Sorry, you need to enable JavaScript to visit this website.

മറഡോണ- കവിതയും കലഹവും

ദൈവത്തിന്റെ കൈ എന്നായിരുന്നു ലോകകപ്പിലെ തന്റെ വിവാദ ഗോളിനെ മറഡോണ വിശേഷിപ്പിച്ചത്. എന്നാല്‍ ആ കാലുകളായിരുന്നു ദൈവത്തിന്റെ സമ്മാനം. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് എന്നെന്നും ഓര്‍മിക്കാവുന്ന ഒരുപാട് മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് കളി കഴിയും മുമ്പെ ഡിയേഗൊ മറഡോണ ജീവിതത്തിന്റെ കളം വിട്ടു. കളിയുടെ ലഹരിയായിരുന്നു മറഡോണ. ലഹരി പക്ഷെ ആ ജീവതം തട്ടിയെടുത്തു. 
ലോക ഫുട്‌ബോളില്‍ ഇനി അങ്ങനെയൊരു കളിക്കാരനുണ്ടാവില്ല. പെലെ വലിയ കളിക്കാരനായിരുന്നു. എന്നാല്‍ കളിക്കളത്തിനു പുറത്ത് മറഡോണയുടെ വ്യക്തിപ്രഭാവമുണ്ടായിരുന്നില്ല. പെലെ പരസ്യപ്പലകയായിരുന്നു. സൂക്ഷിച്ചു മാത്രം സംസാരിച്ചു. ആരെയും വെറുപ്പിച്ചില്ല. മറഡോണ ആരുടെ മുമ്പിലും മനസ്സു തുറന്നു. ആരെയും കൂസാതെ ജീവിച്ചു. 
കളിക്കളത്തിലും പുറത്തും ഇതുപോലെ ആരാധകഹൃദയം കീഴടക്കാന്‍ മറ്റൊരു കളിക്കാരനും സാധിച്ചിട്ടില്ല. ചെറുപ്പത്തില്‍ മത്സര ഇടവേളകളില്‍ പന്ത് ജഗ്ള്‍ ചെയ്ത് കാണികളെ ഹരംപിടിപ്പിച്ച കാലം മുതല്‍ ശ്രദ്ധാകേന്ദ്രമായിരുന്നു ഡിയേഗൊ. കളിച്ചും കളിപ്പിച്ചും കബളിപ്പിച്ചും ഈ കുറിയ മനുഷ്യന്‍ കാണികളെ കൈയിലെടുത്തു. കളിച്ച നാലു ലോകകപ്പിലും കോച്ചായി വന്ന 2010 ലെ ലോകകപ്പിലും ഈ കുറുകിത്തടിച്ച ശരീരത്തിലേക്കായിരുന്നു ലോകത്തിന്റെ കണ്ണും കാതും. 
എല്ലാ വീഴ്ചകളുമുള്ള ഒരു മനുഷ്യന് എത്രത്തോളമുയരാമെന്നതിന്റെ സാക്ഷിപത്രമാണ് അയാള്‍, ലോകം നെഞ്ചിലേറ്റിയ ഒരു കളിക്കാരന് എത്രത്തോളം താഴാമെന്നതിന്റെയും. ആരാണ് മികച്ചത് പെലെയോ, മറഡോണയോ എന്ന സമസ്യ ഒരിക്കലും തൃപ്തികരമായി പൂരിപ്പിക്കപ്പെടില്ല. പക്ഷെ ഒരു കാര്യമുറപ്പാണ് -  ഒരു ശരാശരി ടീമിനെ ലോകകപ്പിന്റെ ഉയരങ്ങളിലേക്കു നയിക്കാന്‍ മറഡോണയെ പോലെ പെലെക്ക് ഒരിക്കലും അവസരം കിട്ടിയിട്ടില്ല. അത് ഭാഗ്യക്കുറിയല്ലെന്നു തെളിയിക്കാനെന്നോണം ഇറ്റാലിയന്‍ ലീഗിലെ താഴെക്കിട ടീമായ നാപ്പോളിയില്‍ ചേര്‍ന്ന് രണ്ടു തവണ അവരെ ലീഗ് കിരീടത്തിലേക്കും രണ്ടു തവണ രണ്ടാം സ്ഥാനത്തേക്കും യൂറോപ്യന്‍ കപ്പ് വിജയത്തിലേക്കും നയിച്ചു ഈ മഹാമാന്ത്രികന്‍. 
ഒരു കാലില്‍ ഫിഡല്‍ കാസ്‌ട്രോയുടെയും മറുകാലില്‍ ചെഗുവേരയുടെയും ചിത്രം പച്ചകുത്തിയ വിപ്ലവവീര്യമുണ്ട് മറഡോണക്ക്. കാസ്‌ട്രോയെ ദൈവമെന്നും ജോര്‍ജ് ബുഷിനെ വിഡ്ഢിയെന്നും വിളിക്കാന്‍ ധൈര്യം കാട്ടി. അമേരിക്കയില്‍നിന്ന് വരുന്നതിനെയെല്ലാം വെറുക്കുമെന്ന് പ്രഖ്യാപിച്ചു. ഹ്യൂഗൊ ഷാവേസിനെ അതിമഹത്തായ വിപ്ലവനായകനെന്ന് പ്രഖ്യാപിച്ചു. മരണക്കിടക്ക വിട്ട് ഒരു വര്‍ഷം തികയുംമുമ്പെ മറഡോണ നയിച്ച റിയാലിറ്റി ഷോ അര്‍ജന്റീനയില്‍ വന്‍ ഹരമായിരുന്നു. മറഡോണയെ വാഴ്ത്തി ഒരു മതവിഭാഗംതന്നെ അര്‍ജന്റീനയില്‍ ഉദയം കൊണ്ടു. 
1978 ലെ ലോകകപ്പില്‍ മറഡോണയെ ടീമിലെടുക്കാതിരുന്നത് വിവാദമായി. അതിന് ഒരു വര്‍ഷംമുമ്പ് ഹംഗറിക്കെതിരെ പതിനാറാം വയസ്സില്‍ അരങ്ങേറ്റം കുറിച്ചിരുന്നു മറഡോണ. 1979 ലെ യൂത്ത് ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്കു നയിച്ചും ടൂര്‍ണമെന്റിന്റെ താരമായും പതിനേഴുകാരന്‍ പകരംവീട്ടി. 1982 ലെ ലോകകപ്പില്‍ ബ്രസീലിനെതിരായ കളിയില്‍ ചുവപ്പ് കാര്‍ഡ് കണ്ടു. 1986 ല്‍ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടറില്‍ മറഡോണയിലെ പിശാചും മാലാഖയും മുഖാമുഖം വന്നു. കൈ കൊണ്ട് തട്ടി നേടിയ ഗോള്‍ പോലെ അമ്പരപ്പിക്കുന്നതായിരുന്നു ദൈവത്തിന്റെ കൈ എന്ന് അതിന് മറഡോണ നല്‍കിയ വ്യാഖ്യാനം. മിനിറ്റുകള്‍ക്കകം മറഡോണ നേടിയ സ്വപ്നസുന്ദരമായ ഗോള്‍ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതായി. അതിന്റെ കാര്‍ബണ്‍ കോപ്പി സെമിയില്‍ ബെല്‍ജിയത്തിനെതിരെയും പുറത്തെടുത്തു. ഫൈനലില്‍ ജര്‍മന്‍കാര്‍ പൂട്ടിയിട്ടെങ്കിലും വിജയഗോളിന് വഴിയൊരുക്കി. 1990 ലും അര്‍ജന്റീനയെ ഫൈനലിലെത്തിച്ചു. ഫൈനലില്‍ പശ്ചിമ ജര്‍മനിയോട് തോറ്റപ്പോള്‍ കളിക്കളത്തില്‍ പൊട്ടിക്കരഞ്ഞു. ഫിഫ പ്രസിഡന്റിനെ ഹസ്തദാനം ചെയ്യാതെ കളം വിട്ടു. 1994 ല്‍ മയക്കുമരുന്ന് കഴിച്ചതിന്റെ പേരില്‍ ലോകകപ്പില്‍നിന്ന് പുറത്താക്കപ്പെട്ടു. 1991 ല്‍ അതേ കുറ്റത്തിന് ഇറ്റലിയില്‍ 15 മാസം വിലക്കനുഭവിച്ചിരുന്നു. ലോകകപ്പില്‍ 21 മത്സരം കളിച്ചിട്ടുണ്ട് മറഡോണ, അതിലെല്ലാം ആദ്യ ഇലവനിലുണ്ടായിരുന്നു. 
മയക്കുമരുന്ന് 2004 ല്‍ മറഡോണയെ മരണത്തിന്റെ വക്കിലെത്തിച്ചു. ഫുട്‌ബോള്‍ലോകം ആശുപത്രിക്കു പുറത്ത് ആ ജീവന് കാവല്‍ നിന്നു. പ്രിയസുഹൃത്ത് കാസ്‌ട്രോയുടെ സഹായത്തോടെ ജീവിതത്തിലേക്ക് ചുവടുവെച്ചു. അര്‍ജന്റീനയുടെ പരിശീലകനായി രണ്ടാം ജീവിതം തുടങ്ങി. ഏറെ പ്രതീക്ഷ നല്‍കിയ മറഡോണയുടെ കുട്ടികള്‍ ക്വാര്‍ട്ടറില്‍ ജര്‍മനിയോട് നാണം കെട്ടു. കോച്ചിന്റെ തൊപ്പി തെറിച്ചു. കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോളറെ കണ്ടെത്താന്‍ ഫിഫ നടത്തിയ ഇന്റര്‍നെറ്റ് പോളില്‍ ഒന്നാമതായി മറഡോണ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പെലെക്ക് അര്‍ഹമായതു കിട്ടാന്‍ ഫിഫക്ക് പ്രത്യേക ജൂറി പുരസ്‌കാരം പ്രഖ്യാപിക്കേണ്ടി വന്നു. ബഹുമതി പെലെയുമായി പങ്കുവെക്കാന്‍ ഫിഫ ആവശ്യപ്പെട്ടപ്പോള്‍ ഇത് തനിക്കു കിട്ടിയതാണെന്നും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും പ്രഖ്യാപിച്ചു. അഞ്ചു തവണ ലാറ്റിനമേരിക്കയിലെ മികച്ച കളിക്കാരനായി. രണ്ടു തവണ ലോക ഫുട്‌ബോളറായി. 

Latest News