സ്‌നേഹം കൂട് കെട്ടിയ മേഘക്കുടകൾ

ജീവിതയാത്രക്കിടയിൽ നിരവധി സൗഹൃദങ്ങൾ സൂക്ഷിക്കുകയും കുടഞ്ഞെറിയുകയും ചെയ്തിട്ടുണ്ട് പുനത്തിൽ. സൗഹൃദ കൂട്ടായ്മയിൽ സേതുവിനോടൊപ്പം ഒരു നോവലും എഴുതി. സ്വയം തീർത്ത ചാലുകളിലൂടെ ജീവിതം കൊണ്ടുപോയ മനുഷ്യനായിരുന്നു പുനത്തിൽ. തനിക്ക് തോന്നിയതു പോലെ ജീവിച്ചു. എഴുതി. എവിടെയും അഭിപ്രായങ്ങൾ മുഖം നോക്കാതെ വിളിച്ചു പറഞ്ഞു. എഴുതിയതിനേക്കാൾ എഴുതാൻ ബാക്കി വെച്ച് കടന്നു പോയ വലിയ എഴുത്തുകാരൻ 

വളരെ കാലമായി ഡോ. പുനത്തിൽ കുഞ്ഞബ്ദുല്ലയെ നേരിൽ കണ്ടിട്ട്. അവസാനമായി കണ്ടത് നാലഞ്ച് വർഷം മുമ്പ് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ വേദിയിലാണെന്നാണ് ഓർമ. ആ കാഴ്ച പങ്കു വെക്കേണ്ടതല്ല. പിന്നീട് പലപ്പോഴും ഫോണിൽ ബന്ധപ്പെട്ടു. നീ എവിടെ, കാണാൻ തോന്നുന്നു. ഇനി അവധിക്ക് വരുമ്പോൾ വരണം. പലപ്പോഴും പറഞ്ഞു. വരാമെന്ന് സമ്മതിച്ചു. ഇനി പോകേണ്ടതില്ല. ജീവിതം കൊണ്ടും എഴുത്തു കൊണ്ടും മലയാളിയെ വിസ്മയിപ്പിച്ച പുനത്തിൽ കുഞ്ഞബ്ദുല്ലയെന്ന എഴുത്തുകാരൻ പടി കടന്നു പോയിരിക്കുന്നു. പിൻവിളി എത്ര വിളിച്ചാലും തിരിഞ്ഞു നോക്കാൻ സാധിക്കാത്ത അവസാനത്തെ യാത്ര. അദ്ദേഹത്തെ ഖബറടക്കിയ പള്ളിക്കാട്ടിലെ സ്മാരകശില നോക്കി നോക്കി കണ്ടെത്തി ആയുസ് അനുവദിച്ചാൽ എപ്പോഴെങ്കിലും ഒരു ഖബറിട സിയാറത്ത്. മരിച്ചവന് ജീവിച്ചിരിക്കുന്നവൻ കൊടുക്കുന്ന പ്രാർഥനയുടെ ഒരിറ്റ് കണ്ണീര്. 
സൗഹൃദങ്ങളെ താലോലിച്ചിരുന്ന എഴുത്തുകാരനായിരുന്നു പുനത്തിൽ. പെട്ടെന്ന് ദേഷ്യപ്പെടും. മാസങ്ങളോളം ചെറിയ കാരണങ്ങളുടെ പേരിൽ മിണ്ടാതിരിക്കും. പിന്നെ വീണ്ടും സുഹൃത്തിനെ കെട്ടിപ്പുണരും. എല്ലാം ലഹരിയായിരുന്നു. ആസ്വദിക്കലായിരുന്നു. വടകരയിലെ ജനത ക്ലിനിക്കിൽ കൂടെ ജോലി ചെയ്തിരുന്ന ശിശുരോഗ വിദഗ്ധൻ കൊടുങ്ങല്ലൂർ സ്വദേശി   ഡോ. ജലീലിനോടൊപ്പം (ഡോ.ജലീൽ ഇപ്പോൾ റിയാദിൽ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്നുണ്ട്) ഒരിക്കൽ കോഴിക്കോട് എത്തിയ ഒരു ഉൻമാദ സായാഹ്നത്തിന് ഞാൻ യാദൃച്ഛികമായി സാക്ഷിയായി. മഹാരഥൻമാർ പലരും അന്ന് 'മഹാറാണി'യിലുണ്ടായിരുന്നു. കമലിന്റെ പ്രാദേശിക വാർത്തകളുടെ ചിത്രീകരണം നടക്കുന്ന സമയമാണ്. 
കമലിന്റെ ഏറ്റവും അടുത്ത ബന്ധു കൂടിയായ ഡോ.ജലീലിനോടൊപ്പം പുനത്തിലിന്റെ വരവ് ചില സിനിമാ ചിന്തകൾ പങ്കുവെക്കാനായിരുന്നു. അന്ന് അവിടെ വി.കെ മാധവൻ കുട്ടിയും കെ.പി ഉമ്മറുമൊക്കെ താമസിച്ചിരുന്നു. അൽപം കഴിഞ്ഞ് യു.എ ഖാദറുമെത്തി. വെള്ളിമാടു കുന്നിൽനിന്ന് ജമാൽ കൊച്ചങ്ങാടി വരാമെന്ന് പറഞ്ഞെങ്കിലും എത്തിയില്ല. വളരെ നിസ്സാരമായ എന്തോ കാരണങ്ങളുടെ പേരിൽ പുനത്തിൽ അന്ന് ആരോടൊ ക്ഷുഭിതനായി. ഇതോടെ എല്ലാ സിനിമാ ചിന്തകളും ചീട്ടു കൊട്ടാരം പോലെ ഇടിഞ്ഞു വീണു. സീനുകൾ മാറി മറിഞ്ഞു. വളരെ ബുദ്ധിമുട്ടിയാണ് ഡോ. ജലീൽ അന്ന് പുനത്തിലിനെ കാറിൽ കയറ്റിയത്. അൽപം കഴിഞ്ഞ് ശാന്തനായ പുനത്തിൽ പിന്നെ താൻ ഉടക്കിയ മനുഷ്യനെ തിരഞ്ഞു നടക്കുകയായിരുന്നു മഹാറാണിയുടെ കോറിഡോറുകളിൽ. തൊട്ടു പിറകെ ഞാനും ഡോ.ജലീലും. മോശമായി പോയി. അയാൾ ആരാണ് ? കണ്ടുപിടിക്കണം. കെട്ടിപ്പിടിക്കണം. ഏറെനേരം അങ്ങനെ നടന്നു.
ഡോക്ടറായ പുനത്തിലിനെ കുറിച്ച് മാടമ്പ് കുഞ്ഞുകുട്ടൻ പറയുന്ന ഒരു തമാശയുണ്ട്. നോക്കടൊ അയാളുടെ ക്ലിനിക്കിൽ ഒരു രോഗിയും ചികിത്സക്കിടെ ഇന്നോളം മരിച്ചിട്ടില്ല. കാരണം പനി അൽപം കൂടുതലായി തോന്നിയാൽ ഉടനെ അവൻ രോഗിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യും. അല്ലെങ്കിൽ മൊയ്തു ഡോക്ടറുടെ നാഷണൽ ക്ലിനിക്കിലേക്ക്. അസർ ബാങ്ക് കൊടുക്കുമ്പോൾ കരയുന്ന കുട്ടിയുടെ ചികിത്സക്ക്, എന്നാൽ പിന്നെ അസർ ബാങ്ക് നിർത്തിയാൽ പോരെയെന്ന് ചോദിച്ച ഡോക്ടറുടെ കഥയാണ് മാടമ്പ് പറയുമ്പോൾ നാം ഓർത്തു പോവുക. രസികനായ ഡോക്ടറായിരുന്നു പുനത്തിൽ. അദ്ദേഹം രോഗികളോട് കുശലം പറഞ്ഞ്  സ്റ്റെതസ്‌കോപ്പ് വെച്ച് ഹൃദയ സ്പന്ദനം കേട്ട് സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.  വടകരയിലെ ക്ലിനിക്കിൽ ഒരുച്ച നേരത്ത് ഞാനും ഫോട്ടോഗ്രാഫർ ബാബു കരോത്രയും (മനോരമ വാരിക പത്രാധിപർ കെ.എ ഫ്രാൻസിസിന്റെ സഹോദരൻ)  കൂടി ചെന്നപ്പോൾ ഡോക്ടർ പുനത്തിൽ രോഗികളെ പരിശോധിക്കുകയായിരുന്നു. പത്തോളം രോഗികൾക്ക് മരുന്നിന് എഴുതിക്കൊടുത്ത ശേഷം നട്ടുച്ചക്ക് കടപ്പുറത്തേക്കായിരുന്നു ഞങ്ങളുടെ യാത്ര. ബാബു അന്ന് പുനത്തിലിന്റെ നിരവധി മനോഹര ചിത്രങ്ങളെടുത്തു. പ്രമുഖ പത്രത്തിൽ ഫീച്ചർ എഴുതുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അത് പക്ഷെ നടന്നില്ല. പറഞ്ഞതും കേട്ടതും എഴുതിയെടുത്തതുമെല്ലാം വടകരയിലെ കടൽ കൊണ്ടുപോയി.  അന്ന് സംസാരിച്ചതെല്ലാം സൗഹൃദങ്ങളെ കുറിച്ചായിരുന്നു. എഴുത്തിനെ സൗഹൃദങ്ങൾ എങ്ങനെ സ്വാധീനിക്കുമെന്ന വിഷയം. ജീവിത യാത്രക്കിടയിൽ നിരവധി സൗഹൃദങ്ങൾ സൂക്ഷിക്കുകയും കുടഞ്ഞെറിയുകയും ചെയ്തിട്ടുണ്ട് പുനത്തിൽ. സൗഹൃദ കൂട്ടായ്മയിൽ സേതുവിനോടൊപ്പം ഒരു നോവലും എഴുതി. സ്വയം തീർത്ത ചാലുകളിലൂടെ ജീവിതം കൊണ്ടുപോയ മനുഷ്യനായിരുന്നു പുനത്തിൽ. തനിക്ക് തോന്നിയതു പോലെ ജീവിച്ചു. എഴുതി. എവിടെയും അഭിപ്രായങ്ങൾ മുഖം നോക്കാതെ വിളിച്ചു പറഞ്ഞു. എഴുതിയതിനേക്കാൾ എഴുതാൻ ബാക്കി വെച്ച് കടന്നു പോയ വലിയ എഴുത്തുകാരൻ - അഞ്ജലി. 
 

Latest News