലും മിമിക്രി ജേതാവായതും അൻസാർ കലാഭവന്റെ പ്രേരണയാൽ കൊച്ചിൻ കലാഭവനിൽ അഭിമുഖത്തിന് പോയതും മിമിക്രിതാര ഒഴിവ് വരുമ്പോൾ പരിഗണിക്കാമെന്ന കലാഭവൻ അച്ചന്റെ കത്തും നിധിപോലെ സൂക്ഷിക്കുമ്പോഴാണ് ആദ്യമായെഴുതിയ പി.എസ്. സി ടെസ്റ്റിൽ ഉൾപ്പെട്ട് ജലവിഭവ വകുപ്പിൽ ജോലിയിൽ പ്രവേശിക്കാനിടവന്നതും മിമിക്രിയുടെ തുടർക്കഥ...
ദൂരദർശനിൽ വാർത്താ അവതരണത്തിന് പുറമേ എന്റെ റിപോർട്ടിംഗ് സ്കിൽ പുറത്ത് കൊണ്ടുവന്നത് വാർത്താ വിഭാഗം മേധാവിയായിരുന്ന ഡോ.കെ. അമ്പാടി ആയിരുന്നു. അതിന് മികച്ച പിന്തുണ തന്നത് രശ്മി തുഷാരമാഡവും. 2020ലെ കൊറോണയും , ലോക്ഡൗണുമെല്ലാം വിഷയമാക്കി നിരവധി സ്റ്റോറികൾ ദൂരദർശന് വേണ്ടി ചെയ്യാനായി. വാർത്താ വിഭാഗം മേധാവി അജയ് ജോയ് സർ വരെയുള്ളവർ ആ പിന്തുണ തുടരുന്നുമുണ്ട്.
ഒരിക്കൽ തുഷാരമാഡത്തോട് ആകാശവാണിയെക്കുറിച്ച് ഒരു വാർത്താ റിപോർട്ട് തയ്യാറാക്കട്ടെ എന്ന് ചോദിച്ചപ്പോൾ അനുമതി നൽകി. പക്ഷേ എങ്ങിനെ വിഷ്വലൈസ് ചെയ്യുമെന്ന ആശങ്കയാണ് പങ്ക് വെച്ചത്..
ഡി.സുനിൽ കുമാറെന്ന പ്രിയ ക്യാമറാമാനുമായി കേവലം 2 മിനിട്ടുള്ള ആ റിപോർട്ട് തയ്യാറാക്കി നൽകിയപ്പോൾ മാഡം നല്ല അഭിപ്രായം പറഞ്ഞത് ഏറെ സംതൃപ്തി പകർന്നു. അൽപനിമിഷത്തേക്കെങ്കിലും ആകാശവാണി സ്റ്റുഡിയോയുടെ ഭാഗമാകാൻ കഴിഞ്ഞത് എന്തോ മനസ്സിന് ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമായി മാധ്യമാനുഭവങ്ങളിൽ അങ്ങനെ ഇടം പിടിച്ചു.
*** *** ***
(ആകാശവാണി തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ.... നിങ്ങൾ കേട്ടത്. ഓർമയിലോടിയെത്തിയ ആകാശവാണി.
ദൃശ്യമാധ്യമ പ്രവർത്തകനായ സി.ജെ വാഹിദാണ് ഇത് വരെ സംസാരിച്ചത്. ഇനി ചലച്ചിതഗാനങ്ങൾ കേൾക്കാം!)






