Sorry, you need to enable JavaScript to visit this website.

അലിഞ്ഞു തീരാത്ത ചന്ദ്രിക സോപ്പ് 

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കഴിഞ്ഞ ലക്കം തയാറാക്കുമ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരു വനിതാ മാധ്യമ പ്രവർത്തകയെ  ആധുനിക കാലത്തെ ഇന്ത്യയുടെ പോരാളി പട്ടം ധരിപ്പക്കുന്ന തിരക്കിലായിരുന്നു പലരും.  ഇവിടത്തെ മാധ്യമ പ്രവർത്തകരെ കിണറ്റിലെറിയാൻ കൊള്ളാമെന്ന് വരെ ചില ആക്ടിവിസ്റ്റുകൾ പറഞ്ഞു വെച്ചു. എബിപി വിഷ്വൽസ് സുനാമിയേക്കാൾ വേഗത്തിൽ സമൂഹ മാധ്യമങ്ങളിൽ ആളിപ്പടർന്നു. ഓരോ പോലീസ് ആപ്പീസർമാരുടേയും നെയിം ബോർഡ് നോക്കി പേര് വായിച്ചാണ് പ്രതിമ അവരെയെല്ലാം കുടയുന്നത്. നമ്മളായാലും മിശ്ര കുട്ടിയെ നേരിൽ കണ്ടാൽ ട്രീറ്റ് കൊടുത്തു പോകും. രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും വിഷമിപ്പിക്കുന്ന യു.പി പോലീസിനെയാണ് പുപ്പുലിയെ പോലെ പ്രതിമ എടുത്തിട്ട് കുടഞ്ഞത്. വാക്കുകൾ കൊണ്ടും ചോദ്യങ്ങൾ കൊണ്ടും യുപി പോലീസിനെ വിറപ്പിച്ച പ്രതിമ മിശ്ര  സോഷ്യൽ മീഡിയയിലെ താരമായി രണ്ട് നാൾ വിലസി. ഈ കുട്ടി ജോലി ചെയ്യുന്ന എബിപി ന്യൂസ് മോഡി സർക്കാരിന്റെ ഏറ്റവും വേണ്ടപ്പെട്ട മാധ്യമ സ്ഥാപനങ്ങളിലൊന്നാണെന്നത് വേറെ കാര്യം. എന്നാൽ ഇതേ ഗ്രൂപ്പ് തന്നെയല്ലേ ടെലിഗ്രാഫ് പത്രവും പുറത്തിറക്കുന്നതെന്ന മറുചോദ്യവും ചില കേന്ദ്രങ്ങളുന്നയിച്ചു. കൊൽക്കത്തയിലെ ഇന്റലക്ച്വൽ ക്ലാസാണ് ഇംഗഌഷ് പേപ്പറിന്റെ ടാർഗറ്റ് ഓഡിയൻസ്. സ്വാഭാവികമായും പത്രത്തിന് മതേതര കാഴ്ചപ്പാടുണ്ടാവും.  ഹാഥ്‌റസിലെ പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാൻ മാധ്യമങ്ങളെ വിലക്കിയ യോഗിയുടെ തട്ടകത്തിൽ പോലീസുകാരെ വിറപ്പിച്ച പെൺപുലിയായാണ് പ്രതിമ മിശ്രയെ കൊണ്ടാടിയത്. 

 


എബിപി ന്യൂസ് റിപ്പോർട്ടറായ പ്രതിമ മിശ്രക്കെതിരെ വിമർശകർ നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. അവിടെ അരങ്ങേറിയത് നാടകമാണെന്നും  എ.ബി.പി ന്യൂസിന്റെ  ചരിത്രം പരിശോധിക്കുമ്പോൾ നിരവധി ചോദ്യങ്ങളുയരുന്നുണ്ടെന്നും ന്യൂസ് ഏജൻസിയായ എ.എൻ.ഐയുടെ റിപ്പോർട്ടർ ഹരി മോഹൻ ഫേസ്ബുക്കിൽ കുറിച്ചു. എ.ബി.പി ന്യൂസിലെ പ്രതിമാ മിശ്രയുടെ ധീരമായ റിപ്പോർട്ടിംഗിനെ പലരും വാഴ്ത്തുന്നതു കണ്ടു. അവരെയിപ്പോൾ വിളിക്കുന്നത് പെൺപുലിയെന്നാണ്. അതിൽ കോൺഗ്രസുകാരുണ്ട്, സി.പി.എമ്മുകാരുണ്ട്, സംഘപരിവാർ വിരുദ്ധ ചേരിയിലുള്ള മറ്റു മനുഷ്യരുമുണ്ട്. അതു ചെയ്തുപോകും. അത്രമേൽ ഡ്രാമയാണ് ആ സ്ത്രീ ഹാഥ്‌റസിൽ നടത്തിയത്.

 


പ്രതിമയിലൂടെ എബിപി ന്യൂസ് സമർഥമായി കളിച്ചു വിജയിച്ച ഒരു നാടകമാണ് അരങ്ങേറിയത്. അങ്ങനെ വിശ്വസിക്കാൻ മുൻ അനുഭവങ്ങളുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിഅ മില്ലിയ സർവകലാശാലയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ ഏതൊക്കെ മാർഗത്തിൽ അടിച്ചമർത്താനാണ്  ഭരണകൂടം ശ്രമിച്ചതെന്നു നമ്മൾ കണ്ടതാണ്. ബലപ്രയോഗം പരാജയപ്പെട്ടതോടെ പൊതുസമൂഹത്തിനു മുന്നിൽ അവരെ അക്രമികളായി ചിത്രീകരിക്കുകയായിരുന്നു അടുത്ത ഘട്ടം. അതു കൃത്യമായി നടപ്പിലായത് ഈ മാധ്യമ പ്രവർത്തകയിലൂടെയാണ്. റിപ്പോർട്ടിംഗിനിടെ സമരക്കാർ തന്നെ ആക്രമിച്ചെന്നായിരുന്നു പ്രതിമയുടെ ആരോപണം. സമരക്കാർ ഗുണ്ടകളാണെന്നും സമാധാനപരമായ സമരമല്ല ഇതെന്നും പ്രതിമ പിന്നീട് സ്ഥാപിച്ചെടുത്തു. കഴിഞ്ഞ ദിവസം രാജ്യസഭയിൽ ചട്ടവിരുദ്ധമായി കർഷക വിരുദ്ധ ബില്ലുകൾ പാസാക്കിയതിൽ നിശ്ശബ്ദയായിരുന്ന ആ സ്ത്രീ  രാജ്യസഭാ ഉപാധ്യക്ഷന്റെ ഏകാധിപത്യ നടപടികളെ പ്രകീർത്തിച്ചതിന്റെ ശേഷിപ്പുകൾ ട്വിറ്ററിലൊന്നു നോക്കിയാൽ കിട്ടും.-ഹരി മോഹൻ ഓർത്തെടുത്ത് കുറിച്ചു. സ്തുതിഗീതങ്ങൾക്ക് എന്തൊരൽപായുസ്സ്. 

***    ***    ***

യു.പിയിൽ മാത്രമല്ല, പ്രബുദ്ധ കേരളത്തിലും സ്ത്രീകൾക്ക് നേരെ അതിക്രമങ്ങളുണ്ടാവുന്നു. സൈബർ ആക്രമണത്തിനും കുറവില്ല. ആകെയുള്ള ആശ്വാസം ചിന്ത ജെറോമിനെ പോലെ ചിന്തിക്കാൻ കഴിവുള്ള യുവജന ക്ഷേമ തൽപരർ ഇവിടെയുണ്ടെന്നതാണ്. സ്ത്രീകളെ കുറിച്ച് മോശം പോസ്റ്റുകളിട്ടാൽ തല കുനിക്കേണ്ടത് സ്ത്രീകളല്ലെന്നും അതിടുന്ന ആളാണെന്നും ചിന്ത പറഞ്ഞു. കേരളത്തിലെ സ്ത്രീകളെല്ലാം ഇത്തരം സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും സ്ത്രീ വിരുദ്ധത സമൂഹ മാധ്യമങ്ങളിൽ പ്രകടമാണെന്നും ചിന്ത പറയുന്നു.  സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ സംസ്ഥാന സർക്കാർ ഒപ്പം നിന്നെന്നും പ്രതികരിച്ച സ്ത്രീകൾക്കെതിരെ വിമർശനമുണ്ടായത് സ്ത്രീ വിരുദ്ധതയുടെ ഭാഗമാണെന്നും അവർ പറഞ്ഞു. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ സ്ത്രീകൾക്കെതിരെ ആക്രമണം നടക്കുമ്പോൾ പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാകുമെന്നും മാറ് മറക്കൽ സമരമടക്കം നമ്മെ പഠിപ്പിക്കുന്നത് അതാണെന്നും ചിന്താ ജെറോം പറഞ്ഞു. 'സോപ്പിന്റെ പേര് ചന്ദ്രിക. ചന്ദനത്തിരിയുടെ പേര് സന്ധ്യ, അലിഞ്ഞുതീരുന്നതിനും എരിഞ്ഞടക്കുന്നതിനും പെൺപേര് തന്നെ ശരണം എന്നാണ് ശ്രീജിത്ത് അറിയല്ലൂരിന്റെ കവിത. എന്നാൽ, അങ്ങനെ അലിഞ്ഞുതീരാനും എരിഞ്ഞടങ്ങാനും സ്ത്രീകൾക്ക് മനസ്സില്ല എന്ന പ്രഖ്യാപനമാണ് വേണ്ടത്, ചിന്ത പറയുന്നു. കേരളത്തിൽ സ്ത്രീകൾക്കെതിരെ കേസുകൾ കൂടിവരുന്നുവെന്ന് പറയുമ്പോൾ ആ കേസുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പരിഗണിക്കേണ്ടതെന്നും ചിന്ത അഭിപ്രായപ്പെട്ടു. 

***    ***    ***

സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയമായിരിക്കുകയാണ് സൗത്ത് ഇന്ത്യൻസിന്റെ ഇഡ്ഡലി. ഒരുവിധപ്പെട്ട എല്ലാവർക്കും ഇഡ്ഡലി പ്രിയവുമാണ്.  സാമ്പാറിലും തേങ്ങാ ചട്ണിയിലും മുക്കി കഴിക്കുന്ന ഇഡ്ഡലിയുടെ രുചി ആസ്വദിക്കാനുള്ള കഴിവ് എല്ലാവർക്കും ഒരുപോലെ ആകണമെന്നില്ല എന്നത് ഒരു ലോക സത്യമാണ്. ട്വിറ്ററിലെ സംവാദം മുഴുവനും ഇഡ്ഡലിയെപ്പറ്റിയാണ് എന്നു വേണമെങ്കിലും നമുക്ക് പറയാം.  ഇഡ്ഡലിയെ കളിയാക്കിക്കൊണ്ട് ഒരു വിദേശി പങ്കുവെച്ച ട്വീറ്റാണ് ചർച്ചകൾക്ക് തുടക്കമായത്.  ഈ ഇഡ്ഡലി വിവാദത്തിൽ കമന്റുമായി ശശി തരൂർ എംപിയും  എത്തിയിരിക്കുകയാണ്.  പ്രൊഫ. എഡ്വാർഡ് ആൻഡേഴ്‌സൺ  എന്നയാളാണ്  ഇഡ്ഡലിയെ വിമാർശിച്ച്  ട്വീറ്റ് ചെയ്ത് വിവാദത്തിന് തുടക്കമിട്ടത്.  ഇദ്ദേഹത്തിന്റെ ട്വീറ്റ് അനുസരിച്ച് ലോകത്തിലെ ഏറ്റവും ബോറിങ് ഫുഡ് ആണ് ഇഡ്ഡലി.  ഈ ട്വീറ്റ്  മകൻ ഇഷാൻ തരൂർ പങ്കുവെച്ചതോടെയാണ് തരൂരിന്റെ ശ്രദ്ധയിൽ പെട്ടത്.  തന്റെ ഇഡ്ഡലിയോടുള്ള വികാരം അദ്ദേഹവും ട്വിറ്ററിലൂടെ പങ്കുവെച്ചു.  'അതെ, എന്റെ മകനേ, ഈ ലോകത്ത് യഥാർത്ഥത്തിൽ വെല്ലുവിളികൾ നേരിടുന്ന ചിലരുണ്ട്. സംസ്‌കാരം നേടിയെടുക്കാൻ പ്രയാസമാണ്.  ഇഡ്ഡലിയെ അഭിനന്ദിക്കുന്നതിനോ ക്രിക്കറ്റ് ആസ്വദിക്കുന്നതിനോ ഓട്ടൻതുള്ളൽ കാണുന്നതിനോ ഉള്ള രുചിയും പരിഷ്‌കരണവും എല്ലാ മനുഷ്യർക്കും ലഭിക്കുന്നില്ല. ഈ പാവം മനുഷ്യനോട് സഹതാപം മാത്രം, കാരണം ജീവിതം എന്തായിരിക്കുമെന്ന് അദ്ദേഹത്തിനറിയില്ല എന്നായിരുന്നു തരൂരിന്റെ  ട്വീറ്റ്. 


മാത്രമല്ല, ഇഡ്ഡലിയോടുള്ള തന്റെ പ്രിയം ഇഡ്ഡലി കഴിക്കേണ്ട വിധം എഡ്വേർഡിന് പങ്കുവെച്ചു കൊടുക്കാൻ തരൂരിനെ പ്രേരിപ്പിച്ചു.  ചൂടുള്ള ഇഡ്ഡലി  കടുക് വറുത്തെടുത്ത ചട്‌നിയും ചുവന്ന മുളകും  ഉള്ളിയും ചേർത്ത ചമ്മന്തിയും നെയ്യും  ചേർത്ത് കഴിച്ചുനോക്കാൻ അദ്ദേഹം എഡ്വേർഡിന്  ട്വീറ്റ് ചെയ്തു.  ഇഡ്ഡലി മാവ് പുളിപ്പിച്ച് ഉപയോഗിക്കുകയാണെങ്കിൽ ലോകത്തിലെ സ്വർഗമാണ് അതെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.  തരൂരിന്റെ ട്വീറ്റിന് പിന്നാലെ മറുപടിയുമായി എഡ്വേർഡ് എത്തിയിരുന്നു.  താൻ തെന്നിന്ത്യൻ ഭക്ഷ്യങ്ങളുടെ  ആരാധകനാണെന്നും അതിൽ പുട്ടും ഇഡ്ഡലിയുമാണ് തനിക്ക് ഇഷ്ടമില്ലാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. 

***    ***    ***

ടിആർപി റേറ്റിംഗിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്ക് കുരുക്കിട്ടിരിക്കുകയാണ് മുംബൈ പോലീസ്. ടിആർപി റാക്കറ്റിന് പണം നൽകി സ്വാധീച്ചെന്നാണ് മുംബൈ പോലീസ് കമ്മീഷണർ പരംവീർ സിംഗ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പോലീസ് കേസും പാർലമെന്ററി സമിതി അന്വേഷണവും അതിന്റെ വഴിക്ക് വരുന്നുണ്ട്. ബാർക് റേറ്റിംഗിൽ  ദേശീയ ഇംഗ്ലീഷ് വാർത്താ ചാനലുകളിൽ അടുത്ത കാലത്തായി റിപ്പബ്ലിക് ടിവി ആണ് ഒന്നാം സ്ഥാനത്ത്. ഏറ്റവും ഒടുവിൽ പുറത്ത് വന്ന ആഴ്ച 39  ലെ റേറ്റിംഗിലും അങ്ങനെ തന്നെയാണ്. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 2 വരെയുള്ള ആഴ്ചയിലെ കണക്കാണ് അവസാനം പുറത്ത് വന്നത്. റിപ്പബ്ലിക് ടിവിയുടെ വീക്ക്‌ലി ഇംപ്രഷൻസ് 5056 ആണ്. തൊട്ടു താഴെയുള്ള ടൈംസ് നൗ ചാനലിന് 1872 ഇംപ്രഷനുകൾ മാത്രമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ ടുഡേ ടിവിക്ക് 1812 ഇംപ്രഷനുകളും. രണ്ടും മൂന്നും നാലും സ്ഥാനക്കാരുടെ വീക്ക്‌ലി ഇംപ്രഷൻ കൂട്ടിയാൽ ഉള്ളതിനേക്കാൾ കൂടുതലാണ് റിപ്പബ്ലിക് ടിവിയുടേത്. സംഭവം പുറത്തു വന്നതിന് പിന്നാലെ അർണബിന്റെ ഒരു വീഡിയോ ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.  

 

ഇന്ത്യ ടുഡേയിലെ മാധ്യമ പ്രവർത്തകൻ അർണബിന്റെ പ്രതികരണം തേടിയെത്തിയ വീഡിയോ ആയിരുന്നു അത്. വൈകാരിക പ്രകടനങ്ങളോടെ അർണബിനോട് ചോദ്യങ്ങൾ ചോദിക്കുന്ന റിപ്പോർട്ടർ മുസ്തഫ ഷെയ്ഖാണ് വീഡിയോയിലുള്ളത്. അർണബ് എങ്ങനെയാണോ ചാനൽ ചർച്ചയിൽ പൊട്ടിത്തെറിക്കാറ്, അതുപോലെ തന്നെയായിരുന്നു ഇന്ത്യ ടുഡേ റിപ്പോർട്ടർ അദ്ദേഹത്തെ സമീപിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായി. നിസ്സാര ചോദ്യം അർണബ്..നിസ്സാര ചോദ്യം അർണബ്..മുംബൈ പോലീസ് നിങ്ങൾക്കെതിരെ ഒരു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നു. ..നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? ഇങ്ങനെയായിരുന്നു ഇന്ത്യ ടുഡേ റിപ്പോർട്ടർ അർണബിന്റെ കാറിന്റെ സമീപത്തേക്ക് കയറി ചെന്നത്. എന്നാൽ പോലീസും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകനെ വലിച്ചുമാറ്റുന്നതാണ് തുടർന്ന് കാണാൻ സാധിച്ചത്. റേറ്റിംഗിൽ എപ്പോഴും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന റിപ്പബ്ലിക് ടിവിയുടെ മുഖ്യ എതിരാളിയാണ് ഇന്ത്യ ടുഡേ. 
റിപ്പബ്ലിക് ടിവി, ബോക്‌സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകൾ ആണ് ടിആർപി റേറ്റിംഗിൽ കൃത്രിമം നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്.  ടിആർപി റേറ്റിംഗ് അറിയുന്നതിന് ബാരോമീറ്ററുകൾ സ്ഥാപിച്ച വീടുകളിൽ പണം നൽകി ചില ചാനലുകൾ മാത്രം വെക്കാൻ ആവശ്യപ്പെട്ടതായാണ് പോലീസ് പറയുന്നത്. ഫക്ത് ഭാരതിന്റെയും ബോക്‌സ് സിനിമയുടേയും ഉടമസ്ഥരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അർണബ് ഗോസ്വാമിയെ മുംബൈ പോലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. റിപ്പബ്ലിക് ചാനലിന് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. 
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് തങ്ങളുടെ ചാനൽ മുംബൈ പോലീസ് കമ്മീഷണർക്കെതിരെ വാർത്ത നൽകിയതിന്റെ പ്രതികാരം തീർക്കുകയാണെന്നാണ് റിപ്പബ്ലിക് ടിവി പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നത്. 


അതിനിടെ, ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയ ചാനലുകൾക്കെതിരെ നടപടിയെടുത്ത് നാഷണൽ ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേഡ് അതോറിറ്റി. വ്യാജ വാർത്ത നൽകിയതിന് ആജ് തക് ചാനലിന് ലക്ഷം രൂപ പിഴ വിധിച്ചു. സീ ന്യൂസ്, ന്യൂസ് 24, ഇന്ത്യ ടിവി എന്നീ ചാനലുകൾ ക്ഷമാപണം സംപ്രേഷണം ചെയ്യണം. സുശാന്തിന്റേത് എന്ന പേരിൽ വ്യാജ ട്വീറ്റുകൾ നൽകിയതിനാണ് നടപടി. ഒപ്പം ചാനലുകളുടെ വെബ്‌സൈറ്റ്, യു ട്യൂബ് തുടങ്ങിയ ഇടങ്ങളിൽനിന്ന് ഇവ നീക്കം ചെയ്യണം. സുശാന്തിന്റെ മരണം 'ഹിറ്റ് വിക്കറ്റ്' എന്ന് തലക്കെട്ടോടെ വാർത്ത നൽകിയതിനാണ് ആജ് തക്കിന് പിഴ. 'പട്‌നയുടെ സുശാന്ത് മുംബൈയിൽ തോറ്റു' എന്ന തലക്കെട്ടായിരുന്നു സീ ന്യൂസ് നൽകിയത്. ഈ തലക്കെട്ടുകൾ മരിച്ചയാളെ അവഹേളിക്കുന്നതാണെന്നും എൻബിഎസ്എ പറഞ്ഞു. എൻബിഎസ്എ നൽകുന്ന ക്ഷമാപണമാണ് ചാനലുകൾ സംപ്രേഷണം ചെയ്യേണ്ടത്.
ടി.ആർ.പി റേറ്റിംഗിൽ കൃത്രിമം കാണിച്ച സംഭവത്തിൽ ആരോപണ വിധേയരായ മൂന്ന് ചാനലുകൾക്ക് ഇനി പരസ്യം നൽകില്ലെന്ന് പ്രമുഖ വാഹന നിർമാതാക്കളായ ബജാജ് ഓട്ടോസ്. ബജാജ് ഓട്ടോസിന്റെ മാനേജിങ് ഡയറക്ടർ രാജീവ് ബജാജാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു കമ്പനികളെയും കരിമ്പട്ടികയിൽ പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നവരെ തങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നും രാജീവ് ബജാജ് പറഞ്ഞു. ദൃശ്യ മാധ്യമങ്ങൾക്ക് പതിവായി പരസ്യം നൽകുന്ന വൻകിട സ്ഥാപനങ്ങൾ ഇങ്ങനെയൊരു തീരുമാനമെടുത്താൽ അതോടെ അവസാനിക്കും രാജ്യത്തെ ഭിന്നിപ്പിക്കുന്ന വിദ്വേഷ പ്രചാരണം. 

Latest News