സംസ്കാരങ്ങളുടെയും പൗരാണികതയുടെയും ചരിത്രവും സമകാലിക വിഷയങ്ങളും കോർത്തിണക്കി ഇന്നിന്റെ രാഷ്ട്രീയ സാംസ്കാരിക സാഹചര്യങ്ങളെ ചരിത്രവുമായി ബന്ധിപ്പിച്ചു കൊണ്ടും സാലിഹ് മാളിയേക്കൽ രചിച്ച ദേശീയതയുടെ കാണാപ്പുറങ്ങൾ എന്ന പുസ്തകം ശീർഷകം പോലെത്തന്നെ അവതരണ ഭംഗിയിലും വിഷയ ഗാംഭീര്യം കൊണ്ടും സവിശേഷമാണ്. മലബാറിന്റെ മാപ്പിള സംസ്കാരവും കടൽ കടന്നെത്തിയ വിദേശികളുടെ പങ്കും വളരെ വ്യക്തമാക്കി തരുന്ന ഈ പുസ്തകം അറിവിന്റെ വാതായനങ്ങൾ നമുക്കുമുന്നിൽ തുറന്നു തരുന്നു.
ഒരു രാജ്യത്തിന്റെ ഭരണാധികാരി എങ്ങനെ ആയിരിക്കണമെന്ന് സുൽത്താൻ ശൈഖ് സായിദ്്് ബിൻ നഹ്യാന്റെ മാനവികതയിലൂന്നിയ രാഷ്ട്ര നിർമ്മാണങ്ങൾ എന്ന തലക്കെട്ടോടെ വളരെ വ്യക്തമാക്കി തരികയും ചെയ്യാൻ രചയിതാവ് മറന്നിട്ടില്ല. പതിനഞ്ചു അധ്യായങ്ങളായി തിരിച്ച ശീർഷകങ്ങളിൽ ഓരോവിഷയങ്ങളും വായനക്കാരിലേക്കെത്തിക്കാൻ എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട് .
ബഹുസ്വര ആസ്വാദകരായ ഭാരതീയ സമൂഹം അദ്ഭുതാദരവുകളാൽ വീക്ഷിക്കപ്പെടുന്നതും ഹൈന്ദവത എന്ന തെറ്റിദ്ധരിപ്പിക്കപ്പെട്ട പേര് കൊണ്ടുവിളിക്കപ്പെടുന്ന ഭാരതത്തിലെ പൗരാണിക സംസ്കാരം ഏറെ ഗുണവിശേഷങ്ങൾ നിറഞ്ഞതും മാനവികത മുഖമുദ്രയാക്കുകയും ചെയ്തതായിരുന്നെന്നും ഓരോ ഭാരതീയനെയും ഓർമിപ്പിക്കുന്നു.
വർത്തമാന രാഷ്ട്രീയ സാമൂഹിക ഇടപെടലുകളെ നവ ഹിന്ദുത്വ മതവാദികളെന്നു അവകാശപ്പെടുന്നൊരു വിഭാഗം മത സങ്കല്പങ്ങൾക്കപ്പുറം ഭാരതമക്കളുടെ നാനാത്വത്തിൽ ഏകത്വമെന്ന വാക്യത്തെ പൂർണമായും തകർത്തെറിയുവാനുള്ള അപകടകരമായ അരക്ഷിതാവസ്ഥയിലേക്കാണ് പുതു തലമുറയെ നയിക്കുന്നതെന്നും പറയാതെ പറഞ്ഞുവെക്കുന്നു.
നെഹ്രുവും പട്ടേലും മുതൽ പ്രധാനമന്ത്രി നരേന്ദ്രമോഡി വരെ അധ്യായങ്ങളിൽ വന്നുപോകുന്നുണ്ട് .
നീതിയുടെ കണ്ണുകൾ മൂടപ്പെട്ടിരിക്കുന്നെന്നും അധികാര കിരാതവർഗ്ഗം നിയമവ്യവസ്ഥിതിയെ ഇന്ത്യൻ സമൂഹത്തിൽ അടിച്ചേൽപ്പിക്കുന്നുവെന്നും നിയമവ്യവസ്ഥകളെപ്പോലും വർഗീയവത്കരിക്കുന്ന നീതിന്യായ വ്യവസ്ഥിതികളെ പോലും സംശയ ദൃഷ്ട്യാ നോക്കി കാണേണ്ടുന്ന ഭീകരാവസ്ഥയിലേക്കാണ് നാം പോയ്കൊണ്ടിരിക്കുന്നതെന്നും 128 പേജുകളുള്ള ഈ പുസ്തകം പുതുതലമുറക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടവസാനിപ്പിക്കുന്നു.
ഡോ. ഹുസൈൻ രണ്ടത്താണി അവതാരിക എഴുതി ലിവ ബുക്ക്സ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ നിന്നും ലഭിക്കുന്ന അറിവുകൾ മാനവരാശിയെ നിർത്തി ചിന്തിപ്പിക്കാനുതകുന്നതും ഓരോ ഭാരതീയനും നിർബന്ധമായും വായിച്ചിരിക്കേണ്ടതുമാണ്.
ദേശീയതയുടെ കാണാപ്പുറങ്ങൾ
രചന: സാലിഹ് മാളിയേക്കൽ
പ്രസാധകർ:ലിവ ബുക്സ്
പേജ്: 128
വില:130 രൂപ






