ദമാം - അണ്ടർ-19 ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ യോഗ്യതാ റൗണ്ടിൽ സൗദി അറേബ്യക്കെതിരായ മത്സരത്തിൽ ഇന്ത്യയുടെ പ്രകടനം നിരാശപ്പെടുത്തിയെന്ന് മുൻ ഇന്ത്യൻ ഗോൾകീപ്പർ വിക്ടർ മഞ്ഞില. സ്വകാര്യ സന്ദർശനത്തിന് സൗദിയിലെത്തിയ വിക്ടർ മഞ്ഞില ദമാം പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിൽ കളി കാണാനുണ്ടായിരുന്നു. ഇന്ത്യ മറുപടിയില്ലാത്ത അഞ്ചു ഗോളിനാണ് തോറ്റത്.
അണ്ടർ-17 ലോകകപ്പ് കളിച്ച ടീമിലുള്ളവരായിരുന്നു ഇന്ത്യൻ ടീമിലേറെയും. എന്നാൽ അണ്ടർ-17 ലോകകപ്പിലെ പ്രകടനം പോലും ഈ ടീമിന് കാഴ്ചവെക്കാനായില്ല. മത്സരത്തിലുടനീളം രണ്ടോ മൂന്നോ ആസൂത്രിത നീക്കങ്ങളേ ഇന്ത്യൻ ടീമിൽ നിന്നുണ്ടായുള്ളൂ. ടീം എന്നതിലുപരി വ്യക്തിപരമായ നീക്കങ്ങൾ മാത്രമാണ് കണ്ടത്. കളിയുടെ തുടക്കം കണ്ടപ്പോൾ തന്നെ വൻ തോൽവി പ്രതീക്ഷിച്ചതായിരുന്നു. ലോകകപ്പിൽ ഗോൾകീപ്പർ ധീരജ് സിംഗിന്റെ പ്രകടനത്തെ ഞാൻ തന്നെ പുകഴ്ത്തിയിരുന്നു. എന്നാൽ സൗദിക്കെതിരായ കളിയിൽ ഗോൾകീപ്പറുടെ അബദ്ധമാണ് പല ഗോളുകൾക്കും കാരണം. പലപ്പോഴും ഗോൾ ഏരിയ വിട്ട് ഗോളി കയറുകയായിരുന്നു. മറ്റു കളിക്കാർക്ക് അബദ്ധം പറ്റാം, എന്നാൽ ഗോളിക്ക് പറ്റരുത് എന്നാണ് ഫുട്‌ബോളിലെ തത്വം - ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗോളിമാരിലൊരാളായ വിക്ടർ മഞ്ഞില ചൂണ്ടിക്കാട്ടി.
അണ്ടർ-17 ടീമിനെ ഈ ടൂർണമെന്റിൽ കളിപ്പിച്ചിരുന്നുവെങ്കിൽ അൽപം കൂടി മികച്ച കളി പ്രതീക്ഷിക്കാമായിരുന്നു. അണ്ടർ-17, അണ്ടർ-19 കളിക്കാരെ കൂട്ടിക്കലർത്തിയതോടെ തീർത്തും ധാരണയില്ലാതായി. ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ട് പോലെ പ്രധാനപ്പെട്ട ടൂർണമെന്റുകളിലല്ല പരീക്ഷണം നടത്തേണ്ടിയിരുന്നത്. ടീമിലെ ഏക മലയാളി സാന്നിധ്യം രാഹുൽ കെ.പി പോലെ ഏതാനും കളിക്കാർ മാത്രമാണ് അധ്വാനിച്ചു കളിച്ചത്. അതു തന്നെ ഒറ്റയാൻ പ്രകടനങ്ങളായിരുന്നു. തനിക്ക് പിന്തുണ കിട്ടാതിരുന്നതോടെ രാഹുലിനും പാസ് നൽകാതെ ഒറ്റയാൾ മുന്നേറ്റങ്ങൾ നടത്തേണ്ടിവന്നു. രാഹുൽ തന്നെ ആദ്യ പകുതിയിൽ വലതു വിംഗിലും ഇടവേളക്കുശേഷം ഇടതു വിംഗിലുമാണ് കളിച്ചത്. എന്തുകൊണ്ടാണ് ഈ മാറ്റമെന്ന് മനസ്സിലായില്ല -വിക്ടർ മഞ്ഞില പറഞ്ഞു. ഇന്ന് യെമനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ബുധനാഴ്ച തുർക്ക്‌മെനിസ്ഥാനെതിരെയാണ് അവസാന മത്സരം.