ദമാം - അണ്ടർ-19 ഏഷ്യാ കപ്പ് ഫുട്‌ബോളിന്റെ യോഗ്യതാ മത്സരങ്ങളുടെ ഗ്രൂപ്പ് ഡി-യിൽ ഇന്ത്യ ആതിഥേയരായ സൗദി അറേബ്യയോട് മറുപടിയില്ലാത്ത അഞ്ചു ഗോളിന് തകർന്നു. ഫിറാസ് അൽ ബരീകാന്റെ ഹാട്രിക്കാണ് സൗദിക്ക് മിന്നുന്ന വിജയം സമ്മാനിച്ചത്. ബ്ദുല്ല അൽ ഹംദാൻ, പകരക്കാരൻ ഹാസിം ഹസൻ അൽ സഹ്‌റാനി എന്നിവരും സ്‌കോർ ചെയ്തു. പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിന്നിട്ടു നിൽക്കുകയായിരുന്നു ഇന്ത്യ. കരുത്തരായ ആതിഥേയർക്കു മുന്നിൽ കനത്ത പ്രതിരോധം സൃഷ്ടിച്ചാണ് തുടക്കത്തിൽ ഇന്ത്യ പിടിച്ചുനിന്നത്. പത്തൊമ്പതാം മിനിറ്റിൽ അബ്ദുല്ല അൽ ഹംദാനിലൂടെ പ്രതിരോധം തുറന്നെടുത്ത ശേഷം സൗദി തിരിഞ്ഞുനോക്കിയില്ല.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ തുർക്ക്‌മെനിസ്ഥാനെ 3-0 ന് യെമൻ തോൽപിച്ചു. നാളെ യെമനെതിരെയും ബുധനാഴ്ച തുർക്ക്‌മെനിസ്ഥാനെതിരെയുമാണ് ഇന്ത്യയുടെ അടുത്ത കളികൾ. ഗ്രൂപ്പ് ചാമ്പ്യന്മാർ മാത്രമേ ഉറപ്പായും ഫൈനൽ റൗണ്ടിലെത്തൂ. ഇന്ത്യക്കാരായ വൻ ജനക്കൂട്ടമാണ് കളി കാണാനെത്തിയത്. കേരളാ ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയും ഇന്ത്യൻ പതാകയുമേന്തി മലയാളി ഫുട്‌ബോൾ പ്രേമികളും ഇന്ത്യൻ ടീമിന് ആവേശം പകരാനെത്തി. മലയാളി താരം രാഹുൽ കണ്ണോളി തുടക്കം മുതൽ കളത്തിലുണ്ടായിരുന്നു. കാണികളെ അഭിവാദ്യം ചെയ്താണ് ഇന്ത്യൻ ടീം മടങ്ങിയത്.
അണ്ടർ-17 ഇന്ത്യൻ ടീമിലെ കളിക്കാർ ഏറെയും അണിനിരന്ന ഇന്ത്യൻ ടീമിന് ആദ്യ 20 മിനിറ്റിൽ എതിർ പകുതിയിൽ എത്തിനോക്കാൻ പോലുമായില്ല. സൗദിയാണ് കളി നിയന്ത്രിച്ചത്. പ്രതിരോധപ്പിഴവിൽ നിന്നായിരുന്നു സൗദിയുടെ ആദ്യ ഗോൾ. ബോക്‌സിൽ നിന്നുള്ള ഷോട്ട് ഇന്ത്യൻ ഗോളി ധീരജ് സിംഗിന് തടുക്കാനായില്ല.
ഇടവേളക്ക് അൽപം മുമ്പാണ് ഇന്ത്യക്ക് ഏറ്റവും മികച്ച അവസരം ലഭിച്ചത്. എന്നാൽ ഫൗൾ വഴങ്ങി സൗദി അപകടമകറ്റി. രാഹുൽ ഒരുക്കിയ മറ്റൊരവസരവും ഇന്ത്യക്ക് മുതലാക്കാനായില്ല.