കേരളത്തിലെ ജനങ്ങളാകെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ്. കുമ്മേട്ടന്റെ യാത്ര മലപ്പുറത്തെത്തിയപ്പോൾ ഏറെ പ്രയാസപ്പെട്ടാണ് വേങ്ങര വഴി തിരിച്ചു വിട്ടത്. വേങ്ങരയ്ക്ക് ഏത് വഴി പോകണമെന്ന് അന്വേഷിച്ചാൽ മലപ്പുറത്തുകാർക്ക് പോലും കൃത്യമായി ഉത്തരം പറഞ്ഞു തരാൻ പ്രയാസമായിരിക്കും. ബി.ജെ.പി സ്ഥാനാർഥി ജനചന്ദ്രൻ മാസ്റ്ററുടെ പേര് കുറേ കാലമായി തെരഞ്ഞെടുപ്പ് കാലത്ത് കേൾക്കാറുള്ളതാണ്. പൊന്നാനി ലോക്സഭാ മണ്ഡലത്തിലും മറ്റു നിയമസഭാ സീറ്റുകളിലും സ്ഥാനാർഥി കുപ്പായമിടാറുള്ള മാഷെ വേണമെങ്കിൽ രാജേട്ടന്റെ മലപ്പുറം വേർഷനെന്ന് പറയാം. പാർട്ടിയുടെ കേന്ദ്ര മന്ത്രിമാരും ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും വന്നതിന്റെ ഗുണം മൂപ്പർക്ക് ലഭിച്ച വോട്ടുകളിൽ പ്രതിഫലിച്ചു. വോട്ടെടുപ്പിന് ഏതാനും ദിവസങ്ങൾക്കപ്പുറം മാതൃഭൂമി ന്യൂസിൽ മാസ്റ്റർ ഒരു അനുഭവം വിവരിക്കുന്നുണ്ട്. വല്യച്ഛൻ തുടങ്ങിയ സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുമ്പോൾ ടി.ടി.സിയേ ഉണ്ടായിരുന്നുള്ളു. അടുത്ത കാലത്താണ് ബി.എഡ് എടുത്തത്. ട്രെയിനിംഗ് കോളജിൽ ക്ലാസ്മേറ്റായ ഒരു മുസ്ലിം പെൺകുട്ടി തെരഞ്ഞെടുപ്പ് കാലത്ത് വീട്ടിൽ ചെന്നപ്പോൾ ഉമ്മയെ പരിചയപ്പെടുത്തി. സ്ഥാനാർഥിയാണെന്ന് പറഞ്ഞപ്പോൾ ഏതാണ് പാർട്ടിയെന്ന് മറുചോദ്യം. ബി.ജെ.പി എന്നു കേട്ട മാത്രയിൽ പടച്ചോനെ... എന്നതായിരുന്നു ആ സാധു സ്ത്രീയുടെ പ്രതികരണം. എന്നാൽ പാർട്ടിയെ കുറിച്ചുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ ആശങ്ക മാറിയിട്ടുണ്ടെന്ന് പറഞ്ഞു വെക്കാനും ജനചന്ദ്രൻ മാസ്റ്റർ മറന്നില്ല.
*** *** ***
മലപ്പുറം-തൃശൂർ അതിർത്തിയിലെ എടപ്പാളിലെത്തിയപ്പോൾ കുമ്മൻജി ഒരു വെടി പൊട്ടിച്ചു. വെറുതെ ഇങ്ങിനെ ഒരു മൗനജാഥ പോലെ പോയിട്ടെന്ത് കാര്യമെന്ന് കരുതിയാണ് കുമ്മേട്ടന്റെ ബോംബ്. കേരളം കണ്ട ഏറ്റവും വലിയ ജിഹാദി കൂട്ടക്കൊലയായിരുന്നു 1921 ലെ മലബാർ കലാപം. ഇതിന് മറുപടി നൽകിയത് ഡോ. എം.കെ മുനീറാണ്. ചരിത്രം വളച്ചൊടിക്കാനെങ്കിലും താമര പാർട്ടിയുടെ അധ്യക്ഷൻ ചരിത്രം പഠിക്കണമെന്ന് മുനീർ സായിപ്പ് പ്രതികരിച്ചു. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനല്ലേ. ഒഴിവ് കിട്ടുമ്പോൾ മലപ്പുറം ജില്ലയിലെ തിരൂരിൽ വന്നിറങ്ങിയാൽ വാഗൺ ട്രാജഡി സ്മാരക ടൗൺഹാൾ കാണാവുന്നതേയുള്ളു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ കരുവാരകുണ്ടിലേയും പൂക്കോട്ടൂരിലേയും മനുഷ്യരെ ട്രെയിനിൽ കുത്തി നിറച്ചാണ് ശ്വാസം മുട്ടിച്ച് കൊന്നത്. റിപ്പോർട്ടർ ടി വിയിലെ അടയാളം ഈ വിഷയം പ്രതിപാദിച്ചു. ഏവരും മാനിക്കുന്ന ഡോ. എം.ജി.എസ് നാരായണനാണ് ഇതു സംബന്ധിച്ച സംശയങ്ങൾ ദൂരീകരിച്ചത്. ദൃശ്യങ്ങളൊന്നും ലഭ്യമല്ലാതിരുന്ന കാലത്തെ സംഭവങ്ങളായതിനാൽ കാൽ നൂറ്റാണ്ട് മുമ്പ് റിലീസ് ചെയ്ത ഐ.വി ശശി സംവിധാനം ചെയ്ത 1921 സിനിമയിലെ രംഗങ്ങളാണ് കമന്ററിയ്ക്ക് മിഴിവേകാൻ ഉപയോഗപ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യൂസിൽ അടുത്തിടെ ആരംഭിച്ച ഷാജഹാന്റെ മലബാർ മാന്വലിലും ചരിത്രം വളച്ചൊടിക്കാനുള്ള ഹീന ശ്രമത്തെ തുറന്നു കാട്ടുന്നുണ്ട്.
*** *** ***
കേരളത്തിലെ സി.പി.എം പ്രവർത്തകരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്ന് ബിജെപി നേതാവ് സരോജ് പാണ്ഡെ. ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയും മുൻ ലോക്സഭ എംപിയുമാണ് സരോജ് പാണ്ഡെ. സിപിഎം പ്രവർത്തകരുടെ വീടുകളിൽ കയറി അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കണമെന്നാണ് നിർദേശം. സരോജ മാം ചില്ലറക്കാരിയല്ല. മേയർ,എം.എൽ.എ, എം.പി പദവികൾ ഒരേ സമയം കരസ്ഥമാക്കി ഗിന്നസ് ബുക്കിൽ കയറിക്കൂടിയിട്ടുണ്ട്. ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുടെ കണ്ണ് ചൂഴ്ന്നെടുത്തിട്ട് സരോജയുടെ നാട്ടിൽ ഐ ബാങ്ക് തുടങ്ങാനുള്ള വല്ല പരിപാടിയുമായിരിക്കുമോ? ബി.ജെ.പി ദേശീയ അധ്യക്ഷനെ ഹമീദ് ഷാ ആക്കി മാത്രം വാർത്താ സമ്മേളനം നടത്താറുള്ള കോടിയേരി സഖാവ് ഇക്കാര്യം തുറന്ന് ചോദിച്ചിട്ടുമുണ്ട്. ആയമ്മയ്ക്ക് എന്തിനാണ് ഈ കണ്ണുകളത്രെയുമെന്നായിരുന്നു കേരളത്തിലെ പഴയ പോലീസ് മന്ത്രിയുടെ നിഷ്കളങ്കമായ അന്വേഷണം. അമേരിക്കയിലേക്ക് ബസുണ്ടോ എന്ന് കാസർകോട് ബസ് സ്റ്റാന്റിൽ ചെന്ന് അന്വേഷിച്ച ചലച്ചിത്ര നടൻ അലൻസിയർ ഇക്കാര്യത്തിലും പ്രതികരിച്ചു. കറുത്ത തുണി കൊണ്ട് കണ്ണ് മറച്ച് അദ്ദേഹം കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.
*** *** ***
ടി. ദാമോദരൻ തിരക്കഥയും സംഭാഷണവും നിർവഹിച്ച് ഐ.വി ശശി സംവിധാനം ചെയ്തിരുന്ന സിനിമകൾ പണ്ട് കാലത്ത് രാഷ്ട്രീയ നേതാക്കളുടെ പേടി സ്വപ്നമായിരുന്നു. ഏറ്റവും ജനസ്വാധീനമുള്ള മാധ്യമമായ സിനിമയിലൂടെ തങ്ങൾക്ക് എന്തെങ്കിലും പണി കിട്ടുമെന്നതായിരുന്നു ഭയത്തിന് ആധാരം. പിൽക്കാലത്ത് രഞ്ജി പണിക്കറുടെ വകയായി ഇത്തരം പ്രയോഗങ്ങൾ. മലയാള സിനിമ ഏറെക്കുറെ ഇതെല്ലാം ഉപേക്ഷിച്ചപ്പോൾ തമിഴ്നാട്ടിൽ ദീപാവലി കാലത്തിറങ്ങിയ മെഗാ ഹിറ്റ് ചിത്രം മെർസൽ ജനജീവിതത്തെ സാരമായി ബാധിച്ച സമകാലിക വിഷയങ്ങൾ നന്നായി പെരുമാറി. വിജയ്യുടെ ചിത്രത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ നോട്ട് റദ്ദാക്കൽ, ജിഎസ്ടി, ഗോരഖ്പൂർ ആശുപത്രിയിൽ കുഞ്ഞുങ്ങൾ ശ്വാസം മുട്ടി മരിക്കുന്നതുമെല്ലാം പരാമർശിക്കുന്ന സീനുകളുണ്ട്. ഈ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ബിജെപി നേതാവ് സൗന്ദരരാജൻ ആവശ്യപ്പെട്ടു. ഒന്നാം ദിവസം 32 കോടി രൂപയാണ് മെർസൽ നേടിയത്. 3500 സ്ക്രീനുകളിലാണ് ആഗോള തലത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നത്.
മെർസലിലെ രണ്ട് രംഗങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്. വിദേശത്തുവെച്ച് വടിവേലു ചെയ്ത കഥാപാത്രത്തെ പോക്കറ്റടിക്കാൻ ഒരു ശ്രമം നടക്കുന്നുണ്ട്. അപ്പോൾ വടിവേലു തന്റെ കാലിയായ പഴ്സ് തുറന്നു കാട്ടി, ഡിജിറ്റൽ ഇന്ത്യ കാരണം പോക്കറ്റ് കാലിയാണെന്നും അതിനാൽ നന്ദിയുണ്ടെന്നും പറയുന്നതാണ് ഒരു ഭാഗം. വിജയ് അവതരിപ്പിച്ച കഥാപാത്രം ഇന്ത്യയിലെ ജിഎസ്ടി 28 ശതമാനം വരെയാകുമ്പോൾ സിങ്കപ്പൂരിൽ ഇത് ഏഴ് ശതമാനമാണെന്നും അവിടെ ജനങ്ങൾക്ക് സൗജന്യ ചികിത്സയടക്കമുള്ള കാര്യങ്ങൾ ലഭിക്കുമ്പോൾ ഇന്ത്യയിൽ ഒന്നുമില്ലെന്നും പറയുന്നുണ്ട്. ഈ രണ്ടു സീനുകളാണ് ഇഷ്ടക്കേടിന് കാരണമായത്. അതേസമയം ബിജെപി ഭീഷണിയെ ഭയപ്പെടേണ്ടതില്ലെന്ന് കബാലി സംവിധായകൻ പാ രഞ്ജിത്ത് പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ടുകളാണ് സിനിമയിലുള്ളതെന്നും ആ രംഗങ്ങൾക്ക് പ്രേക്ഷകരിൽനിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
*** *** ***
യമുനാ നദിക്കരയിലെ പ്രണയ സ്മാരകം താജ്മഹൽ കാണണമെന്ന ആഗ്രഹവുമായി കഴിയുന്ന ലക്ഷക്കണക്കിന് മലയാളികളുണ്ടാവും. അടുത്ത വർഷമാവാം എന്നും കരുതി നീട്ടി വെക്കുന്നത് നല്ലതിനല്ല. താജ് മഹലാണോ അതോ തേജോ മഹാലയമോ എന്ന സംശയം ഉടലെടുത്തത് മാത്രമല്ല പ്രശ്നം. മുഗൾ രാജാക്കന്മാർ പണിതതാകയാൽ ഇത് അടിമത്തത്തിന്റേയും രാജ്യദ്രോഹത്തിന്റേയും പ്രതീകമാണെന്ന് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ വ്യക്തമാക്കുന്നു. താജ്മഹൽ ഇന്ത്യൻ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നതല്ലെന്ന് ബിജെപി നേതാവ് സംഗീത് സോം അറിയിച്ചിട്ടുണ്ട്. അടുത്തിടെ ഉത്തർ പ്രദേശ് സർക്കാർ പുറത്തിറക്കിയ ടൂറിസ്റ്റ് ബുക് ലെറ്റിൽ നിന്ന് താജ്മഹലിനെ ഒഴിവാക്കിയിരുന്നു. വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും രാജ്യസഭാംഗവുമായ വിനയ് കത്യാറുമെത്തി. തേജോ മഹാലയം എന്ന ശിവക്ഷേത്രം താജ്മഹൽ പണിയുന്നതിനായി ഷാജഹാൻ തകർക്കുകയായിരുന്നെന്നും കത്യാർ നിരീക്ഷിച്ചു. സിഎൻഎൻ ന്യൂസ് 18നു നൽകിയ അഭിമുഖത്തിലാണ് വിനയ് കത്യാർ ഈ കാര്യം വ്യക്തമാക്കിയത്. താജ്മഹൽ പൊളിക്കുകയാണെങ്കിൽ പാർലമെന്റും രാഷ്ട്രപതി ഭവനും തകർക്കേണ്ടി വരുമെന്ന് സമാജ്വാദി പാർട്ടി എംഎൽഎ അസംഖാൻ. കുത്തബ് മിനാർ, ചെങ്കോട്ട, ആഗ്രാ ഫോർട്ട് എന്നിവയും തകർക്കേണ്ടേ? ഇവയൊക്കെ രാജ്യദ്രോഹികളുടെ പ്രതീകങ്ങളാണെന്ന് അദ്ദേഹം പരിഹസിച്ചു. ഇതെല്ലാം കേട്ട് മറ്റൊരു കൂട്ടർ അറബിക്കടൽ മണ്ണിട്ട് നികത്താനുള്ള പരിപാടിയിലാണ്. കടൽ നികത്തുന്നതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് എക്സ്പ്രസ് ഹൈവേ ഏർപ്പെടുത്തുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.
*** *** ***
പ്രമുഖ ദേശീയ മാധ്യമം കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് വിടുപണി ചെയ്യുകയാണെന്ന് പരക്കേ ആക്ഷേപമുണ്ട്. അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയാണ് പ്രതിക്കൂട്ടിൽ. ബിജെപി അജണ്ടകൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് റിപ്പബ്ലിക്ക് ടിവി പ്രതിനിധിയെ കോൺഗ്രസ് ബെംഗളൂരുവിലെ വാർത്താ സമ്മേളനത്തിൽ നിന്നും ഇറക്കി വിട്ടു. കർണാടക കോൺഗ്രസ് വർക്കിംഗ് പ്രസിഡണ്ട് ദിനേശ് ഗുണ്ഡ റാവു വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് കടക്കു പുറത്ത് അരങ്ങേറിയത്.
അർണാബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക് ടെലിവിഷന് കഷ്ടകാലമാണിത്. പ്രമുഖ മാധ്യമ പ്രവർത്തക ശ്വേത കോത്താരി ചനലിൽ നിന്ന് രാജിവച്ചു. കോൺഗ്രസ് എം.പി ശശി തരൂരൂമായി ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള മാനസിക പീഡനത്തിൽ മനംമടുത്താണ് താൻ രാജിവയ്ക്കുന്നതെന്ന് ശ്വേത കോത്താരി ഫേസ്ബുക്കിൽ വ്യക്തമാക്കി. ശ്വേത, ശശി തരൂരിന് വേണ്ടി രഹസ്യങ്ങൾ ചോർത്തുന്ന ചാരയാണെന്നാണ് റിപ്പബ്ലിക് ടി.വി അധികൃതരുടെ ആരോപണം. അതിന് ചൂണ്ടിക്കാട്ടുന്നത് ശ്വേതയെ തരൂർ ട്വിറ്ററിൽ ഫോളോ ചെയ്യുന്നുവെന്നതാണ്. ചാരപ്പണിയ്ക്ക് ആളെ നിയോഗിക്കുന്ന ഏർപ്പാട് തനിക്കില്ലെന്നും മുതിർന്ന മാധ്യമ പ്രവർത്തകരെ മാനിക്കാറുണ്ടെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു.
എൻഡിടിവി വാർത്ത മുക്കിയെന്ന് പരാതി. ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷാക്കെതിരായ അഴിമതി ആരോപണം സംബന്ധിച്ച വാർത്ത ചാനൽ വെബ് സൈറ്റിൽ നിന്നും കാണാതായതിനെതിരെ മാനേജിങ് എഡിറ്റർ ശ്രീനിവാസൻ ജെയ്നാണ് പരസ്യമായി രംഗത്തെത്തിയത്.
ഇതൊന്നും പുതിയ കാര്യമല്ലെന്നും പണ്ട് തന്റെ വാർത്തകളും അപ്രത്യക്ഷമായിട്ടുണ്ടെന്ന് കൺസൾട്ടന്റ് എഡിറ്റർ സ്ഥാനത്ത് നിന്നൊഴിഞ്ഞ ബർഖ ദത്ത് തുറന്നു പറഞ്ഞു. എൻഡിടിവി മേധാവി പ്രണോയ് റോയ് കുടുങ്ങിയെന്നല്ലാതെന്ത് പറയാൻ?






