Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദൽഹിയിലെ പുരാവസ്തു ഖനനം 

കേരളത്തെ ആശങ്കയിലാഴ്ത്തിയ ചുഴലിക്കാറ്റ് ദുർബലമായി അറബിക്കടലിലെ ന്യൂനപക്ഷ 'മർദന'മായി മാറിയത് ആശ്വാസം പകർന്നു. മലയാളത്തിലെ മാധ്യമങ്ങൾ ചുഴലിക്കാറ്റിന് കടന്നു പോകാനുള്ള മാർഗരേഖ വരെ തയാറാക്കി കൊടുത്തിരുന്നു. ഓരോ നിമിഷവും ആശങ്കയുടെ കൊടുങ്കാറ്റ് സൃഷ്ടിച്ച് റേറ്റിംഗ് കൂട്ടാൻ മലയാളം ചാനലുകൾ മത്സരിച്ചപ്പോൾ തമിഴ് ന്യൂസ് ചാനലുകൾ വാർത്തകൾ മാത്രം നൽകിയത് ശ്രദ്ധേയമായി. തമിഴ്‌നാട്ടിലെ കന്യാകുമാരി ഉൾപ്പെടെയുള്ള ജില്ലകൾ സുനാമി കാലത്തെന്ന പോലെ അനിഷ്ടമായത് പലതും പ്രതീക്ഷിച്ചിരുന്നുവെന്നത് വേറെ കാര്യം. പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷയിലാണ് മാനവരാശി. ലോകാരോഗ്യ സംഘടനയ്ക്ക് എന്നാൽ ഉൽക്കണ്ഠ വിട്ടുമാറുന്നില്ല. ഇക്കണ്ടതിലും ഭയാനകമായിരിക്കും 2021 എന്നാണ് ഡബ്ലിയു.എച്ച്.ഒ പറയുന്നത്. വടക്കേ ഇന്ത്യയിലെ കൃഷിക്കാർ പണി മതിയാക്കി ദൽഹിയിലേക്ക് പുറപ്പെട്ടിട്ട് കുറച്ചു കാലമായി. ഇതിങ്ങനെ പോയാൽ രാജ്യം ഭക്ഷ്യക്ഷാമത്തിലേക്ക് വരെ നീങ്ങാനിടയുണ്ട്. പാവപ്പെട്ട കർഷകന്റെ പണമത്രയും കുത്തകകൾക്ക് പിഴിഞ്ഞു കൊടുക്കുന്ന ഇടപാട് അനുവദിക്കാനാവില്ല. ഇക്കാര്യത്തിൽ കാര്യമായ അഭിപ്രായ ഭിന്നതയില്ല. മലയാളത്തിൽ ജനം ടിവിയിൽ കർഷകർക്കെതിരെ ഒരു പ്രസ്താവന കണ്ടു. ദൽഹിയിലേക്ക് മാർച്ച് ചെയ്യുന്നത് പാവപ്പെട്ട കൃഷിക്കാരല്ല, അമ്പത് ലക്ഷത്തിന്റെ കാറും നിരവധി ഐഫോണുകളും സ്വന്തമായുള്ളവരാണ് ഇവരെന്നാണ് ഒരു പണ്ഡിതൻ അരുളിയത്. മറ്റാരുമല്ല, മലയാളത്തിന്റെ സ്വന്തം സന്തോഷ് പണ്ഡിറ്റ്. ജനം ടിവിക്ക് ഇതുതന്നെ വേണം. കർഷകർ പാർലമെന്റ് വളയാൻ സാധ്യതയുണ്ടെന്നാണ് ലേറ്റസ്റ്റ് റിപ്പോർട്ട്. അതു കൊണ്ടാണ് മോഡിജി നേരിട്ട് വിഷയത്തിൽ
ഇടപെടുന്നതും. കർഷകർ ഇന്ദ്രപ്രസ്ഥത്തിലേക്ക് വരുന്നത് തടയാൻ റോഡിൽ ട്രഞ്ചെടുത്തതിനെ  ആസ്പദമാക്കി സൃഷ്ടിച്ച ഒരു ട്രോൾ സംഘർഷ വേളയിലും ചിരിപ്പിക്കുന്നതായിരുന്നു.  കർഷകരുടെ വഴി മുടക്കാൻ ഹരിയാന-ദൽഹി ഹൈവേയിൽ ഭീമൻ കുഴി വെട്ടിയപ്പോൾ അതിലതാ കിടക്കുന്നു ആറ് വർഷത്തോളമായി ഇന്ത്യ തേടുന്ന പോരാളി- അണ്ണാ ഹസാരെ. 

***    ***    ***

അമേരിക്കയിലെ ജോർജ് ഫ്‌ളോയ്ഡിനെ മറക്കാനായിട്ടില്ല. ട്രംപിന്റെ സിംഹാസനം തെറിപ്പിക്കുന്നതിന് വരെ നിമിത്തമായത് വർണ വിവേചനത്തിനെതിരെ നടന്ന കാമ്പയിനുകളാണെന്ന് കാണാം. അതൊക്കെ ഏഴാം കടലിനക്കരെയുള്ള കാര്യം. ഇവിടെ ചില പ്രമാണിമാർക്ക് ബ്ലാക്ക് ഇപ്പോഴും കണ്ണിന് പിടിക്കുന്നില്ല. കറുപ്പിനെ വെളുപ്പാക്കിയേ അവർ അവതരിപ്പിക്കൂ. അവർക്കായി കറുപ്പിനഴക്.. പാട്ട് ഡെഡിക്കേറ്റ് ചെയ്യാം. ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് കനിക്കാണ്. ബിരിയാണി എന്ന സിനിമയിലെ അഭിനയമാണ്  കനിക്ക് അവാർഡ് നേടിക്കൊടുത്തത്.  ജാതിമതലിംഗവർണ വേർതിരിവുകൾക്കെതിരെ നിരവധി വിഷയങ്ങളിൽ കനി മുമ്പും  ഇടപെട്ടിട്ടുണ്ട്.
കേരളം കഫേയിലെ ഐലൻഡ് എക്‌സ്പ്രസ്സ് എന്ന ചിത്രത്തിലൂടെയാണ് കനി കുസൃതി സിനിമയിൽ എത്തിയത്. തുടർന്ന് കോക്ക്‌ടെയിൽ, ശിക്കാർ തുടങ്ങിയ സിനിമകളിലുമുണ്ടായിരുന്നു. 
ഗൃഹലക്ഷ്മി മാസിക തന്റെ യഥാർത്ഥ ഫോട്ടോയിൽ മിനുക്കുപണി നടത്തി കവർ ഫോട്ടോ കൊടുത്തതെന്തിനെന്നാണ്  നടി കനി കുസൃതിയുടെ ചോദ്യം. രോമമുള്ള കൈയ്യും യഥാർത്ഥ നിറവും മാറ്റി എഡിറ്റ് ചെയ്ത ഫോട്ടോ കൊടുത്തതിനെതിരെയാണ് കനി കുസൃതി ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വിമർശനമുന്നയിക്കുന്നത്. എഡിറ്റ് ചെയ്യാത്ത ഫോട്ടോ കനി കുസൃതി ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ ഉൾപ്പെടുത്തിയിരുന്നു. ഷൂട്ടിന് മുൻപ് തന്നെ ഇത്തരത്തിൽ ഫോട്ടോ കൊടുക്കുന്നതിലുള്ള നിലപാട് അറിയിച്ചിരുന്നതാണെന്നും അവർ വ്യക്തമാക്കി.  കവറിലെ ഫോട്ടോ മാറ്റാൻ ഗൃഹലക്ഷ്മി നിർബന്ധിതമാവുന്നത് എന്തുകൊണ്ടാണ്?  സ്‌കിൻ ടോണും ബ്ലാക്ക് സർക്കിൾസും രോമമുള്ള കൈയ്യും അതേ പോലെ നിലനിർത്താമായിരുന്നു  -കനി പറഞ്ഞു. മനക്കരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃകയെന്ന തലക്കെട്ടുള്ള കനിയുടെ അഭിമുഖത്തിനൊപ്പമാണ് ഗൃഹലക്ഷ്മി എഡിറ്റ് ചെയ്ത ഫോട്ടോ കൊടുത്തത്.
 സിനിമയിൽ ലൈംഗിക ചുവയുള്ള പെരുമാറ്റങ്ങൾക്കു നോ പറഞ്ഞതുമൂലം വേഷങ്ങൾ നഷ്ടമായിട്ടുണ്ടെന്നും കനി കുസൃതി  റിപ്പോർട്ടർ ടി വിയിലെ മീറ്റ് ദി എഡിറ്റേഴ്‌സ് എന്ന പരിപാടിയിൽ പറഞ്ഞു. സംസ്ഥാന അവാർഡ് നേടിയ 'ബിരിയാണി'യുടെ വിശേഷങ്ങൾ പങ്കുവെക്കുകയിരുന്നു നടി. 
സിനിമയിൽ വന്ന കാലത്ത് ഒരാൾ വിളിച്ചു ജയശ്രീ ചേച്ചിയോട്(അമ്മയോട്) അഡ്ജസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ അമ്മയ്ക്ക് അത് മനസിലായില്ല. പണ്ടുമുതലേ നോ പറയാനുള്ള ധൈര്യം ഉണ്ടായിരുന്നതുകൊണ്ട് നേരിട്ട് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ ഫോണിൽ വിളിച്ച് രാത്രി സ്‌ക്രിപ്റ്റ് പറയുക, പിന്നീട് അതിന്റെ ചുവ മാറുക അതൊക്കെ ഉണ്ടായിട്ടുണ്ട്. ഫോൺ കട്ട് ചെയ്യും. പിന്നീട് ആ സിനിമ വേറെ നടിയെ വെച്ച് പുറത്തിറങ്ങുകയും ചെയ്യും. അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്- കനി പറഞ്ഞു.
നടിയെന്ന നിലയിലും കാഴ്ചക്കാരി എന്ന നിലയിലും ബിരിയാണിയുടെ രാഷ്ട്രീയത്തോട് യോജിപ്പില്ല. സിനിമ ഉന്നയിക്കുന്ന രാഷ്ട്രീയം തൽക്കാലം പറയാൻ നിർവാഹമില്ല. ഒരു പിന്നോക്ക വിഭാഗം മുസ്‌ലിം  സ്ത്രീയും അവരുടെ അമ്മയും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ചിത്രത്തിന്റെ കഥ. ഈ കഥ ഒരു ആൺകാഴ്ചയല്ലേ എന്ന് തോന്നിയിട്ടുണ്ട്. അത് സംവിധായകനോട് തുറന്നു പറയുകയും ചെയ്തു. സജിൻ ബാബുവാണ് ചിത്രത്തിന്റെ സംവിധായകൻ. സജിൻ കഥയിൽ കൺവിൻസ്ഡ് ആയിരുന്നു- ബിരിയാണി ഉന്നയിക്കുന്ന രാഷ്ട്രീയത്തെ കുറിച്ച് കനി പ്രതികരിച്ചു.
ചിത്രത്തിലെ പ്രണയരംഗത്തിലെ ന്യൂഡിറ്റി പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് താൻ ഭയപ്പെടുന്നില്ലെന്നും ഒരു അഭിനേതാവിന് ഒരു സിനിമയിൽ അഭിനയിക്കുന്ന കാര്യങ്ങളിൽ നൂറു ശതമാനം ഉത്തരവാദിത്വം എടുക്കാൻ പറ്റുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. രാഷ്ട്രീയപരമായ വിയോജിപ്പുള്ള കഥ, അല്ലെങ്കിൽ സംവിധായകർ ഇവരോടൊപ്പം വർക്ക് ചെയ്യേണ്ടി വരും എന്നും കനി  പറഞ്ഞു.

***    ***    ***

ബിഗ് ബോസിലൂടെ ജനപ്രീതി നേടിയ താരമാണ് മഞ്ജു സുനിച്ചൻ. സിനിമ സീരിയൽ രംഗത്ത് സജീവമായ മഞ്ജു നിറത്തിന്റെ പേരിൽ നേരിട്ട ദുരനുഭവങ്ങൾ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ടെലിവിഷനിൽ ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്ന സമയത്ത് വളരെ പ്രശസ്തനായ ഒരു നടന്റെ ഭാഗത്ത് നിന്നുമുണ്ടായ അനുഭവമാണ് താരം തുറന്നു പറഞ്ഞത്.
തന്റെ ഭർത്താവായി അഭിനയിക്കാൻ ആ നടന് താത്പര്യമില്ലാത്തതിന് കാരണം കറുത്തു തടിച്ചതായത് ആയിരുന്നു.  ആ പ്രോജക്റ്റിൽ എന്റെ ഭർത്താവിന്റെ വേഷമായിരുന്നു അദ്ദേഹത്തിന് വേണ്ടി നിശ്ചയിച്ചത്. എന്നാൽ ഞാനെങ്ങനെ മഞ്ജുവിന്റെ ഭർത്താവായി അഭിനയിക്കും, അതിനൊരു കാരണം വേണ്ടേ എന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. അതിനെന്താ കാരണമെന്ന് ഞാൻ ചോദിച്ചപ്പോൾ മഞ്ജുവിനെ പോലെ കറുത്ത് തടിച്ച ഒരാളെ ഞാൻ കല്യാണം കഴിക്കുമ്പോൾ ഒരു കാരണം വേണ്ടേ എന്നായിരുന്നു അയാളുടെ മറുപടി. പ്രണയ വിവാഹമാണെങ്കിൽ പ്രേമത്തിന് കണ്ണും മൂക്കുമില്ലെന്ന് പറയാം. അല്ലെങ്കിൽ മഞ്ജുവിന്റെ അച്ഛന് കുറെ കാശുണ്ടെന്ന് കാണിക്കാം. അതായിരുന്നു അയാളുടെ വാദം. അതായത് കറുത്ത് തടിച്ച ഒരു സ്ത്രീക്ക് അയാളെപ്പോലുള്ള ഒരാൾ മാച്ചാകില്ല എന്നാണ് അദ്ദേഹത്തിന്റെ ഉള്ളിലുള്ള ചിന്താഗതി. അല്ലെങ്കിൽ അതിനെന്തെങ്കിലും കാരണമുണ്ടായിരിക്കണമെന്നും. പക്ഷെ എനിക്ക് തോന്നിയത് എന്റെ ഭർത്താവായി അഭിനയിക്കാൻ അദ്ദേഹത്തിന് എന്ത് യോഗ്യതയാണ് ഉള്ളതെന്നാണ്. സിനിമയിൽ സീനിയർ നടൻമാരായ സിദ്ദിഖ്, ബൈജു, ബാബുരാജ് എന്നിവരുടെ ഭാര്യയായി ഞാൻ അഭിനയിച്ചിട്ടുണ്ട്. അവരൊന്നും എന്നോട് ഇത്തരത്തിൽ സംസാരിച്ചിട്ടില്ല. കാരണം അവർക്ക് അഭിനയിക്കാനറിയാം. അവർ അവർക്ക് ലഭിക്കുന്ന സഹതാരത്തിന്റെ രൂപം നോക്കിയല്ല അഭിനയിക്കുന്നത്. അവർക്ക് ആ നടിയോട് ബഹുമാനമുണ്ട്.  അവരുടെ കഴിവിൽ വിശ്വാസവുമുണ്ടെന്നും മഞ്ജു പറഞ്ഞു. എറണാകുളത്തെ ഒരു യുവനടി പണ്ട് കലാഭവൻ മണിയുടെ നായികയാവാൻ തന്നെ കിട്ടില്ലെന്ന് പറഞ്ഞത് ഈ സന്ദർഭത്തിൽ ഓർത്തുപോയി. 

***    ***    ***

നായികയായി തിളങ്ങി നിൽക്കുന്നതിനിടയിലായിരുന്നു ടിവി  താരം രസ്‌ന വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. സംവിധായകനുമായി താരം പ്രണയത്തിലാണെന്ന കാര്യം പുറത്തുവന്നതിന് ശേഷമാണ് വിവാഹ വാർത്ത പുറത്തുവന്നത്. സംവിധായകനെയായിരുന്നു താരം ജീവിതസഖിയാക്കിയത്. കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചതോടെയായിരുന്നു ഈ താരം അഭിനയ രംഗത്തുനിന്നും അപ്രത്യക്ഷയായത്. ഭർത്താവിന്റേയും മക്കളുടേയും കാര്യങ്ങളുമൊക്കെയായി തിരക്കിലാണ് താനെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വ്യത്യസ്ത ജാതിയിൽപ്പെട്ടയാളെയാണ് താൻ വിവാഹം കഴിച്ചതെന്ന് മുൻപ് രസ്‌ന പറഞ്ഞിരുന്നു. തന്നെ ആരോ പൂട്ടിയിട്ടെന്നും ഒളിവ് ജീവിതമാണെന്ന തരത്തിലുമൊക്കെയുള്ള റിപ്പോർട്ടുകൾ കണ്ടു. അങ്ങനെയല്ല കാര്യങ്ങൾ. ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്ത് സന്തോഷത്തോടെയാണ് താൻ ജീവിക്കുന്നത്. തന്റെ കുടുംബത്തിന് ഈ ബന്ധത്തിൽ വലിയ താൽപര്യമില്ലായിരുന്നു എന്നുമായിരുന്നു മുൻപ് രസ്‌ന പറഞ്ഞത്. തന്നെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത ശരിയല്ലെന്ന് വ്യക്തമാക്കിയായിരുന്നു താരമെത്തിയത്. ഒരുകാലത്ത് അഭിനയരംഗത്ത് തിളങ്ങി നിന്നവരിൽ പലരും ഇപ്പോൾ തിരിച്ചുവരവ് നടത്തുന്നുണ്ട്. മികച്ച അവസരം ലഭിച്ചാൽ പോലും താൻ നിലവിൽ തിരിച്ചുവരവിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നായിരുന്നു രസ്‌ന പറഞ്ഞത്. 

***    ***    ***

മാസങ്ങളായി നീണ്ടുനിന്നിരുന്ന  അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും  വിരാമമിട്ട് തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത്  രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ  നൽകി.  ഡിസംബർ 31 ന് തന്റെ  പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാവുമെന്നും 2021 ജനുവരിയിലാകും പാർട്ടി പ്രവർത്തനം ആരംഭിക്കുകയുമെന്നും  താരം വ്യക്തമാക്കി. ചെന്നൈയിൽ രജിന മക്കൾ മൻട്രത്തിന്റെ  പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു രജനികാന്ത് തീരുമാനം പ്രഖ്യാപിച്ചത്.  രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ വിമർശിച്ച്  നടി രഞ്ജിനി  രംഗത്തെത്തി.  വ്യക്തിജീവിതത്തിൽ രജനികാന്ത് വളരെ നല്ല മനുഷ്യനാണ്. താരം സ്‌ക്രീനിൽ സൂപ്പർ സ്റ്റാറുമാണ്. എന്നാൽ യാതൊരു രാഷ്ട്രീയപ്രവർത്തന പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ ഒരു സംസ്ഥാനം ഭരിക്കും-  രഞ്ജിനി ചോദിച്ചു. ഒരിയ്ക്കലും സിനിമയിൽ കാണുന്ന രാഷ്ട്രീയമല്ല യഥാർത്ഥത്തിലുള്ളത്. വ്യത്യസ്തമാണ്. സ്‌ക്രീൻ വിട്ടിട്ട് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. ആര് വോട്ട് ചെയ്യും?  എംജിആർ കാലത്തെ രാഷ്ട്രീയമല്ല ഇന്നുള്ളത്-  രഞ്ജിനി  വ്യക്തമാക്കി.

***    ***    ***

ആനത്തലവട്ടം ആനന്ദൻ എന്ന സഖാവിനെ മലയാളികൾ കുറച്ചു കാലമായി ചാനൽ സംവാദങ്ങളിൽ കാണുന്നു. കാര്യമായി ക്ഷോഭിച്ച് സംസാരിക്കുന്നത് കണ്ടിട്ടില്ല. അദ്ദേഹത്തെ ന്യായീകരണ തൊഴിലാളി എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല.

***    ***    ***

ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ പ്രവാസി മലയാളികളുള്ള നഗരമെന്ന ഖ്യാതി ജിദ്ദ മഹാനഗരത്തിന് ഇപ്പോഴുണ്ടോ എന്നറിയില്ല. ഒരു കാര്യം സത്യമാണ്. ലോകത്ത് മലയാളികൾ ഉറക്കമിളച്ചിരുന്ന് കലാപരിപാടികൾ ആസ്വദിക്കുന്നത് ജിദ്ദയിലായിരിക്കും. ജിദ്ദയിലെ ഇശൽകലാവേദിയെന്ന കലാകാരന്മാരുടെ കൂട്ടായ്മയുടെ വാരാന്ത്യ സംഗീതനിശയ്ക്ക് തിരശീല വീഴ്ത്തിയത് ശനിയാഴ്ച പുലർച്ച രണ്ട് മണിയോടടുത്ത്. കുട്ടിക്കുറുമ്പന്മാരും പൂമ്പാറ്റകളും ആസ്വാദകരുടെ ഹൃദയം കവർന്നു. കുരുന്ന് പ്രതിഭകളുടെ പ്രകടനങ്ങൾ ശ്രദ്ധേയമായി. മലയാള കലാലോകത്തിന് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ് സൗദി അറേബ്യയിൽ വളരുന്ന ഈ കുഞ്ഞുങ്ങൾ. 

 

Latest News