നോട്ട് നിരോധനത്തിന്റെ കാണാപ്പുറം

 

  • അഷ്‌റഫ് കൊണ്ടോട്ടി 

​കറൻസികൾ റദ്ദാക്കിയ നയം കേന്ദ്ര സർക്കാരിന്റെ പിടിപ്പുകേടിന്റെ സ്മാരകവും പരാജയവുമായി കണക്കാക്കാം.
-മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്

ഇന്ത്യയിൽ ഉപയോഗത്തിലുളള കറൻസികൾ റദ്ദാക്കിയ ആദ്യ സംഭവമല്ല 2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടപ്പിലാക്കിയത്. എന്നാൽ ലോകം ചർച്ച ചെയ്ത നോട്ട് റദ്ദാക്കൽ കൂടിയായി ആ സംഭവം. 1938 ൽ ബ്രിട്ടീഷ് സർക്കാർ പുറത്തിറക്കിയ പതിനായിരത്തിന്റെ നോട്ട് 1946 ൽ പിൻവലിച്ചു. 1954 ൽ പുറത്തിറക്കിയ ആയിരത്തിന്റെ നോട്ട് 1978 ൽ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ ജനതാ സർക്കാർ പിൻവലിച്ചു. എന്നാൽ 2016 നവംബർ 8 ന് പ്രധാനമന്ത്രി രാജ്യത്തോട് വിളിച്ച് പറഞ്ഞ 500,1000 രൂപ നോട്ടുകൾ പിൻവലിക്കൽ പ്രഖ്യാപനം വർഷം ഒന്നാവുമ്പോഴും സാധാരണക്കാരന്റെ ദുരിതത്തിന് അറുതിയാവുന്നില്ല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ താളം തെറ്റൽ വീണ്ടെടുക്കാനായിട്ടില്ല. നോട്ടുകൾ മാറ്റിയെടുക്കാൻ ബാങ്കിലേക്ക് ഓടിയതിന്റെ കിതപ്പും ദുരിതവും മാറിയിട്ടില്ല. രാജ്യത്തെ പൊതുജനത്തിന് ഇത്രമേൽ ദുരിതം വിതച്ച ഒരു നിയമവും ഇതിന് മുമ്പ് ഇന്ത്യയിലുണ്ടായിട്ടില്ല. നോട്ട് നിരോധനത്തിന് ഒരു വർഷം പൂർത്തിയാകുമ്പോൾ അണയാത്ത ആശങ്കകളും വ്യാകുലതകളും തുറന്ന് പറയുകയാണ് എഴുത്തുകാരനും പ്രഭാഷകനും സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സി.പി.ജോൺ.

ഭീതി വളർത്തിയ നോട്ട് നിരോധനം
 
2016 നവംബർ എട്ട്. രാജ്യത്തെ ജനങ്ങൾ ഒന്നടങ്കം ആശങ്കയിലാവുകയും ഒരു വർഷമായിട്ടും ഇന്നും ആധിയൊഴിയാതെ വരികയും ചെയ്ത പ്രഖ്യാപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയത്. ആഗോള സാമ്പത്തിക തകർച്ചയുടെ കാലത്ത് പോലും ഇന്ത്യൻ എക്കോണമിയിൽ കാര്യമായി പ്രതിഫലിക്കാതിരുന്ന രാജ്യത്ത് നോട്ട് നിരോധനം കൊണ്ട് ഉണ്ടായ ഭവിഷത്ത് വലുതാണ്. നോട്ടു മാറാൻ ബാങ്കിന് മുമ്പിൽ നിന്ന് മരണം വരിച്ചതോ ദുരിതത്തിലായതോ അല്ല ഇതിലെ പ്രത്യാഘാതം. വന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ സാമ്പത്തിക തകർച്ചയുടെ കാഹളം കൂടിയാണ് നോട്ട് നിരോധനം.
ഇന്ത്യയിൽ പൊതുജീവിതം ബാങ്കിങ് മേഖലയുമായി ഇപ്പോഴും അത്ര പൊരുത്തപ്പെട്ടല്ല ഉളളതെന്ന യാഥാർത്ഥ്യം നരേന്ദ്ര മോഡി തിരിച്ചറിയാതെ പോയതാണ് നോട്ടു നിരോധനത്തിലെ ആദ്യ വീഴ്ച. ഓഹരി വിപണികളിലെ വലിയ മാറ്റങ്ങൾ പോലും ഇന്ത്യൻ പൊതുജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ ഇപ്പോഴും ഉണ്ടാക്കുന്നില്ല. അത് കോർപ്പറേറ്റ് സൊസൈറ്റിയിൽ മാത്രമാണ് പ്രതിഫലിക്കപ്പെടുന്നത്. ഗ്രാമാന്തരങ്ങളിൽ ഇന്നും ജീവിക്കുന്നവർ അന്നന്ന് അധ്വാനിക്കുമ്പോൾ കിട്ടുന്ന കൂലി കൊണ്ട് ജീവിതം മുന്നോട്ടു പോകുന്നവരാണ്. ഇവരുടെ ജീവിതമാണ് നോട്ടു നിരോധനത്തോടെ താളം തെറ്റിയത്. എന്നാൽ മോഡി ലക്ഷ്യമിട്ട കള്ളപ്പണം ഇല്ലാതാക്കൽ എങ്ങുമെത്തിയതുമില്ല. 

എണ്ണിത്തീരാത്ത നോട്ടുകൾ

  കള്ളപ്പണം, ഭീകരത തുടങ്ങിയവക്ക് കടിഞ്ഞാണിടാനാണ് നോട്ട് നിരോധനം നരേന്ദ്ര മോഡി സർക്കാർ കൊണ്ടുവന്നത്. എന്നാൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഏറ്റവും വലിയ സാമ്പത്തിക ദുന്തത്തിന്റെ നടുക്കുന്ന ഓർമകളും അതിന്റെ പരിഛേദങ്ങളും അനുഭവിച്ചാണ് നോട്ടു നിരോധനത്തിന്റെ ഒരു വർഷം കടന്നുപോവുന്നത്. സാധാരണക്കാരന്റെ കഞ്ഞിയിൽ പൂഴിയിടുന്നതിന് തുല്യമായിപ്പോയി നോട്ട് നിരോധനം. ഭരണകൂടങ്ങളുടെ ദീർഘ വീക്ഷണമില്ലാത്ത കാഴ്ചപ്പാടുകൾ എന്നും പൊതുജനത്തിന് ദുരിതം വിതക്കാൻ മാത്രമേ ഉപകരിച്ചിട്ടുളളൂ.
ഭരണാധികാരികളാൽ നാം കബളിപ്പിക്കപ്പെടുകയും രാജ്യം ഒന്നടങ്കം ഒരു മണ്ടൻ പരിഷ്‌കരണത്തിൽ നെട്ടോട്ടമോടുകയും ചെയ്യുന്ന കാലമാണിത്. ഒരു വർഷമായിട്ടും റിസർവ് ബാങ്ക് അസാധു നോട്ട് പരിശോധന പൂർത്തിയാക്കിയിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളിലുളളത്. 66 കറൻസി വെരിഫിക്കേഷൻ ആൻഡ് പ്രൊസസിംഗ് മെഷീനുകൾ പ്രയോജനപ്പെടുത്തി ഉദ്യോഗസ്ഥർ ഒരു വർഷമായി തിരിച്ചെത്തിയ പഴയ നോട്ട് പരിശോധിച്ചിട്ടും 71 ശതമാനം മാത്രമാണ് പൂർത്തിയാക്കാനായത്. പഴയ നോട്ടുകളിൽ വ്യാജൻ കണ്ടെത്തി നശിപ്പിക്കുന്ന പ്രക്രിയയും നടന്നു വരുന്നു. ആകെ പരിശോധന പൂർത്തിയാക്കിയ നോട്ടുകളുടെ മൂല്യം 10.91 ലക്ഷം കോടി രൂപയാണ്. ഇതിന് പകരമായി 500, 2000 രൂപയുടെ പുതിയ നോട്ടുകൾ അച്ചടിക്കാൻ റിസർവ്വ് ബാങ്ക് ചെലവാക്കിയത് 7965 കോടി രൂപയാണ്.
500 രൂപയുടെ 1716.5 കോടി മൂല്യമുളള 8.58 ലക്ഷം കോടി നോട്ടുകളാണ് അസാധുവാക്കിയത്. 1000 രൂപയുടെ 685.8 കോടിയുടെ 6.86 ലക്ഷം കോടി എണ്ണവും പിൻവലിച്ചു. ഇതോടെ 15.44 ലക്ഷം കോടി രൂപയുടെ മൂല്യം ഇല്ലാതായി. റിസർവ് ബാങ്കിൽ തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണം 99 ശതമാനമാണ്. തിരിച്ചെത്താത്ത നോട്ടുകളുടെ മൂല്യം 16,050 കോടി രൂപയാണ്. തിരിച്ചെത്തിയ നോട്ടുകളിൽ പരിശോധന പൂർത്തിയാക്കിയത് 500 രൂപയിൽ 5.67 ലക്ഷം കോടി രൂപയുടെ 1134 കോടിയും 1000 രൂപയിൽ 5.24 ലക്ഷം കോടിയുടെ 524.90 കോടി എണ്ണവുമാണ്.

പ്രമേഹമില്ലാത്തവന് ഇൻസുലിൻ കുത്തിവെച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളാണ് നോട്ട് നിരോധനം. ഇന്ത്യൻ എക്കോണമിയെ തകിടം മറിച്ച സംഭവം. ഒറ്റ വാക്കിൽ പറഞ്ഞാൽ പൂർണ ആരോഗ്യവാനെ ഇൻസുലിൻ കുത്തിവെച്ചത് പോലെയാണിത്. പ്രമേഹ രോഗികൾക്ക് ഇൻസുലിൻ ഔഷധമാകുമ്പോൾ അതില്ലാത്തവന് ഇൻസുലിൻ വിഷമാണ്. ഇത് തന്നെയാണ് ഇന്ത്യൻ ജനതക്ക് മേൽ നരേന്ദ്ര മോഡി നോട്ട് നിരോധനത്തിലൂടെ അടിച്ചേൽപിച്ചത്. ബി.ജെ.പിയുടെ ശത്രുക്കൾ പോലും സ്തംഭിച്ചുപോയ നടപടിയായിരുന്നു നോട്ട് നിരോധനം. ഇതിനെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനോ, ഇടതുപക്ഷത്തിനോ മറ്റു രാഷ്ട്രീയ പാർട്ടികൾക്കോ സമയത്തിന് ചെറുത്ത് തോൽപിക്കാൻ ആയില്ലെന്ന് പറയുന്നതിൽ തെറ്റില്ല. ജനം ദുരിതം അനുഭവിച്ചു തുടങ്ങി ദിവസങ്ങൾക്ക് ശേഷം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നോട്ട് നിരോധനത്തിന്റെ ഭവിഷ്യത്തുകൾ ലോക്‌സഭയിൽ വിവരിച്ചപ്പോഴാണ് പ്രതിപക്ഷമടക്കം അതേറ്റെടുക്കുന്നത്. നിയമസഭയിൽ ബജറ്റുകൾ പോലും അവതരിപ്പിച്ചതിന് തൊട്ട് പിറകെ ചർച്ചകൾ വരുന്ന കാലത്താണ് നോട്ട് നിരോധനത്തിൽ അതൊന്നുമുണ്ടാവാതിരുന്നത്. രാജ്യത്തെ മാധ്യമങ്ങളും ഈ വിഷയം വേണ്ടത്ര ഏറ്റുപിടിച്ചില്ല.
രാജ്യത്ത് കളളപ്പണം കുമിഞ്ഞ് കൂടുന്നു, തീവ്രവാദികളും ഭീകരവാദികളും സമ്പദ്ഘടന തകർക്കുന്നു എന്നു രാജ്യത്തോട് വിളിച്ചു പറഞ്ഞാണ് നരേന്ദ്ര മോഡി നോട്ട് നിരോധനം നടപ്പിലാക്കിയത്.പ്രതിപക്ഷത്തെയടക്കം ഇത് വിശ്വസിപ്പിച്ച് എതിർപ്പിന്റെ വായ മൂടിക്കെട്ടിയാണ് നിരോധനം കൊണ്ടുവന്നത്. എന്നാൽ സത്യത്തിൽ ദുരിതത്തിലായ ജനതയുടെ മേൽ ചൂട് വെളളം ഒഴിച്ചതാണ് മോഡിയുടെ നോട്ട് നിരോധനമെന്ന് ബോധ്യപ്പെടാൻ നമുക്ക് ശരീരം മൊത്തം പൊളേളണ്ടി വന്നു. ശരീരം വെന്തു തുടങ്ങിയപ്പോഴാണ് നാം നിർജീവമായി പ്രതികരിച്ചു തുടങ്ങിയത്. അപ്പോഴാണ് പ്രതിപക്ഷം എഴുന്നേറ്റത്. തികച്ചും രാഷ്ട്രീയം ലക്ഷ്യം വെച്ചാണ് നോട്ടു നിരോധനം നടപ്പിലാക്കിയത്.

ഇന്ത്യൻ എക്കോണമിയുടെ തകർച്ച

കളളപ്പണം രാജ്യത്തിന് ദൂഷ്യം തന്നെയാണ്. എന്നാൽ റിസർവ്വ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ പോലും പരാമിർശിക്കാത്ത നോട്ട് നിരോധനം മോഡി സർക്കാറിന്റെ വിഡ്ഢിത്തം തന്നെയാണ്. ജനപ്പെരുപ്പത്തിൽ ലോകത്ത് മുന്നിലുളള ഭൂരിഭാഗം പേരും ഗ്രാമങ്ങളിൽ വസിക്കുന്ന ഇന്ത്യാ രാജ്യത്ത് ഇത്തരം നടപടികൾ കൊണ്ടുവരുമ്പോഴും അത് പ്രാവർത്തികമാക്കുമ്പോഴുമുണ്ടാകുന്ന ഭവിഷ്യത്തുകൾ ആലോചിക്കേണ്ടിയിരിക്കുന്നു. മൂന്നാം ലോക രാജ്യങ്ങളുടേയും യൂറോപ്യൻ രാജ്യങ്ങളുടേയും സമ്പദ് വ്യവസ്ഥയല്ല ഇന്ത്യയുടേത്. അവിടെ നിലവിലുളള മൂന്നാം തലമുറയും നാലാം തലമുറയും ഒക്കെയാണ് ബിസിനസ് രംഗത്തുളളത്.     എന്നാൽ ഇന്ത്യയിൽ ഇന്നും കൃഷി ചെയ്യുന്നവൻ കൃഷിക്കാരനും അത് വിൽക്കുന്നവൻ കച്ചവടക്കാരനുമാണ്.മൂലധനം കൈകാര്യം ചെയ്യുന്നതിൽ ഇതു രണ്ടും രണ്ടു രീതിയാണ്.ഇന്ത്യൻ ഇക്കോണമിയുടെ വലിപ്പം ചലനാത്മകത,  സ്‌ക്വയർ എന്നിവ മുൻനിർത്തിയാണ് സർവ്വെ നടത്താറുളളത്. മാലിദ്വീപിനും ഇന്ത്യക്കും ഇക്കോണമിയിൽ ഓരേ സക്വയർ ആവില്ല. അതത് രാജ്യത്തിന് അനുസരിച്ചായിരിക്കും അതിന്റെ വളർച്ച.
പെട്ടെന്ന് മനസ്സിലാകാൻ ഒരു ഉദാഹരണം പറയാം. രണ്ടു ഇരട്ട സഹോദരന്മാർ.പഠിച്ച് മിടുക്കരായി ഒരേ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. 20,000 രൂപയാണ് ഇരുവർക്കും വേതനം.ഒരാൾക്ക് വർഷത്തിൽ 50 ശതമാനം വർധനവുണ്ടാകുന്നു,മറ്റയാൾക്ക് 25 ശതമാനവും.ഇരുവരും 40,000 രൂപ ശമ്പളം ആയാൽ വിവാഹം കഴിക്കാമെന്ന് പറഞ്ഞാൽ നടക്കുമോ.ഇല്ല രണ്ടാളുടെ വേതനത്തിലുമുളള വളർച്ചയുടെ വ്യത്യസമാണത്. ഇത് തന്നെയാണ് മറ്റു രാജ്യങ്ങളുമായി കിടപിടിക്കുമ്പോഴുണ്ടാകുന്ന അവസ്ഥ.രാജ്യത്തിന്റെ എക്കോണമി മോണിറ്ററി പിന്തുടർന്നാണ് സാധാരണ ഇത്തരം തീരുമാനങ്ങൾ കൈക്കൊളേളണ്ടത്.ഇന്ത്യൻ എക്കോണമിയുടെ വലിപ്പം തിരിച്ചറിയണം. ലാറ്റിനമേരിക്കൻ രാജ്യങ്ങളോ,ആഫ്രിക്കൻ രാജ്യങ്ങളോ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതിന്റെ ചുവട് പിടിച്ചാൽ ജനവാസം ഏറെയുളള ഇന്ത്യയിൽ ഇത് വലിയ ദുരിതമായിരിക്കുമുണ്ടാവുമെന്നുളള ദീർഘ വീക്ഷണം മോഡിക്കില്ലാതെ പോയി.ഇന്ത്യയിൽ ഇപ്പോഴും അഞ്ച് കോടി ബിസിനുകാരാണുളളത്.അതായത് കേരളത്തിലെ ജനങ്ങളേക്കാൾ അൽപം കൂടുതൽ ബിസിനസുകരാണ് ഇന്ത്യയിൽ ആകെയുളളതെന്ന് സാരം.ഇത് മുൻനിർത്തി എങ്ങനെയാണ് ലോക രാജ്യങ്ങളോട് നാം കിടപിടിക്കുക.കഴിഞ്ഞ വർഷത്തേക്കാൾ ഇന്ത്യ ഈ വർഷം സാമ്പത്തിക വളർച്ചയിൽ പിറകോട്ട് പോയതിന്റെ അടിസ്ഥാനം നോട്ട് നിരോധനം തന്നെയാണ്.

ആർ.എസ്.എസിന്റെ ഉൽപന്നം

സാധാരണയായി ബി.ജെ.പിക്കാരെ കുറിച്ച് പറയുന്നത് ഒരു വിഭാഗം നാഗ്പൂർ സ്‌കൂളിൽ നിന്നും മറ്റൊരു വിഭാഗം പുനെ സ്‌കൂളിൽ നിന്നുമാണ് പഠിച്ചിറങ്ങാറുളളതെന്നാണ്. മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്നവരുടെ വിഭാഗമായ പൂനെ സ്‌കൂളിൽ നിന്നാണ് മോഡി പഠിച്ചിറങ്ങിയത്. സാക്ഷാൽ ആർ.എസ്.എസിന്റെ ഉൽപന്നമാണ് മോഡി. ആയതിനാൽ തീവ്രതയും ബുദ്ധി ശൂന്യതയും കൂടും. എന്നാൽ വാജ്‌പേയി, അദ്വാനി പോലുളളവർ നാഗ്പൂർ സ്‌കൂളിൽ നിന്നാണ്.
  മുതലാളിത്തത്തിന്റെ ഭീകര രൂപമാണ് ഇന്ത്യൻ ഫാസിസമെന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല. എം.എസ് ഗോൾവാൾക്കറുടെ വിചാരധാരക്കപ്പുറത്തേക്ക് പടർന്നു പന്തലിച്ചിരിക്കുന്ന കോർപ്പറേറ്റ് സാമ്രാജ്യമാണത്. അതിന്റെ മൂലധനം മത വർഗീയതയാണ്. കളവിൽ നിന്ന് ഊർജം സ്വീകരിക്കുകയും ചോരയിൽ വളരുകയും ചെയ്യുകയാണ് ഇന്ത്യൻ ഫാസിസം. നോട്ടു നിരോധനമെന്ന മണ്ടൻ ആശയത്തിന് പിന്നിലെ രഹസ്യവും ഇതു തന്നെയാണ്.
  
ബാങ്കുകളുടെ നട്ടെല്ലൊടിച്ചു
 
  ഇന്ത്യയിൽ ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജീവിക്കുന്നവരാണ്.അവർക്ക് ബാങ്കും
എ.ടി.എമ്മും കേട്ടുകേൾവി മാത്രമാണ്. മനുഷ്യരുടെ കയ്യിലുളള പണം എല്ലാം ബാങ്കിൽ നിക്ഷേപിക്കുന്നു. അത് ബാങ്കിൽ നിന്ന് തിരിച്ചെടുക്കാൻ കഴിയാതെ കുമിഞ്ഞ് കൂടുന്നു.സ്വാഭാവികമായും ബാങ്ക് തകരും. ഒരു ഉദാഹരണം പറഞ്ഞാൽ കപ്പൽ ഭാരം കയറ്റാനുളളത്.എന്നാൽ അതിന് താങ്ങാവുന്നതലിപ്പുറമുളള ഭാരമാണെങ്കിൽ കപ്പൽ വെളളത്തിൽ മുങ്ങും.
ബാങ്കുകളുടെ അസെറ്റ് എന്നു പറയുന്നത് മനുഷ്യൻ നിക്ഷേപിക്കുന്ന മൂലധനമല്ല.അവന് ബാങ്കിന് മേലുളള കടമാണ്.ഈ വ്യവസ്ഥ തകിടം മറഞ്ഞതോടെയാണ് ബാങ്കുകൾ ബാലൻസ് നോക്കിയാലും ഇന്ന് പണം ഈടാക്കേണ്ട അവസ്ഥയിലെത്തിയത്. ഇന്ന് ബാങ്കിന്റെ പടി ചവിട്ടിയാൽ തന്നെ പണം ഈടാക്കുന്ന അവസ്ഥയാണുളളത്. നിരവധി ബാങ്കുകളും എ.ടി.എമ്മുകളും പൂട്ടി. ഉള്ളവയിൽ പലതിലും പണമില്ല. 
ഇതിന് കാരണം സമ്പദ്‌വ്യവസ്ഥയിലെ തകിടം മറിയലാണ്. മറ്റൊന്ന് റിയൽ എസ്റ്റേറ്റിന്റെ തകർച്ചയാണ്. ഇന്ത്യയിൽ തഴച്ചുവളർന്ന റിയൽ എസ്റ്റേറ്റ് ശൃംഖല ഇതോടെ കൂപ്പുകുത്തി.ഇതുവഴിയുണ്ടായിരുന്ന ഗ്രോത്ത് തീർത്തുമില്ലാതെയായി. ഇവിടെ കൊള്ളയടിക്കപ്പെട്ടത് കള്ളപ്പണക്കാരുടെ അലമാരകളായിരുന്നില്ല. കോടിക്കണക്കിന് വരുന്ന ദരിദ്രരുടെ പോക്കറ്റായിരുന്നു. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ പോലും കുലുങ്ങാതിരുന്ന ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ നോട്ട് നിരോധനത്തോടെ കീഴ്‌മേൽ മറിച്ചിട്ടത് മാത്രമാണ് നരേന്ദ്ര മോഡിയുടെ ഭരണ നേട്ടം.

Latest News