Sorry, you need to enable JavaScript to visit this website.

മറഡോണയും ഏറനാടും ഫുട്‌ബോളും

ചോദ്യമില്ലാത്ത കഥയിലെ നായകനായി മറഡോണ വിടവാങ്ങി. പല സുഹൃത്തുക്കളുമെഴുതിയ ഹൃദയസ്പർക്കായ അനുശോചന കുറിപ്പുകൾ വായിച്ചു. പലതും മറഡോണയെക്കുറിച്ചുള്ള മികച്ച വായനകളായിരുന്നു. 
ഞാൻ ജനിച്ചുവളർന്ന ഏറനാടിന്റെ രാഷ്ട്രീയ പാശ്ചാത്തലത്തിലാണ് ഞാൻ മറഡോണയെ കണ്ടത്. ജില്ലയിലെ സെവൻസിനെ, ലാറ്റിനമേരിക്കൻ ടീമുകളോടുള്ള ആരാധനയെക്കുറിച്ച് ഫീച്ചർ എഴുതാനുള്ള അന്വേഷണങ്ങൾ എല്ലാം ആ രാഷ്ട്രീയ പരിസരത്തെ കൂടുതൽ സുവ്യക്തമാകുകയാണ് ചെയ്തിരുന്നത്. 
മറഡോണയും ഏറനാടും
കർഷക കലാപങ്ങൾ ഉഴുതുമറിച്ച മണ്ണാണ് ഏറനാടിന്റേത്. 1921 വരെ ചെറുതും വലുതുമായ മുന്നൂറോളം കലാപങ്ങൾ ഏറാനാട്ടിലും വള്ളുവനാടിന്റെ വിവിധ ഭാഗങ്ങളിലും അരങ്ങേറി. പിൽക്കാലത്ത് ശക്തമായ ഒരു സാമ്രാജ്യത്വ വിരുദ്ധ സമൂഹത്തിന് അടിത്തറ പാകിയത് ആ ബ്രിട്ടീഷ്ജൻമിത്വ വിരുദ്ധ കലാപങ്ങളായിരുന്നു. പൂക്കോട്ടൂർ യുദ്ധം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ തന്നെ വീറുറ്റ എടായിരുന്നു. ബ്രിട്ടീഷുകാരെ വിറപ്പിച്ച വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജിയുടെയും പ്രക്ഷോഭകാരികളുടെയും വീരകഥകൾ അവർ പടപ്പാട്ടായി കൊണ്ടാടി. 
ഈ കടുത്ത സാമ്രാജ്യത്വ മനസിലേക്കാണ് 20 വർഷം പിന്നിട്ടപ്പോൾ, 1940 കളിൽ, ജോസഫ് സ്റ്റാലിൻ എഫക്ട് എത്തുന്നത്. ഫാസിസ്റ്റുകൾക്കെതിരെ ചെമ്പടയുടെ മുന്നേറ്റം കമ്മ്യൂണിറ്റി റേഡിയോകളിൽ നിന്നു കേട്ടും വല്ലപ്പോഴും എത്തുന്ന പത്രങ്ങളിൽ നിന്നും വായിച്ചുമറിഞ്ഞ ഒരു തലമുറ കടുത്ത സ്റ്റാലിൻ ആരാധകരായി. ഏറനാട്ടിലെ ബീഡി തൊഴിലാളികൾക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ട ചർച്ചകൾ അക്കാലത്ത് സോവിയറ്റ് സേന ഹിറ്റ്‌ലറെ തോൽപ്പിച്ചതായിരുന്നു. കമ്മ്യൂണിസ്റ്റ് അല്ലാത്തവർക്ക് പോലും സ്റ്റാലിൻ വീര പുരുഷനായി. ഗഗാറിനെയും സ്പുട്‌നിക്കിനെയും അവർ സ്‌നേഹിച്ചു. (അന്നത്തെ കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തകരായിരുന്ന സ. സെയ്താലിക്കുട്ടി, എടക്കോട് മുഹമ്മദ്, കോണിയകത്ത് അബൂബക്കർ, ആക്ക, പാറക്കൽ ഇബ്രാഹിം തുടങ്ങിയവർ സ്റ്റാലിൻ മരിച്ചപ്പോൾ കൊണ്ടോട്ടിയിൽ നടത്തിയ അനുശോചന ജാഥ ചരിത്രത്തിന്റെ ഭാഗമാണ്).
അത്തരമൊരു വീരരാധന, അതിലും ശക്തമായി, അതിലേറെ വിശാലമായ ഭൂപ്രദേശങ്ങളിലേക്ക് ചേക്കേറിയത് മറഡോണയിലൂടെയായിരുന്നു. കാൽപന്ത് എന്നും ഏറനാടിന് ഭ്രാന്തമായ ആവേശമായിരുന്നു. ബൂട്ടണിഞ്ഞ ബ്രിട്ടീഷുകാരോട് തദ്ദേശിയർ നഗ്‌നപാദരായി നടത്തിയ പോരാട്ടത്തിന്റെ കഥകൾ താലോലിക്കുന്ന വയലേലകളിലേക്കാണ് ആരവമായി മറഡോണ എന്ന കുറിയ മനുഷ്യൻ എത്തിയത്; 1986ലെ ലോകകപ്പ് മത്സരത്തിലൂടെ...അന്ന് ജില്ലയിൽ ടിവി അപൂർവം. ഉള്ളയിടങ്ങളിൽ ജനങ്ങൾ കൂട്ടമായി ടിവിക്ക് മുന്നിലിരുന്നു, അങ്ങിനെ ഏറനാടിന്റെ സിരകളെ മറഡോണ ചൂടുപിടിപ്പിച്ചു. അവരുടെ ജീവിതത്തിന്റെ ഭാഗമായി, അവരുടെ സംസാരത്തിലും ചിന്തയിലും എല്ലാം മറഡോണ ഒരു വികാരമായി. 
കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലും പള്ളിയാളികളിലും പുറായ്(പറമ്പ്)കളിലും മറഡോണമാർ ബൂട്ട് കെട്ടി, ആവേശമായി, ആരവമായി. അതുവരെ ബ്രസീൽ ആരാധകരായിരുന്നു കൂടുതൽ. മറഡോണ വന്നതോടെ ഫുട്ബാൾ ആരാധകർ ബ്രസീലെന്നു അർജന്റിനയെന്നും രണ്ടായി പിളർന്നു. കേരളമാകെ ഇതായി അവസ്ഥ. നീലയോടും വെള്ളയോടും പ്രണയമായി. 
മറഡോണയിലുടെ പ്ലാറ്റിനിയും ഹിഗ്വിറ്റയും ക്ലിൻസ്മാനും ബാറ്റിസ്റ്റിയൂട്ടയും തുടങ്ങി ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങൾ ഏറനാട്ടിലെ പാടങ്ങളെ ബൂട്ടണിയിച്ചു. അതിരുകളില്ലാത്ത ഏറനാടൻ ഫുട്‌ബോൾ ഫാസ്റ്റ് ആൻഡ് ഫ്യൂരി ആയി മാറി. 
ലോക കപ്പ് 1990ൽ എത്തിയപ്പോൾ എല്ലാ ടീമിലെയും കളിക്കാരുടെ പേരുകൾ, അവരുടെ ശൈലികൾ എന്നിവയൊക്കെ അറിയാത്തവരായി ആരുമില്ലെന്ന നില വന്നു... പ്രത്യേകിച്ചും ലാറ്റിനമേരിക്കൻ ടീമുകളെ. ഒരോ കളിക്കും മുൻപും പത്തിനും നൂറിനുമെല്ലാം ബെറ്റും വന്നു. കോപ്പാ അമേരിക്കയിലൂടെ അവർ ലാറ്റിനമേരിക്കൻ സ്‌നേഹം കൂടുതൽ അനുഭവിച്ചു. 


ഗ്രാമത്തിലെ എല്ലാ മനുഷ്യരെയും ചെറിയ ഒരു പന്തിലേക്ക് ആവാഹിച്ച മനുഷ്യനായിരുന്നു മറഡോണ. ഫുട്‌ബോൾ ആരാധകരെ മാത്രമല്ല, അതിനോട് വലിയ താൽപ്പര്യമില്ലാത്തവരെയും ഒരിക്കലും ചെറുതാകാത്ത ആ പന്തിലേക്ക് കൊണ്ടുവന്നത് മറഡോണയാണ്. ഞങ്ങൾക്കൊക്കെ അർജന്റീനയോടുള്ള ആരാധന എന്നാൽ മറഡോണയോടുള്ളതായിരുന്നു. വീട്ടുകാർ മൊത്തമിരുന്ന് കളി കാണുന്നതിലേക്ക് ഫുട്‌ബോളിനെ കൊണ്ടെത്തിച്ചത് മറഡോണയായിരിക്കും. 
നാലാം തലുമറയിൽ മെസ്സിയിലേക്ക് ആരാധന എത്തിയതും മറഡോണ പ്രഭാവത്തിലൂടെ തന്നെ. കറുത്തവന്റെ ഉയിർപ്പിന്റെ പര്യായമായ റോജർമില്ലയോടൊക്കെ വല്ലാത്തൊരു ഐകദാർഡ്യം ഉണ്ടാക്കാൻ മറഡോണ മുന്നോട്ടുവെച്ച രാഷ്ട്രീയത്തിനായി. ഫുട്‌ബോളിനെ അനുഭവിച്ചാനന്ദിക്കുന്ന ഒര ജനതയായി ഞങ്ങളെയൊക്കെ നില നിർത്തിയതിൽ മറഡോണ മാജിക്കിനുള്ള പങ്ക് വളരെ വലുതാണ്. ഇന്ന് ലോകകപ്പ് ഫുട്‌ബോളിന്റെ പെരുമ്പറ മുഴങ്ങിക്കഴിഞ്ഞാൽ നാട്ടിൻപുറങ്ങളിൽ അർജന്റീനാ, ബ്രസീൽ കോർണറുകളും വലിയ ഫ്ളസ്കുകളും ഉയരുന്നത് ആ താര പാശ്ചാത്തലത്തിൽ നിന്നാണ്. 
മറഡോണ മരിച്ചെന്നാൽ, ഞാനുൾപ്പെടെയുള്ള ഒരു തലമുറക്ക് അത് കുട്ടിക്കാലത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടലാണ്. മറഡോണ ഉയർത്തിയ ആവേശം അത്രയേറെ ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ചവരാണ് ഞാനുൾപ്പെടുന്ന തലമുറ. കളിക്കളത്തിന് തീപിടിച്ച ലഹരിയായിരുന്നു മറഡോണ. 1986ൽ ങ്ങളുടെ നാട്ടിൽ രണ്ട് വീടുകളിലാണ് ടിവി ഉണ്ടായിരുന്നത്. ഉപ്പയോടും സഹോദരൻ ഫൈസലിനോടുമൊപ്പം ഉപ്പയുടെ സുഹൃത്തായ മുഹമ്മദ് കുട്ടി മാഷിന്റെ വീട്ടിലായിരുന്നു കളികാണാൻ പോയിരുന്നത്. അന്ന് ഞാൻ ആറാം ക്ലാസിൽ. ജൂണിലെ ഒരു മഴക്കാലത്ത് അർധ രാത്രികളിലായിരുന്നു മത്സരം എന്നാണ് ഓർമ്മ. അവസാനത്തെ രണ്ടോ മൂന്നോ കളികളാണ് അവിടെ പോയി കണ്ടതെന്ന് തോന്നുന്നു. കളിയൊക്കെ അവ്യക്തമായ ഓർമ്മയാണ്. കളികാണാൻ നിറയെ പേർ. എല്ലാവരും അന്ന് മറഡോണ ഫാനായിരുന്നു. ടിവിയിലെ മറഡോണയുടെ ഓരോ നീക്കത്തിനുമൊപ്പം ഉയരുന്ന ആരവങ്ങൾ... ഫുട്‌ബോൾ സൃഷ്ടിച്ച മാന്ത്രിക ഉൻമാദം സിരകളിലേക്ക് പടരുകയായിരുന്നു. കളി കണ്ടതിനേക്കാൾ വായിച്ചും കേട്ടും പറഞ്ഞും വളർന്ന ഇഷ്ടമായിരുന്നു ഞങ്ങൾക്കെല്ലാം മറഡോണയോട്. ഹാഫ് ടൈം സമയങ്ങളിൽ മഴയിൽ വീടിന്റെ ഓരത്ത് ഇരുന്ന് സിഗരറ്റ് വലിച്ചവരെയൊക്കെ ഇന്നും ഓർമ്മയുണ്ട്. 
1990ൽ ലോക കപ്പ് കണ്ടത് എന്റെ വീട്ടിൽവെച്ച് തന്നെ... അയൽവാസികളും നാട്ടുകാരുമായി കൊലായി നിറയെ ആളുകൾ. ഉമ്മയുണ്ടാക്കിയ കട്ടനും കുടിച്ച് അവർ രാവിനെ പകലാക്കി. അവരുടെ മറഡോണ ആവേശം അപ്പോഴേക്കും എല്ലാ പരിതികളും കടന്നു പോയിരുന്നു. മറഡോണയുടെ കളി രീതികളെക്കുറിച്ച് അവർ നടത്തിയ വിശകലനങ്ങൾ എത്ര മനോഹരമായിരുന്നു. കളിക്കളത്തിലെ ഓമനത്തമുള്ള, ആരോടും പരിഭവമില്ലാത്ത കുട്ടിയാണ് മറഡോണ എന്ന് ആരോ പറഞ്ഞത് ഓർമ്മകളിൽ മായാതെ കിടപ്പുണ്ട്. നൃത്തം ചവിട്ടുന്നതു പോലെ ഫുട്‌ബോൾ കളിച്ചിരുന്ന മറഡോണയിൽ കളിയല്ല കണ്ടത്, ജീവിതമായിരുന്നു. 
മാർക്കേസും മറഡോണയും
ലാറ്റിനമേരിക്കൻ ജനതയോട് ഏറെ സമാനതകൾ ഉള്ളവരാണ് മലയാളികൾ. രാഷ്ട്രീയ വീക്ഷണം, ജീവിതം, കാർണിവൽ കൾച്ചർ, സാമ്രാജ്യത്വ വിരുദ്ധത എന്നിവയിൽ എല്ലാം അത് കാണാം. ലാറ്റിൻ അമേരിക്കയെപോലെ, ഫുട്‌ബോൾ മലപ്പുറത്ത് എല്ലാമാണ് കളിയാണ്, ബിസിനസാണ്, വിനോദമാണ്, ജീവിതത്തിന്റെ ദർശനമാണ്. ഒരു സംസ്‌കാരമാണ്, പ്രതിരോധം ഓർമ്മിപ്പിക്കലാണ്. ആ സംസ്‌കാരത്തെ സമ്പുഷ്ടമാക്കുകയായിരുന്നു മറഡോണ. 
മാർക്വേസിനെയും മറഡോണയെയും ഒരുപോലെ ഇഷ്ടപ്പെട്ടവരാണ്, പ്രണയിച്ചവരാണ് മലയാളികൾ. മാർക്വേസ് സാഹിത്യത്തിൽ മാന്ത്രിക തീർത്തപ്പോൾ മറഡോണ കളിക്കളത്തിൽ മാന്ത്രികനായി, പ്രണയത്തിന്റെ നീലയും വെള്ളയും പൂക്കൾ വിതറി. 
എഴുതിയെഴുതി സ്വയം ഒരു മാന്ത്രികരചനയായി മാറിയ എഴുത്തുകാരനാണ് മാർക്വേസ്. ജീവിതാനുഭവങ്ങളുടെ രത്‌നഖനികൾ ഖനനം ചെയ്‌തെടുത്തവയാണ് മാർക്വേസിന്റെ രചനകൾ. അതുപോലെ, കടുത്ത ജീവിത യാഥാർത്യങ്ങളിൽ നിന്നാണ് മറഡോണ ഉയിർകൊണ്ടത്. വാക്കുകളുടെ തെരഞ്ഞെടുപ്പിലും ക്രമപ്പെടുത്തലിലും ഉപയോഗത്തിലുമെല്ലാം സൂക്ഷമത പുലർത്തിയ മാന്ത്രികനായിരുന്നു മാർക്ക്വേസ്. പന്തിൽ മാത്രം ശ്രദ്ധിച്ച് എതിരാളികൾക്കിടയിലൂടെ കുതിച്ചു പാഞ്ഞ മാന്ത്രികനായിരുന്നു മറഡോണ. 


മാർകേസിന്റെ മരണം അന്യദേശക്കാരനായ ഒരു സാഹിത്യകാരന്റെ മരണമായി നമുക്ക് തോന്നിയിരുന്നില്ല. തൊട്ട അയൽവീട്ടിലെ എപ്പോഴും നമ്മോട് സ്‌നേഹത്തോടെ പെരുമാറിയ മുതിർന്ന അംഗം പെട്ടന്ന് വിട പറഞ്ഞ പോലെയായിരുന്നു അത്. ബാല്യത്തിൽ ഒരുമിച്ച് നടന്ന, കലഹിച്ച, തല്ലുകൂടിയ, പന്ത് കളിച്ച, സ്‌നേഹിച്ച ആരോ വിട്ടുപിരിഞ്ഞ പോലെയാണ് മറഡോണയുടെ മരണം എനിക്ക് മാത്രമല്ല, മിക്കവർക്കും തോന്നിയത്. 
മാർക്വേസ് മരിച്ചപ്പോൾ ലാറ്റിനമേരിക്ക വിതുമ്പി, കേരളവും. മറഡോണ മരിച്ചപ്പോഴും. മറഡോണക്ക് വിടപറയാൻ ഒഴുകിനെത്തിയ ജനക്കൂട്ടത്തെ മാർക്ക്വേസിന് വിടപറയാനെത്തിയ ആരാധകരോടാണ് റോയിട്ടേഴ്‌സ് ഉപമിച്ചത്. 
ഏഷ്യയിലും ലാറ്റിൻ അമേരിക്കയിലും സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഊർജ്ജവും കരുത്തുമായത് ലെനിനും സ്റ്റാലിനുമായിരുന്നു. സാമ്രാജ്യത്വത്തിനെതിരെ എന്നും ഉറച്ച ശബ്ദമാണ് ലാറ്റിൻ അമേരിക്ക. കാസ്‌ട്രോയ്ക്കും ഷാവേസിനുമൊപ്പം സാമ്രാജ്യത്വത്തിനെതിരെ പലപ്പോഴും പരസ്യ നിലപാട് പ്രഖ്യാപിക്കാൻ മറഡോണയ്ക്ക് കഴിഞ്ഞു. മറഡോണയെ ലാറ്റിനമേരിക്കയുടെ പ്രിയപ്പെട്ടവനാക്കുന്നതും ഇടത് രാഷ്ട്രീയത്തിന്റെ പ്രചാരകനെന്ന നിലയിലാണ്. യുഎസിന്റെ ഡീപ് സേറ്റ് തിയറികൾക്കെതിരെ ശക്തമായി ചെറുത്തു നിൽക്കുന്ന ജനത. ആ ചെറുത്തു നിൽപ്പിലെ വിപ്ലവ നക്ഷത്രങ്ങളായിരുന്ന ചെഗുവരെയെയും ഫിദലിനെയും ഹൃദയത്തിലേറ്റുന്ന മറഡോണ മലയാളിയുടെ പ്രിയപ്പെട്ടവനായത് ചരിത്ര നിയോഗമായിരിക്കാം. 

Latest News