സച്ചിദാനന്ദം

ലേഖകൻ സച്ചിദാനന്ദനോടൊപ്പം ദോഹയിലെ ചടങ്ങിൽ  (ഫയൽ)
സച്ചിദാനന്ദൻ, പത്‌നി തുളസി
  • ജമാൽ കൊച്ചങ്ങാടി

വായുവിൽ വിഷം നിറഞ്ഞു നിൽക്കുമ്പോൾ
ശ്വസിക്കുവാനുള്ള സ്വാതന്ത്ര്യം
മരിക്കുവാനുള്ള സ്വാതന്ത്ര്യമാണ്
-കെ. സച്ചിദാനന്ദൻ


എഴുത്തച്ഛൻ പുരസ്‌കാരം അതിന്നേറ്റവും അർഹനായ കവിയുടെ കൈകളിലെത്തുമ്പോൾ അതിന്റെ ആനന്ദം കെ. സച്ചിദാനന്ദന് മാത്രമല്ല സഹൃദയരായ മുഴുവൻ മലയാളികൾക്കും അവകാശപ്പെട്ടതാണ്. അഞ്ചു പതിറ്റാണ്ടിലേറെയായി ഉറവ വറ്റാതെ പ്രകൃതിയുടെ, ജീവിതത്തിന്റെ, ഭാവനയുടെ എല്ലാ ശാദ്വലഭൂമികളെയും തഴുകിയും സ്വയം നവീകരിച്ചും ഒഴുകിക്കൊണ്ടിരിക്കുന്ന കവിത. അത് കേരളത്തിന്റെയെന്നല്ല ഇന്ത്യയുടെ തന്നെ പ്രാക്തന പാരമ്പര്യങ്ങളിലെ നല്ലതിനെയെല്ലാം സ്വാംശീകരിക്കുന്നു. ഒപ്പം സാർവദേശീയമായ സാംസ്‌കാരിക ഭാവുകത്വത്തെ സ്വന്തം കവിതയിൽ ലയിപ്പിക്കുന്നു. നിരന്തരമായ സാംസ്‌കാരിക വിമർശനങ്ങളിലൂടെ വർത്തമാന കാലത്തിന് ദിശാ പരമായ നേതൃത്വം നൽകുന്നു. ലോക കവിതയുടെ മുൻപാകെ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നു. പ്രത്യേകിച്ച് രാജ്യം വിഷസാന്ദ്രമായ ഒരു കാലത്തിലൂടെ കടന്നു പോകുന്ന സാമൂഹികാന്തരീക്ഷത്തിൽ ധൈഷണികവും സർഗാത്മകവുമായ ഈ നായകത്വം തന്നെയാണ് സച്ചിദാനന്ദന്റെ സാന്നിധ്യം പ്രസക്തമാക്കുന്നത്
'തുപ്പിക്കളയുന്നു ഞാൻ മധുരങ്ങൾ
വിഷം നിറഞ്ഞത്രമേൽ വായിൽ
മനസ്സി, ലീണങ്ങളിൽ
എന്നും
എന്റെ കവിതയിൽ ഞാൻ
കത്തി ദ്ദഹിച്ചു കൊണ്ടിരിക്കുന്നു
എന്റെ ചിതയിലെന്ന പോലെ
എന്നുമാണ് തന്റെ മാനിഫെസ്റ്റോ ആയി ഈ കവി എഴുതുന്നത്.
ദക്ഷിണ കൊറിയയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിൽ ജീവിതം നയിക്കുന്ന ഒരു കവിയെ സച്ചിദാനന്ദൻ അഭിസംബോധന ചെയ്യുന്നതിങ്ങനെ: 
കിം ചിഹായ്, നീ ഒരുവനല്ല. ഒരു വംശമാണ്..
അതുകൊണ്ടുതന്നെയാണ്, പാണന്റെ കൂലമറ്റാൽ പാട്ട് പിന്നെയാര് പാടാനെന്നും പാട്ടു പാടാൻ നാവില്ലേൽ നാട്ടാരെന്ന് നേരറിയാനെന്നും (നാവുമരം) ചോദിക്കുന്നത്. ആ 'കാവ്യ'ധർമം തിരിച്ചറിഞ്ഞത് കൊണ്ടാണ് എന്റെ വൃത്തം ഓടയിൽ പിറന്നു വീണ കുഞ്ഞിന്റെ നിലവിളിയാണ് (സത്യവാങ്മൂലം) എന്ന് പ്രഖ്യാപിക്കുന്നതും. സൈദ്ധാന്തികവും സാങ്കേതികവുമായ വേലിക്കെട്ടുകൾ തകർത്തെറിഞ്ഞ് മിത്തുകളിൽ നിന്നും പുരാവൃത്തങ്ങളിൽ നിന്നും ആദിരൂപങ്ങളിൽ നിന്നും ഊർജം ഉൾക്കൊണ്ട് പുതിയ ഭാവുകത്വവുമായി സംവദിക്കുന്ന ഒരു കവിക്ക് വർത്തമാനകാലം ആവശ്യപ്പെടുന്ന ആർജവത്തോടെ, ഭിന്നരുചികളോടെ മുന്നോട്ട് പോകാൻ കഴിയുമെന്ന് തന്നെയാണ് അക്ഷീണവും അനവരതവുമായ കാവ്യസപര്യയിലൂടെ സച്ചിദാനന്ദൻ തെളിയിച്ചു കൊണ്ടിരിക്കുന്നത്.
കൊളോണിയൽ ദാസ്യത്തോടുള്ള മടുപ്പിൽ നിന്നാണ് അദ്ദേഹം  ഇംഗ്‌ളീഷധ്യാപനം മതിയാക്കി ഇന്ത്യൻ ലിറ്ററേച്ചറിന്റെ പത്രാധിപരായി ദൽഹിയിൽ ചേക്കേറുന്നത്. അശോക് വാജ്‌പേയ്, ദിലീപ് ചിത്രേ, എസ്.എച്ച് വാത്സ്യായന, സീതാകാന്ത് മഹാപത്ര ചന്ദ്രശേഖര കമ്പാർ
തുടങ്ങിയ ഇന്ത്യൻ കവികളുമായി ഇടപഴകാനും ഗുന്തർഗ്രാസ്, മഹ്മൂദ് ദാർവിഷ്, മാരിയൊ വർഗാസ് യോസ തുടങ്ങിയ ലോകപ്രശസ്ത സാഹിത്യകാരന്മാരുമായി സൗഹൃദ ബന്ധങ്ങളുണ്ടാക്കാനും ദൽഹിയിലെ പതിറ്റാണ്ടുകൾ നീണ്ട ജീവിതം സഹായിച്ചു. അന്തർദ്ദേശീയ കവി സമ്മേളനങ്ങളിൽ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി ഇന്ത്യയുടെ സാംസ്‌കാരിക പ്രതിപുരുഷനായി.
എഴുപതുകൾ നൽകിയ സാംസ്‌കാരികോർജമാണ് ഇന്നും തന്റെ കവിതയെ സജീവമാക്കുന്നതെന്ന് 
സച്ചിദാനന്ദൻ തുറന്ന് പറഞ്ഞിട്ടുണ്ട്. മാവോയിസ്റ്റ് പ്രസ്ഥാനം, ജനകീയ സാംസ്‌കാരിക വേദി, തെരുവുനാടകങ്ങൾ, ലിറ്റിൽ മാഗസിനുകൾ, അവന്ത് ഗാദ്, ഫിലിം സൊസൈറ്റികൾ, വിശ്വസാഹിത്യത്തിൽ നിന്നുള്ള വിവർത്തനങ്ങൾ... കാമ്പസുകൾക്കകത്തും പുറത്തും ഇന്ത്യൻ യുവത്വം ഊർജസ്വലമായി പ്രതികരിച്ച ആ കാലം എന്തിനൊക്കെയൊ വേണ്ടിയുള്ള പടപ്പുറപ്പാടായിരുന്നു. അത് സാഹസികവും സർഗാത്മകവുമായ പുതിയ മേച്ചിൽപ്പുറങ്ങളിലേയ്ക്ക് നയിച്ചു. സച്ചിദാനന്ദനും അതിന്റെ ഭാഗമായിരുന്നു.
    എൺപതുകളിലാണ് ഞാൻ സച്ചി മാഷെ പരിചയപ്പെടുന്നത്. കൊടുങ്ങല്ലൂർ പുല്ലൂറ്റിൽ നോവലിസ്റ്റ് വി.ടി.നന്ദകുമാറിന്റെ വീട്ടിൽ വെച്ച്. സച്ചി മാഷിന്റെ സഹോദരീ ഭർത്താവായിരുന്നു നന്ദേട്ടൻ. പിന്നീട് ദൽഹിയിൽ വെച്ചും പലവട്ടം ഞങ്ങൾ കണ്ടു. വിശേഷാൽ പ്രതികളിലേയ്ക്ക് കവിതയ്ക്കും അഭിമുഖങ്ങൾക്കും വേണ്ടിയുള്ള  കണ്ടുമുട്ടലുകൾ.
കഴിഞ്ഞ വർഷം ഖത്തറിൽ തനത് സാംസ്‌കാരിക വേദിയുടെ അതിഥികളായി ദോഹ ലാവെല്ല ഹോട്ടലിൽ കഴിച്ചുകൂട്ടിയ ആറേഴ് ദിവസങ്ങളാണ് സച്ചിദാനന്ദൻ എന്ന മനുഷ്യനെ അടുത്തറിയാനായത്.
സാഹിത്യത്തിൽ സച്ചിമാഷും പത്രപ്രവർത്തനത്തിൽ ഞാനും. പിന്നിട്ട അരനൂറ്റാണ്ടുകാലമാണ് ഞങ്ങളെ ആദരങ്ങൾക്ക് അർഹരാക്കിയത്.
സാംസ്‌കാരിക പ്രഭാഷണങ്ങൾ, കുട്ടികളും യുവാക്കളുമായുള്ള ഇന്ററാക്ഷനുകൾ, കാഴ്ചകൾക്കായുള്ള ഹ്രസ്വ യാത്രകൾ,
വിരുന്നുകൾ ഒക്കെയായി തിരക്കിട്ട പരിപാടികൾ.. പിന്നെ രാവിലെ ഒന്നിച്ചുള്ള നടത്തം.

സച്ചിദാനന്ദൻ, പത്‌നി തുളസി


തൊഴിൽ കങ്കാണിമാരെ കാത്തിരിക്കുന്ന ബദുക്കളും അഫ്ഗാനികളും.. മടങ്ങിയെത്തി പാശ്ചാത്യ രീതിയിലുള്ള പ്രാതൽ. ഇതിനിടെ ഗൗരവമുള്ള സംഭാഷണങ്ങൾക്കൊന്നും ഇടമില്ലായിരുന്നു. വിപുലമായ യാത്രാനുഭവങ്ങളും പരന്ന വായനാനുഭവങ്ങളുമുള്ള സച്ചി മാഷിന് ഏത് വിഷയത്തെ കുറിച്ചും മണിക്കൂറുകളോളം സംസാരിക്കാൻ കഴിയുമെന്ന് നേരത്തെതന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആ അറിവിന്റെ ഭാണ്ഡമൊന്നും അനുചിതമായി തുറന്ന് വെക്കുന്ന സ്വഭാവമില്ല. അനാവശ്യമായ വിനയവുമില്ല. 
മഴയുടെ പല തരം ശ്രുതിഭേദങ്ങൾ കേട്ടു വളർന്ന നാട്ടിൻ പുറത്തെ ഒരു കുട്ടിയുടെ നിഷ്‌ക്കളങ്കതയും അമ്മൂമ്മയുടെ ഉന്മാദവും അച്ഛന്റെ ഭ്രാന്തമായ ഭക്തിയും അമ്മയുടെ ജീവകാരുണ്യവുമൊക്കെ യാണ് കവി ബാല്യത്തെ ആകർഷിച്ച ഘടകങ്ങൾ. ആത്മകഥാ പരമായ ഒരു ദീർഘകാവ്യവും മഹാഭാരതത്തെ. ഉപജീവിച്ച് മറ്റൊരു കാവ്യവുമാണ്, പ്രധാന ഭാവി പദ്ധതികളെന്ന് ഇടക്കെയപ്പോഴോ പറഞ്ഞതോർക്കുന്നു
ആക്രമണോത്സുകമായ കോർപ്പറേറ്റ്, കൊളോണിയൽ ആഗോളീകരണവും സ്വകാര്യവൽക്കരണവും ഒരു വശത്ത്  ഇന്ത്യയിൽ നിന്ന് തന്നെ ഉയർന്ന് വ്യാപിക്കുന്ന വർഗീയ ഫാസിസ്റ്റ് പ്രവണതകൾ മറുവശത്ത് ഇതെല്ലാം കണ്ട് അടങ്ങിയിരിക്കാൻ നൈതിക ബോധമുള്ള ഒരു ബുദ്ധിജീവിക്കും സാധ്യമല്ല 'പരിസ്ഥിതി ' സ്ത്രീകൾ, ദളിതുകൾ, അരിക്‌വൽക്കരിക്കപ്പെട്ടവർ ഇതെല്ലാം പ്രതിബദ്ധതയുള്ള ഒരു കവി എന്ന നിലയ്ക്ക് സച്ചിദാനന്ദനെ അലോസരപ്പെടുത്തുന്നു..
തനിക്ക് എഴുത്തച്ഛൻ പുരസ്‌കാരം നൽകുന്നതിനെതിരെ വർഗീയ ശക്തികൾ ഉയർത്തുന്ന ഒളിയമ്പുകൾ കണ്ട് പിന്തിരിയാൻ അദ്ദേഹം തയ്യാറല്ല. ഗൗരിലങ്കേഷിനെ പോലെ രക്തസാക്ഷിത്വം വരിക്കേണ്ടി വന്നാൽ അതിന് പോലും താൻ സന്നദ്ധനാണെന്ന് പ്രഖ്യാപിക്കുന്ന ആ ധീരതയുണ്ടല്ലൊ അത് തന്നെയാണ് സച്ചിദാനന്ദൻ എന്ന കവിയുടെ കരുത്ത്.

Latest News