പാക്കിസ്ഥാനിലേയ്ക്ക്  പോയ്ക്കൂടെ 

പാക്കിസ്ഥാനിലേയ്ക്ക് പോയ്ക്കൂടെ എന്ന ചോദ്യം വാർത്തമാനകാലത്ത് കൂടുതൽ കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്നു. ഇനിയും ഒരു വിഭജനം വേണ്ടി വരുമെന്നാണോ? സംഘർഷാത്മകമായ, വിദ്വേഷാത്മകമായ ഈ സന്ദിഗ്ധ ഘട്ടത്തെ ഒരു ജനതയെന്ന നിലയിൽ  ഇന്ത്യക്കാർക്ക്  അതിജീവിക്കാനാവുകയില്ലേ?

'ഞങ്ങൾ അന്ന് മിഡിൽ സ്‌കൂളിൽ പഠിക്കുകയാണ്. ഞങ്ങളുടെ പ്രാർഥന നയിച്ചിരുന്ന ഒരു പയ്യനെ ഒരു സർദാർജി റോഷനാരാ ബാഗിലേക്ക് കയറിൽ വരിഞ്ഞുകെട്ടി വലിച്ചുകൊണ്ടുപോകുന്നതു ഞാൻ കണ്ടു. ആളുകൾ വാതിലിനിടയിലൂടെ, ജനൽവാതിൽക്കലൂടെ എത്തിനോക്കുന്നുണ്ടായിരുന്നു. ആരും പുറത്തേയ്ക്ക് വന്നില്ല. നിരത്തുകൾ വിജനം. ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് അവനെ താൻ പാക്കിസ്ഥാനിലേക്കയക്കുകയാണെന്നാണ്. പിന്നെ അയാൾ തിരിച്ചുവന്നത് ചോര പുരണ്ട വാളുമായി വിജയ ഭാവത്തിലാണ്. അതു കണ്ടിട്ട് കരയാൻ പോലും എനിക്കായില്ല. പേടിയിൽ നിന്നുടലെടുത്ത ഒരു മൂകത ഉള്ളിൽ നിറയുകയായിരുന്നു.' 
വിഭജനത്തെ കുറിച്ചുള്ള ഓർമകൾ അയവിറക്കുകയായിരുന്നു പ്രശസ്ത കവി ഗുൽസാർ. 
ഉർദുവിലെ പ്രശസ്ത കഥാകാരൻ ജോഗീന്ദ്രപാലുമായി വിഭജന സ്മരണകൾ പങ്കുെവയ്ക്കുകയായിരുന്നു അദ്ദേഹം. ഹാർപർ കോളിൻസ് പ്രസിദ്ധീകരിച്ച ഗുൽസാറിന്റെ ഫൂട്പ്രിന്റ്‌സ് ഓൺ സീറോ ലൈൻസ് എന്ന പുസ്തകത്തിലാണ് ഈ ദീർഘസംഭാഷണമുള്ളത്. 
ഇന്ത്യയിലെ സമുന്നതരായ രണ്ട് എഴുത്തുകാരുടെയും ഓർമകളെ ഞെരുക്കുന്ന തരുണ കാലമായിരുന്നു അത്. ജോഗീന്ദ്രപാൽ അന്നു എംഎയ്ക്ക് പഠിക്കുകയാണ്. സമ്പൂരൻ സിംഗ്കൾറ എന്ന ഗുൽസാറും ചെറുപ്പം. പക്വതയുണ്ടായി വരുന്നതേയുള്ളൂ. 1946 ഒടുവിൽ തന്നെ പാക്കിസഥാനിലേയ്ക്കുള്ള കുടിയേറ്റം ആരംഭിച്ചിരുന്നു. ഗുൽസാറിന്റെ കുടുംബം ദൽഹിയിലെത്തുമ്പോഴേയ്ക്ക് പിതാവ് അതിർത്തിയിലെവിടെയൊ കുടുങ്ങിപ്പോയിരുന്നു. ദൽഹിയിൽ സബ്‌സിമണ്ഡിയിലാണു കുടുംബം താമസമുറപ്പിച്ചത്. അവിടെ നിത്യവും കലാപങ്ങൾ നടന്നുകൊണ്ടിരുന്നു. 

പേക്കിനാക്കൾ കണ്ട നാളുകൾ
താമസിക്കാൻ വീടില്ലായിരുന്നുവെന്നതായിരുന്നു ഇരുപത്തിമൂന്നുകാരനായ ജോഗീന്ദ്ര പാലിന്റെ പ്രശ്‌നം. മൊഹല്ലയിലെ വീടുകളെല്ലാം പൂട്ടിക്കിടന്നു. പുരപ്പുറത്തുകൂടി ചാടിക്കടന്നാണു വീടുകളിലെത്തിയിരുന്നത്. നേതാക്കളുടെ ഭ്രാന്തമായ മുദ്രാവാക്യങ്ങളുടെ പിന്നാലെയായിരുന്നു ജനങ്ങൾ. ആളുകളെ പാർപ്പിക്കാൻ നേതാക്കൾ ഒന്നും ചെയ്തില്ല. 
പാതി വെന്ത മനുഷ്യ ശരീരങ്ങളും തകർന്ന കസേരകളും കിടക്കകളും നിരത്തിൽ ചിതറിക്കിടക്കുന്നത് കണ്ട് കരയാൻ പോലും കഴിയാതെ ഭീതിദനായി നിന്ന നാളുകളായിരുന്നു ഗുൽസാറിന്റെ ഓർമ്മകളിൽ. കരിഞ്ഞ ജഡങ്ങൾ നിറഞ്ഞ ട്രക്കുകൾ പാഞ്ഞുപോകുന്നു. അന്നു മതിയാവോളം കരഞ്ഞിരുന്നെങ്കിൽ പിന്നെ ഒന്നും എഴുതേണ്ടി വരില്ലായിരുന്നു. ഇരുപത്തഞ്ചു കൊല്ലങ്ങളോളം ഞാൻ പേക്കിനാക്കൾ കണ്ടിരുന്നു. ഉറങ്ങാൻ കഴിയാതെ പേടിച്ചരണ്ട രാവുകൾ -ഗുൽസാർ ഓർക്കുകയായിരുന്നു. പിന്നീട് വളരെ സമയമെടുത്താണ് അനുഭവങ്ങൾ ആവിഷ്‌കരിക്കാൻ തുടങ്ങിയത്. 

പ്രഭാതം മുതൽ പ്രദോഷം വരെ കഥകൾ
ഭാഗ്യവശാൽ തനിക്കത്തരം അനുഭവങ്ങളുണ്ടായില്ലെന്ന് ജോഗീന്ദർ പോൾ പറഞ്ഞു. പട്ടാള നിയന്ത്രണത്തിൽ ഞങ്ങളെ ഇന്ത്യനതിർത്തിയിൽ കൊണ്ടുവന്നിറക്കുകയായിരുന്നു അപ്പോഴാണ് ചുറ്റുമുള്ള ദുരിതങ്ങൾ കാണാനിടയായത്. എങ്ങോട്ടേയ്ക്കാണ് പോകേണ്ടത്? എവിടെയാണു രാപ്പാർക്കേണ്ടത്? ഒന്നും നിശ്ചയമില്ല. ഇന്ത്യയിലെ ബന്ധുക്കളുടെ പേടി ഞങ്ങൾ അവരുടെ കൂടെ പാർത്തുകളയുമോ എന്നായിരുന്നു 
അതേസമയം, സബ്‌സിമണ്ഡിയിലെ ഞങ്ങളുടെ പിതൃഭവനം (സർദാർ മഖൻസിങ് ഹൗസ്) അഭയാർഥി ക്യാമ്പ് പോലെയായിരുന്നു - ഗുൽസാർ ഓർമിച്ചു. 'പ്രഭാതം തൊട്ട് രാത്രി വരെ ഓരോരുത്തരും ദുരന്ത കഥകൾ പറയുമായിരുന്നു. നൊമ്പരത്തിന്റെ കഥകൾ. അതിജീവനത്തിന്റെ കഥകൾ. ഞങ്ങളുടെ കുടുംബത്തിലെ പകുതിയാളുകളും എവിടെയൊക്കെയൊ ചുറ്റിത്തിരിയുകയായിരുന്നു. 
കിങ്‌സ്‌വേയിലേയും ചന്ദ്രവാളിലേയും ക്യാമ്പുകൾ വലുതായിരുന്നു. ആളുകൾ മുസ്‌ലിംകളെ വെറുക്കുകയും ശപിക്കുകയും ചെയ്തുകൊണ്ടിരുന്നു. പക്ഷേ എന്റെ പിതാവ് ശാന്തനായിരുന്നു. ദുരന്ത കാലത്തെ ക്ഷമാപൂർവം എങ്ങനെ നേരിടണമെന്ന് അദ്ദേഹത്തിൽ നിന്നാണ് ഞങ്ങൾ പഠിച്ചത്. അന്നെനിക്ക് എട്ടൊമ്പത് വയസ്സേയുള്ളൂ. പിതാവിന്റെ കൂട്ടുകാരെല്ലാം മുസ്‌ലിംകളായിരുന്നു. പക്ഷേ, അവരുടെ സൗഹൃദത്തിനു ഒന്നും സംഭവിച്ചില്ല. 

നീയെന്നെ കൊല്ലുമോ?
വിഭജനത്തെ ചൊല്ലിയുള്ള ഭ്രാന്ത് താമസിയാതെ കെട്ടടങ്ങുമെന്നും സ്വന്തം വീടുകളിലേക്ക് മടങ്ങാൻ കഴിയുമെന്നും ആളുകൾ കരുതി. പാക്കിസ്ഥാൻ എന്ന ഒരു രാജ്യം ഉണ്ടായിക്കഴിഞ്ഞു. എല്ലാത്തിനും ഒരവസാനമുണ്ടാകുമല്ലോ. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മഹാനായ കഥാകാരൻ സാദത്ത് ഹസൻ മാന്റോ അക്കാലത്ത് തന്റെ ഒരാത്മസുഹൃത്തിനോട് ചോദിച്ചു: നീയെന്നെ കൊല്ലുമോ? 
കഴിയുമെങ്കിൽ -എന്നായിരുന്നു മറുപടി. ഈ പേടിയാണ് മാന്റോയെ പാക്കിസ്ഥാനിലേയ്ക്ക് പോകാൻ പ്രേരിപ്പിച്ചതെന്ന കാര്യത്തിൽ ഗുൽസാറിനും ജോഗീന്ദറിനും സംശയമില്ല. മുസ്‌ലിംകളുടെ പ്രശ്‌നം എന്താണെന്ന് സഹതാപപൂർവ്വം മനസ്സിലാക്കാനുള്ള ശ്രമം തങ്ങൾക്കുണ്ടായില്ലെന്ന് ഇപ്പോൾ അവർക്ക് തോന്നുന്നുണ്ട്. മതമൗലികതയാണ് വർഗീയ ലഹളയായി പൊട്ടിപ്പുറപ്പെട്ടത്. മുസ്‌ലിംകൾ ഹിന്ദുക്കളെയും ഹിന്ദുക്കൾ മുസ്‌ലിംകളെയും കൊന്നു. സൂപ്പർനോവാ സ്‌ഫോടനം തന്നെയായിരുന്നു വിഭജനം. 1915 ൽ ബംഗാളിനെ വിഭജിക്കാനുള്ള വിദേശ ഭരണകൂടത്തിന്റെ നീക്കത്തെ ബംഗാൾ ജനത ചെറുത്തു തോൽപിച്ചു. എന്നാൽ 1947 ൽ അവരത് യാഥാർത്ഥ്യമാക്കുക തന്നെ ചെയ്തു.
 
മതമറിയാത്ത ഭ്രാന്ത്
'ഞാൻ അടുക്കളയിലും ചൗക്കയിലുമിരുന്ന് മുസ്‌ലിം ചങ്ങാതിമാരോടൊപ്പം തിന്നുകയും കുടിക്കുകയും ചെയ്യുന്നതിന് അമ്മ അനുവദിച്ചിരുന്നെങ്കിലും അവർ സ്ഥലം വിട്ടാൽ ഉടനെ അവരുടെ എച്ചിൽപാത്രം തീയിലേയ്‌ക്കെറിയുമായിരുന്നു' മികച്ച സാമുദായിക സൗഹൃദ കഥകളുടെ രചയിതാവായ ജോഗീന്ദർ പോൾ മനസ്സു തുറന്നു. അതായിരുന്നു സാഹചര്യം. ഈ യാഥാർത്ഥ്യത്തെ കുറിച്ച് മുസ്‌ലിംകളും ബോധവാന്മാരായിരുന്നു. അതിർത്തിക്കിപ്പുറത്തേക്ക് എങ്ങനെയോ കടന്നു വന്ന  ഒരു ഭ്രാന്തിന്റെ കഥ (ദേരാ ബാബാ നാനാക്) എഴുതിയ കഥാകാരനാണ് പോൾ. ആ ഭ്രാന്തനു താൻ ഹിന്ദുവോ മുസൽമാനോ എന്നറിയില്ലായിരുന്നു. അതിർത്തിക്കപ്പുറത്തേക്ക് ഒരു കൂട്ടമാളുകൾ പോകുന്നത് കണ്ടപ്പോൾ ആ കിറുക്കനും അവരോട് ചേർന്നു- അത്രയ്‌ക്കേ ഉണ്ടായിരുന്നുള്ളൂ അയാളുടെ ഭ്രാന്ത്. 

മാന്റോയും  പ്രേംചന്ദും
ഇതേ ഭ്രാന്തിനെക്കുറിച്ചു തന്നെയാണല്ലോ മാന്റോ, തന്റെ .... പ്രശസ്തമായ തോബാ തേക് സിങ് എന്ന ചെറുകഥയിൽ ചിത്രീകരിച്ചത്. ഒരു രാജ്യത്ത് നിന്നു മറ്റൊരു രാജ്യത്തേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഭ്രാന്താലയത്തിലെ ഭ്രാന്തന്മാരുടെ കഥ. വാസ്തവത്തിൽ ആർക്കായിരുന്നു ഭ്രാന്ത്? 
അത് ആ കാലഘട്ടത്തിന്റെ സങ്കീർണ മനസ്സിനെയാണ് അനാവൃതമാക്കുന്നത്. 
അന്നും ഹിന്ദു-മുസ്‌ലിം മൈത്രിയെ കുറിച്ചുള്ള മുദ്രാവാക്യങ്ങൾ മുഴങ്ങിയിരുന്നു. അതൊരു വശത്തും മറുവശത്ത് രക്തച്ചൊരിച്ചലും. പക്ഷേ, മാന്റോ കഥകളിൽ വർഗീയ വിഷമില്ലായിരുന്നു. 
തീക്ഷ്ണമായ ആക്ഷേപ ഹാസ്യത്തിലൂടെ തികഞ്ഞ മാനുഷികതയാണ് അദ്ദേഹം പ്രസരിപ്പിക്കാൻ ശ്രമിച്ചതെന്നതിൽ രണ്ടുപേർക്കും അഭിപ്രായാന്തരമില്ല. പ്രേംചന്ദിന്റെ രചനകളിൽ കാണുന്ന രക്തം മാന്റോ കഥകളിൽ കാണുന്നില്ലെന്ന് ഗുൽസാർ പറയുമ്പോൾ കഥ പറച്ചിലിന്റെ സമീപനങ്ങളിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുകയായിരുന്നു. 

മൻമോഹൻ സിങും പർവേസ് മുഷറഫും
എല്ലാ കാലവും ഒരു പോലെയാവുകയില്ല. ജീവിതം വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിർത്തിയുടെ ഇരുവശത്തും ഒരുപാട് പുല്ലുകൾ കിളിർക്കുകയും കൊഴിയുകയും വീണ്ടും വളരുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതാണ് ജീവിതം. സാധാരണക്കാരല്ല വർഗീയത വളർത്തുന്നത്, നേതാക്കളാണ് എന്ന കാര്യത്തിൽ രണ്ട് എഴുത്തുകാരും യോജിക്കുന്നു. രാഷ്ട്രീയമായ ഇടപെടലുകളാണ് പ്രശ്‌നം. 
ഗുൽസാർ ചൂണ്ടിക്കാണിച്ച ഒരു താരതമ്യം ആലോചിക്കുമ്പോൾ രസകരമാണ്. പാക് പഞ്ചാബിൽ ജനിച്ചുവളർന്ന മൻമോഹൻ സിങ് ഇന്ത്യൻ പ്രധാനമന്ത്രിയാകുന്നു. ദൽഹിയിൽ പിറന്ന പർവേസ് മുഷറഫ് പാക്കിസ്ഥാൻ പ്രസിഡന്റാകുന്നു. എന്താണ് വ്യത്യാസം? ഇവിടെ ചരിത്രത്തിലെ  ഒരു ചാക്രികവൃത്തം പൂർത്തിയാവുകയാണ്. പക്ഷേ ഗുൽസാറിന്റെ തന്നെ ഖൌഫ് പോലുള്ള കഥകളിൽ പഴയ തീക്കനൽ ഇനിയും ആളിപ്പടരുമോ എന്ന ഭീതിയുണർത്തുന്നുണ്ട്. 

ശവപ്പറമ്പിൽ ഉയരുന്ന വീട്
ജോഗീന്ദർ പോളിന്റെ ഒരു കഥയിൽ (സുക്കൂനത്ത്) ഒരു ശവപ്പറമ്പിൽ വീട് പണിതുയർത്തപ്പെടുന്നു. ഒരാൾ അത് ചൂണ്ടിക്കാട്ടി പറയുന്നു: വീട് പണിതോട്ടെ. അതിനെന്താ, ശവങ്ങളൊക്കെ പാക്കിസ്ഥാനിലേയ്ക്ക് പോയില്ലേ? 
ആ വാചകത്തിനു പിന്നിലെ ഭീതിദമായ വികാരം തന്നിൽ അബോധപൂർവം ഉണ്ടായതാണെന്നദ്ദേഹം പറയുമ്പോൾ, ഒരൊറ്റ സമൂഹത്തിന്റെ സൃഷ്ടിക്കു വേണ്ടി ബോധപൂർവ്വം നാം ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നു. 
യുഗപ്രഭാവരായ രണ്ട് സാഹിത്യകാരന്മാരുടെയും വാക്കുകളിൽ പ്രത്യാശയുണ്ടായിരുന്നു. ചരിത്രം ആവർത്തിക്കുകയില്ലെന്നും സൗഹൃദത്തിന്റേതായ ഒരു അന്തരീക്ഷം വളരുകയാണെന്നും ഇരുവരും സൂചിപ്പിക്കുകയുണ്ടായി. 
എന്നാൽ, പുതിയ ഇന്ത്യയിൽ ഇന്നു എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിദ്വേഷത്തിന്റെ പുതിയ വിഷപ്പുകകൾ വ്യാപിച്ചുകൊണ്ടിരിക്കുകയല്ലെ? 
എംഎസ് സത്യുവിന്റെ 'ഗരം ഹവ' എന്ന സിനിമയാണ് മനസ്സിന്റെ തിരശ്ശീലയിൽ തെളിഞ്ഞുവരുന്നത്. വിഭജന കാലത്തെ ഉത്തരേന്ത്യ, ഇസ്മത് ചുഗ്ത്തായിയുടെ മൂന്നു ചെറുകഥകളെ ലയിപ്പിച്ചുണ്ടാക്കിയ തിരക്കഥ. ഇന്ത്യയിൽ നിർമിക്കപ്പെട്ടതിൽ ഏറ്റവും ശക്തമായ രാഷ്ട്രീയ സിനിമ. വർഗീയ ലഹളയിൽ കത്തിയമർന്ന ചെരിപ്പുകടയുടെ ഉടമസ്ഥൻ സയ്യിദ് മിർസ (ബൽരാജ് സാഹ്‌നിയാണ് ആ വേഷത്തിൽ) സാമ്പത്തിക സഹായം തേടി ബാങ്കിൽ ചെല്ലുമ്പോൾ മാനേജർ ചോദിക്കുന്നു: നിങ്ങൾക്ക് പാക്കിസ്ഥാനിലേയ്ക്ക് പോയ്ക്കൂടെ? 
അയാളുടെ അഭ്യസ്തവിദ്യനായ മകൻ തൊഴിൽ തേടി ചെല്ലുമ്പോൾ ഇന്റർവ്യൂ ബോർഡിലെ മാന്യന്മാർ ചോദിക്കുന്നു. പാക്കിസ്ഥാനിലേയ്ക്ക് പോയ്ക്കൂടെ? 
ഒടുവിൽ പോകാൻ തന്നെ രണ്ടുപേരും തീരുമാനിച്ചു. റെയിൽവേ സ്റ്റേഷനിലേക്ക് ജഡ്ക്കയിൽ പുറപ്പെട്ടു. വഴി മധ്യേ ഒരു ഘോഷയാത്ര: റോട്ടി, കപ്പട, മക്കാൻ.... 
മകൻ പിതാവിന്റെ മുഖത്തേക്ക് നോക്കുന്നു. പിതാവ് മകനെയും. ഇരുവരും ജഡ്ക്കയിൽ നിന്നിറങ്ങി ഘോഷയാത്രയുടെ ഭാഗമാകുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്. പാക്കിസ്ഥാനിലായാലും ഇന്ത്യയിലായാലും ജീവിതത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങൾ ഒന്നു തന്നെ. 
പാക്കിസ്ഥാനിലേയ്ക്ക് പോയ്ക്കൂടെ എന്ന ചോദ്യം വാർത്തമാനകാലത്ത് കൂടുതൽ കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്നു. ഇനിയും ഒരു വിഭജനം വേണ്ടി വരുമെന്നാണോ? സംഘർഷാത്മകമായ, വിദ്വേഷാത്മകമായ ഈ സന്ദിഗ്ധ ഘട്ടത്തെ ഒരു ജനതയെന്ന നിലയിൽ ഇന്ത്യക്കാർക്ക് അതിജീവിക്കാനാവുകയില്ലേ? 
 

Latest News