രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായില്ലെന്നതോ പോകട്ടെ, അദ്ദേഹത്തിന് പാർട്ടി നേതാക്കൾ സൃഷ്ടിക്കുന്ന തലവേദന കുറഞ്ഞതൊന്നുമല്ല. മനോരമ ന്യൂസിലെ തിരുവാ എതിർവാക്കാരൻ പറയുന്നത് രാഹുൽ ഓടിക്കുന്ന വാഹനം വളവുകൾ പിന്നിടുമ്പോൾ ആരൊക്കെ അവശേഷിക്കുന്നുവെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുംബൈ നഗരത്തിലെ ഒരു പാർലമെന്റ് സീറ്റിൽ ബോളിവുഡിലെ മുൻ രോമാഞ്ചം ഊർമിള മണ്ഡോദ്കറെ പാർട്ടി സ്ഥാനാർഥിയായി മത്സരിപ്പിച്ചതായിരുന്നു. രംഗീല കണ്ടവരാരും വോട്ട് ചെയ്തില്ല. എതിരാളിയ്ക്ക് ലക്ഷങ്ങളുടെ ഭൂരിപക്ഷവും കിട്ടി. ഇതോടെ മൂപ്പത്തിയ്ക്ക് കോൺഗ്രസ് മുന്നോട്ട് വെക്കുന്ന ഗാന്ധിയൻ സോഷ്യലിസം മടുത്തുവെന്ന് പറഞ്ഞാൽ മതിയല്ലോ. എന്നാലും സാരമില്ല, ഒരിക്കലും ചതിക്കില്ലെന്ന് വിചാരിച്ചിരുന്ന ദക്ഷിണേന്ത്യൻ താരറാണി ഖുശ്ബു സുന്ദർ ഒപ്പമുണ്ടല്ലോയെന്ന് കരുതിയിരിക്കുമ്പോഴാണ് 56 ഇഞ്ചാണ് ശരിയെന്ന് പറഞ്ഞ് ഖുശ്ബു മറുകണ്ടം ചാടിയത്. ഡി.എം.കെ, കോൺഗ്രസ് വഴി താമര പാർട്ടിയിലെത്തിയ ഖുശ്ബുവിന് ചേക്കേറാൻ ഇനിയുമെത്ര പാർട്ടികളിരിക്കുന്നു? ചിന്നതമ്പി നായിക അൽപം മുമ്പ് മോഡിജിയെ പറ്റി പറഞ്ഞത് അദ്ദേഹം നല്ല നടനാണെന്നാണ്. ആൾക്കാർക്ക് മനസിലാവാൻ രജനീകാന്ത്, വിജയ്, മമ്മൂട്ടി എന്നിവരേക്കാൾ നന്നായി അഭിനയിക്കാനറിയുന്ന നടികർ തിലകമാണെന്ന് വരെ ഉപമിച്ചു. രാഹുൽ ഗാന്ധി ഇടക്കിടെ കേരളത്തിൽ വരുന്നുണ്ടെന്നത് മാത്രമാണ് ആശ്വാസം. വയനാട്ടിലെ വയലേലകളിലൂടെ പച്ചപ്പനങ്കിളി തത്തയെ പോലെ രാഹുൽ പാറിപ്പറന്നു. രാഹുലിന്റെ കൊല്ലത്തെ ആരാധക ആമിനയ്ക്കും ഇത്തവണ ഭാഗ്യം തെളിഞ്ഞു.
ചെറുപ്പം മുതലുള്ള തന്റെ വലിയ മോഹം സഫലമാക്കിയിരിക്കുകയാണ് കൊല്ലംകാരിയായ ആമിന. ആമിന കട്ട രാഹുൽ ആരാധകയാണ്. ചെറുപ്പം മുതലുള്ള അവളുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു രാഹുൽ ഗാന്ധിയെ ഒന്ന് കാണണമെന്ന്. മറ്റൊരു ആഗ്രഹം ഒരു ഡോക്ടർ ആകുക എന്നതാണ്. എന്തായാലും ഇപ്പോൾ ആമിനയുടെ ഒരു ആഗ്രഹം സഫലമായത് കെ.സി വേണുഗോപാലിന്റെയും ഷാഫി പറമ്പിലിന്റെയും ഇടപെടലിനെ തുടർന്നാണ്. ആമിനയ്ക്ക് ഒരു കൈപ്പത്തി ഇല്ല. എങ്കിലും അവൾ നന്നായി പഠിച്ച് നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയിരുന്നു. പക്ഷേ തന്റെ ഈ പരിമിതികൾ ഡോക്ടർ എന്ന സ്വപ്‌നത്തിന് തടസമാകുമോ എന്ന് ആമിനയ്ക്ക് നല്ല പേടിയും ഉണ്ട്. കൂടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കൂടിയാകുമ്പോൾ പിന്നെ പറയുകയും വേണ്ട. തന്നെ കാണാനെത്തിയ ആമിനയെ ചേർത്തുപിടിക്കാനും വയനാട് എം.പിയായ രാഹുൽ ഗാന്ധി മടിച്ചില്ല. മാത്രമല്ല ഒപ്പമുണ്ടെന്ന ഉറപ്പും അദ്ദേഹം ആമിനയ്ക്ക് നൽകി. കൊല്ലത്ത് നിന്നും വയനാട് എത്തിയാണ് ആമിന രാഹുൽ ഗാന്ധിയെ കണ്ടത്.
*** *** ***
രാഹുൽ ഗാന്ധിയുടെ സെൻസ് ഓഫ് ഹ്യൂമറിനെ പ്രശംസിക്കാതെ വയ്യ. കോവിഡിന് പ്രതിവിധിയായ വാക്‌സിൻ എപ്പോൾ തയാറാകുമെന്ന അന്വേഷണത്തിലാണ് ലോകജനത. ഇതിന് വ്യക്തമായ ഉത്തരം നൽകാൻ ലോകാരോഗ്യ സംഘടനയ്ക്ക് പോലും സാധിക്കുന്നില്ല. മനുഷ്യരെ ബേജാറാക്കാൻ ഡബ്ല്യു.എച്ച്.ഒയുടെ അധികൃതർ ഇടക്കിടെ ഡയലോഗ് കാച്ചുന്നുണ്ട്. കോവിഡ് അത്രയെളുപ്പം വിട്ടുമാറില്ലെന്നും കുറച്ചു കാലത്തേക്ക് അതിവിടെയൊക്കെ കാണുമെന്നുമാണ് പറയുന്നത്. അതിനിടയ്ക്കാണ് വെള്ളിയാഴ്ച രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. വാക്‌സിൻ എപ്പോൾ ലഭിക്കുമെന്നറിയാൻ അതത് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് എപ്പോഴാണെന്ന് നോക്കിയാൽ മതിയെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.
എൻ.ഡി.എ ബിഹാറിൽ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പാർട്ടി അധികാരത്തിലെത്തിയാൽ സൗജന്യ കോവിഡ് വാക്‌സിൻ നൽകുമെന്നാണ് വാഗ്ദാനം.
ഈ വാഗ്ദാനത്തിന് പിന്നാലെ തമിഴ്‌നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഇത് ആവർത്തിച്ചു. ഇതെല്ലാം കണ്ടും കേട്ടും കൊണ്ടിരിക്കുന്ന ഇവരുടെയെല്ലാം മൂത്താപ്പയായ ട്രംപ് ചേട്ടനും വെറുതെ ഇരുന്നില്ല. കോവിഡ് വാക്‌സിൻ ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തട്ടിയത്. സൈന്യം വാക്‌സിൻ വിതരണം ചെയ്യും. കോവിഡ് ഉടൻ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെൽമോണ്ട് യൂനിവേഴ്‌സിറ്റിയിലെ അവസാന തെരഞ്ഞെടുപ്പ് സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
*** *** ***
കളമശ്ശേരി മെഡിക്കൽ കോളേജിലെ അനാസ്ഥ തുറന്നു കാട്ടിയ ജൂനിയർ റെസിഡന്റ് ഡോ.നജ്മ സലീമാണ് പിന്നിട്ട വാരത്തിൽ മലയാള ദൃശ്യ മാധ്യമങ്ങളിലെ സംവാദങ്ങളിൽ നിറഞ്ഞു നിന്നത്. മലയാള അച്ചടി മാധ്യമങ്ങൾ പിന്തുടരുന്ന ഒരു മഹത്തായ പൈതൃകമുണ്ട്. കഴിവതും എതിരാളികളുടെ പേര് പരാമർശിക്കാതിരിക്കാൻ ശ്രദ്ധിക്കും. ഒരു പത്രത്തിന്റെ ലേഖകൻ, ഏതോ ഒന്നിന്റെ ക്യാമറാമാൻ എന്നൊക്കെയായിരിക്കും വിശേഷണം. ബുധനാഴ്ച വൈകുന്നേരം ന്യൂസ്-18 ലെ ചർച്ചയിൽ നജ്മ ഇല്ലായിരുന്നു. അതേസമയം, ഡിബേറ്റിനിടെ അവതാരകൻ അവർ പങ്കെടുത്ത മറ്റു ചാനലുകളിലെ ചർച്ചകളെ പരാമർശിക്കുമ്പോൾ മാതൃഭൂമി, 24 ന്യൂസ് എന്നൊക്കെ പറയുന്നുണ്ടായിരുന്നു. നല്ല കാര്യം. മാതൃഭൂമി ന്യൂസിലെ ചർച്ചയിൽ പങ്കെടുത്ത് ഡോക്ടർ പറഞ്ഞു: ഞാൻ കോൺഗ്രസുകാരിയല്ല. എന്റെ അച്ഛൻ കോൺഗ്രസുകാരനാണ്. ഇങ്ങനെ പോയാൽ ഞാനൊരു പാർട്ടിയുണ്ടാക്കേണ്ടി വരും. നല്ല കാര്യം. ന്യായീകരണ തൊഴിലാളികൾ ഈ ഡോക്ടർക്കെതിരെ ക്യാപ്‌സ്യൂളുകൾ ഇറക്കിയിട്ടുണ്ട്. അതിലൊരു കണ്ടുപിടിത്തം എറണാകുളം ജില്ലയുടെ ഭൂമിശാസ്ത്രത്തെ കുറിച്ചുള്ള വിവരണമാണ്. എവിടെയാണ് കളമശ്ശേരി മെഡിക്കൽ കോളേജ്? കേരളത്തിൽ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചതെവിടെയാണ്? വിവാദത്തിന്റെ അടിസ്ഥാനം പിടി കിട്ടിയോ സഖാക്കളേ എന്നിങ്ങനെ പോകുന്നു സാമ്പിളുകൾ. ടാർഗറ്റായി കണ്ടുവെച്ച മനോരമ ന്യൂസിലെ വനിതാ ജേണലിസ്റ്റിനെ ഉന്നം വെച്ചും ചിലത് കണ്ടു. ഇതെല്ലാം പ്രതിരോധിക്കേണ്ടവർ രാഹുലിനുള്ള പ്രസ്താവന അധികാര പരിധികൾ നിർണയിക്കുന്ന തിരക്കിലാണല്ലോ.
*** *** ***
ഒരു വെളിപ്പെടുത്തൽ നടത്തിയതിന്റെ പേരിൽ സിനിമാ ലോകവും സോഷ്യൽ മീഡിയയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗായകൻ വിജയ് യേശുദാസിന് പിറകെയായിരുന്നു. വെളിപ്പെടുത്തലിന്റെ പേരിൽ തെറിവിളികളും പരിഹാസവും മാത്രമല്ല, ട്രോളുകളും താരം നേരിടേണ്ടി വന്നു. വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താൻ ഇനി മലയാളം സിനിമയിൽ പാടില്ലെന്ന് വിജയ് യേശുദാസ് തുറന്നടിച്ചത്. മലയാള സിനിമാ ലോകത്ത് ഗായകർക്ക് അർഹിക്കുന്ന വില ലഭിക്കുന്നില്ലെന്നും തമിഴ്, തെലുങ്ക് പോലുളള സിനിമാ രംഗങ്ങളിൽ സ്ഥിതി വ്യത്യസ്തമാണ് എന്നുമാണ് വിജയ് യേശുദാസ് പറഞ്ഞത്. ഈ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിവെച്ചതോടെയാണ് താരം വിശദീകരണവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഗായകന്റെ പ്രതികരണം. ഇപ്പോൾ താരം പുതിയ ഒരു സംരംഭവുമായി വന്ന് ഞെട്ടിച്ചിരിക്കുകയാണ്. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡിലൂടെയാണ് വിജയ് ഇപ്പോൾ ഒരു സംരംഭകനാകുന്നത്. ഹൈ എൻഡ് പ്രീമിയം ബാർബർ ഷോപ്പ് ബിസിനസ് രംഗത്തേക്കാണ് താരം ഇപ്പോൾ കടന്നുവന്നിരിക്കുന്നത്. പുരുഷന്മാർക്കും ആൺകുട്ടികൾക്കുമായി കൊച്ചിയിലാണ് പ്രീമിയം ബാർബർ ഷോപ്പ് ആൻഡ് ലൈഫ് സ്‌റ്റൈൽ ബ്രാൻഡ് താരം തുടങ്ങിയത്.
വിദേശ രാജ്യങ്ങളിൽ പരിചിതമായ ഹൈ എൻഡ് പ്രീമിയം ബാർബർ ഷോപ്പ് ആൻഡ് ലൈഫ് സ്‌റ്റൈലിൽ പ്രധാനപ്പെട്ട ഒരു ബ്രാൻഡാണ് ചോപ്പ് ഷോപ്പ്. ഈ ബ്രാൻഡിന്റെ ദക്ഷിണേന്ത്യയിലെ പ്രവർത്തനമാണ് വിജയ് ആരംഭിച്ചിരിക്കുന്നത്. വിജയ്‌ക്കൊപ്പം വിജയ് മൂലൻ, അനസ് നസീർ എന്നിവരും ചേർന്നാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയിൽ ഗോവയിൽ മാത്രമാണ് ചോപ്പ് ഷോപ്പ് പ്രവർത്തിച്ചിരുന്നത്.
*** *** ***
മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. മാധ്യമങ്ങളുടെ വിധേയത്വം പരിധി വിടുന്നു എന്നാണ് റഹീമിന്റെ പ്രധാന ആക്ഷേപം. ഇത് ഏതെങ്കിലും ഒരു മാധ്യമ സ്ഥാപനത്തിന്റെ പ്രശ്‌നം മാത്രമല്ലെന്നും റഹീം പറയുന്നുണ്ട്. രാത്രി ചർച്ചകളിലെ വിഷയങ്ങൾ മാത്രമല്ല, ചോദ്യങ്ങൾ പോലും നേരത്തേ തീരുമാനിച്ചുറപ്പിച്ചതാകുന്നു. മാതൃഭൂമി ചർച്ചയ്‌ക്കെടുത്ത വിഷയം നോക്കൂ... മന്ത്രിമാർ പോയതെന്തിന്? പോയാൽ എന്ത്? എന്നാണ് ലളിതമായ മറു ചോദ്യം. പ്രതിപക്ഷ നേതാവ് പോയി, ഒ.രാജഗോപാൽ പോയി, വ്യവസായ പ്രമുഖർ പോയി, മത നേതാക്കൾ പോയി...
ഒരു രാജ്യത്തിന്റെ കോൺസുലേറ്റുമായി സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിൽ പ്രവർത്തിക്കുന്നവർ ബന്ധം സൂക്ഷിക്കുന്നതിൽ എന്ത് അസ്വാഭാവികതയും കുറ്റകൃത്യവുമാണ് ഉള്ളത്?
വാർത്തയിൽ കാണുന്ന അവതാരകർ മുതലാളി വരയ്ക്കുന്ന വരയ്ക്ക് ഉള്ളിൽ നിന്നു മാത്രം കളിക്കാൻ നിർബന്ധിക്കപ്പെടുന്നവരാണ്. പക്ഷേ സ്‌ക്രീനിൽ കാണുന്ന അവർക്കെതിരെയാണ് നമ്മുടെ രോഷപ്രകടനം മുഴുവൻ. നല്ല തിരിച്ചറിവ് തന്നെ.
*** *** ***
ആമസോൺ ഇന്റർനാഷണിലിന്റെ പരാതിയിന്മേൽ സിനിമാ ലോകത്തിന് തലവേദനയായ തമിഴ് റോക്കേഴ്‌സിനെ ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം മുതലാണ് തമിഴ് റോക്കേഴ്‌സ് ഇന്റർനെറ്റിൽ നിന്നും അപ്രത്യക്ഷമായത്. ഈ നീക്കം ചെയ്യൽ സ്ഥിരമാണെന്നാണ് റിപ്പോർട്ട്. ഇതോടെ തമിഴ് റോക്കേഴ്‌സ് എന്ന പേരിലോ ഇതുമായി സമാനതകളുള്ള പേരുകളിലോ ഇന്റർനെറ്റിൽ ഇനി സൈറ്റുകൾ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. നിലവിൽ ആമസോണിന്റെ പരാതിയിൽ ഇന്റർനാഷണൽ കോർപ്പറേഷൻ ഫോർ അസൈൻഡ് നെയിം ആന്റ് നമ്പർ ആണ് നടപടി എടുത്തിരിക്കുന്നത്. ആമസോൺ പ്രൈം ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത ഹലാൽ ലൗവ് സ്‌റ്റോറി, നിശബ്ദം, പുത്തൻ പുതുകാലൈ എന്നിവയുടെ വ്യാജ പതിപ്പുകൾ തമിഴ് റോക്കേഴ്‌സ് ഇന്റർനെറ്റിൽ എത്തിച്ചിരുന്നു. ഡിജിറ്റൽ മിലേനിയം കോപ്പി റൈറ്റ് ആക്ട് പ്രകാരമാണ് ആമസോൺ പരാതി നൽകിയത്.
*** *** ***
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ടിംഗിന്റെ പേരിൽ അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിയെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി. അന്വേഷണം നടന്ന് കൊണ്ടിരിക്കുന്ന ഒരു കേസിൽ ആരെ അറസ്റ്റ് ചെയ്യണം എന്ന് പ്രേക്ഷകരോട് ചോദിക്കുന്നതും ഒരാളുടെ അവകാശങ്ങളിൽ കടന്ന് കയറുന്നതുമാണോ അന്വേഷണാത്മക പത്ര പ്രവർത്തനം എന്ന് കോടതി തുറന്നടിച്ചു. ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ഫെഡറേഷനോടും ഹൈക്കോടതി ചോദ്യം ഉന്നയിച്ചു. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഗിരീഷ് എസ്.കുൽക്കർണി എന്നിവർ അടങ്ങിയ ബെഞ്ചാണ് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടക്കുന്ന മാധ്യമ വിചാരണയ്ക്ക് എതിരെ വിമർശനം ഉന്നയിച്ചത്. മഹാരാഷ്ട്രയിലെ എട്ട് മുതിർന്ന മുൻ പോലീസ് ഉദ്യോഗസ്ഥർ, സാമൂഹ്യ പ്രവർത്തകർ, അഭിഭാഷകർ, സാമൂഹ്യ സംഘടനകൾ എന്നിവരാണ് സുശാന്ത് കേസിലെ മാധ്യമ വിചാരണയ്ക്ക് എതിരെ പൊതുതാൽപര്യ ഹരജികളുമായി ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ നടിയും സുശാന്തിന്റെ കാമുകിയും ആയ റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന ഹാഷ്ടാഗ് പ്രചാരണം ചൂണ്ടിക്കാട്ടിയും കോടതി ചാനലിനെ വിമർശിച്ചു. ഇത്തരം നടപടികൾ വ്യക്തിപരമായ പക പോക്കലിന്റെ ഭാഗമാകാമെന്നും ഉത്തരവാദപ്പെട്ട ഒരു ചാനൽ ചെയ്യാൻ പാടില്ലാത്തതാണെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി.