Sorry, you need to enable JavaScript to visit this website.

മറഡോണ - തെരുവില്‍നിന്ന് ലോകകപ്പിലേക്ക്

ബ്യൂണസ് ഐറിസ് - ബ്യൂണസ് ഐറിസിലെ തെരുവുകളില്‍ പന്ത് തട്ടിയാണ് ഡിയേഗൊ മറഡോണ വളര്‍ന്നത്. ഡിയേഗൊ മറഡോണയുടെ എട്ട് മക്കളില്‍ അഞ്ചാമനായിരുന്നു ഡിയേഗൊ അര്‍മാന്‍ഡൊ മറഡോണ. പിച്ച വെക്കാന്‍ തുടങ്ങിയതു മുതല്‍ തന്റെ കാലില്‍ പന്തുണ്ടായിരുന്നു എന്ന് മറഡോണ പറഞ്ഞിട്ടുണ്ട്. മൂന്നാം വയസ്സ് മുതല്‍ പന്തും കെട്ടിപ്പിടിച്ചായിരുന്നു ഉറക്കം. പത്താം വയസ്സ് മുതല്‍ പ്രൊഫഷനല്‍ മത്സരങ്ങളുടെ ഇടവേളകളില്‍ പന്ത് ജഗ്ള്‍ ചെയ്ത് മറഡോണ കാണികളുടെ കൈയടി നേടി.
എണ്‍പതുകളില്‍ അര്‍ജന്റീനോസ് ജൂനിയേഴ്‌സിനും ബോക്ക ജൂനിയേഴ്‌സിനും കളിച്ചായിരുന്നു തുടക്കം. അര്‍ജന്റീനോസിന്റെ 14 വയസ്സുകാര്‍ തുടര്‍ച്ചയായ 136 മത്സരങ്ങളില്‍ അജയ്യമായി മുന്നേറഖി. 1976 മുതല്‍ 1981 വരെ ഫസ്റ്റ് ഡിവിഷനില്‍ അര്‍ജന്റീനോസ് ജൂനിയേഴ്‌സിന് കളിച്ചു. പിന്നീട് ഒരു വര്‍ഷം ബൊക്ക ജൂനിയേഴ്‌സിലേക്കു മാറി. തുടര്‍ന്ന് അന്നത്തെ ലോക റെക്കോര്‍ഡായ 80 ലക്ഷം ഡോളറിന്റെ ട്രാന്‍സ്ഫറില്‍ ബാഴ്‌സലോണയിലെത്തി.
1986 ലെ മെക്‌സിക്കൊ ലോകകപ്പായിരുന്നു മറഡോണയെ ഇതിഹാസമാക്കി മാറ്റിയത്. ആവേശകരമായ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ 2-1 ന് തോല്‍പിച്ചത് മറഡോണയുടെ കരിയറിലെ ഏറ്റവും മികച്ച കളിയായി. മത്സരത്തില്‍ മറഡോണ നേടിയ രണ്ടു ഗോളും ലോകപ്രശസ്തമായി. ഫൈനലില്‍ മറഡോണയെ ലോതമര്‍ മത്തായൂസ് കത്രികപ്പൂട്ടിട്ട് നിര്‍ത്തിയെങ്കിലും അത് മറ്റു കളിക്കാര്‍ക്ക് അവസരമായി. പശ്ചിമ ജര്‍മനിയെ 3-2 ന് അര്‍ജന്റീന തോല്‍പിച്ചു. 
മറഡോണക്ക് അതൊരു പകരംവീട്ടലായിരുന്നു. ഫാക്‌ലന്റ് ദ്വീപ് പിടിച്ചെടുക്കാന്‍ ശ്രമിച്ച ഇംഗ്ലണ്ടിനോട് മാത്രമല്ല, 1978 ലെ ലോകകപ്പ് ടീമില്‍നിന്ന് തന്നെ പുറത്തിരുത്തിയ അര്‍ജന്റീനാ ഫുട്‌ബോള്‍ മേധാവികളോടും. 17 വയസ്സേ ആയിട്ടുള്ളൂ എന്നു പറഞ്ഞാണ് മറഡോണയെ 1978 ല്‍ തഴഞ്ഞത്. 
1984 ല്‍ മറഡോണയെ നാപ്പോളിക്ക് ബാഴ്‌സലോണ വിറ്റു. ഏതാണ്ട് ഒറ്റക്ക് നാപ്പോളിയെ രണ്ടു തവണ ഇറ്റാലിയന്‍ ലീഗ് കിരീടത്തിലേക്ക് നയിച്ചു മറഡോണ. അതിനു മുമ്പുള്ള 60 വര്‍ഷത്തെ ചരിത്രത്തിലോ അതിനു ശേഷമോ നാപ്പോളി ലീഗ് ചാമ്പ്യന്മാരായിട്ടില്ല. 
1990 ലെ ലോകകപ്പിനു ശേഷം മറഡോണയുടെ പ്രതാപം അസ്തമിച്ചു. സ്പാനിഷ് ക്ലബ് സെവിയയില്‍ കളിച്ചു. തുടര്‍ന്ന് അര്‍ജന്റീന ക്ലബ് നെവെല്‍ ഓള്‍ഡ് ബോയ്‌സില്‍ ചേര്‍ന്നു. 1995 മുതല്‍ 1997 വരെ പ്രിയപ്പെട്ട ക്ലബ് ബൊക്കക്കു കളിച്ചാണ് വിരമിച്ചത്. 
അപ്പോഴേക്കും ലഹരി കളി തുടങ്ങിയിരുന്നു. 1991 ല്‍ 15 മാസം വിലക്ക് ലഭിച്ചു. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 1994 ലെ ലോകകപ്പില്‍ നിന്ന് പുറത്താക്കി. 

Latest News