Sorry, you need to enable JavaScript to visit this website.

റവ സ്‌റ്റോർ അബൂട്ടി ഇനിയില്ല, പാലക്കാടിന്റെ മസാലക്കൂട്ട്

പത്രവായന: നാട്ടുകാരനും സുഹൃത്തുമായ പാലക്കാട്ടെ നൂർജഹാൻ ഹോട്ടൽ ഉടമ ഹംസ ഹാജിയെക്കുറിച്ച് 'മലയാളം ന്യൂസ്' സൺഡേ പ്ലസ് പ്രസിദ്ധീകരിച്ച ഫീച്ചർ വായിക്കുന്ന അബൂട്ടി. 
അന്നുമിന്നും ഒന്ന്: പഴയകാല പാത്രങ്ങളിൽ വിൽപന വിഭവങ്ങൾ നിറച്ചു സൂക്ഷിക്കുന്ന കടയുടെ ഉൾക്കാഴ്ച
കൊൽക്കത്തയിൽ സുഹൃത്തുക്കളുമായി ചേർന്നുണ്ടാക്കിയ 'കോമ്രേഡ് സ്‌പോർട്‌സ് കഌബ്ബി'ന്റെ ക്രിക്കറ്റ് ടീം. വലത്തേയറ്റത്ത് ബാറ്റുമായി ഇരിക്കുന്നത് അബൂട്ടി. (അറുപതിലേറെ വർഷത്തെ പഴക്കമുണ്ട് ചിത്രത്തിന്).                        
മാതാപിതാക്കൾ: അബൂട്ടിയുടെ  പിതാവ് പി.പി. മമ്മുവും  മാതാവ് കുഞ്ഞാമിനയും       
ഓർമച്ചിത്രം: ഭാര്യ സുഹ്‌റയുടെയും തന്റെയും പിൽക്കാല ഫോട്ടോകൾ പതിച്ച് മൂന്നു വർഷം മുൻപ് ഭാര്യയുടെ വേർപാടിനു ശേഷം അബൂട്ടി ലാമിനേറ്റ് ചെയ്തു സൂക്ഷിച്ച വിവാഹ ക്ഷണക്കത്ത്

കലർപ്പേൽക്കാത്ത കറിപ്പൊടികൾക്കൊപ്പം വിനയം ചാലിച്ച സ്‌നേഹം പൊതിഞ്ഞുനൽകി വ്യാപാര വിജയം വരിച്ച ഒരു സ്ഥാപനം. ഉടമയും ഉപഭോക്താവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ആ കച്ചവടശാലയുടെ പേര്: റവ സ്റ്റോർ. പാലക്കാടിന്റെ തിരക്കേറിയ നഗരഭാഗത്ത് പഴയൊരു ഇരുനിലക്കെട്ടിടത്തിനു താഴെ ഇടുങ്ങിയ ഒറ്റമുറിയിൽ രൂപഭാവങ്ങളിൽ മാറ്റമില്ലാതെ, പരസ്യങ്ങളുടെ പിൻബലപ്പകിട്ടില്ലാതെ, പാരമ്പര്യത്തിന്റെ പാതയിൽ സഞ്ചരിച്ച് ഈ കട ഇതിനകം പിന്നിട്ടത് നീണ്ട അഞ്ചരപ്പതിറ്റാണ്ട്. നടത്തിപ്പുകാരൻ ഒരേയൊരാൾ. വിഭവങ്ങൾ തൂക്കി നൽകാനാകട്ടെ അന്നും ഇന്നും ഒരേ സഹായികൾ. രുചി-ഗുണമേന്മകൊണ്ട് കടയുടെ നാമം മാത്രം മനസ്സിൽ സൂക്ഷിച്ചവർക്ക് ഉടമയുടെ പേരറിയാൻ അദ്ദേഹത്തിന്റെ വേർപാട് വാർത്താ മാധ്യമങ്ങളിൽ നിറയുംവരെ കാത്തിരിക്കേണ്ടിവന്നു. ആ പേര്: അബൂട്ടി.

 

പോയമാസത്തിന്റെ അവസാന നാളുകളിലൊന്നിലായിരുന്നു വീട്ടിനകത്തെ വീഴ്ചയെ തുടർന്ന് എൺപത്തഞ്ചു വർഷം നീണ്ട സുകൃത ജീവിതത്തിനു വിരാമം. നഗരം കണ്ട നാലഞ്ച് തലമുറകളുടെ ഉള്ളുണർത്തുന്ന ഓർമകളിൽ ആദരവോടെ ആ പേര് ചേർത്തുനിർത്തുന്നു- റവ സ്റ്റോർ അബൂട്ടിക്ക.  കണ്ണൂർ തലശ്ശേരി സെയ്താർ പള്ളിക്കടുത്ത പിലാക്കൂൽ വലിയടത്തു വീട്ടിൽ പി.പി. മമ്മുവിന്റെയും കുഞ്ഞാമിനയുടെയും ആൺമക്കളിൽ മൂത്തവനായ നാലകത്ത് കാഞ്ഞായി അബൂട്ടിയുടെ നീണ്ട ജീവിതത്തിൽ നിന്നും കിഴിച്ചെടുത്ത അമ്പത്തഞ്ചു വർഷവും കച്ചവടത്തിനിരുന്നത് ഇതേ കടയ്ക്കുള്ളിൽ. ഒരേ ദിശയിൽ, ഒരേ ഭാവത്തിൽ, ഗുണത്തിലും രുചിയിലും വിട്ടുവീഴ്ചയില്ലാത്ത ഒരേ വിപണന രീതിയിൽ. ആ ഇരിപ്പിൽ തന്നെ പാലക്കാട്ടുകാർക്കു മുന്നിൽ ഐശ്വര്യത്തിന്റെ വേറിട്ടൊരു മുഖം തെളിഞ്ഞു. സൗമ്യവും ആകർഷകവുമായ പെരുമാറ്റമായിരുന്നു ആ മുഖത്തിന്റെ മുദ്ര. നിറക്കൂട്ടില്ലാത്ത രുചിക്കൂട്ടുകൾ നൽകിയ അദ്ദേഹത്തിന്റെ മനസ്സിനകത്ത്, ശരീരത്തിന്റേയും അതിലണിഞ്ഞ ഉടുപ്പിന്റെയും നടപ്പിന്റെയും വെളുത്ത നിറം അവർ കണ്ടു. രൂപഭാവങ്ങൾ കൊണ്ട് ഒരു പാലക്കാടൻ ബ്രാഹ്മണൻ എന്നു ധരിച്ച  പലരും 'സ്വാമി' എന്ന് അഭിസംബോധന ചെയ്തപ്പോൾ ഉള്ളിലുറഞ്ഞ ചിരിയൊതുക്കി അബൂട്ടി ആ വിളി മൗനമായി ആസ്വദിച്ചു.


അടുത്ത വീട്ടിലെ അടുപ്പിൽ തിളയ്ക്കുന്ന സാമ്പാറിന്റെ കൊതിപ്പിക്കുന്ന ഗന്ധത്തിലൂടെയാണ് പാലക്കാട്ടുകാർ കറിപ്പൊടി വിൽക്കുന്ന കടയുടെ പേരറിഞ്ഞു തുടങ്ങിയത്. നാവുകളിൽ നിന്ന് നാവുകളിലേയ്ക്ക് ആ പേര് പരന്നുനീങ്ങിയപ്പോൾ റവ സ്റ്റോറിൽ കച്ചവടത്തിന് തിരക്കേറി. റവ വിപണനവുമായി തുടങ്ങിയ കടയിലെ പലകത്തട്ടുകളിൽ കറിക്കൂട്ടുകൾക്കൊപ്പം അച്ചാർ വിഭവങ്ങളും, മധുരപലഹാരങ്ങളും നിരന്നു. അന്യദേശങ്ങളിൽ കഴിയുന്ന പാലക്കാട്ടുകാരുടെ ഗൃഹാതുരത്വത്തിന്റെ ഓർമകളിൽ ഈ വിഭവങ്ങൾ നിറഞ്ഞുനിന്നു. അവരിലൂടെ മറ്റു മലയാളികളിലും മറുനാട്ടുകാരിലും. വർഷം തോറും അവധിക്കാലത്ത് നാട്ടിലെത്തുന്ന പാലക്കാട്ടുകാർ അടുത്ത അവധിക്കാലം വരെ ഉപയോഗിക്കാവുന്ന കറിപ്പൊടികളും അച്ചാറുകളും ഈ കടയിൽനിന്ന് വാങ്ങിയാണ് തിരിച്ചുപോവുക. പരിചയക്കാർക്കു വേണ്ടിയുള്ള പൊതിക്കെട്ടുകളും ചേർത്തു വാങ്ങും. ഇവരുടെയെല്ലാം കുടുംബങ്ങളിലെ തീൻമേശകളിൽ രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന ഈ കറിപ്പൊടികൾ എന്നും പാചകത്തിന്റെ രുചിപ്പെരുമ തീർത്തു.

ഓർമച്ചിത്രം: ഭാര്യ സുഹ്‌റയുടെയും തന്റെയും പിൽക്കാല ഫോട്ടോകൾ പതിച്ച് മൂന്നു വർഷം മുൻപ് ഭാര്യയുടെ വേർപാടിനു ശേഷം അബൂട്ടി ലാമിനേറ്റ് ചെയ്തു സൂക്ഷിച്ച വിവാഹ ക്ഷണക്കത്ത്


മാങ്ങയുടെ കാലമായാൽ കടുകുമാങ്ങ അച്ചാറിന്റെ നിർമാണത്തിന് മികച്ച പൊടിക്കൂട്ടു തേടി പരിസര ദേശങ്ങളിൽ നിന്നു പോലും ആവശ്യക്കാർ എത്തും. നിലവാരമേറിയ ചേരുവകൾ വാങ്ങി സ്വന്തമായിത്തന്നെ പൊടിപ്പിച്ചെടുക്കുന്നവയാണ് എല്ലാ കറിപ്പൊടികളും. മുളകും മല്ലിയും മഞ്ഞളുമെല്ലാം കൂട്ടത്തിലുണ്ട്. ഇഡ്ഡലി - ദോശ ചട്ടിണിപ്പൊടിയാണ് മറ്റൊന്ന്. കൊണ്ടാട്ടങ്ങളുടെ നിരയിൽ താമരത്തണ്ടും ഉണ്ണിത്തണ്ടും പയറും ചുണ്ടങ്ങയും ഉള്ളിയും മുളകും കുരുമുളകും വെണ്ടക്കയും കയ്പക്കയും. അച്ചാറുകളുടെ നിരയിൽ മാങ്ങയും നാരങ്ങയും നെല്ലിക്കയും ആവയ്ക്കയും വടുകപുളിയും കുരുമുളകും തൊട്ട് മാഹാളിവേരു വരെ. പാലക്കാടിനു മാത്രം പരിചയമുണ്ടായിരുന്ന വേപ്പിലക്കട്ടിയാണ് അച്ചാറുകളിൽ ചേർത്തുവെയ്ക്കാവുന്ന മറ്റൊരു വിഭവം.
അഗ്രഹാരങ്ങളടക്കമുള്ള പാലക്കാടൻ ഗ്രാമവീടുകളിൽ കുടിൽ വ്യവസായമായി നടത്തിയിരുന്ന പലഹാരങ്ങളുടെയും അച്ചാറുകളുടെയും കൊണ്ടാട്ടങ്ങളുടെയും നിർമാണം അറിഞ്ഞതോടെയാണ് തന്റെ കടയിൽ ഇവയും വിൽപനയ്ക്കു നിരത്താമെന്ന തോന്നൽ അബൂട്ടിയിലുണ്ടായത്. അതു നടപ്പിലായപ്പോൾ പാവപ്പെട്ട കുറെ കുടുംബങ്ങൾക്ക് നല്ലൊരു വരുമാനവുമായി. മുറുക്കും ചീഡയും പക്കാവടയും കപ്പ വറുത്തതും സാദാ പപ്പടവും വൈവിധ്യമേറ്റാൻ അരിപപ്പടവും മുളകു പപ്പടവും ചവ്വറിപപ്പടവും ഉണ്ണിയപ്പവും മനോഹരവും പരിപ്പുബോളിയും കുഴലപ്പവും പൊരുളിങ്ങയും ബർഫിയും, റവ ലഡുവും തൊട്ട് കടല മിഠായി വരെ അവർ നിർമിച്ചു നൽകി. ഏറ്റവും മികച്ച കുവ്വപ്പൊടിയും ചക്കവരട്ടിയും കിട്ടുന്ന സ്ഥലമേതെന്ന ചോദ്യത്തിന് റവ സ്റ്റോർ എന്ന ഒറ്റ ഉത്തരമേ പാലക്കാട്ടുകാർക്കുള്ളൂ. നഗരപരിസരങ്ങളിലുള്ളവർ നല്ല കറിക്കൂട്ടുകൾക്കായി കാലത്തെ എത്തി ഈ കട തുറക്കും വരെ കാത്തിരുന്ന കാലമുണ്ടായിരുന്നു.

മാതാപിതാക്കൾ: അബൂട്ടിയുടെ പിതാവ് പി.പി. മമ്മുവും മാതാവ് കുഞ്ഞാമിനയും    


കച്ചവട സാധ്യത തേടി രണ്ടു തവണ പാലക്കാട്ടെത്തി പരാജയം വാങ്ങി തിരിച്ചുപോയ അബൂട്ടി, മൂന്നാം വരവിലാണ് റവ സ്റ്റോറിന്റെ സ്ഥാപനം നടത്തി ഇവിടെ ഇരിപ്പുറപ്പിച്ചത്. നാട്ടുകാരനായ ഒരു സ്‌നേഹിതന്റെ നിർബന്ധത്തിൽ ഇരുപതാമത്തെ വയസ്സിലായിരുന്നു ആദ്യത്തെ വരവ്. അക്കാലത്ത് കൊൽക്കത്തയിലെ കിദർപ്പൂരിൽ രാപ്പകൽ ആൾത്തിരക്കുള്ള തുറമുഖത്തിനടുത്ത് 'ദർബാർ' ഹോട്ടൽ നടത്തിയിരുന്ന പിതാവും കൂടെയെത്തി. ചങ്ങാതിക്കൊപ്പം താമസിച്ച് ചുണ്ണാമ്പു നിർമാണ കേന്ദ്രമായ ചുണ്ണാമ്പുതറയിൽ അന്നു തുടങ്ങിയത് മരക്കരിക്കച്ചവടം. അതിനു വേണ്ടത്ര വിജയ സാധ്യത തെളിയാതായപ്പോൾ പിതാവിന്റെ നിർദേശത്തിൽ ഒലവക്കോട്ടെ ഒരു ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുത്തു. കൊൽക്കത്താ  മലയാളികൾക്കിടയിൽ പ്രശസ്തി നേടിയ 'ദർബാർ' എന്നു തന്നെ ആ ഹോട്ടലിനും പേരിട്ടു. പക്ഷേ, വല്ലപ്പോഴും തീവണ്ടികളിൽ വന്നിറങ്ങുകയോ പോവുകയോ ചെയ്യുന്ന ചുരുക്കം യാത്രക്കാരൊഴിച്ചാൽ അന്ന് വലിയ ജനത്തിരക്കില്ലാതിരുന്ന ഒലവക്കോട്ട് ലാഭകരമല്ലാതെ പോയ ആ ഹോട്ടലിനും താമസിയാതെ താഴു വീണു. കൗമാരത്തിന്റെ ശേഷിപ്പ് തലശ്ശേരിയിൽ കുടഞ്ഞിട്ട് കൊൽക്കത്തയിലേയ്ക്ക് മടക്കയാത്ര. അവിടെ പിതാവ് നടത്തിയ ഹോട്ടലിന്റെ പൂർണ ചുമതലക്കാരനായി. അക്കാലത്താണ് തലശ്ശേരിയിലെ തന്നെ വിദ്യാഭ്യാസവും സമ്പത്തും കൊണ്ട് പ്രാമാണികമായിരുന്ന കുടുംബത്തിലെ എൻ. അബൂബക്കറിന്റെ മകൾ ഫാത്തിമാ സുഹ്‌റയെ ജീവിത സഖിയായി കൈപിടിക്കുന്നത്.
കൊൽക്കത്തയിൽ ഹാർബർ വികസനം തുടങ്ങിയപ്പോൾ സമീപത്തെ കടകളുടെ നിലനിൽപ് പ്രതിസന്ധിയിലായി. 'ദർബാർ' ഹോട്ടലും പൂട്ടേണ്ടിവന്നു. സ്വദേശത്തേയ്ക്ക്  മടങ്ങിയ അബൂട്ടി വീണ്ടുമെത്തിയത് പാലക്കാട്ട്. മാർക്കറ്റ് റോഡിലെ ചെറിയൊരു മുറിയിൽ തുടങ്ങിയത് റവക്കച്ചവടം. മൊത്ത വ്യാപാരകേന്ദ്രങ്ങളിലെത്തി റവ വാങ്ങിയതും വിൽപന നടത്തിയതുമെല്ലാം ഒറ്റയ്ക്ക്. പുതിയ രംഗത്ത് പിടിച്ചുനിൽക്കാമെന്ന് ഉറപ്പായപ്പോഴാണ് കോളേജ് റോഡിലെ കോർണർ വ്യൂ കെട്ടിടത്തിനു താഴെ ഒറ്റമുറിക്കു മുന്നിൽ 'റവ സ്റ്റോർ' എന്ന ബോർഡ് ഉയർത്തി അതിനകത്തിരുന്ന് ജീവിതത്തിന്റെ പുതിയ ഗതി നിശ്ചയിച്ച ആ കച്ചവടയാത്ര തുടങ്ങുന്നത്. 1966 നവംബർ 25 ന് അമ്പതു രൂപ വാടക നിശ്ചയിച്ച് കട തുറക്കുമ്പോൾ, അഞ്ഞൂറു രൂപ അഡ്വാൻസടക്കം മുടക്കുമുതൽ ആയിരം രൂപ.


പാലക്കാടിന്റെ രുചിഭേദങ്ങൾ മനസ്സിൽ നിറഞ്ഞപ്പോഴാണ് കടയ്ക്കകത്ത് അരിയുടെയും ഗോതമ്പിന്റെയും കോറയുടെയും വകഭേദമുള്ള റവയ്‌ക്കൊപ്പം കുറേശ്ശയായി കറിപ്പൊടികൾ നിരത്തിത്തുടങ്ങിയത്. പാരമ്പര്യത്തിന്റെ പാത മുറിക്കാതെ അന്ന് അതിനുപയോഗിച്ച കുപ്പിഭരണികളിലും ഒരു കാലത്ത് ബേക്കറികളിൽ ബിസ്‌കറ്റ് നിറയ്ക്കാൻ ഉപയോഗിച്ചതു പോലുള്ള ഒരു വശം കണ്ണാടി പതിച്ച തകരപ്പാത്രങ്ങളിലും തന്നെ ഇന്നും റവ സ്റ്റോറിൽ പല വിഭവങ്ങളും നിറയുന്നു എന്നത് മറ്റൊരു സവിശേഷത. വിൽപനച്ചരക്കുകളും ആവശ്യക്കാരുടെ തിരക്കും വർധിച്ചതോടെയാണ് കടയിൽ സഹായികളുടെ ആവശ്യം വന്നത്. വീടുകളിലുണ്ടാക്കുന്ന വിഭവങ്ങൾ കടയിലെത്തിക്കുന്നവരിൽ ഓരോരുത്തരെയായി തൊഴിലാളികളാക്കി. അങ്ങനെ നാലുപേർ. പ്രായമായ ഒരാൾ മരണപ്പെട്ടപ്പോൾ പകരക്കാരനായി മകനെ നിർത്തി. അബൂട്ടി എന്ന കടയുടമയുടെ സ്‌നേഹത്തിന്റെ ആർദ്രതയും കാരുണ്യത്തിന്റെ വിശാലതയും അനുഭവിച്ചറിഞ്ഞ ഇവരെയെല്ലാം തന്റെ വിശ്വസ്തരായി മാറ്റാൻ അദ്ദേഹത്തിന് ഒട്ടും പണിപ്പെടേണ്ടിവന്നില്ല. ദൈനംദിന ബാങ്കിടപാടുകൾക്കുപോലും നിയോഗിക്കുന്നത് ഇവരെയാണ്. ഓട്ടോ ഡ്രൈവറായ യൂസഫ് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യനാളുകൾ വരെ സന്തത സഹചാരിയും 'അംഗരക്ഷകനു'മെല്ലാം. എല്ലാറ്റിലും കൃത്യത നിർബന്ധമാക്കിയ അബൂട്ടിക്കായെ ഒരിക്കലും കാത്തുനിൽപിന് ഇടവരുത്താതെ വീട്ടിൽനിന്ന് കടയിലേയ്ക്കും തിരികെയും കൃത്യസമയത്ത് എത്തിച്ചിരുന്ന ഈ സാരഥി തന്നെയാണ് വീണു പരിക്കേറ്റ യജമാനനെ മരണത്തിന് കീഴടങ്ങുന്നതിന് മൂന്നുനാൾ മുൻപ് ആശുപത്രിയിലെത്തിച്ചതും.
കടയിലെ ജോലിക്കാർക്കും സഹായികൾക്കും അവരുടെ കുടുംബത്തിനും മാത്രമല്ല, സാധനങ്ങൾ ഉണ്ടാക്കി നൽകുന്നവർക്കും വാങ്ങാനെത്തുന്നവർക്കുപോലും അവരുടെ ആവശ്യങ്ങൾ അറിഞ്ഞും കേട്ടും അബൂട്ടി എന്ന മനുഷ്യന്റെ മനസ്സലിവിൽ ധാരാളം സഹായം ലഭിച്ചു. ഇത്തരം സഹായം പറ്റിയവർ പിന്നീടെപ്പോഴെങ്കിലും നന്ദിയോടെ സൂചിപ്പിക്കുമ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ മക്കൾ പോലും അക്കാര്യം അറിയുന്നത്. 'വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിഞ്ഞുകൂട' എന്ന പ്രമാണത്തിൽ ഉറച്ചുവിശ്വസിച്ചിരുന്നു, ദാനധർമ്മിയായ തങ്ങളുടെ വാപ്പയെന്ന് മക്കൾ മൂന്നുപേരും തികഞ്ഞ കൃതാർത്ഥതയോടെ ഓർക്കുന്നു. റവ സ്റ്റോർ എന്ന ഒറ്റമുറിക്കടയിലൂടെ ജീവിതത്തിന്റെ പുതിയ മുഖം കണ്ടെത്തുകയും ഒരുപാട് പേർക്ക് ജീവിത വഴി തുറന്നുകൊടുക്കുകയും ചെയ്ത അബൂട്ടി തന്റെ ജീവതാളമായ ഈ കടയിൽനിന്നുള്ള വരുമാനത്തിലൂടെ കടുംബ ഭദ്രത ഉറപ്പാക്കി. ഇടപാടുകാരുമായി വിശേഷങ്ങൾ പങ്കിടുന്നതിനിടയിൽ തന്നെ അവർ വാങ്ങുന്ന സാധനങ്ങളുടെ വിലക്കണക്കും തെറ്റാതെ കുറിക്കുന്ന, കണിശക്കാരനായ അബൂട്ടി പഠിക്കാൻ മിടുക്കരായിരുന്ന മക്കൾക്കെല്ലാം നേടിക്കൊടുത്തത് മികച്ച വിദ്യാഭ്യാസവും ഉയർന്ന ഉദ്യോഗങ്ങളും. മൂത്ത മകൻ മുഹമ്മദ് താലിഷ് ഏറെക്കാലമായി ജിദ്ദയിലാണ്. ഇന്ത്യൻ എയർഫോഴ്‌സിൽ സ്‌ക്വാഡ്രൻ ലീഡറായി വിരമിച്ച രണ്ടാമത്തെ മകൻ ഫൈസൽ ഫായിസ് ഏവിയേഷൻ ഉദ്യോഗസ്ഥനായി ദുബായിൽ. ഇളയ മകൻ ഷമീമും ദുബായിയിൽ തന്നെ.
കച്ചവട സ്ഥാപനത്തിലെ സ്‌നേഹ മുഖവും പെരുമാറ്റ രീതിയും തന്നെയാണ് വാപ്പ വീട്ടിലും കാട്ടിയത്. തങ്ങളുടെയെല്ലാം ജീവിതത്തിൽ ഒരിക്കൽ പോലും അദ്ദേഹത്തിൽ നിന്ന് ശകാരമോ ശിക്ഷയോ ഏൽക്കേണ്ടി വന്നിട്ടില്ല. തെറ്റുകുറ്റങ്ങൾ കണ്ടാൽ ശിക്ഷയുടെ ചുമതല മുഴുവൻ കുടുംബ നായകത്വം വഹിച്ച ഉമ്മയ്ക്കായിരുന്നു. വാപ്പയുടെ വ്യാപാര വിജയത്തിനു പിന്നിലും ഉമ്മയുടെ നല്ല ഇടപെടലുകളുണ്ടായിട്ടുണ്ട്' -മക്കൾ ഓർക്കുന്നു.
അബൂട്ടിയുടെ കച്ചവടത്തിരക്കുകൾക്കിടയിൽ കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും നിലനിർത്തുന്ന കാര്യത്തിൽ സുഹ്‌റയായിരുന്നു എന്നും മുന്നിൽ. നാട്ടിലെ ബന്ധുക്കളോ സുഹൃത്തുക്കളോ കുടുംബമായി പാലക്കാട്ടെത്തി താമസം തുടങ്ങിയതറിഞ്ഞാൽ അവരെ അങ്ങോട്ട് ബന്ധപ്പെടും. അതൊരു ആത്മബന്ധമായി അതിവേഗം വളരും. തലശ്ശേരിക്കാരനായ ബന്ധു എ.പി.എം. കുഞ്ഞിമക്കി മുനിസിപ്പൽ കമ്മീഷണറായി പാലക്കാട്ട് എത്തിയതുതൊട്ട് സ്ഥലംമാറി പോകുന്നതു വരെ അദ്ദേഹത്തിന്റെ കുടുംബവുമായി നല്ല കൂട്ടായിരുന്നു. കുഞ്ഞിമക്കിയിലൂടെ പരിചയിച്ച അദ്ദേഹത്തിന്റെ ബന്ധുവും അക്കാലത്ത് പ്രീമിയർ ബ്രൂവറീസ് ജീവനക്കാരനുമായിരുന്ന മുഹമ്മദ് അഷ്‌റഫ് ആ ജോലി വിട്ട ശേഷം റവാ സ്റ്റോറിൽ കച്ചവട സഹായിയായി.
മൂന്നു വർഷം മുൻപ് ഭാര്യയുടെ വേർപാടിനു ശേഷം ഒറ്റപ്പെടലിന്റെ വ്യഥയിൽ അബൂട്ടി വല്ലാതെ തളർന്നുപോയി. അമ്പത്തൊൻപത് വർഷം മുൻപ് നടന്ന വിവാഹത്തിന്റെ ഇംഗ്ലീഷിലുള്ള ക്ഷണക്കത്ത് പോറലേൽക്കാതെ സൂക്ഷിച്ച അദ്ദേഹം സുഹ്‌റയുടെ മരണ ശേഷം അതിൽ തന്റെയും ഭാര്യയുടെയും ചിത്രങ്ങൾ പതിച്ചുചേർത്ത് ലാമിനേറ്റ് ചെയ്തുവെച്ചു. പാലക്കാട് പാളയപ്പേട്ടിലെ 'സുരഭി' എന്ന സ്വന്തം വീട്ടിനകത്തിരുന്ന് ഇടയ്‌ക്കെല്ലാം അദ്ദേഹം അതെടുത്ത് നോക്കി നെടുവീർപ്പിടുന്നത് മക്കൾക്കും ബന്ധുക്കൾക്കും നൊമ്പരക്കാഴ്ചയായിരുന്നു. (ഇംഗ്ലീഷിലുള്ള പ്രാവീണ്യത്താൽ തലശ്ശേരിക്കാരെക്കൊണ്ട് 'ഇംഗ്ലീഷ് മൂസ്സ' എന്നു വിളിപ്പിച്ച സഹോദരൻ മൂസ്സയാണ് അബൂട്ടിയുടെ വിവാഹക്കത്ത് തയാറാക്കിയിരുന്നത്. വാചക ഘടന കൊണ്ട് അക്കാലത്ത് പുതുമയുണ്ടായിരുന്ന ഈ കത്തിൽ ഹദീസും ചേർത്തുവെച്ചിരുന്നു). അബൂട്ടി - സുഹ്‌റ ദമ്പതികളുടെ കുടുംബങ്ങളിലെ പൂർവിക പുരുഷൻമാർ മുണ്ടും ഷർട്ടും ധരിച്ച് ഷർട്ടിനു മുകളിൽ വലിയ വട്ടക്കുടുക്ക്  (ബട്ടൻ) പതിച്ച വില കൂടിയ കോട്ട് ധരിച്ചാണ് മഹിമ കാട്ടിയിരുന്നത്.

അന്നുമിന്നും ഒന്ന്: പഴയകാല പാത്രങ്ങളിൽ വിൽപന വിഭവങ്ങൾ നിറച്ചു സൂക്ഷിക്കുന്ന കടയുടെ ഉൾക്കാഴ്ച 


ചെറുപ്പത്തിലേ പരിശീലിച്ച ക്രിക്കറ്റ് കളിയോടുള്ള ഭ്രമം കൊൽക്കത്തയിൽ കച്ചവട സഹായത്തിനെത്തിയപ്പോഴേയ്ക്കും അബൂട്ടിയെ നന്നായി സ്വാധീനിച്ചിരുന്നു. അവിടെ പങ്കജ് റോയ് നടത്തിയിരുന്ന ക്രിക്കറ്റ് ക്ലബ്ബിന്റെ പ്രകടനങ്ങളോടായിരുന്നു കൂടുതൽ കമ്പം. കൂട്ടുകാരുമായി ചേർന്ന് രൂപപ്പെടുത്തിയ 'കോമ്രേയ്ഡ്' സ്‌പോർട്‌സ് ക്ലബ്ബിന്റെ ക്രിക്കറ്റ് ടീമിൽ വൈസ് ക്യാപ്റ്റനും ഫാസ്റ്റ് ബൗളറുമായി. പാലക്കാട്ടെത്തി റവ സ്റ്റോറിനകത്ത് ഇരിക്കുമ്പോഴും ക്രിക്കറ്റ് ഭ്രാന്ത് വിട്ടൊഴിഞ്ഞില്ല. രാജ്യത്തിനകത്തോ പുറത്തോ വലിയ വലിയ ക്രിക്കറ്റ് കളികൾ നടക്കുമ്പോൾ അതിന്റെ തൽസമയ വിവരണം ആവേശത്തോടെ ആസ്വദിക്കാൻ ചെറിയൊരു ട്രാൻസിസ്റ്റർ റേഡിയോയിൽ കടയിലെ തിരക്കുകൾക്കിടയിലും ചെവിചേർത്തു.

കൊൽക്കത്തയിൽ സുഹൃത്തുക്കളുമായി ചേർന്നുണ്ടാക്കിയ 'കോമ്രേഡ് സ്‌പോർട്‌സ് കഌബ്ബി'ന്റെ ക്രിക്കറ്റ് ടീം. വലത്തേയറ്റത്ത് ബാറ്റുമായി ഇരിക്കുന്നത് അബൂട്ടി. (അറുപതിലേറെ വർഷത്തെ പഴക്കമുണ്ട് ചിത്രത്തിന്).                        



പ്രകടനാത്മകത തീരെ ഇല്ലാത്ത തികഞ്ഞ വിശ്വാസിയായിരുന്നു അബൂട്ടി. ജിദ്ദയിലുള്ള മകന്റെ സഹായത്തോടെ ഭാര്യയോടൊപ്പം 2001 ൽ ഹജ് കർമവും പത്തു വർഷം കഴിഞ്ഞ് ഉംറയും ചെയ്തത് അടുത്ത ബന്ധുക്കളല്ലാതെ മറ്റാരും അറിഞ്ഞില്ല. ഗുണമേന്മയിലെ കാർക്കശ്യം പോലെ പരമ്പരാഗത കച്ചവട രീതിയിൽ നിന്ന് മാറി സഞ്ചരിക്കാനും അദ്ദേഹം ഒരിക്കലും തയാറായില്ല. തീൻമേശയിൽ എരിവും പുളിയും മധുരവും പുരട്ടാനുള്ള ഒട്ടനേകം ചേരുവകൾ നിറച്ച ഇടുങ്ങിയ ആ ഒറ്റമുറിക്കട കാലത്തിനൊത്ത് പരിഷ്‌കരിക്കുകയോ കൂടുതൽ സൗകര്യമുള്ള കെട്ടിടത്തിലേയ്ക്ക് മാറ്റി ആകർഷകമാക്കുകയോ ചെയ്താലെന്തെന്ന മക്കളടക്കമുള്ളവരുടെ അഭിപ്രായത്തെ പുറംപകിട്ടുകളോട് പൊരുത്തപ്പെടാത്ത അദ്ദേഹം പതിവുചിരി ചേർത്ത് അവഗണിക്കുകയായിരുന്നു. അടുത്ത കാലത്ത് റവ സ്റ്റോറിലെത്തിയ ഒരു പെൺകുട്ടി വിനയത്തോടെ സ്വയം പരിചയപ്പെടുത്തി: 'ഞാനൊരു ഗവേഷണ വിദ്യാർഥിയാണ്. പരമ്പരാധിഷ്ഠിത വ്യാപാരങ്ങളുടെ വിജയം ആയിരുന്നു എന്റെ പഠന വിഷയം. ഇതിന് ഉദാഹരണമായി ഞാൻ ചൂണ്ടിക്കാട്ടിയ രണ്ടു സ്ഥാപനങ്ങളിലൊന്ന് ഇതാണ്.'
ആധുനികതയേയും , സമ്പദ്‌വ്യവസ്ഥകളുടെ ഏറ്റക്കുറച്ചിലുകളേയും ഒരുപോലെ അതിജീവിച്ചാണ് കറിക്കൂട്ടുകളുടെ കലവറയായ റവ സ്റ്റോർ നിലനിൽപിന്റെയും വളർച്ചയുടെയും പടികൾ താണ്ടിയത്. വൻകിട വ്യവസായ ശാലകൾ വലിയ തോതിൽ ഉൽപാദിപ്പിച്ച് വർണക്കൂടുകളിലാക്കി പലതരം കറിമസാലകൾ വലിയ വലിയ കടകളിൽ വിൽപനയ്ക്ക് നിരത്തുമ്പോഴും പാലക്കാട് നഗരമൂലയിലെ കോർണർവ്യൂ കെട്ടിടത്തിനു താഴെ തിരക്കൊഴിയുന്നില്ല. കാരണം ജൈവം, നാടൻ എന്നിങ്ങനെ ഭക്ഷ്യവിഭവങ്ങളുടെ വേർതിരിവ് വരും മുമ്പേ റവ സ്റ്റോർ അത് നിർവചിച്ച് 'തനിനാടൻ' തെരഞ്ഞെടുത്തിരുന്നു.

പത്രവായന: നാട്ടുകാരനും സുഹൃത്തുമായ പാലക്കാട്ടെ നൂർജഹാൻ ഹോട്ടൽ ഉടമ ഹംസ ഹാജിയെക്കുറിച്ച് 'മലയാളം ന്യൂസ്' സൺഡേ പ്ലസ് പ്രസിദ്ധീകരിച്ച ഫീച്ചർ വായിക്കുന്ന അബൂട്ടി.


വ്യക്തിഗതമായ ദീർഘകാല ബന്ധത്തിൽ നിന്ന് ഒരിറ്റെങ്കിലും ചാലിച്ചു ചേർക്കാതെ അബൂട്ടിക്കയെ കുറിച്ചുള്ള ഈ എഴുത്തിന്റെ വഴിയിൽ എനിക്ക് മറുകര താണ്ടാനാവില്ല. അര നൂറ്റാണ്ടിന് അരികെയെത്തി നിൽക്കുന്നു, എന്റെ പാലക്കാടൻ ജീവിതവും ഈ നാടുമായി ചേർന്ന സ്മരണകളും. മാധ്യമ തൊഴിലാളിയായി ഇവിടെ എത്തിയ അതേ ദിവസം കണ്ടുതുടങ്ങിയ സ്‌നേഹ മുഖങ്ങളിലൊന്നാണ് അബൂട്ടിക്കയുടേത്. നിയമന ഉത്തരവുമായി റവ സ്റ്റോറിന്റെ മുകൾ നിലയിലെ തൊഴിലിടത്തിന്റെ പടികൾ കയറുന്നതിനിടയിൽ തന്നെ അദ്ദേഹത്തെ കണ്ടു. അന്നു തൊട്ടുണ്ടായ സൗഹൃദം പരസ്പര സ്‌നേഹമുറഞ്ഞ ഹൃദയബന്ധമായി വളർന്നു. തൊഴിലിടം അവിടെ തന്നെ നിലനിന്ന രണ്ടു പതിറ്റാണ്ടിന്റെ ഓരോ പ്രഭാതത്തിലും ഞങ്ങൾ പരസ്പരം കൈ ഉയർത്തി അഭിവാദ്യം പങ്കിട്ടാണ് നടന്നു നീങ്ങുക. തൊഴിൽ താവളം മാറിയിട്ടും വിരമിച്ച ശേഷവും വലിയ ഇടവേളകളില്ലാതെ അദ്ദേഹത്തെ കടയിലോ വീട്ടിലോ കണ്ട് ഇരുവരുടേയും കുടുംബ കാര്യങ്ങളുടെയും സുഖദുഃഖങ്ങളുടെയും കെട്ടഴിക്കും. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ വരുന്നതിന് ഏതാനും ദിവസം മുൻപായിരുന്നു അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ഒടുവിലായി നേരിൽ കാണുന്നത്. പഴയകാലം അയവിറക്കുന്നതിനിടയിൽ ഞാൻ ആഗ്രഹം പറഞ്ഞു: 'ഇതെല്ലാം ചേർത്ത് എനിക്ക് എഴുതണം....' നിഷേധ മറുപടി പെട്ടെന്നു വന്നു - 'അയ്യോ, വേണ്ട. എനിക്കും കടക്കും വയസ്സായി. പബ്ലിസിറ്റിക്കു പിറകെ പോകരുതെന്ന് ആദ്യമേ ഉറപ്പിച്ചതാണ്. അതിൽ ഇനി മാറ്റമില്ല.' വിൽക്കുന്ന വിഭവങ്ങളിലെ ഗുണനിലവാരത്തിലെന്നപോലെ ജീവിത നിലപാടുകളിലും മരണം വരെ അദ്ദേഹം ഉറച്ചു തന്നെ നിന്നു. നഗര മുഖം അടിമുടി മാറിയ കാലത്തിന്റെ കുതിച്ചുചാട്ടത്തിനിടയിൽ പാലക്കാട് ഹെഡ്‌പോസ്റ്റോഫീസിനടുത്തുള്ള ആ പഴയ കെട്ടിടത്തിൽനിന്ന്, റവ സ്റ്റോറിനൊപ്പമോ അതിനു മുൻപോ നിലവിൽ വന്ന ഇതര സ്ഥാപനങ്ങൾ മുഴുവൻ ഇതിനകം ഇല്ലാതായി. ചിലതിൽ പുതിയ കച്ചവടക്കാരെത്തി. പഴയകാല കട നടത്തിപ്പുകാരിൽ ഓരോരുത്തരെയായി കാലം ജീവിതത്തിൽനിന്നു തിരികെ വിളിച്ചു. കടയുടെ മുഖവും സ്വന്തം മുഖവും മരണമെത്തുവോളം ഒരിക്കലും മാറ്റാതിരുന്ന അബൂട്ടിക്ക അതിൽ ഒടുവിലത്തെ ആൾ.
താരതമ്യമില്ലാത്ത കച്ചവട വഴികളിലൂടെ സഞ്ചരിച്ച് ജീവിതത്തോട് തീർപ്പാക്കി മടങ്ങിയ അബൂട്ടി അവസാന കാലത്ത് ആഗ്രഹിച്ചത് ഒന്നു മാത്രം - റവ സ്റ്റോറിന്റെ വാതിൽ ഒരിക്കലും അടഞ്ഞുപോകരുത്. ഇതിനെ ആശ്രയിക്കുന്ന ജീവിതങ്ങൾ അനാഥമാകരുത്... ഇല്ല, അങ്ങനെ വരില്ല. ആ നീല ഷട്ടർ എന്നും വലിച്ചു തുറക്കാൻ അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് സ്വന്തം തൊഴിലിടങ്ങളിലേയ്ക്ക് തിരിച്ചുപോകും മുമ്പേ മൂന്നു മക്കളും ഒരേ സ്വരത്തിൽ തീർപ്പാക്കിയിരിക്കുന്നു. എങ്കിലും അതിനകത്ത് അനേക കാലം ഇരുന്ന് നല്ല വിഭവങ്ങൾ നൽകി നല്ല വാക്കുകൾ തിരിച്ചു വാങ്ങിയ അബൂട്ടിക്ക എന്ന പച്ച മനുഷ്യന്റെ ഇരിപ്പിടത്തിൽ കണ്ണുടയ്ക്കുന്ന, ഇന്നലെകളെ മറക്കാത്ത പാലക്കാടൻ മനസ്സുകളിൽ തെളിയുക, കിളിയൊഴിഞ്ഞൊരു കൂടിന്റെ ചിത്രമാവും...


 

Latest News