കഠിനാധ്വാനവും ആത്മാർപ്പണവുമുണ്ടെങ്കിൽ ഏതു ദുർഘടസന്ധിയെയും അതിജീവിച്ച് മുന്നേറാമെന്ന പാഠമാണ് ഡോ. കെ.എക്സ്. ട്രീസ ടീച്ചർ പകർന്നു നൽകുന്നത്.
സംഗീതവും നൃത്തവും മാത്രമല്ല, എഴുത്തിന്റെയും ലോകത്ത് വിഹരിക്കാൻ ഇഷ്ടപ്പെട്ട മനസ്സായിരുന്നു ടീച്ചറുടേത്. കവിതകളും നോവലും സംഗീത സംബന്ധിയായ പുസ്തകങ്ങളും ടീച്ചർ രചിച്ചിട്ടുണ്ട്. യവനിക ഉയരുമ്പോൾ, രംഗവേദി, സദസ്സ്,
തിരിച്ചറിവുകൾ, മലയാളനാട് തുടങ്ങിയ കവിതാ സമാഹാരങ്ങളും കാത്തിരുന്ന കാലം എന്ന നോവലും ടീച്ചറുടേതായിട്ടുണ്ട്. കാത്തിരുന്ന കാലം എന്ന നോവൽ സൂര്യ ടിവിയിൽ പരമ്പരയായും സംപ്രേഷണം ചെയ്തിരുന്നു.
തുല്യനീതിക്കും ലിംഗസമത്വത്തിനും വേണ്ടിയുള്ള പോരാട്ടപാതയിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് ഈ മഹതി. അറിവാണ് ശക്തി എന്ന ആത്മമന്ത്രണത്തിന്റെ കരുത്തിൽ ടീച്ചർ കയറിപ്പോയ പടികൾ നിരവധിയാണ്. ഇപ്പോഴിതാ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ദേശീയ അംഗീകാരത്തിനും ഈ ഗുരുനാഥ അർഹയായിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ബിരുദാനന്തര ബിരുദങ്ങളും ഡിഗ്രികളും ഡിപ്ളോമകളും പഠിച്ചുനേടിയ വനിത എന്ന വിഭാഗത്തിലാണ് യു.ആർ.എഫിന്റെ അംഗീകാരത്തിന് ഈ കോഴിക്കോട്ടുകാരി അർഹയായിരിക്കുന്നത്.
ഇംഗ്ലീഷ് സാഹിത്യം, സംസ്കൃത സാഹിത്യം, സംസ്കൃത വ്യാകരണം, സംഗീതത്തിലെ മൂന്നു ബ്രാഞ്ചുകൾ, ഭരതനാട്യം, യോഗ ആന്റ് നാച്ചുറോപ്പതി, സോഷ്യോളജി, പബ്ളിക് അഡ്മിനിസ്ട്രേഷൻ തുടങ്ങി പന്ത്രണ്ടോളം വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമടക്കം ഇരുപത്തൊന്ന് സർട്ടിഫിക്കറ്റുകൾ വിവിധ യൂണിവേഴ്സിറ്റികളിൽനിന്നും പഠിച്ച് കരസ്ഥമാക്കിയതിനാണ് ടീച്ചർക്ക് ഈ റെക്കോർഡ് ലഭിച്ചിരിക്കുന്നത്.
''കുടുംബത്തിലും സമൂഹത്തിലും അനുഷ്ഠിക്കേണ്ട കടമകൾക്ക് യാതൊരു ഭംഗവും വരുത്താതെ പഠനത്തിലും കലാരംഗത്തും ശ്രദ്ധ പുലർത്തിയപ്പോൾ സ്വന്തം കുടുംബത്തിൽനിന്നുപോലും കളിയാക്കലുകൾ നേരിടേണ്ടിവന്നിട്ടുണ്ട്. നന്മയും തിന്മയും യുദ്ധം പ്രഖ്യാപിച്ചപ്പോൾ ലക്ഷ്യത്തിൽനിന്നും വ്യതിചലിക്കാൻ ഞാൻ തയ്യാറായില്ല. ആരോടുമുള്ള വാശിയായിരുന്നില്ല. നിശ്ശബ്ദമായി ഞാൻ എന്നോടുതന്നെ യുദ്ധം ചെയ്യുകയായിരുന്നു. സ്ത്രീയുടെ കടമ യഥാവിധി നിറവേറ്റുന്നില്ലെന്നുപറഞ്ഞ് ഒതുക്കാൻ ശ്രമിച്ചവരുണ്ട്. അതൊന്നും എന്നെ ബാധിച്ചിരുന്നില്ല. പാർശ്വവൽക്കരിക്കാൻ ശ്രമിച്ചവരെല്ലാം നിരാശരാവുകയായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തി മാത്രം. ഇത്രയും പടികൾ ഞാൻതന്നെയാണോ ചവിട്ടിക്കയറിയത് എന്ന് അത്ഭുതപ്പെടാറുണ്ട്...'' ചേവായൂരിലെ ട്രിനിറ്റി എന്ന വീട്ടിലിരുന്ന് മനസ്സ് തുറക്കുകയായിരുന്നു ഈ ഗുരുശ്രേഷ്ഠ.

അനശ്വരഗായകന്റെ നാമധേയത്തിലുള്ള ബാബുരാജ് മെമ്മോറിയൽ മ്യൂസിക് അക്കാദമിയുടെ പ്രിൻസിപ്പലാണവർ. പതിനാറുവർഷത്തിലധികമായി ഈ കലാകേന്ദ്രത്തിന്റെ അമരത്ത് ടീച്ചറുണ്ട്. അധ്യാപിക, ഗായിക, നർത്തകി, കവയിത്രി, ഗാനരചയിതാവ്, നോവലിസ്റ്റ്, ടിവി സീരിയൽ കഥാകൃത്ത് തുടങ്ങി ടീച്ചർ കൈവയ്ക്കാത്ത മേഖലകളില്ല. ഇതിനിടയിൽ പ്രായം മറന്നുള്ള പഠനവും.
പഠനത്തിന് പ്രായം ഒരു തടസ്സമേയല്ലെന്ന് ടീച്ചർക്കു ലഭിച്ച ബിരുദങ്ങൾ സാക്ഷ്യപ്പെടുത്തും. മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലീഷിൽ എം.ഫിൽ നേടിയ ടീച്ചർ കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയിൽനിന്നും സംഗീതശാസ്ത്രത്തിൽ ഗവേഷണം പൂർത്തിയാക്കുകയായിരുന്നു. തുടർന്ന് ന്യൂയോർക്കിലെ യൂണിവേഴ്സിറ്റി ഓഫ് ഗ്ലോബൽ പീസ് മുംബൈ ചാപ്റ്ററിൽനിന്നാണ് സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയത്. മലയാളം വിദ്വാൻ, സംസ്കൃത സാഹിത്യ അലങ്കാര, ലാംഗ്വേജ് ടീച്ചേഴ്സ് ട്രെയിനിംഗ്, ഭരതനാട്യം, കർണ്ണാട്ടിക് സംഗീതം തുടങ്ങി നിരവധി ഡിപ്ളോമകളും ടീച്ചർക്ക് കൂട്ടിനുണ്ട്. കൂടാതെ തമിഴ്നാട്ടിലെ അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽനിന്നും നട്ടുവാംഗം ഡിപ്ളോമ കരസ്ഥമാക്കിയ ടീച്ചർ നട്ടുവാംഗ കലൈമണി എന്ന ബഹുമതിക്കും അർഹയായി.
കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ഉല്ലല ഗ്രാമത്തിൽ സേവ്യർ-റോസമ്മ ദമ്പതികളുടെ ആറുമക്കളിൽ രണ്ടാമതായി ജനിച്ച ട്രീസയ്ക്ക് സംഗീതാഭിരുചി പാരമ്പര്യമായും ലഭിച്ച വരദാനമായിരുന്നു. മുത്തച്ഛനും ആദ്യകാല അധ്യാപകനായിരുന്ന അച്ഛനും സംഗീതത്തിൽ അവഗാഹമുള്ളവരായിരുന്നു. എന്നാൽ രോഗാതുരയായ അമ്മയുടെ പരിചരണവും വീട്ടുജോലികളുമെല്ലാം കുട്ടിക്കാലംതൊട്ടേ ട്രീസയുടെ ചുമലിലായിരുന്നു.
വെച്ചൂർ എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിൽനിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയെങ്കിലും അമ്മയുടെ രോഗാവസ്ഥ കാരണം ഉന്നത വിദ്യാഭ്യാസത്തിന് പലരും തടസ്സം നിന്നു. നിരന്തര സമ്മർദ്ദത്തിനൊടുവിൽ മലയാളം വിദ്വാൻ പരീക്ഷയും സംസ്കൃത സാഹിത്യത്തിൽ ഡിപ്ളോമയും കരസ്ഥമാക്കിയ ട്രീസ മൂവാറ്റുപുഴ ഗവൺമെന്റ് കോളേജിൽനിന്നും ലാംഗ്വേജ് ടീച്ചേഴ്സ് ട്രെയിനിംഗും പൂർത്തിയാക്കി. തുടർന്ന് കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ അധ്യാപികയായി ജോലിയും കരസ്ഥമാക്കി. കോട്ടയത്തുനിന്നും കോഴിക്കോട്ടെത്തിയതോടെ ആ ജീവിതനദി ഗതി മാറി ഒഴുകുകയായിരുന്നു. പഠനത്തിലൂടെ കൂടുതൽ കരുത്താർജ്ജിക്കുക എന്നതായിരുന്നു ട്രീസ ടീച്ചറുടെ ലക്ഷ്യം.
സ്കൂളിലെ മറ്റ് അധ്യാപകർ ഇംഗ്ലീഷ് സംസാരിക്കുന്നതു കേട്ട് തനിക്കും ഇംഗ്ലീഷ് നന്നായി സംസാരിക്കണമെന്ന ചിന്തയാണ് ഒരു കന്യാസ്ത്രീയുടെ കീഴിൽ ട്യൂഷനു ചേരാൻ പ്രേരണയായത്. തുടർന്ന് ബി.എ ഇംഗ്ലീഷ് പാസായ ടീച്ചർ ദേവഗിരി കോളേജിൽ എം.എ ഇംഗ്ലീഷ് സാഹിത്യത്തിനു ചേർന്നു. ഇതിനിടയിൽതന്നെ കലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അധ്യാപികയായി ജോലിയിൽ ചേർന്നുകഴിഞ്ഞിരുന്നു. സ്കൂൾ പഠനകാലത്തുതന്നെ ഭരതനാട്യം പരിശീലിച്ചിരുന്നു. ക്ലാസിൽ ചേർന്നുള്ള പഠനം അസാധ്യമായതിനാൽ കണ്ടുപഠിച്ചാണ് അരങ്ങിൽ അവതരിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടെത്തിയപ്പോൾ കലാമണ്ഡലം ചന്ദ്രികയുടെ കീഴിൽ കൂടുതൽ പരിശീലനം നേടി.വിവാഹാനന്തരം ഭർത്താവിന്റെയും മൂന്നു മക്കളുടെയും ആവശ്യങ്ങളെല്ലാം നിറവേറ്റി പഠിക്കാൻ പോയിരുന്ന കാലം ഇന്നും ടീച്ചറുടെ മനസ്സിലുണ്ട്. കാലടി സംസ്കൃത സർവ്വകലാശാലയുടെ തിരൂർ സെന്ററിൽ വ്യാകരണം പഠിക്കാൻ കോഴിക്കോട്ടുനിന്നും നിത്യേന യാത്ര ചെയ്തുവരികയായിരുന്നു.
കൂടാതെ എം.എ മ്യൂസിക്കിന് തൃശൂർ അരണാട്ടുകരയിലെ സെന്ററിലെത്തിയിരുന്നതും വീട്ടിൽ നിന്നായിരുന്നു. എന്നിട്ടും ഒന്നിനും സമയം തികയാതെ വന്നില്ല. സ്കൂളിൽ ക്ലാസില്ലാത്ത ദിവസങ്ങളിലും ഉച്ചഭക്ഷണ സമയത്തുമെല്ലാമാണ് പഠനത്തിന് സമയം കണ്ടെത്തിയിരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ മക്കളുടെ കാര്യങ്ങളെല്ലാം പൂർത്തിയാക്കി രാത്രിയിൽ രണ്ടുമണിവരെ ഉറക്കമിളച്ച് പഠിച്ചിട്ടുണ്ട്. അതിരാവിലെ എഴുന്നേൽക്കുകയും ചെയ്യും. കുട്ടിക്കാലംതൊട്ടേയുള്ള ശീലമായിരുന്നു അത്.
ഭർത്താവിന്റെയും മക്കളുടെയും നിസ്സീമമായ സഹകരണമാണ് തന്റെ വിജയങ്ങൾക്കു പിന്നിലെന്ന് പറയാനും ടീച്ചർ മറക്കുന്നില്ല. പലപ്പോഴും കൂട്ടിന് അമ്മയെത്തും. അച്ഛനും പഠനത്തിന് പൂർണ്ണപിന്തുണ നൽകിയിരുന്നു. പഠനതാല്പര്യം ഭർത്താവിനെ പറഞ്ഞു മനസ്സിലാക്കിയതും അച്ഛൻ തന്നെയായിരുന്നു.
സംഗീതവും നൃത്തവും മാത്രമല്ല, എഴുത്തിന്റെയും ലോകത്ത് വിഹരിക്കാൻ ഇഷ്ടപ്പെട്ട മനസ്സായിരുന്നു ടീച്ചറുടേത്. കവിതകളും നോവലും സംഗീത സംബന്ധിയായ പുസ്തകങ്ങളും ടീച്ചർ രചിച്ചിട്ടുണ്ട്. യവനിക ഉയരുമ്പോൾ, രംഗവേദി, സദസ്സ്, തിരിച്ചറിവുകൾ, മലയാളനാട് തുടങ്ങിയ കവിതാ സമാഹാരങ്ങളും കാത്തിരുന്ന കാലം എന്ന നോവലും ടീച്ചറുടേതായിട്ടുണ്ട്. കാത്തിരുന്ന കാലം എന്ന നോവൽ സൂര്യ ടിവിയിൽ പരമ്പരയായും സംപ്രേഷണം ചെയ്തിരുന്നു. സംഗീതാഭിമുഖം, സംഗീതമകരന്ദം തുടങ്ങി സംഗീത സംബന്ധിയായ കൃതികളും ടീച്ചർ എഴുതിയിട്ടുണ്ട്. അടുത്തിടെ എഴുതി പൂർത്തിയാക്കിയ സീതായനം എന്ന നോവൽ അച്ചടിയിലാണ്.
മുപ്പത്തിരണ്ടു വർഷത്തെ അധ്യാപക ജീവിതത്തിനുശേഷം സർവ്വീസിൽനിന്നും വിരമിച്ചെങ്കിലും ടീച്ചർക്കെപ്പോഴും തിരക്കിന്റെ നാളുകളാണ്. വായനയും എഴുത്തും ഇപ്പോഴും കൂടെയുണ്ട്. പോരാത്തതിന് ബാബുരാജ് അക്കാദമിയുടെ പ്രിൻസിപ്പൽ പദവിയും. ഇതിനിടയിൽ ഒട്ടേറെ അംഗീകാരങ്ങളും ടീച്ചറെ തേടിയെത്തി. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അമേരിക്കയിലെ യുനൈറ്റഡ് ഹ്യുമൻ കെയർ റൈറ്റ്സ് ഇന്റർനാഷണലിന്റെ എബ്രഹാം ലിങ്കൺ പാരമൗണ്ട് ലിറ്ററസി അവാർഡ്, രവീന്ദ്രനാഥ ടാഗോർ സ്മാരക അവാർഡ്, രാഷ്ട്രീയ കലാനിർമ്മാൺ അവാർഡ്, ഇന്ത്യൻ ഐക്കണിക് പേഴ്സണാലിറ്റി അവാർഡ്, പ്രീമിയം അവാർഡ്, ശാന്താദേവി അവാർഡ്, ഭാഷാശ്രീ അവാർഡ്, ബഷീർ അവാർഡ്, ലിപി പ്രവാസലോകം സാഹിത്യപുരസ്കാരം, ഗോൾ അച്ചീവർ അവാർഡ്, എസ്.കെ. പൊറ്റെക്കാട് അവാർഡ്, ഡോ. ഭീംറാവു അംബേദ്കർ ഗ്ലോബൽ അവാർഡ്, വിസ്മയം ബുക്സ് അവാർഡ് തുടങ്ങിയവ അക്കൂട്ടത്തിലുണ്ട്. കൂടാതെ കോഴിക്കോട് പൗരാവലിയും ബാബുരാജ് അക്കാദമിയും ഈ ഗുരുനാഥയെ ആദരിച്ചിരുന്നു.
ഭർത്താവ് പി.സി. സ്കറിയ സെൻട്രൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറായാണ് വിരമിച്ചത്. മൂത്ത മകൾ സ്വീറ്റി യു.എസ്.എയിലെ ബ്രിട്ടീഷ് പെട്രോളിയത്തിൽ എച്ച്.ആർ ആയി സേവനമനുഷ്ഠിക്കുന്നു.
രണ്ടാമത്തെ മകൾ പ്രിറ്റി യൂറോപ്പിലെ സോഷ്യോ നെക്സ്റ്റിൽ സീനിയർ ഡിസൈൻ എൻജിനീയറാണ്. ഇളയ മകൾ ട്വിറ്റിയാകട്ടെ യു.എസ്.എയിലെ ബോസ്റ്റണിൽ മാത്ത്വർക്സിൽ ബിസിനസ് അനലിസ്റ്റാണ്. അറിവിന്റെ പാരാവാരത്തിൽ അഭിരമിക്കാനാഗ്രഹിക്കുന്ന മനസ്സുമായി കഴിയുകയാണ് ഈ മഹതി.






