ഒരു വെർജീനിയൻ വെയിൽക്കാലം

ചരിത്രം വഴിമാറുകയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് മലയാളത്തിന്റെ നോബൽ സമ്മാനം ലഭിച്ചിരിക്കുന്നു. ഒരു വെർജീനിയൻ വെയിൽക്കാലം എന്ന കവിതയിലൂടെ മലയാളിയുടെ പ്രിയകവി ഏഴാച്ചേരി രാമചന്ദ്രന് വയലാർ അവാർഡ് സമ്മാനിക്കപ്പെട്ടിരിക്കുന്നു. മുപ്പതിലേറെ കാവ്യഗ്രന്ഥങ്ങളും നാടക ഗാനങ്ങളും സിനിമാ ഗാനങ്ങളും രചിച്ചിട്ടും വേണ്ട രീതിയിൽ തിരിച്ചറിയപ്പെടുന്നില്ല എന്ന ചിന്തയ്ക്ക് അറുതി വരുത്തിക്കൊണ്ടായിരുന്നു ഈ അംഗീകാരം.
മലയാള കവിതയിൽ പാരമ്പര്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും വൈകാരിക വിശുദ്ധി കാത്തു സൂക്ഷിക്കുന്ന കവിയാണ് ഏഴാച്ചേരി. തിരുവനന്തപുരം വഴുതക്കാട്ടെ 'മനസി'ലേയ്ക്കു വിളിച്ചപ്പോൾ ശബ്ദമെല്ലാം പോയി ക്ഷീണിത സ്വരത്തിലായിരുന്നു ഏഴാച്ചേരി പ്രതികരിച്ചത്. അഭിനന്ദനങ്ങൾക്ക് നന്ദി പറഞ്ഞും മാധ്യമങ്ങളിൽ അഭിമുഖങ്ങൾ നടത്തിയും തൊണ്ടയടഞ്ഞിരിക്കുകയാണ്. ഇരുപത്തേഴു വരെ വിശ്രമമാണ് ഡോക്ടർ വിധിച്ചിരിക്കുന്നത്. എങ്കിലും കുറച്ചു കാര്യങ്ങൾ മാത്രം പറയാം എന്ന മുഖവുരയോടെയാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്.

ഒരു വെർജീനിയൻ വെയിൽക്കാലത്തിന് നിമിത്തമായത്?

അമേരിക്കയിലെ വെർജീനിയയിൽ കഴിയുന്ന മകളെ കാണാൻ പോയ നാളുകളിലാണ് അവാർഡിനർഹമായ കവിതയെഴുതുന്നത്. റിച്ച്‌മോണ്ടിലെ മുറിയിലിരുന്നാൽ നേരെ കാണുന്ന അന്തോണീസ് പുണ്യാളന്റെ പള്ളിയിലെ പെരുന്നാളിന് മനസ്സിൽ തോന്നിയ ആശയമാണ് കവിതയുടെ പ്രതിപാദ്യം. കുടിയേറ്റക്കാരായ ലബനോൻകാർ നിർമിച്ച പള്ളിയിൽ പ്രണയത്തെ മുന്തിരിവീഞ്ഞു പോലെ കുടിച്ച ഖലീൽ ജിബ്രാനും ശലോമനും കണ്ടുമുട്ടുകയാണ്. അവരുടെ സംസാരം ഭാവനയിൽ കണ്ടതാണ് ഈ കവിത.

''സോളമൻ കുതിരപ്പുറത്തെഴുന്നള്ളുന്നു,
ദേവതാരുത്തണലിലൂടെ.
താണുവണങ്ങി നിൽക്കും ഖലീൽ ജിബ്രാന്റെ
കാമുകഭാവം തിരിച്ചടിയാൽ സോളമൻ
കവിതയിൽ പ്രണയ സന്ത്രാസങ്ങൾ വിരിയിച്ച
വിരലുകൾ താണു ചുംബിച്ചു;
ഏതു കാലത്തിലു, മേതു ലോകത്തിലു-
മെത്ര നിരാസ പരിഹാസമേൽക്കിലും
പാണന്റെ ഭാഷ തിരിച്ചറിയപ്പെടും
ഭൂമണ്ഡലം തിരിയുവോളം....''

പ്രകൃതിയുമായി ബന്ധപ്പെട്ടു വികസിക്കുന്ന പ്രണയസങ്കൽപമാണ് ഒരു വെർജീനിയൻ വെയിൽക്കാലം എന്ന കവിതയിലൂടെ കോറിയിടുന്നത്. പ്രണയത്തിന്റെ മൂർത്തഭാവമായാണ് ഖലീൽ ജിബ്രാനെ കാണുന്നത്.

 

പത്രപ്രവർത്തകനും കവിയും ഗാനരചയിതാവുമെല്ലാമായി മാറിയ ജീവിതയാത്ര?

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി എന്ന ഗ്രാമത്തിലാണ് ജനനം. കുട്ടിക്കാലം തൊട്ടേ വായനയെ കൂട്ടുപിടിച്ചിരുന്നു. ഗ്രാമത്തിലെ വായനശാലയിൽ അരങ്ങേറിയിരുന്ന സാഹിത്യ ചർച്ചകളിലും സജീവമായിരുന്നു. വായനയുടെ ഹൃദ്യവും ആർദ്രവുമായ ലോകത്തേയ്ക്കു കടന്നുചെന്ന ഞാൻ പ്രകൃതിയുടെ താളങ്ങളിൽ മനസ്സർപ്പിച്ചാണ് ജീവിച്ചുപോന്നത്. ഇടവപ്പാതിയുടെ ശീൽക്കാര നാദവും കുംഭച്ചൂടിന്റെ ഉഷ്ണ മാധുര്യവുമെല്ലാം എഴുത്തിന് പ്രേരകമായിരുന്നിട്ടുണ്ട്.
വായനശാലയുടെ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന കവിതാ മത്സരത്തിൽ പൊന്നോണം എന്ന കവിതയ്ക്കു ലഭിച്ച ഒന്നാം സ്ഥാനമാണ് എഴുത്തിന്റെ വഴിയിൽ ലഭിച്ച ആദ്യ അംഗീകാരം. അതേ കവിത ജനയുഗം വാരികയുടെ ബാലപംക്തിയിൽ അച്ചടിച്ചുവന്നതോടെയാണ് മനസ്സിൽ കവിതയുടെ തീനാളമുണ്ടെന്നു തിരിച്ചറിഞ്ഞത്. കോളേജ് പഠന കാലത്ത് മാഗസിനുകളിൽ അച്ചടിച്ചു വന്ന കവിതകൾ കണ്ട് അധ്യാപകരും അഭിനന്ദിച്ചിരുന്നു.
ഗ്രാമത്തിലെ പുരോഗമന രാഷ്ട്രീയത്തോടൊപ്പമുള്ള സഞ്ചാരമാണ് പിന്നീട് ഇടതുപക്ഷ സഹയാത്രികനാക്കിയത്. വയലാറും പി. ഭാസ്‌കരനും ഒ.എൻ.വിയുമെല്ലാമായിരുന്നു അക്കാലത്തെ ആരാധനാമൂർത്തികൾ. അവരുടെ കവിതകൾ ഹൃദിസ്ഥമാക്കി ആ വഴിത്താരകളിലൂടെ സഞ്ചരിക്കാനുള്ള ശ്രമമാണ് പിന്നീടുണ്ടായത്. ഇതിനിടയിൽ അധ്യാപകനാകാനുള്ള ശ്രമവുമുണ്ടായി. ബി.എഡിന് ചേർന്നത് അധ്യാപകനാകാനുള്ള ഇഷ്ടം കൊണ്ടായിരുന്നു. പരീക്ഷ പാസായപ്പോൾ പി.എസ്.സിയുടെ കാത്തിരിപ്പിന് നിൽക്കാതെ പത്രപ്രവർത്തന രംഗത്തേയ്ക്ക് കടന്നു. അധ്യാപനം കഴിഞ്ഞാൽ സത്യസന്ധമായ രംഗം പത്രപ്രവർത്തനമാണെന്ന ചിന്തയായിരുന്നു ദേശാഭിമാനിയിലെത്തിച്ചത്.

സ്ത്രീ കഥാപാത്രങ്ങൾ?

എന്റെ കവിതകളിലെ സ്ത്രീ കഥാപാത്രങ്ങൾ പലരും വ്യത്യസ്തമായ കാഴ്ചപ്പാടുള്ളവരായിരുന്നു. പ്രതികാരദാഹിയായ നീലിയും പട്ടാളക്കാരന്റെ അടുക്കളക്കാരിയായ ആലീസും ശപിക്കപ്പെട്ട സ്‌റ്റെല്ലയും അറക്കൽ ബീവിയുമെല്ലാം ഉദാഹരണങ്ങളാണ്. പ്രകൃതിക്കൊപ്പം പൂക്കാനും തളിർക്കാനും പാടാനും അനുഗ്രഹം ലഭിച്ച ഒട്ടേറെ സ്ത്രീകളുണ്ട്. അവരെല്ലാം സൗന്ദര്യവും കരുത്തുമുള്ളവരായിരുന്നു. സ്ത്രീയെ സൗന്ദര്യം മാത്രമായി കാണാൻ ശ്രമിച്ചത് ഫ്യൂഡൽ സമ്പ്രദായം ഉണ്ടാക്കിയെടുത്ത വ്യാജ പ്രചാരണമായിരുന്നു. പോരാടുന്ന കരുത്തിന് പിൻബലമായി എപ്പോഴും സൗന്ദര്യമുണ്ടായിരുന്നു. സ്ത്രീക്ക് ചേരാത്ത വസ്ത്രമോ ഭാവമോ രൂപമോ പോലെ ആത്മവിശ്വാസത്തിന്റെ പാതയിൽനിന്നും സ്ത്രീത്വത്തെ അകറ്റിനിർത്താനുള്ള ശ്രമം ഇന്നും കാണാം. വർത്തമാനകാല സ്ത്രീയനുഭവങ്ങളെ, അവളുടെ നിസ്സഹായതയെ തീക്ഷ്ണമായ കടുംനിറങ്ങളിലാണ് എപ്പോഴും എഴുതാറ്. കള്ളിയങ്കാട്ട് നീലിയെപ്പോലെയും ആലീസിനെപ്പോലെയും അറക്കൽ ബീവിയെപ്പോലെയും ചിന്നമ്മുവിനെപ്പോലെയുമൊക്കെ സൗന്ദര്യം ഉള്ളിൽനിന്നുമാണ് വരേണ്ടത്.

''പോരാട്ടത്തിനൊരഴകുണ്ടെന്ന്...
കലഹത്തിന്നൊരു കലയുണ്ടെന്ന്'' 
എഴുതിയത് ഈ മനോഭാവം കൊണ്ടാണ്.

കവിതയിൽനിന്നും ഗാനരചനയിലേയ്ക്കുള്ള ചുവടുമാറ്റം?

മരിക്കുന്നില്ല ഞാൻ എന്ന ചിത്രത്തിലെ ''ചന്ദന മണിവാതിൽ പാതി ചാരി...'' തുടങ്ങി മുപ്പതോളം സിനിമാ ഗാനങ്ങൾ എഴുതിയിട്ടുണ്ട്. കവിതകളും സിനിമാ ഗാനങ്ങളും രണ്ടും രണ്ടായിട്ടാണ് തോന്നിയിട്ടുള്ളത്. 

വയലാർ അവാർഡ് നേടിയപ്പോൾ അദ്ദേഹത്തെ ഓർമിച്ചുവോ?

വയലാറിനെ ആദ്യമായി കണ്ടത് ഞങ്ങളുടെ ഗ്രാമത്തിലെ ലൈബ്രറിയുടെ വാർഷിക പരിപാടിയിൽ പ്രസംഗിക്കാനെത്തിയപ്പോഴായിരുന്നു. ഹൈസ്‌കൂൾ പഠന കാലത്ത് സാഹിത്യസമാജം സെക്രട്ടറിയായിരുന്നു. സ്‌കൂൾ വാർഷികത്തിന് ഉദ്ഘാടകനായെത്തിയതും വയലാറായിരുന്നു. ഒന്നര മണിക്കൂറോളം അദ്ദേഹം പ്രസംഗിച്ചു. തിരിച്ചു പോകുമ്പോൾ എന്നോടു ചോദിച്ചു. ''ഇയാൾ എന്നെക്കുറിച്ച് വേദിയിൽ നന്നായി സംസാരിക്കുന്നതു കേട്ടല്ലോ. നല്ല ഭാഷയാണല്ലോ. കവിതയെഴുതുമോ'' -എന്നു ചോദിച്ചു. ''ചെറുതായിട്ടൊക്കെ'' എന്നു മറുപടി പറഞ്ഞു. ''കൊള്ളാം, നന്നായി വരും'' എന്ന് അനുഗ്രഹിച്ചു. അന്നത്തെ അനുഗ്രഹമാണ് ഇന്ന് അവാർഡായി ലഭിച്ചിരിക്കുന്നത്.
ഏഴാച്ചേരിയുടെ ഓരോ കവിതയിലും വാക്കുകളുടെ കൂടെ ഒഴുകിവരുന്ന നിരവധി ചിത്രങ്ങളുണ്ട്. ഓർത്തിരിക്കാത്ത രീതിയിൽ ഈ ജീവിത ചിത്രങ്ങൾക്ക് ജീവൻ വീഴുകയും അവ നാടകീയ രംഗങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. ഓരോ കവിതയുടെയും മുഖത്ത് ഒരു ചെറുചിരിയുണ്ട്. അകത്തെന്തോ മുളയ്ക്കുന്നുണ്ട് എന്ന ആനന്ദത്തിന്റെ ചിരി. ഇത് കവിയുടെ ചുണ്ടറ്റത്ത് സദാ കാണുന്ന ആ ചിരിതന്നെയാണ്.
 

Latest News