Sorry, you need to enable JavaScript to visit this website.

സമൂഹത്തില്‍ നഞ്ച് കലക്കരുത്; യുക്തിവാദി രവിചന്ദ്രന് ഡോ.ഷിംനയുടെ മറുപടി

ഡോ.ഷിംന അസീസിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

ശാസ്ത്രം പറയുന്നത് മാത്രം വിശ്വസിക്കുന്നവര്‍ക്കും മതപ്രകാരം ജീവിക്കുന്നവര്‍ക്കുമെല്ലാം അവരവരുടെ സ്‌പേസ് ഉള്ള ഒരിടത്താണ് നമ്മള്‍ ജീവിക്കുന്നത്. നിരീശ്വരവാദി ആയിരിക്കുന്നതിനോ കടുത്ത ദൈവവിശ്വാസി ആകുന്നതിനോ ഇവിടെ യാതൊരുവിധ പ്രശ്‌നവുമില്ല, പരസ്പരം ഉപദ്രവിക്കുന്നത് വരെ.
രവിചന്ദ്രന്‍.ഇ എന്ന വ്യക്തിക്ക് 'ശാസ്ത്രീയതയുടെ മൂത്താപ്പ' എന്ന പട്ടമുണ്ടെങ്കില്‍ ശാസ്ത്രപ്രചാരകനും അനുയായികള്‍ക്കും അലങ്കാരമായി അതവിടെ തന്നെ ഇരിക്കട്ടെ. പക്ഷേ, ഒരു സാധുജന്തുവിനെ കാറില്‍ കെട്ടി കയറിട്ട് വലിച്ചത് വണ്ടിയോടിച്ചയാള്‍ മുസ്‌ലിമായത് കൊണ്ടാണെന്ന് പറഞ്ഞാല്‍ ഉള്‍ക്കൊള്ളാനാവില്ല പ്രഭോ. സകലചരാചരങ്ങളോടും ദയയോടെ പെരുമാറണമെന്നത് മുസ്‌ലിമിന് നിര്‍ബന്ധമാണ്. അത് പാലിക്കാത്ത ഇസ്‌ലാം മതസ്ഥരുടെ കാര്യമോ എന്നാണെങ്കില്‍, അങ്ങനെ പാലിക്കാത്ത നാമമാത്ര മുസ്‌ലിങ്ങള്‍ വല്ലതും ചെയ്താല്‍ അത് വ്യക്തിയുടെ മണ്ടക്ക് കെട്ടി വെച്ചേക്കണം. നല്ലോണം ജീവിക്കുന്ന ഭൂരിപക്ഷം വിശ്വാസികള്‍ ഇതില്‍ കക്ഷിയല്ല. പിന്നെ, ഇതേ മുസ്‌ലീങ്ങള്‍ നല്ലത് ചെയ്താല്‍ അത് ഇസ്‌ലാമിന്റെ തലയിലേക്ക് വെക്കാറുണ്ടോ നിങ്ങള്‍? ഇല്ലെന്നായിരിക്കും, അപ്പോ ആ യുക്തി എങ്ങനെയാ ശരിയാവുക? യുക്തിവാദത്തിനും ഒരു മിനിമം യുക്തിയൊക്കെ വേണ്ടേ സര്‍?
പിന്നെ, നായയെ കെട്ടി വലിച്ചയാള്‍ക്ക് ഇസ്‌ലാം കല്‍പ്പിക്കുന്ന പ്രകാരം നായയെ തൊടാനും വളര്‍ത്താനും കൊണ്ട് നടക്കാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കില്‍ ഒരു വര്‍ഷം ആ ജീവി അയാളുടെ വീട്ടില്‍ വളരില്ല. മിസ്റ്റര്‍ രവിചന്ദ്രന്റെ നാല് പാടും നടക്കുന്ന മുസ്‌ലിങ്ങള്‍ ബിന്‍ലാദന്റെയും ബാഗ്ദാദിയുടെയും വീട്ടില്‍ ട്യൂഷന് പോയിട്ടുള്ളവരല്ല, വെറുപ്പ് പഠിച്ചവരല്ല. പ്രചരിപ്പിക്കുന്നവരുമല്ല.
'ലകും ദീനുക്കും വലിയ ദീന്‍' എനിക്ക് എന്റെ മതം, നിനക്ക് നിന്റെ മതം എന്ന മുസ്‌ലിമിന്റെ വിശ്വാസത്തില്‍ ഈ പറഞ്ഞ നിങ്ങളുടെ നിരീശ്വരവാദവും പെടും. നിങ്ങളെന്തും വിശ്വസിച്ചോളൂ, ഉള്ളിലുള്ള അടിസ്ഥാനമില്ലാത്ത വെറുപ്പ് ഇങ്ങോട്ട് ചാല് കീറി വിടേണ്ട, സമൂഹത്തില്‍ നഞ്ച് കലക്കേണ്ട.
ഉള്ളിലെ സംഘി വല്ലാതെ കിടന്ന് വീര്‍പ്പ് മുട്ടുന്നുണ്ടെങ്കില്‍ ഒരു പ്രഷര്‍ വെന്റ് ദേഹത്ത് എവിടേലും ഫിറ്റ് ചെയ്ത് വെച്ചോളൂ.
ചിലപ്പോള്‍ നേരിയ ആശ്വാസം കിട്ടിയേക്കും.

 

Latest News