2012 ജൂലൈ അവസാനത്തിലാണ് കണ്ണൂരിലെ ബ്ലൂനൈൽ ഹോട്ടൽ ഉടമ വി. രവീന്ദ്രനെ തേടി ഒരു സന്ദേശമെത്തുന്നത്. ഏതാനും മാസങ്ങൾ കഴിഞ്ഞ് ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര പ്രസിദ്ധനായ ഒരു വിവിഐപിക്ക് വേണ്ടി അവിടെ താമസസൗകര്യം ഒരുക്കണം. ഹോട്ടലിന്റെ മൂന്നാം നിലയിലെ 309-ാം നമ്പർ മുറി നൽകാമെന്ന് അദ്ദേഹം ബന്ധപ്പെട്ടവരെ അറിയിച്ചു. എന്നാൽ വരുന്ന വിവിഐപി ആരാണെന്ന് ആ ഘട്ടത്തിലൊന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു. പിന്നീട് അതാരാണ് എന്നറിഞ്ഞപ്പോൾ അക്ഷരാർഥത്തിൽ അത്ഭുതത്താൽ അദ്ദേഹത്തിന്റെ കണ്ണു തള്ളിപ്പോയി. താൻ ഏറെ ആരാധിക്കുന്ന, ലോകഫുട്‌ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മറഡോണ!

ഉടനെ അദ്ദേഹം തൊട്ടടുത്തുള്ള മുറിയുടെ ഭിത്തികൂടി പൊളിച്ച് 309-ാം നമ്പർ മുറി വിപുലീകരിച്ച് ഏറ്റവും ആധുനിക സംവിധാനങ്ങളോടെ ഭംഗിയാ ക്കാൻ തുടങ്ങി. മുറിയുടെ ചുവരെല്ലാം മറഡോണയുമായി ബന്ധപ്പെട്ട ചിത്രങ്ങളും പേപ്പർ കട്ടിംഗുകളും മറ്റും കൊണ്ട് അലങ്കരിച്ചു. അദ്ദേഹത്തിന് ഇഷ്ട പ്പെട്ട വസ്തുവകകൾ അവിടേക്കായി ശേഖരിക്കാൻ ഏർപ്പാടുകൾ ചെയ്തു. ചില റഷ്യൻ ഭക്ഷണവിഭവങ്ങളോട് താൽപര്യമുള്ള ആളാണ് മറഡോണ എന്നറിഞ്ഞപ്പോൾ റഷ്യയിൽ ഷെഫായി ജോലി നോക്കിയിരുന്ന ഒരാളെ ബ്ലൂ നൈലിലേക്ക് വരുത്തി. ഒരു ഹോട്ടൽ ഉടമ എന്നതിലുപരി “കാൽപ്പന്തുകളിയിലെ ദൈവ’ത്തോടുള്ള അദമ്യമായ ആരാധന തന്നെയായിരുന്നു അദ്ദേഹത്തെ കൊണ്ട് അതൊക്കെ ചെയ്യിച്ചത്. മൂന്നു മാസമെടുത്ത് പണി മുഴുവൻ പൂർത്തിയാക്കിയ ശേഷമാണ് രവീന്ദ്രൻ തന്റെ സ്വപ്‌ന നായകനെ വരവേൽക്കാൻ ഒരുങ്ങിയത്.
ഒക്‌ടോബർ 23 ന് രാവിലെ 8 മണിക്ക് കണ്ണൂരിലെ ഡിഎസ്‌സി സെന്റർ മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ മറഡോണ നേരെ ഹോട്ടൽ ബ്ലൂനൈലിലേക്ക് വരികയായിരുന്നു. കേരളീയ പാരമ്പര്യത്തിന്റെ ചിട്ടവട്ടങ്ങ ളോടെ പൊന്നാട അണിയിച്ചും പൂച്ചെണ്ടു സമ്മാനിച്ചുമാണ് രവീന്ദ്രനും സംഘവും അദ്ദേഹത്തെ സ്വീകരിച്ചത്. ദീർഘയാത്ര ചെയ്തതിന്റെ ക്ഷീണവും മടുപ്പും മറഡോണയുടെ മുഖത്തുണ്ടായിരുന്നു. എങ്കിലും 309-ാം നമ്പർ മുറി തുറന്നപ്പോൾ ചുവരിലെ ഫോട്ടോകളും അലങ്കാരങ്ങളും കണ്ട് ആഹ്ലാദത്താൽ അറിയാതെ അദ്ദേഹം ചൂളംകുത്തിപ്പോയി. ചുവരിൽ തൂക്കിയ കൊച്ചുമകൻ ബെഞ്ചമിന്റെ ഫോട്ടോയിൽ ഒരു നിമിഷം നിർനിമേഷനായി നോക്കിയ അദ്ദേഹം മൊബൈലിൽ അത് പകർത്തി. ക്ഷീണം പമ്പകടന്ന്, ഉൻമേഷവാനായി എല്ലാവരോടും സംസാരിച്ചിരിക്കുന്ന മറഡോണയെ ആണ് പിന്നീട് ഹോട്ടലിൽ ഉള്ളവർ കാണുന്നത്.
നീലയും വെള്ളയും വരകളുള്ള 10-ാം നമ്പർ ജഴ്‌സി അണിഞ്ഞെത്തി കാൽപ്പന്ത് കളിയുടെ ആവേശത്താൽ പുൽമൈതാനങ്ങളെ തീപ്പിടിപ്പിച്ച ഈ ഫുട്‌ബോൾ മാന്ത്രികൻ ഇരു കൈകകളിലും വാച്ച് കെട്ടിയാണ് കണ്ണൂരിൽ എത്തിയത്. ഒന്നിൽ അർജന്റീനയുടെ സമയം കാണാം. മറ്റേതിൽ ഇന്ത്യൻ സമയവും. അർജന്റീന വിട്ട് പുറത്തു പോകുമ്പോൾ മറഡോണയുടെ പതിവാണത്. ഹോട്ടൽ മുറിയിലെ തിരക്കുകൾ കുറഞ്ഞപ്പോൾ ആദ്യം അദ്ദേഹം ചോദിച്ചത് ഭക്ഷണത്തെ കുറിച്ചാണ്. നല്ല ഭക്ഷണപ്രിയനാണെങ്കിലും വാരി വലിച്ചു കഴിക്കുന്ന സ്വഭാവമില്ല. ഇടയ്ക്കിടെ കാരറ്റ്, ഓറഞ്ച് ജ്യൂസു കുടിക്കും. ഇളനീരും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. കൂടെകൂടെ സിഗാർ വലിക്കുന്ന സ്വഭാവവും ഉണ്ട്. സ്പാനിഷ് അല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കാനറിയാത്ത മറഡോണ ദ്വിഭാഷി കൂടിയായ തന്റെ സെക്രട്ടറിയിലൂടെ ആ യിരുന്നു ആശയവിനിമയം നടത്തിയത്. കണ്ണൂർ നൽകിയ ഹൃദ്യമായ സ്വീകരണത്തിന് എങ്ങനെ നന്ദി പറയും എന്നറിയാതെ താൻ കുഴങ്ങുന്നതായി ദ്വി ഭാഷിയിലൂടെ അദ്ദേഹം അറിയിക്കുകയും ചെയ്തു.
ശാന്ത സ്വഭാവം. സൗഹൃദപൂർവവുമായ പെരുമാറ്റം. നല്ല വിനയവും. മറഡോണയെ കുറിച്ച് ഹോട്ടൽ ബ്ലൂനൈലിലെ എല്ലാ ജോലിക്കാർക്കുമുള്ള അഭിപ്രായമാണത്. ലോകഫുട്‌ബോൾ ചരിത്രത്തിന്റെ ഏടുകളിൽ അഗ്രഗണ്യനായി എണ്ണപ്പെടുമ്പൊഴും കളിയിലും കളിക്കളത്തിന് പുറത്തും ഒട്ടേറെ വിവാദങ്ങളുണ്ടാക്കി പലരേയും വെറുപ്പിച്ച മനുഷ്യനാണിത് എന്ന് പറയാനേ കഴിയില്ല എന്നായിരുന്നു രവീന്ദ്രന്റെ അഭിപ്രായം. മറഡോണ എത്തിയതറി ഞ്ഞ് ആയിരക്കണക്കിന് ഫുട്‌ബോൾ ആരാധകർ ഹോട്ടലിന് മുന്നിൽ തടിച്ചുകൂടി. ഹോട്ടലിന് മുന്നിലെ എസ്.എൻ.പാർക്ക് റോഡിൽ വാഹനങ്ങൾ ബ്ലോക്കായി. പൊലീസിന് പോലും നിയന്ത്രിക്കാനാവാത്ത വിധം ആൾത്തിരക്ക്് വർദ്ധിച്ചു. അവർ ഇടിച്ചു പൊളിച്ച് അകത്തേക്ക് കയറിവന്നേക്കുമോ എന്നു പോലും ഹോട്ടലിലുള്ളവർ ശങ്കിച്ചു. പോംവഴിയായി ഒന്നേയുള്ളൂ. മറഡോണ അവർക്ക് ദർശനം നൽകുക. രവീന്ദ്രന്റെ അഭ്യർഥന മാനിച്ച് ഒരു മടിയുമില്ലാതെ മൂന്നാം നിലയുടെ ബാൽക്കണിയിൽ വന്ന് മറഡോണ തന്റെ ആരാധകർ ക്ക് നേരെ കൈവീശി കാണിച്ചു.
പിറ്റേ ദിവസം, ഒക്‌ടോബർ 24-ന് രാവിലെ 10-ന് കണ്ണൂരിലെ ജവാഹർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ മറഡോണ ആരാധകരെ അഭിസംബോധന ചെയ്യും എന്ന് അറിയിച്ചിരുന്നു. അതിനാൽ പുലർച്ചെ മൂന്നു മണി മുതൽ നഗരത്തിലേക്ക് ലക്ഷങ്ങൾ ഒഴുകിയെത്തി. അൽപം വൈകിയെത്തിയ മറഡോണയെ ഉച്ചച്ചൂടിൽ ഉരുകിയൊലിച്ച് നിന്ന സ്റ്റേഡിയം ആർത്തലച്ച് വരവേറ്റു. 1986 -ൽ മെക്‌സിക്കോയിലെ ആസ്‌ടെക് സ്റ്റേഡിയത്തിൽ ഒന്നര ലക്ഷത്തോളം വരുന്ന കാണികളെ സാക്ഷി നിർത്തി മറഡോണ, അർജന്റീനയ്ക്ക് ലോകകപ്പ് ഫുട്‌ബോൾ കിരീടം നേടിക്കൊടുത്ത ഐതിഹാസിക നിമിഷത്തെ ആ സംഭവം അനുസ്മരിച്ചു.

ഒക്‌ടോബർ 30 മറഡോണയുടെ 52-ാമത് ജൻമദിനമായിരുന്നു. അതിന് ആറു ദിവസം ബാക്കി നിൽക്കെ അക്കുറി കണ്ണൂരിനാണ് അത് ആഘോഷിക്കാനുള്ള ഭാഗ്യമുണ്ടായത്. ഒരു ഫുട്‌ബോൾ ഗ്രൗണ്ടും അതിനു മുകളിൽ ഒ രു ഫുട്‌ബോളും വെച്ച നിലയിൽ ഒരു വലിയ ഒരു കേക്ക് ജവാഹർ സ്റ്റേഡിയത്തിൽ എത്തി. പക്ഷെ, അത് മുറിക്കാൻ മറഡോണ വൈമനസ്യം കാണിച്ചു. ഒരു കേക്ക് ആണെങ്കിൽ പോലും താൻ ജീവിതം കരുപ്പിടിപ്പിച്ച ഫുട്‌ബോളിനേയും ഗ്രൗണ്ടിനേയും കത്തികൊണ്ട് കീറിമുറിക്കാൻ കാൽപ്പന്തു കളിയെ ഒരു കാൽപ്പനികന്റെ വിചാര വികാരങ്ങളോടെ കണ്ട മറഡോണയ്ക്ക് ആവുമായി രുന്നില്ല. ലോകമെമ്പാടുമുള്ള ആരാധകർ ഫുട്‌ബോളിലെ ദൈവമായി അദ്ദേഹത്തെ കണ്ടപ്പോൾ ഫുട്‌ബോളും ഗ്രൗണ്ടുമാണ് തനിക്ക് ദൈവങ്ങൾ എന്നദ്ദേഹം പറയാതെ പറയുകയായിരുന്നു. എങ്കിലും കേക്കിന്റെ ചെറിയൊരു അ രികുമാത്രം മുറിച്ച് അന്നദ്ദേഹം കാണികളെ സന്തോഷിപ്പിച്ചു.
കൊച്ചി സ്വദേശിയായ ചാൾസ് ആന്റണിക്കൊപ്പം സ്റ്റേഡിയത്തിൽ മറഡോണ പാട്ടു പാടി. സ്വയം റഷ്യൻ നൃത്തം ചെയ്ത് കാണികളെ അദ്ദേഹം ഹരം കൊള്ളിക്കുകയും ചെയ്തു. അതിനിടയിൽ അദ്ദേഹം വിവ ഇന്ത്യ, വിവ കേരള(ഇന്ത്യ ജയിക്കട്ടെ, കേരളം ജയിക്കട്ടെ) എന്ന് ഉറക്കെ വി ളിച്ച് പറയുന്നുണ്ടായിരുന്നു. കേരള ഫുട്‌ബോളിന്റെ അഭിമാനമായ ഐ.എം. വിജയനുമായി അൽപനേരം അദ്ദേഹം പന്തു തട്ടിക്കളിച്ചു. കൈയ്യൊപ്പിട്ട പ ന്തുകൾ കാണികൾക്കിടയിലേക്ക് പലവുരു അദ്ദേഹം കാലുകൊണ്ട് തൊടുത്തു വിട്ടു(മറഡോണയുടെ കൈയ്യൊപ്പ് പതിഞ്ഞ ഫുട്‌ബോളുകൾ കൈവശമുള്ള നിരവധി പേരുണ്ട് കണ്ണൂരിൽ. ഇന്ന് ആ ബോളുകൾ വാങ്ങാൻ ലക്ഷങ്ങൾ തന്നെ പ്രതിഫലം നൽകാൻ തയ്യാറായി ഫുട്‌ബോൾ ഭ്രാന്തൻമാർ മുന്നോട്ടു വരുന്നുണ്ട് എന്നതാണ് വസ്തുത!)
ഒക്‌ടോബർ 23, 24 തീയതികളിലായി രണ്ടേ രണ്ടു ദിവസം മാത്രമാണ് മറഡോണ കണ്ണൂരിലെ ഹോട്ടൽ ബ്ലൂനൈലിൽ താമസിച്ചത്.

അതിന് ശേഷം ആ 309-ാം നമ്പർ മുറി മറഡോണ സ്യൂട്ട് എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യ യുടേയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നും ആ മുറി അന്വേഷിച്ച് ഫുട്‌ബോളിനേയും മറഡോണയേയും ഇഷ്ടപ്പെടുന്ന പലരും ഇന്ന് എത്തുന്നുണ്ട്. മറഡോണയുടെ മരണവാർത്ത വരുന്ന സമയത്ത് സിറിയയിൽ നിന്നുള്ള ഒരു ഫുട്‌ബോൾ പ്രേമിയായിരുന്നു 309-ാം നമ്പർ മുറി ഉപയോഗിച്ചിരുന്നത്. 4 അടി ഉയരമുള്ള മറഡോണയുടെ ഒരു പ്രതിമ ഹോട്ടലിന് മുന്നിൽ പണിയാനുള്ള ഒരുക്കത്തിലാണ് രവീന്ദ്രനിപ്പോൾ.
മറഡോണ ഉപയോഗിച്ച പ്ലേറ്റ്, സ്പൂൺ, ഫോർക്ക്, നാപ്കിൻ, ടവൽ, കട്ടിൽ, മേശ, കസേരകൾ, ആഷ്‌ട്രേ, ചുരുട്ട്, അദ്ദേഹം കൈയ്യൊപ്പിട്ട ഫുട്‌ബോൾ തുടങ്ങി എല്ലാ വസ്തുക്കളും ഒരു കേടും കൂടാതെ 309-ാം നമ്പർ മു റിയിൽ ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട്. ഒരർഥത്തിൽ 309-ാം നമ്പർ മുറി മറഡോണ എന്ന ഫിഫയുടെ 20-ാം നൂറ്റാണ്ടിലെ ലോകകപ്പ് താരത്തിനുള്ള ഒരു നിത്യ സ്മാരകവും മ്യൂസിയവുമാണ്.
പെലെയ്ക്ക് ശേഷം ലോകം കണ്ട മറ്റൊരു ഫുട്‌ബോൾ മാന്ത്രികനായ മറഡോണയെ കേരളത്തിലെ വരും തലമുറകൾ ക്ക് അറിയാനും പഠിക്കാനുമുള്ള ഉപാധിയാക്കി മാറ്റുക എന്നതു തന്നെയാണ് അതുകൊണ്ട് താൻ ഉദ്ദേശിക്കുന്നത് എന്ന് രവീന്ദ്രൻ പറഞ്ഞുനിർത്തി.






