മനാമ - സുരക്ഷാ സൈനികരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മൂന്നു ശിയാക്കൾക്ക് വധശിക്ഷ നടപ്പാക്കിയതിൽ പ്രതിഷേധിച്ച് ബഹ്‌റൈനിൽ ശിയാക്കളുടെ സംഘർഷം. ഞായറാഴ്ച രാത്രി നഗരസഭാ കെട്ടിടം അക്രമികൾ അഗ്നിക്കിരയാക്കി. മനാമക്ക് തെക്ക് ആലിയിലെ അൽശിമാലിയ ബലദിയ കെട്ടിടമാണ് സംഘർഷക്കാർ അഗ്നിക്കിരയാക്കിയത്. സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. യു.എ.ഇ സൈനിക ഉദ്യോഗസ്ഥനെയും രണ്ടു ബഹ്‌റൈൻ പോലീസുകാരെയും 2014 മാർച്ചിൽ ബോംബ് സ്‌ഫോടനത്തിലൂടെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മൂന്നു ശിയാക്കൾക്ക് ഞായറാഴ്ചയാണ് ബഹ്‌റൈനിൽ വധശിക്ഷ നടപ്പാക്കിയത്.