Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബഹ്‌റൈൻ ജയിൽ ആക്രമണം:  നാലു ഭീകരർക്കു വേണ്ടി അന്വേഷണം

ബഹ്‌റൈനിലെ ജോ ജയിലിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന ഭീകരർ. 
  •  ഭീകരർക്ക് ജയിൽ ഉദ്യോഗസ്ഥർ കൂട്ടുനിന്നതായി സംശയം

മനാമ - കഴിഞ്ഞയാഴ്ച ജോ ജയിലിനു നേരെയുണ്ടായ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തെന്ന് സംശയിക്കുന്ന നാലു ഭീകരർക്കു വേണ്ടി സുരക്ഷാ വകുപ്പുകൾ ഊർജിതമായ അന്വേഷണം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി ശൈഖ് റാശിദ് ബിൻ അബ്ദുല്ല അൽഖലീഫ വെളിപ്പെടുത്തി. പാർലമെന്റ് ആസ്ഥാനത്ത് സ്പീക്കർ അഹ്മദ് ഇബ്രാഹിം അൽമുല്ലയും പാർലമെന്റിലെ വിദേശ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റികളും ഏതാനും എം.പിമാമാരുമായും കൂടിക്കാഴ്ച നടത്തുകയായിരുന്നു ആഭ്യന്തര മന്ത്രി. ജയിൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുതിയ സംഭവ വികാസങ്ങൾ ആഭ്യന്തര മന്ത്രി ഇവരെ അറിയിച്ചു. മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരും യോഗത്തിൽ സന്നിഹിതരായിരുന്നു.
മുഹമ്മദ് ജാസിം മുഹമ്മദ് അൽആബിദ് (28), ഹാമിദ് ജാസിം മുഹമ്മദ് അൽആബിദ് (28), ഹുസൈൻ അലി മുഹമ്മദ് ഫർദാൻ ശുക്ർ (22), മഹ്മൂദ് യൂസുഫ് ഹബീബ് ഹസൻ യഹ്‌യ (22) എന്നിവരാണ് ജോ ജയിലിനു നേരെ ആക്രമണം നടത്തിയത്. ജയിലിലെ ഏതാനും ഉദ്യോഗസ്ഥർ ഭീകരർക്ക് കൂട്ടുനിന്നതായി ആഭ്യന്തര മന്ത്രി ആരോപിച്ചു. ഇവരെ അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. എത്ര ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരാണെങ്കിലും അവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കും. ഭീകരരെ സഹായിച്ച ഏതാനും പേരെ സുരക്ഷാ വകുപ്പുകൾ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭീകരർ ഉപയോഗിച്ച കാറിന്റെ ഉടമയും മറ്റു ഭീകര കേസുകളിൽ സുരക്ഷാ വകുപ്പുകൾ അന്വേഷിച്ചുവന്നവരുമാണ് പിടിയിലായത്. എന്നാൽ എത്ര പേരെ അറസ്റ്റ് ചെയ്തു എന്ന കാര്യം മന്ത്രി വെളിപ്പെടുത്തിയില്ല. 
ഉദ്യോഗസ്ഥരുടെ ഭാഗത്തുള്ള വീഴ്ചയാണ് ഭീകരരുടെ ജയിൽ ആക്രമണത്തിനും ജയിൽ ചാട്ടത്തിനും ഇടയാക്കിയത്. ഭംഗിയായി കൃത്യനിർവഹണം നടത്തുന്നതിന് ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും പോലീസുകാരുടെ പക്കലുണ്ട്. ജോ ജയിലിൽ 600 നിരീക്ഷണ ക്യാമറകളുണ്ട്. ഏതു സാഹചര്യങ്ങളും നേരിടുന്നതിന് പര്യാപ്തമായ ആയുധവും അധികാരവും ജയിൽ സുരക്ഷാ ചുമതലയുള്ള ഭടന്മാർക്ക് നൽകിയിട്ടുണ്ട്. 
ജയിൽ ആക്രമണത്തിനിടെ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥൻ അബ്ദുസ്സലാം സൈഫ് ഡ്യൂട്ടി ഏറ്റെടുക്കുന്നതിനു മുമ്പാണ് വെടിയേറ്റ് മരിച്ചത്. ശുചീകരണ വാഹനങ്ങൾ പ്രവേശിക്കുന്നതിന് തുറന്നിട്ട ഗെയ്റ്റ് വഴിയാണ് ഭീകരർ ജയിലിനകത്ത് പ്രവേശിച്ചത്. ക്ലീനിംഗ് വാഹനത്തിലാണ് ഭീകരർ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. ഭീകരാക്രമണത്തിന് ഹെലികാമിന്റെ സഹായവും ഭീകരർ പ്രയോജനപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി പറഞ്ഞു. 
ജയിൽ ആക്രമിച്ച് ഭീകരർ പത്തു തടവുകാരെ രക്ഷപ്പെടുത്തിയിരുന്നു. ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടവരാണ് ജയിൽ ചാടിയത്. ഈ പത്തു പേരുടെയും ഫോട്ടോകളും പേരുവിവരങ്ങളും ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു. ഭീകരാക്രമണത്തിനിടെ പോലീസുകാരിൽ ഒരാൾ കൊല്ലപ്പെടുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജയിൽ വകുപ്പ് മേധാവിയും ജോ ജയിൽ മേധാവിയും അടക്കം മൂന്നു മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രി സസ്‌പെന്റ് ചെയ്തിരുന്നു. 

Tags

Latest News