Sorry, you need to enable JavaScript to visit this website.

ചിറകടിക്കുന്ന സ്വപ്നങ്ങൾക്ക് പിറകെ

1994 ജൂലൈ 15. അബുദാബി-അൽ ഐൻ അതിർത്തിയിലെ അൽഖസ്‌നയിലുള്ള ഷെയ്ഖ് സായിദ് ഫാൽക്കൺ റിസർച്ച് ഹോസ്പിറ്റലിന്റെ കാത്തിരിപ്പു കേന്ദ്രത്തിൽ മലയാളിയായ യുവാവ് ആകംക്ഷയോടെ ഇരുന്നു. ഫാൽക്കൺ പക്ഷികളെ മാത്രം ചികിത്സിക്കുന്ന ആ ആശുപത്രിയുടെ ചുമതലയുള്ള ജർമൻകാരനായ ഡോക്ടറെ കാണാനുള്ള കാത്തിരിപ്പ്. ഉന്നത ബിരുദങ്ങളുള്ള ആ യുവാവിന്റെ ജീവിതാഭിലാഷം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഫാൽക്കൺ പക്ഷികളെ കുറിച്ച് പഠിക്കുക; ആ മേഖലയിൽ ജോലി ചെയ്യുക. ഈ ആഗ്രഹത്തിന്റെ സാക്ഷാത്്കാരത്തിന് മാത്രമായി രണ്ടു സന്ദർശക വിസകളിലായി 198 ദിവസം യു.എ.ഇയിൽ താമസിച്ചു വരികയാണ്. വിസയുടെ കാലാവധി തീരാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഫാൽക്കൺ ഹോസ്പിറ്റലിലെ ഡോക്ടറെ കാണാൻ അവസരം ലഭിച്ചത്. യുവാവിന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ഡോക്ടർ പറഞ്ഞു; ഇത്രയും വിദ്യാഭ്യാസ യോഗ്യതയുള്ള നിങ്ങൾക്ക് തരാൻ കഴിയുന്ന ജോലികൾ ഇവിടെയില്ല. ആ ഉത്തരം യുവാവിനെ നിരാശനാക്കി. മികച്ച ജോലിയില്ലെങ്കിൽ ചെറിയൊരു ജോലിയെങ്കിലും തരണമെന്ന് അപേക്ഷിച്ചു. ഫാൽക്കണെ കുറിച്ച് പഠിക്കുന്നതിനാണ് താൻ ഈ സ്ഥാപനത്തിൽ നിൽക്കാൻ ആഗ്രഹിക്കുന്നതെന്നും അറിയിച്ചു. എന്നാൽ ജർമൻ ഡോക്ടർ കൈമലർത്തി. ആഗ്രഹങ്ങളിലേക്കുള്ള വഴികൾ തുറക്കപ്പെടാത്തതിൽ നിരാശനായി ആ യുവാവ് ഫാൽക്കൺ ഹോസ്പിറ്റലിന്റെ പടികളിറങ്ങി.
മലപ്പുറം ജില്ലയിലെ തിരൂർ വാണിയന്നൂർ സ്വദേശിയായ സുബൈർ മേടമ്മൽ എന്ന ആ യുവാവ്, ഇന്ന് കാൽനൂറ്റാണ്ടിന് ശേഷം ഫാൽക്കൺ ഗവേഷണ മേഖലയിലെ അത്യപൂർവ്വമായ ഒട്ടേറെ ബഹുമതികൾക്ക് ഉടമയായിരിക്കുന്നു. അൽഖസ്്‌നയിലെ ഫാൽക്കൺ റിസർച്ച് സെന്ററിന്റെ പടികളിറങ്ങി മടങ്ങുമ്പോൾ മനസിൽ കുറിച്ചിട്ട ചില തീരുമാനങ്ങളിലൂടെ തന്റെ ലക്ഷ്യത്തിലേക്ക് എത്തുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് സർവ്വകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ.സുബൈർ മേടമ്മൽ, ഇന്ന് ഈ മേഖലയിൽ ആഴത്തിലുള്ള പഠനം നടത്തുന്ന ഗവേഷകനാണ്. വിവിധ വിദേശ രാജ്യങ്ങളിൽ ഫാൽക്കൺ പഠനവുമായി ബന്ധപ്പെട്ട് സഞ്ചരിച്ചു. നിരവധി വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ സ്വീകരിച്ച് ഗവേഷണ രംഗത്തുണ്ട്.   
അറബ് പൗരൻമാരുടെ ജീവിതത്തിൽ പരമ്പരാഗതമായി ഒട്ടിച്ചേർന്നു നിൽക്കുന്ന ഫാൽക്കൺ പക്ഷികളെ കുറിച്ചുള്ള പഠനത്തിൽ ഏഷ്യയിൽ തന്നെ ആദ്യമായി ഡോക്ടറേറ്റ് നേടിയ ഗവേഷകനാണ് ഡോ.സുബൈർ മേടമ്മൽ. അബുദാബിയിൽനിന്ന് നാട്ടിൽ തിരിച്ചെത്തിയശേഷം അദ്ദേഹം സ്വന്തം നാട്ടിലെ സ്‌കൂളിൽ അധ്യാപക ജോലിക്കൊപ്പം ഫാൽക്കണുകളെ കുറിച്ചുള്ള തുടർ പഠനവും ആരംഭിച്ചു. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിൽ ഫാൽക്കൺ പഠനത്തിന് മാത്രമായി ഒട്ടേറെ സഞ്ചരിച്ചു. ഈ യാത്രകൾ അദ്ദേഹത്തെ ഫാൽക്കൺ ഗവേഷണവുമായി ബന്ധപ്പെട്ട പുതിയ മേഖലകളിലേക്ക് നയിച്ചു. ഇന്റർനാഷണൽ ഫാൽക്കണേഴ്‌സ് ക്ലബ്ബ്, യു.എ.ഇ ഫാൽക്കണേഴ്‌സ്, അമേരിക്കൻ ഫാൽക്കൺ ക്ലബ്, വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട്, ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി,വേൾഡ് മലയാളി കൗൺസിൽ തുടങ്ങി ഒട്ടേറെ ദേശീയ, അന്തർദേശീയ സംഘടനകളിലെ അംഗമാണിന്ന്. അറബ് ഹണ്ടിങ് ഷോയിൽ പതിവായി രണ്ട് പതിറ്റാണ്ടോളം പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത ഏക ഭാരതീയനും ഡോ.സുബൈർ മേടമ്മലാണ്. ഫാൽക്കണുകളെ കുറിച്ച് അറബിക്,ഇംഗ്ലീഷ്,മലയാളം എന്നീ ഭാഷകളിൽ ഡോക്യുമെന്ററിയും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ഫാൽക്കണുകളുടെ ജീവിതത്തെ കുറിച്ച് ബഹുഭാഷകളിലുള്ള ഗ്രന്ഥവും പണിപ്പുരയിലാണ്. കാലിക്കറ്റ് സർവ്വകലാശാലയും കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവ്വകലാശാലയും സംയുക്തമായി നടത്തുന്ന അന്തർദേശീയ പക്ഷിഗവേഷണ കേന്ദ്രത്തിന്റെ കോ-ഓഡിനേറ്ററായും പ്രവർത്തിക്കുന്നു. 


മലപ്പുറം തിരൂർ വാണിയന്നൂരിൽ ജനിച്ച സുബൈർ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദവും ഫാറൂഖ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് ബി.എഡും നേടിയ ശേഷമാണ് ഫാൽക്കൺ ഗവേഷണത്തിലേക്ക് മാത്രമായി ശ്രദ്ധ തിരിച്ചത്. ഗൾഫ് നാടുകളിലെ ഈ രാജകീയ പക്ഷികളെ പറ്റി കൂടുതൽ പഠിക്കണമെങ്കിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ തന്നെ പോകേണ്ടതുണ്ടായിരുന്നു. ജോലിയിൽനിന്ന് അവധിയെടുത്തുള്ള യാത്രകളായിരുന്നു പിന്നീട്. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ ഫാൽക്കൺ ഹോസ്പിറ്റലുകളിലും പ്രജനനകേന്ദ്രങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും സന്ദർശിച്ചു. ഇന്ത്യയിൽ വടക്കൻ സംസ്ഥാനങ്ങളിലെല്ലാം ഈ പക്ഷിയുടെ ചിറകടികൾ തേടി അലഞ്ഞു. സ്റ്റുഡന്റ് വിസയിൽ യു.എ.ഇയിൽ എത്തി ആറു വർഷമാണ് ഗവേഷണത്തിനായി ചെലവിട്ടത്. അവസാനം 2004 ൽ കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഫാൽക്കണുകളുടെ ജീവിത രീതിയും സ്വഭാവവും എന്ന വിഷയത്തിൽ സുബൈറിന് ഡോക്ടറേറ്റ് ലഭിച്ചു.
യു.എ.ഇ പ്രസിഡന്റിന്റെ നിയന്ത്രണത്തിലുള്ള സുപ്രീം പെട്രോളിയം കൗൺസിലിൽ പരിസ്ഥിതി വിദഗ്ധനായി ഒന്നരവർഷത്തോളം അദ്ദേഹം ഗവേഷണത്തിൽ ഏർപ്പെട്ടിരുന്നു. യു.എ.ഇ രാജകുടുംബാംഗത്തിന്റെ ക്ഷണം സ്വീകരിച്ച് മരുഭൂമിയിലെ വിഷപ്പാമ്പുകളെ കുറിച്ച് പഠനം നടത്തി. കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പക്ഷികളുടെയും മറ്റു ചെറു മൃഗങ്ങളുടെയും ശല്യം കുറക്കാൻ ഫാൽക്കണുകളെ ഉപയോഗിക്കാം എന്ന പദ്ധതി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത അറബിയും ഒട്ടകവും മാധവൻ നായരും എന്ന സിനിമയിലും മമ്മൂട്ടിയുടെ വൺ എന്ന സിനിമയിലും ചെറിയ റോളുകളിൽ ഡോ.സുബൈർ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഡോ.സുബൈർ രൂപകൽപ്പന ചെയ്ത ംംം.ളമഹരീിുലറശമ.രീാ എന്ന വെബ്‌സൈറ്റ് ഈ പക്ഷികളെ കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ നൽകുന്നതാണ്. 
അഞ്ചു ഭൂഖണ്ഡങ്ങളിലായി മുപ്പതോളം രാജ്യങ്ങളിലാണ് ഫാൽക്കൺ പഠനവുമായി ബന്ധപ്പെട്ട് ഈ മലയാളി ഗവേഷകൻ സഞ്ചരിച്ചത്. വിദേശരാജ്യങ്ങളിൽ ഗവേഷകർക്കായുള്ള സമ്മേളനങ്ങളിലും സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചകളിലും പങ്കാളികളാകുകയും ചെയ്തിട്ടുണ്ട്.
ഖത്തർ രാജവംശത്തിൽ നിന്നുള്ള ക്ഷണപ്രകാരം മൊറോക്കോയിൽ ഹൊബാറ ബ്രീഡിങ് സെന്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ ഡോ.സുബൈർ പങ്കെടുത്തിരുന്നു. ഖത്തർ രാജാവിന്റെ നേതൃത്വത്തിൽ മൊറോക്കോയിലേക്ക് 120 ഫാൽക്കണുകളെ കൊണ്ടുപോയ സംഘത്തിൽ ഡോ.സുബൈറും അംഗമായിരുന്നു. 2019 മെയ് മാസത്തിൽ ഖത്തറിൽ ലുസൈൽ അതിവേഗപാതയിലെ ഇരട്ടക്കമാനത്തിൽ അപൂർവ്വമായ യൂറോപ്യൻ കെസ്ട്രൽ വിഭാഗത്തിലെ ഫാൽക്കണിനെ ഡോ.സുബൈർ കണ്ടെത്തിയിരുന്നു. പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി മൂന്ന് വർഷം പഠനം നടത്താൻ ബ്രസീൽ യൂണിവേഴ്‌സിറ്റി അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. അമേരിക്കയിലെ കോർണൽ യൂണിവേഴ്‌സിറ്റിയുടെ ഫാൽക്കൺ ലേസർ പ്രൊജക്റ്റിന്റെ ഭാഗമായാണ് ഈ ഫെലോഷിപ്പ്. ഫാൽക്കണുകൾക്ക് ഏൽക്കുന്ന മുറിവുകൾ ലേസർ രശ്മി ഉപയോഗിച്ച് ചികിത്സിക്കുന്ന ആധുനിക ചികിത്സാരീതിയെ കുറിച്ചുള്ളതാണ് ഈ പഠനം. 
ഫാൽക്കൺ പക്ഷികളുടെ ജീവിതം എന്ന പേരിൽ ഡോ.സുബൈർ ഇംഗ്ലീഷ്, അറബി, മലയാളം എന്നീ ഭാഷകളിലായി തയ്യാറാക്കിയ ഡോക്യുമെന്ററി പ്രമുഖ ചലചിത്ര നടൻ മമ്മൂട്ടിയാണ് പ്രകാശനം നിർവ്വഹിച്ചത്.
ഫാൽക്കണുകളെ കുറിച്ച് മൂന്ന് ഭാഷകളിലായി എഴുതിയ ഹണ്ടിംഗ് ഡോഗ്‌സ് ഓഫ് ദി സ്‌കൈസ് എന്ന പുസ്തകം അടുത്തു തന്നെ പുറത്തിറങ്ങും. 15 ഇനങ്ങളിൽ പെട്ട ഫാൽക്കണുകളുടെ ശബ്്ദം റെക്കോർഡ് ചെയ്ത അപൂർവ്വ ഗവേഷണ പദ്ധതി ഡോ.സുബൈറിന്റേതായിരുന്നു.ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കൊട്ടാരത്തിൽ വെച്ച്  2003 ലാണ് ഫാൽക്കണുകളുടെ ശബ്ദം റെക്കോർഡ് ചെയ്തത്.പിന്നീട് തമിഴ്്‌നാട്ടിലെ അണ്ണാമല യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇത് സോണോഗ്രാം ആക്കി സൂക്ഷിക്കുകയായിരുന്നു. 2003ൽ ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെ യുവശാസ്ത്രജ്ഞനുള്ള ദേശീയ പുരസ്‌കാരം ഡോ.സുബൈറിനെ തേടിയെത്തിയിരുന്നു. ഗവേഷണത്തിന്റെ ഭാഗമായി അമേരിക്ക,ജർമ്മനി, ചൈന, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്,മൊറോക്കോ.സിംഗപ്പൂർ,മലേഷ്യ,ഈജിപ്ത്,ജോർദാൻ,തായ്‌ലൻഡ്, യു,എ.ഇ,ആസ്‌ട്രേലിയ,ഖത്തർ, സൗദി അറേബ്യ, കുവൈത്ത്,ഒമാൻ,ബഹ്‌റൈൻ,ഇറാൻ,ശ്രീലങ്ക തുടങ്ങി ഒട്ടേറെ രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. 
വാണിയന്നൂർ മേടമ്മൽ കുഞ്ഞേദ്രുഹാജിയുടേയും കെ. വി ഫാത്തിമയുടെയും രണ്ടാമത്തെ മകനായ സുബൈറിന്റെ ഭാര്യ സജിത വളവന്നൂർ ബി.വൈ.കെ.വൈ ഹയർസെക്കണ്ടറി സ്‌കൂളിൽ പ്ലസ്ടു അധ്യാപികയാണ്. വിദ്യാർഥികളായ ആദിൽ സുബൈർ, അമൽ സുബൈർ, അൽഫാ സുബൈർ എന്നിവർ മക്കളുമാണ്.

Latest News