നീതിനിഷേധത്തിനെതിരെ പെൺകൂട്ട്

കേരളത്തിലെ സമകാലിക ചരിത്രത്തിൽ അപൂർവ്വവും അതിശയകരവുമായ വിജയകഥകളിലൊന്നാണ് ഈ കോഴിക്കോട്ടുകാരിയുടേത്. സ്ത്രീതൊഴിലാളികളുടെ അവകാശങ്ങൾ പൂർണ്ണമായി നേടിയെടുക്കുന്നതിനായുള്ള പോരാട്ടപാതയിലാണ് പി. വിജി. വെറുതെ മുദ്രാവാക്യവും മുഴക്കി രണ്ടുദിവസം കഴിഞ്ഞ് സ്വന്തം തിരക്കുകളിലേയ്ക്കു നടന്നുമറയുന്ന ഒരു നേതാവായിരുന്നില്ല അവർ. വസ്ത്ര വ്യാപാരശാലകളിലും സ്വർണക്കടകളിലും ഇരുന്ന് ജോലി ചെയ്യാനുള്ള സ്ത്രീകളുടെ അവകാശത്തിനുവേണ്ടി പോരാടി നിയമം മാറ്റിയെഴുതിച്ച ധീരവനിത.
സ്വയം തൊഴിലാളിയായി ജീവിതം തുടങ്ങി മറ്റുള്ളവരുടെ യാതനകൾക്കുവേണ്ടി പോരാടിയ ജീവിതം. അതുകൊണ്ടുതന്നെയാണ് ലോകത്തെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന നൂറ് സ്ത്രീകളെ അറുപതു രാജ്യങ്ങളിൽനിന്നും ബി.ബി.സി തിരഞ്ഞെടുത്തതിൽ എഴുപത്തിമൂന്നാം നമ്പറുകാരിയായി വിജി മാറിയത്. ഇന്ത്യയിൽനിന്നും ഈ പട്ടികയിൽ ഇടംനേടിയത് വെറും മൂന്നുപേർ മാത്രം. മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ജൂലിയ ഗില്ലാർഡും ന്യൂയോർക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മേധാവി സ്‌റ്റേസി ക്യുന്നിംഗ്ഹാമുമെല്ലാം ബി.ബി.സി തിരഞ്ഞെടുത്ത പട്ടികയിൽ വിജിക്കൊപ്പമുണ്ട്.
കോഴിക്കോട്ടുകാർക്കിടയിൽ പെൺകൂട്ട് വിജിയാണിവർ. കേരളത്തിലെ ആദ്യത്തെ വനിതാ ട്രേഡ് യൂണിയന്റെ അമരക്കാരി. മൂത്രപ്പുര സമരവും ഇരിക്കൽ സമരവും നടത്തി കേരളത്തിലെ ആയിരക്കണക്കിന് കടകളിൽ ജോലി ചെയ്യുന്ന അസംഘടിതരായ സ്ത്രീ തൊഴിലാളികൾക്ക് ആശ്വാസമെത്തിച്ച, സ്ത്രീ തൊഴിലാളികൾക്കും ചോദിക്കാനും പറയാനും ആളുണ്ടെന്ന് തൊഴിലുടമയെയും സമൂഹത്തെയും ബോധ്യപ്പെടുത്തിയ സ്ത്രീപ്പോരാളി.


കോർട്ട് റോഡിലെ ഐശ്വര്യ ലേഡീസ് ടെയ്‌ലറിംഗ് യൂണിറ്റിൽവച്ചാണ് വിജിയെ കണ്ടത്. ഇപ്പോഴത് യൂണിയൻ ഓഫീസാണ്. അസംഘടിത മേഖലാ തൊഴിലാളി യൂണിയൻ, കേരള (എ.എം.ടി.യു) എന്ന ബാനർ ചുമരിൽ പതിച്ചിട്ടുണ്ട്. കൂടാതെ പെൺകൂട്ടിന്റെ ഓഫീസും അതുതന്നെ. ചെന്നപ്പോൾ രണ്ടു സ്ത്രീകളുമായി തൊഴിൽപ്രശ്‌നം ചർച്ച ചെയ്യുകയായിരുന്നു. കോവിഡ് കാലമായതിനാൽ കൃത്യമായി ജോലിയില്ലാതായ തുണിശാലയിലെ ജീവനക്കാരികൾ. അവരുടെ പ്രശ്‌നം ഉടമയുമായി സംസാരിക്കാമെന്ന് പറഞ്ഞ് സാന്ത്വനപ്പെടുത്തി പറഞ്ഞയച്ചശേഷമാണ് വിജി സംസാരം തുടങ്ങിയത്.
'നഗരത്തിൽനിന്നും ഏറെയകലെയല്ലാത്ത തൊണ്ടയാടായിരുന്നു ജനിച്ചുവളർന്നത്. അച്ഛൻ സഹദേവൻ ഡ്രൈവറായിരുന്നു. പാലാഴിക്കാരിയായിരുന്നു അമ്മ കമല. പറയഞ്ചേരി സ്‌കൂളിൽനിന്നും പത്താംതരം കഴിഞ്ഞപ്പോൾ ടെയ്‌ലറിംഗ് പഠിച്ചു. ഇതിനിടയിലാണ് വിപ്ലവകാരിയായിരുന്ന കെ.അജിതയുടെ ബോധന എന്ന കൂട്ടായ്മയിൽ ചേർന്നുപ്രവർത്തിച്ചത്. വിപ്ലവം പ്രസംഗിക്കുന്നവരുടെ വീടുകളിൽപോലും സ്ത്രീകൾ അടിമത്തം അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലായത് അപ്പോഴാണ്. സ്വന്തം കാലിൽ നിൽക്കാൻ എന്തെങ്കിലും തൊഴിലുവേണമെന്ന ചിന്തയുണ്ടായതങ്ങിനെയാണ്.''


1994 ലാണ് തയ്യൽക്കാരിയായി മിഠായിത്തെരുവിലെത്തിയത്. തയ്യൽ അറിയാവുന്ന കുറച്ച് വനിതകളുമായി ചേർന്ന് ഐശ്വര്യ ലേഡീസ് ടെയ്‌ലറിംഗ് യൂണിറ്റ് തുടങ്ങി. സ്ത്രീ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ അടുത്തറിഞ്ഞതും ഇവിടെവച്ചുതന്നെ. നൂറുകണക്കിന് കെട്ടിടങ്ങളുണ്ടിവിടെ. ഭൂരിഭാഗവും ഏറെ പഴക്കംചെന്നവ. എന്നാൽ ഒരു കെട്ടിടത്തിലും ടോയ്‌ലറ്റ് മുറികളില്ല. ഒറ്റപ്പെട്ട കടമുറികളിലായിരുന്നു സ്ത്രീ ജീവനക്കാരുണ്ടായിരുന്നത്. അവർക്ക് പ്രാഥമികകൃത്യം നിർവ്വഹിക്കാൻ യാതൊരു മാർഗ്ഗവുമുണ്ടായിരുന്നില്ല. മിഠായിത്തെരുവിലെ ആര്യഭവൻ ഹോട്ടലിൽ പോയാണ് സ്ത്രീതൊഴിലാളികൾ മൂത്രശങ്ക നിവർത്തിച്ചത്. എല്ലാവരും അവിടെ എത്തിയതോടെ അവർക്ക് ബുദ്ധിമുട്ടായി. തുടർന്ന് അടുത്തുള്ള മറ്റു ഹോട്ടലുകളിലും പോയിത്തുടങ്ങി. സ്ത്രീജീവനക്കാരുടെ ധർമ്മസങ്കടത്തെക്കുറിച്ച് കടയുടമകളോടു പറഞ്ഞാൽ പരിഹാസവും അപമാനവുമായിരുന്നു ഫലം. തൊഴിൽ നഷ്ടപ്പെടുമോ എന്ന ഭയവും വീട്ടിലെ ദാരിദ്ര്യാവസ്ഥയും കാരണം പലരും ജലപാനംപോലും നിർത്തി. മരുന്നുകുപ്പി പോലുള്ള കൊച്ചുകുപ്പികളിൽ മാത്രം വെള്ളം കുടിച്ചാണ് പലരും കഴിഞ്ഞത്. കാലത്ത് ജോലിക്കെത്തി വൈകീട്ട് എട്ടുമണിക്ക് രണ്ടും മൂന്നും ബസ് കയറി വീട്ടിലെത്തിയാണ് പലരും ദാഹംപോലും അകറ്റിയത്.


മൂവായിരത്തോളം സ്ത്രീതൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കണമെന്ന് തൊഴിലാളി യൂണിയനുകളോട് ആവശ്യപ്പെട്ടപ്പോൾ യൂണിയനിൽ അംഗമാകാനായിരുന്നു ഉപദേശം. വനിതകൾക്കായി ഒരു കൂട്ടായ്മ വേണമെന്ന ബോധമുണ്ടാകുന്നതങ്ങനെയാണ്. 2009ലാണ് പെൺകൂട്ട് എന്ന സംഘടനയ്ക്ക് രൂപം നൽകുന്നത്. മിഠായിത്തെരുവിൽ എത്ര കടകളുണ്ടെന്നും അവിടെയുള്ള സ്ത്രീത്തൊഴിലാളികളുടെ എണ്ണവും എവിടെയൊക്കെ മൂത്രപ്പുരകളുണ്ടെന്നുമുള്ള കണക്കെടുത്തു. വിഷയം കോർപ്പറേഷനിലെത്തിച്ചു. അവർക്ക് ഈ വിഷയത്തിൽ ഇടപെടാനാകില്ലെന്നു വന്നപ്പോഴാണ് ഇലക്‌ട്രോണിക് ടോയ്‌ലെറ്റുകൾ സ്ഥാപിച്ചത്. പഴയ കെട്ടിടങ്ങളിൽ മൂത്രപ്പുരകൾ പണിയുന്നത് പ്രായോഗികമല്ലെന്നായിരുന്നു അവരുടെ വാദം. എന്നാൽ പുതിയ കെട്ടിടങ്ങളിൽ മൂത്രപ്പുരകൾ നിർബന്ധമാക്കി. അതോടെ ആദ്യസമരം വിജയം കാണുകയായിരുന്നു. മാത്രമല്ല, ശുചിമുറിയില്ലാത്ത കെട്ടിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എത്ര ദൂരെ പോയാലും ശുചിമുറിയിൽ പോകാനുള്ള അനുവാദവും ലഭിച്ചു.
തുണിശാലകളിലും സ്വർണക്കടകളിലും ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികൾ ഇരിക്കാൻ പാടില്ലെന്ന അലിഖിത നിയമത്തിനെതിരെയായിരുന്നു അടുത്ത സമരം. കൗണ്ടറിൽ ഉപഭോക്താക്കൾ ഇല്ലാത്ത സമയത്തും അല്പസമയം ഇരുന്നാൽ പുരുഷ സൂപ്പർവൈസർമാർ എഴുന്നേൽക്കാൻ പറയുമായിരുന്നു. 
പത്തും പന്ത്രണ്ടും മണിക്കൂർ നിന്നുകൊണ്ട് ജോലിചെയ്ത് തളർന്നാൽപോലും ഒന്നിരിക്കാൻ കഴിയാത്ത അവസ്ഥ. തുണിശാലകളിലും ആഭരണശാലകളിലും ജോലിയുടെ സ്വഭാവം ഇങ്ങനെയാണെന്നായിരുന്നു ഉടമകളുടെ ന്യായീകരണം. ഒടുവിൽ സഹികെട്ട് വിഷയം ലേബർ ഓഫീസിലെത്തി. അംഗീകൃത ട്രേഡ് യൂണിയനു മാത്രമേ ഇത്തരം പരാതികൾ ബോധിപ്പിക്കാനാവൂ എന്നായിരുന്നു മറുപടി. കോഴിക്കോട്ട് മാത്രമല്ല, സംസ്ഥാനത്തുടനീളം ഇത്തരം പ്രശ്‌നങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞു. അസംഘടിത മേഖലാ തൊഴിലാളി യൂണിയൻ എന്നൊരു സംഘടന രൂപീകരിച്ചു. അംഗീകാരം കിട്ടാൻ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. പലയിടത്തുനിന്നും എതിർപ്പുകളുണ്ടായി. 2016ലാണ് സംഘടനയ്ക്ക് അംഗീകാരം കിട്ടിയത്. ഇപ്പോൾ പുരുഷതൊഴിലാളികളും സംഘടനയിൽ അംഗങ്ങളാണ്.


മിഠായിത്തെരുവിലൂടെ കസേരകൾ തലയിൽ ചുമന്നുകൊണ്ട് പ്രകടനം നടത്തിയാണ് ഇരിപ്പുസമരത്തിന് തുടക്കമിട്ടത്. ഇരിക്കൽ സമരവും നടത്തി. തൃശൂർ തുടങ്ങിയ മറ്റു ജില്ലകളിലും ഇത്തരം സമരങ്ങൾ അരങ്ങേറി. നാലുവർഷത്തോളം ഇതിനെതിരെ പലതരത്തിലുള്ള സമരമുറകൾ അരങ്ങേറി. യൂത്ത് കമ്മീഷനും ലേബർ കമ്മീഷനും പ്രശ്‌നത്തിൽ ഇടപെട്ടു. ഒടുവിൽ ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് 2018ൽ കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്‌ളിഷ്‌മെന്റ് നിയമം ഭേദഗതി ചെയ്തു. ഇരിപ്പിടാവകാശ ഓർഡിനൻസായിരുന്നു ഇതിൽ പ്രധാനം. നിയമനിർമ്മാണത്തിലൂടെ ഇരിപ്പിടം സ്ത്രീ ജീവനക്കാരുടെ നിയമപരമായ അവകാശമാവുകയായിരുന്നു. തൊഴിലിടങ്ങളിൽ ഇരിപ്പിടം അവകാശമാക്കിയ ഏകസംസ്ഥാനമായി മാറുകയായിരുന്നു കേരളം. ഇരിപ്പിടം മാത്രമല്ല, മിനിമം വേതനവും സുരക്ഷയും മതിയായ യാത്രാസൗകര്യവും അവധിയും വിശ്രമവേളയുമെല്ലാം ഈ നിയമഭേദഗതിയിൽ ഉറപ്പാക്കിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയും ഇതിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. തുണിക്കടകളിൽ സ്ത്രീത്തൊഴിലാളികൾക്ക് ഇരിക്കാനുള്ള അവകാശം നേടിക്കൊടുത്ത സമര നായികയെന്ന പരിഗണനയിലാണ് ബി.ബി.സി ലോകത്തെ നൂറു മികച്ച വനിതകളിലൊരാളായി തിരഞ്ഞെടുത്തത്.


കേരളത്തിൽ വിവിധയിടങ്ങളിലായി പല കടകളിലുമുള്ള സ്ത്രീത്തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ ഇടപെടുകയും സമരം നടത്തുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട്ടെ ഒരു കടയിൽ മുന്നറിയിപ്പില്ലാതെ തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെ പെൺകൂട്ടിന്റെ നേതൃത്വത്തിൽ കുടുംബസമേതം നടത്തിയ സമരത്തെ തുടർന്ന് അവർക്ക് മാന്യമായ നഷ്ടപരിഹാരം വാങ്ങിനൽകാനും കഴിഞ്ഞു.
പെമ്പിളൈ സമരം, നിൽപുസമരം, കൂടംകുളം ആണവവിരുദ്ധ സമരം, രജനി എസ്. ആനന്ദ് ആത്മഹത്യ ചെയ്തതിനെതിരെയുള്ള സമരം, നോട്ട് പിൻവലിക്കൽ തുടങ്ങി സാമൂഹ്യപ്രസക്തിയുള്ള സമരങ്ങളിലെല്ലാം മുൻപന്തിയിൽ ഈ കൂട്ടായ്മയുണ്ടായിരുന്നു. ആറായിരത്തോളം പേർ അംഗങ്ങളായുള്ള ഈ ട്രേഡ് യൂണിയനിൽ തൃശൂർ, എറണാകുളം, വയനാട് തുടങ്ങിയ ജില്ലകളിൽനിന്നുമുള്ളവരുമുണ്ട്. ആശുപത്രി ജീവനക്കാർ, ടെക്‌സ്‌റ്റൈൽ ജീവനക്കാർ, ഖരമാലിന്യമെടുക്കുന്നവർ, കുടുംബശ്രീ തൊഴിലാളികൾ, പെട്രോൾ പമ്പ് തൊഴിലാളികൾ, മുതലക്കുളത്തെ അലക്കുതൊഴിലാളികൾ, വീട്ടുവേലക്കാർ തുടങ്ങിയവരെല്ലാം സംഘടനയുടെ ഭാഗമാണ്.


നിത്യവും രാവിലെ കോർട്ട് റോഡിലെ തയ്യൽക്കടയിലെത്തും. തയ്യലൊന്നും ഇപ്പോഴില്ല. യൂണിയൻ പ്രവർത്തനങ്ങൾ മാത്രമാണ്. രാവിലെ മുതൽ ഓരോരുത്തരും അവരുടെ പ്രശ്‌നങ്ങളുമായി ഇവിടെയെത്തും. അതെല്ലാം കേട്ട് പരിഹാരം തേടിയശേഷം ഉച്ചതിരിഞ്ഞ് വീട്ടിലേയ്ക്ക് പോകും. തയ്യൽജോലിയെല്ലാം വീട്ടിലാണ്. കൂടാതെ സുഹൃത്തായ സക്കീനയുടെ കൂടെയും ജോലി ചെയ്യും. സ്ഥിരമായി തയ്ക്കാനെത്തുന്നവരുണ്ട്. അവരുടെ വസ്ത്രങ്ങൾ രാത്രി വൈകിയാണെങ്കിലും തയ്ച്ചുനൽകും. ഭർത്താവ് സുരേഷും തയ്യൽക്കാരനാണ്. എന്നാൽ കോവിഡ് കാലത്ത് ജോലിയില്ലാതായപ്പോൾ സെക്യൂരിറ്റി ജോലിക്കു പോകുന്നു.
നഗരത്തിൽ ചിന്താവളപ്പിനടുത്ത വാടകവീട്ടിലാണ് വാസം. ഒരു കൂര പണിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ലൈഫ് പദ്ധതിയിലൂടെ നാലുലക്ഷം രൂപ പാസായിട്ടുണ്ട്. ഇതിനിടയിൽ ഒരു അപകടമുണ്ടായി. ഇക്കഴിഞ്ഞ ജനുവരിയിൽ മുതലക്കുളത്തുവെച്ച് തന്റെ സ്‌കൂട്ടറിൽ ബസ്സിടിച്ച് തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ് ആറുമാസത്തോളം വിശ്രമത്തിലായിരുന്നു. മകൾ അമൃത രണ്ടാംവർഷ ബിരുദ വിദ്യാർഥിയാണ്. മകൻ അനന്തു മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർഥിയും.

Latest News