ബഹ്റൈനില്‍ ഭീകരാക്രമണം; പോലീസുകാരന്‍ കൊല്ലപ്പെട്ടു

മനാമ- ബഹ്റൈന്‍ തലസ്ഥാന നഗരമായ മനാമയ്ക്കു സമീപമുണ്ടായ ഭീകരാക്രമണത്തില്‍ ഒരു പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട്  ഉണ്ടായ സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മനാമയിലേക്ക് വരുന്നതിനിടെ ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ വെച്ചാണ് പോലീസ് ബസിനുനേരെ ആക്രമണമുണ്ടായത്. അക്രമികള്‍ വിദൂര നിയന്ത്രിത നാടന്‍ ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. പരിക്കേറ്റ പോലീസുദ്യോഗസ്ഥരില്‍ ചിലരുടെ നില ഗുരുതരമാണ്.
സംഭവം നടന്നയുടന്‍ പോലീസ് സംഘം സ്ഥലത്ത് കുതിച്ചെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിലേക്കു നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്തമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഈ മാസം ഇതു രണ്ടാം തവണയാണു പോലീസിനു നേരെ ആക്രമണം.
ഒക്ടോബര്‍ രണ്ടിന് മനാമയ്ക്കു സമീപം ദയ്ഹിലെ ബുദൈയ ഹൈവേയില്‍ ഭീകരര്‍ നടത്തിയ ബോംബാക്രമണത്തില്‍ അഞ്ചു പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

Latest News