വെള്ളിത്തിരയിലെ വേഷംകെട്ടുകാർ 

ഒരു സമ്പൂർണ സർക്കസ് സിനിമ എന്ന് വിശേഷിപ്പിക്കപ്പെട്ട മലയാളത്തിലെ ആദ്യ ചലച്ചിത്രമായിരുന്നു ജി.അരവിന്ദന്റെ തമ്പ്. ഇന്ത്യൻ സിനിമയുടെ പരമാചാര്യനായ സത്യജിത്‌റേ, ഭാരതത്തിന്റെ അമൂല്യരത്‌നമെന്ന് വിശേഷിപ്പിച്ച ഈ സിനിമയുടെ കഥ, സംഭാഷണം ശ്രീധരൻ ചമ്പാട് എന്ന എഴുത്തുകാരന്റേതാണ് എന്ന് ഇന്ന് എത്ര പേർക്കറിയാം? ദേശാഭിമാനി വാരികയിൽ അദ്ദേഹമെഴുതിയ ഒരു നോവലാണ് ആ സിനിമയ്ക്ക് ആധാരം. 1977 ലാണ് ഇന്ന് അധികമാരും അറിയാതെ പോയ ആ ചരിത്രകഥയുടെ ആരംഭം.  
ഒരിക്കൽ ഒരാവശ്യത്തിന് കലാകൗമുദിയുടെ ഓഫീസിൽ ചെന്നപ്പോൾ ശ്രീധരൻ ചമ്പാടിനോട് വാരികയുടെ പത്രാധിപർ എസ്.ജയചന്ദ്രൻ നായർ പറഞ്ഞു, ഏതോ കാര്യത്തിന് അരവിന്ദൻ താങ്കളെ അന്വേഷിക്കുന്നുണ്ട് എന്ന്. താൻ താമസിക്കുന്ന സ്റ്റാച്യൂവിനടുത്തെ സ്വപ്‌ന ലോഡ്ജിന്റെ വിലാസം ജയചന്ദ്രൻ നായർക്ക് നൽകി ശ്രീധരൻ മടങ്ങി. അന്നുച്ചയ്ക്ക് അരവിന്ദൻ ലോഡ്ജിലെത്തി. മുഖവുരയൊന്നുമില്ലാതെ അദ്ദേഹം പറഞ്ഞു: സർക്കസ് പശ്ചാത്തലത്തിൽ ഞാനൊരു സിനിമ ചെയ്യുന്നു. എം.ടിയുടെ വളർത്തു മൃഗങ്ങൾ ആണ് കഥ. നിർമാണം ജനറൽ പിക്‌ചേഴ്‌സ്. ശ്രീധരന്റെ സർക്കസ് പരിചയം വെച്ച് ഒരു സർക്കസ് കമ്പനിക്കാരെ സംഘടിപ്പിച്ചു തരണം. 


ശ്രീധരൻ തലശ്ശേരിയിൽ തിരിച്ചെത്തി സർക്കസിനായി അന്വേഷണമാരംഭിച്ചു. ഒടുവിൽ കുടകിൽ ഒരു സർക്കസുണ്ട് എന്നറിഞ്ഞ് ശ്രീധരനും അരവിന്ദനും നിർമാതാക്കളും അങ്ങോട്ട് യാത്ര തിരിച്ചു. അവിടെ എത്തിയപ്പോൾ കണ്ടത് കീറിപ്പറിഞ്ഞ ടെന്റോടു കൂടിയ ഒരു ഉണങ്ങിയ സർക്കസ് കൂടാരം. പേര് ഗ്രേറ്റ് ചിത്രാ സർക്കസ്! നല്ല നിലവാരമുള്ള ഒരു സർക്കസ് കൂടാരത്തിനകത്ത് കച്ചവട സിനിമയുടെ മാതൃകയിൽ ഒരുക്കേണ്ട വളർത്തു മൃഗങ്ങളുടെ കഥ ഈ സർക്കസ് വെച്ച് ചിത്രീകരിച്ചാൽ വിജയിക്കില്ല എന്ന് ശ്രീധരന് ഉറപ്പായി. അരവിന്ദനും അത് തോന്നിയിരിക്കണം. അതിനാൽ ഒന്നും മിണ്ടാതെ അന്ന് എല്ലാവരും മടങ്ങി. പെട്ടെന്നൊരു ദിവസം ശ്രീധരന്, അരവിന്ദന്റെ ഒരു ടെലഗ്രാം വന്നു: ഉടനെ തിരുവനന്തപുരത്ത് വരിക. ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു: നമുക്ക് വളർത്തുമൃഗങ്ങൾ വിടാം. ശ്രീധരൻ ഒരുപാട് സർക്കസ് അനുഭവങ്ങളുള്ള ആളല്ലേ. അതുവെച്ച് സിനിമയ്ക്കായി ഒരു പുതിയ കഥ എഴുതൂ. തന്റെ കൂടാരം എന്ന നോവലിനെ അധികരിച്ച് ഒരു വൺലൈൻ കഥയുണ്ടാക്കി അദ്ദേഹം അരവിന്ദന് നൽകി. അത് വായിച്ച് അദ്ദേഹം പറഞ്ഞു: ഇത് നാം സിനിമയാക്കുന്നു. 40 വരിയുള്ള ആ വൺലൈൻ കഥയല്ലാതെ തമ്പ് എന്ന ചിത്രത്തിന് നിയതമായ തിരക്കഥയോ സംഭാഷണമോ ഒന്നും ഉണ്ടായിരുന്നില്ല. ഷൂട്ടിംഗ് സമയത്ത് ശ്രീധരൻ പറഞ്ഞു കൊടുത്ത ഡയലോഗുകൾ ആ യിരുന്നു ചിത്രത്തിലെ സംഭാഷണങ്ങളായി ചേർത്തത്. 


ഗ്രേറ്റ് ചിത്രാ സർക്കസ് കുടകിൽ നിന്നും തിരുനാവായയിൽ എത്തിച്ച് ശ്രീധരൻ ചമ്പാട് ഷൂട്ടിംഗിനുള്ള ഒരുക്കങ്ങൾ ചെയ്തു. നിളയുടെ തീരത്ത് 21 ദിവസം ചിത്രീകരണം. സിനിമയിൽ കൊടിയേറ്റം ഗോപിക്കൊപ്പം അദ്ദേഹം ഒരു വേഷവും ചെയ്തു. എന്നിട്ടവസാനം ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ കാര്യമായ പ്രതിഫലമൊന്നും അദ്ദേഹത്തിന് കിട്ടിയില്ല! നല്ലൊരു സർക്കസ് സിനിമയ്ക്കായി സഹകരിക്കാനായല്ലോ എന്ന് സമാധാനിച്ചു. തമ്പ് ദേശീയ അവാർഡിന് പോയപ്പോൾ രചന-സംവിധാനം ജി.അരവിന്ദൻ എന്നു മാത്രമാണ് ടൈറ്റിൽ ചെയ്തത്. അപ്പോഴും സങ്കടപ്പെട്ടില്ല. തമ്പിനുള്ള ദേശീയ അംഗീകാരം വാങ്ങാൻ ദൽഹിയിലെത്തിയപ്പോൾ ഒരു പത്രക്കാരൻ അദ്ദേഹത്തോട് ചോദിച്ചു: സർക്കസ് കഥ സിനിമയാക്കാൻ സഹായിച്ചത് ആരാണ്്? ആരുമില്ലെന്നായിരുന്നു ഉത്തരം. അത് ശ്രീധരനെ വല്ലാതെ സങ്കടപ്പെടുത്തി.
സംവിധായകൻ ഭരതൻ ആരവം എന്ന സിനിമയ്ക്ക് വേണ്ടി ഒരു സർക്കസ് ഒരുക്കാൻ ആശ്രയിച്ചതും ശ്രീധരൻ ചമ്പാടിനെയാണ്. ഭരതനും നടൻ ബഹദൂറുമായിരുന്നു ചിത്രത്തിന്റെ നിർമാതാക്കൾ. ഗ്രേറ്റ് ചിത്രാ സർക്കസ് തന്നെ അവർക്കും ശരിയാക്കി കൊടുത്തു. പ്രതിഫലം നിർമാതാക്കൾ തന്നെ സർക്കസുകാരുമായി നേരിട്ട് പറഞ്ഞുറപ്പിച്ചു. ഈറോഡിനടുത്തുള്ള ഹൊഗനക്കലിൽ കാവേരി നദീ തീരത്ത് 28 ദിവത്തോളം ഷൂട്ടിംഗ്. ആ സിനിമയിലും ശ്രീധരന് പ്രതിഫലമൊന്നും കിട്ടിയില്ല. അതിൽ സങ്കടപ്പെട്ടുമില്ല. പ്രതിഭാധനനായ ഭരതനൊപ്പം സഹകരിക്കാൻ കഴിഞ്ഞല്ലോ എന്ന് ആഹ്ലാദിച്ചു.
ഷൂട്ടിംഗ് കഴിഞ്ഞ് സർക്കസ് മടങ്ങാൻ ഒരുങ്ങുമ്പോഴാണ് ഭരതന് തോന്നിയത്, കാണികളുടെ പലതരം പ്രതികരണങ്ങൾ കൂടി കിട്ടുകയാണെങ്കിൽ സിനിമ കൂടുതൽ നന്നാവുമെന്ന്. ഏതാനും മണിക്കൂറു നേരത്തെ ഷൂട്ടിന് പക്ഷേ, ഒരു ദിവസത്തെ പ്രതിഫലം വേണമെന്നായി സർക്കസുകാർ. ബഹദൂർ, ശ്രീധരനോട് അവരുമായി സംസാരിച്ച് അത് ഒഴിവാക്കാൻ ആവശ്യപ്പെട്ടു. നേരത്തെ പ്രതിഫലക്കാര്യം സംസാരിച്ചത് അവരായതിനാൽ അദ്ദേഹത്തിന് അതിൽ ഇടപെടാൻ കഴിഞ്ഞില്ല. അതിന്റെ ഒരു നീരസത്തിലായിരുന്ന ബഹദൂർ, ഷൂട്ടിംഗ് പുനരാരംഭിച്ചപ്പോൾ ക്യാമറ വെക്കുന്നതിനെ കുറിച്ച് ശ്രീധരൻ ഒരഭിപ്രായം പറഞ്ഞത് ഇഷ്ടപ്പെടാതെ അദ്ദേഹത്തോട് തട്ടിക്കയറി. സർക്കസ് കാര്യങ്ങൾ മാത്രം താൻ നോക്കിയാൽ മതിയെന്നും സിനിമ എങ്ങനെ എടുക്കണമെന്ന് പഠിപ്പിക്കേണ്ടെന്നും പറഞ്ഞ് അദ്ദേഹം ചൂടായത് ശ്രീധരൻ ചമ്പാടിനെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്.  


അതേസമയം, അരവിന്ദനോട് യാതൊരുവിധ ദേഷ്യമോ വിദ്വേഷമോ ഒന്നും ശ്രീധരന് ഉണ്ടായിരുന്നില്ല. അരവിന്ദന്റെ മറ്റൊരു പടമായ കുമ്മാട്ടിയിൽ അദ്ദേഹം സഹകരിച്ചത് അതിന് തെളിവാണ്. സിനിമയ്ക്ക് ആവശ്യമായ മൃഗങ്ങളേയും മറ്റും പലയിടങ്ങളിൽ നിന്നായി അദ്ദേഹം എത്തിച്ചു. കാസർകോട്ടെ ചീമേനിയിലും ഏഴിമലയിലും തലശ്ശേരിയിലുമായിരുന്നു ഷൂട്ടിംഗ്. സിനിമയിൽ പങ്കെടുത്ത മൃഗങ്ങളുടെ ഉടമകൾക്ക് വരെ ഭേദപ്പെട്ട പ്രതിഫലം കിട്ടിയപ്പോൾ ശ്രീധരന് കിട്ടിയത് വളരെ തുച്ഛമായ ഒരു പ്രതിഫലം മാത്രം (അത് പുറത്ത് പറയാൻ കൊള്ളില്ല എന്നു പറഞ്ഞ് അദ്ദേഹം ചിരിച്ചു). അതെന്തായാലും ഇക്കുറി ഒരു ഗുണമുണ്ടായി. കുമ്മാട്ടിയിൽ സഹസംവിധായകനായി അദ്ദേഹത്തിന്റെ പേര് വന്നു.
ആയിടയ്ക്കാണ് മാൻപേട എന്ന സിനിമയെടുത്ത നിർമാതാവ് പാട്യം പ്രഭയെ ശ്രീധരൻ പരിചയപ്പെടുന്നത്. അദ്ദേഹത്തിന് ഒരു സിനിമയെടുക്കാൻ പദ്ധതിയുണ്ട്. നിർമാതാക്കളായി ചില ഗൾഫുകാർ തയാറാണ്. നല്ലൊരു കഥ വേണം. അദ്ദേഹം വിളിച്ചപ്പോൾ ശ്രീധരൻ മദ്രാസിലെത്തി ചില കഥകൾ പറഞ്ഞു. 1971-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ കോമാളികൾ എന്ന കഥയാണ് അവയിൽ അദ്ദേഹത്തിന് പിടിച്ചത്. ഒരു മാസം കൊണ്ട് തിരക്കഥ പൂർത്തിയാക്കി മേള എന്നു പേരിട്ടു. ചിത്രത്തിന്റെ സംവിധായകനായി കെ.ജി.ജോർജ് വന്നു. തിരക്കഥയുടെ കൈയെഴുത്തു പ്രതി നിർമാതാവിന് കൈമാറുമ്പോൾ 1001 രൂപ അഡ്വാൻസ് നൽകി. പ്രത്യേകിച്ച് പ്രതിഫലമൊന്നും പറഞ്ഞില്ലെങ്കിലും ബാക്കി പിന്നെ തരാം എന്ന് അദ്ദേഹം പറഞ്ഞു.
സിനിമയ്ക്ക് ഒരു സർക്കസ് വേണം. ശ്രീധരൻ ചമ്പാട് അന്വേഷിച്ചപ്പോൾ ഒരിക്കൽ താൻ പ്രവർത്തിച്ച ഗ്രേറ്റ് റെയ്മൺ സർക്കസ് കൊച്ചിയിലെത്തുന്നു എന്നറിഞ്ഞു. ബന്ധപ്പെട്ടപ്പോൾ ശ്രീധരനായതു കൊണ്ട് പ്രതിഫലമില്ലാതെ സർക്കസ് ഷൂട്ടിംഗിനായി വിട്ടുതരാം എന്നായി അവർ. സിനിമയിലെ നായകനായ ഗോവിന്ദൻകുട്ടി ഒരു കുള്ളനാണ്. അയാളെ അവതരിപ്പിക്കാനായി ഉദയാ സർക്കസിലെ ഒരു കുള്ളനെ ചെന്ന് കണ്ട് ഏർപ്പാടാക്കി. പക്ഷേ, ഷൂട്ടിംഗ് തുടങ്ങേണ്ടതിന്റെ തലേന്ന് ഇടിത്തീയായി ഒരു വാർത്ത വന്നു. കുള്ളനായി അഭിനയിക്കേണ്ട ആളെ സർക്കസുകാർ വിട്ടുതരില്ല. കാര്യങ്ങളെല്ലാം അവതാളത്തിലായി. എല്ലാം നഷ്ടപ്പെട്ട നിരാശയിൽ നിർമാതാവ് സിനിമ നിർത്താൻ തീരുമാനിച്ചു. പക്ഷേ, തോറ്റു പിൻമാറാൻ ശ്രീധരൻ തയാറായില്ല. ഉദയാ സർക്കസിന്റെ ഉടമയുമായി ഒന്നുകൂടി സംസാരിക്കാൻ അദ്ദേഹം തീരുമാനിച്ചു. നിർമാതാവിനേയും കെ.ജി.ജോർജിനേയും കൂടെ കൂട്ടി. കുള്ളനെ വിട്ടുകിട്ടാൻ 5,000 രൂപ വരെ കൊടുക്കാൻ നിർമാതാവ് തയാറായി. സർക്കസ് ഉടമയോട് അനുനയത്തിൽ സംസാരിച്ച് ശ്രീധരൻ അയാൾക്ക് 500 രൂപ മാത്രം നിർമാതാവിൽ നിന്നും വാങ്ങി നൽകി കുള്ളനേയും കൂട്ടി മടങ്ങി. 
കുള്ളന്റെ ഭാര്യ ശാരദയെ പ്രേമിക്കുന്ന ട്രപ്പീസ് കളിക്കാരന്റെ റോളിലേക്ക് ഒരാൾ വേണം. ശ്രീധരനും ജോർജും അതിനായി പലരേയും ടെസ്റ്റ് ചെയ്‌തെങ്കിലും ഒന്നും ശരിയായില്ല. ആപ്പോഴാണ് ഒരു വക്കീൽ ആ ചാൻസിനായി വരുന്നത്. പക്ഷേ 30 അടി ഉയരമുള്ള ട്രപ്പീസ് ബാറിൽ കയറി നിൽക്കാൻ അയാൾക്ക് ബുദ്ധിമുട്ടായി. ജോർജ് നിരാശയോടെ പറഞ്ഞു, നമുക്ക് വേറെ ആളെ നോക്കാം. വരട്ടെ എന്നായി ശ്രീധരൻ. അദ്ദേഹം നടനോട് ബൈക്ക് ഓടിക്കാൻ പറ്റുമോ എന്ന് ചോദിച്ചു. സ്‌കൂട്ടർ അൽപമറിയാം എന്നായിരുന്നു ഉത്തരം. ഉടനെ അദ്ദേഹം തിരക്കഥയിൽ ട്രപ്പീസ് കളിക്കാരൻ എന്നത് മോട്ടോർ സൈക്കിൾ ജംബർ എന്നാക്കി തിരുത്തി. മേളയിൽ വിജയൻ എന്ന ബൈക്ക് ജംബറെ അവതരിപ്പിച്ച ആ നടനാണ് പിന്നീട് മലയാളത്തിന്റെ മഹാനടനായി മാറിയ മമ്മൂട്ടി!
ഷൂട്ടിംഗ് പുരോഗമിച്ചു. സിനിമയുടെ ആവശ്യങ്ങൾക്കെല്ലാം ഓടി നടന്ന് തിരക്കഥയ്ക്ക് കിട്ടിയ പണമെല്ലാം ശ്രീധരൻ ചെലവാക്കിയിരുന്നു. ചില്ലിക്കാശ് കൈയിൽ ഇല്ലാതായപ്പോൾ തിരക്കഥയുടെ ബാക്കിയെന്തെങ്കിലും കിട്ടുമോ എന്ന് നിർമാതാവിനോട് തിരക്കി. തന്ന 1000 രൂപ തന്നെ കൂടുതലാണ് എന്ന് പറഞ്ഞ് ക്ഷുഭിതനായി അയാൾ ശ്രീധരനോട് തട്ടിക്കയറി. ശ്രീധരനും ചൂടായി. പണം തരാതെ പോകില്ലെന്ന് ശ്രീധരൻ ശഠിച്ചു. ഒടുവിൽ ഒരു 3000 രൂപ കൂടി നൽകി അവർ അദ്ദേഹത്തെ സിനിമയിൽ നിന്നു പൂർണമായും ഒഴിവാക്കി. അദ്ദേഹം നാട്ടിലേക്ക് മടങ്ങി. തന്റെ തിരക്കഥയിൽ പല മാറ്റങ്ങളും വരുത്തിയാണ് പിന്നീട് ഷൂട്ടിംഗ് പൂർത്തിയാക്കിയത് എന്നദ്ദേഹം അറിഞ്ഞു. തിയേറ്ററിൽ മേള റിലീസ് ചെയ്തപ്പോൾ പോയി കണ്ടില്ല. ചാപ്പിള്ളയായി പിറന്ന സ്വന്തം കുഞ്ഞിനെ കാണാനുള്ള മനോവിഷമമായിരുന്നു കാരണം.
സംവിധായകൻ ലോഹിതദാസും സംഘവും ഒരിക്കൽ ശ്രീധരൻ ചമ്പാടിനെ തേടി തലശ്ശേരിയിൽ വന്നു. ജോക്കർ എന്ന സിനിമയ്ക്കായി ഒരു സർക്കസ് ഒരുക്കാനായിരുന്നു അത്. ശ്രീധരൻ അത് ശരിയാക്കി കൊടുത്തു. ഏതാനും ദിവസങ്ങൾക്കു ശേഷം അവർ കുറേ സർക്കസ് കലാകാരൻമാരെ വേണം എന്നു പറഞ്ഞു വീണ്ടും വന്നു. ശ്രീധരൻ തലശ്ശേരിയുടെ പല ഭാഗത്തും പോയി അവരെ സംഘടിപ്പിച്ചു നൽകി. പിന്നൊരു ദിവസം ലോഹിതദാസ് വിളിച്ച് പെട്ടെന്ന് ഷൊർണൂരിലെത്താൻ പറഞ്ഞു, ചെന്നു. സർക്കസുമായി ബന്ധപ്പെട്ട കുറേ കാര്യങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. അതിനായി പല ദിവസങ്ങൾ അവിടെ തങ്ങി. തിരികെ പോരുമ്പോൾ വണ്ടിക്കൂലിക്ക് ഇതിരിക്കട്ടെ എന്നു പറഞ്ഞ് പ്രൊഡക്ഷനിലുള്ള ആരോ 500 രൂപ കൈയിൽ വെച്ചു കൊടുത്തു. പല ദിവസങ്ങളിലായി പണിയെടുത്തയാൾക്ക് അത്രയും ചെറിയ തുക നൽകി അവർ അപമാനിച്ചപ്പോൾ അദ്ദേഹത്തിന്റെ മനസ്സ് വല്ലാതെ നൊന്തു. 


    മലയാള സിനിമകളുമായി ബന്ധപ്പെട്ട് ഇങ്ങനെ തിക്താനുഭവങ്ങൾ ഒരു പിടി ഏറ്റുവാങ്ങിയ ശ്രീധരൻ ചമ്പാടിന് ഒരു തമിഴ് സിനിമ കുറേ നല്ല അനുഭവങ്ങളും നൽകുകയുണ്ടായി. ഉലകനായകൻ കമലഹാസനുമായി അപൂർവ സഹോദരങ്ങൾ എന്ന സിനിമയ്ക്ക് വേണ്ടി സഹകരിച്ചപ്പോഴായിരുന്നു അത്. ഒരു ദിവസം രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിൽ നിന്നും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡി.എൻ.സുബ്രഹ്മണ്യത്തിന്റെ ഒരു കത്ത് ശ്രീധരന് കിട്ടി. ഉടനെ പുറപ്പെട്ട് മദ്രാസിലെത്തി കമലഹാസനെ കാണണം എന്നായിരുന്നു ആവശ്യം. പറഞ്ഞതു പോലെ ചെന്നു. കമലഹാസൻ ബാലചന്ദറിന്റെ ഒരു ഷൂട്ടിംഗിലായതിനാൽ സുബ്രഹ്മണ്യത്തിനൊപ്പം അങ്ങോട്ടു പോയി. 
ഷൂട്ടിംഗ് ബ്രേക്കിനിടയിൽ കമലഹാസനെത്തി. ദീർഘകാല പരിചിതനെ പോലെ അദ്ദേഹം ശ്രീധരന്റെ കൈ പിടിച്ച് കുശലം പറഞ്ഞു. പിന്നെ അടുത്തുള്ള സിമന്റ് ബെഞ്ചിൽ ഇരുന്ന് അദ്ദേഹം ശ്രീധരനേയും ഒപ്പം പിടിച്ചിരുത്തി കാര്യങ്ങൾ സംസാരിച്ചു. അതിന്റെ രത്‌നച്ചുരുക്കം ഇതാണ്. സർക്കസ് പ്രമേയമാക്കി ഒരു സിനിമയെടുക്കുന്നു. അതിനായി ശ്രീധരന്റെ എല്ലാ സഹായവും വേണം. നാളെ കാലത്ത് ഓഫീസിൽ വെച്ച് വിശദമായി സംസാരിക്കാം എന്നു പറഞ്ഞ് അദ്ദേഹം ഷൂട്ടിംഗിലേക്ക് മടങ്ങി. ആ മഹാനടന്റെ വിനയവും വലിപ്പച്ചെറുപ്പമില്ലാത്ത പെരുമാറ്റവും ശ്രീധരനെ അതിശയിപ്പിച്ചു. 
നല്ലൊരു ഹോട്ടലിൽ ശ്രീധരന് മുറി നൽകി. അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കാൻ സുബ്രഹ്മണ്യത്തിനോട് പ്രത്യേകം ചട്ടംകെട്ടി. കമലഹാസൻ പതിവായി ഹോട്ടലിലെത്തി ശ്രീധരനുമായി സർക്കസ് കാര്യങ്ങളും കഥകളും ചർച്ച ചെയ്തു. സിനിമയ്ക്കായി ഒരു വലിയ സർക്കസ് ആവശ്യമുണ്ടെന്നറിഞ്ഞപ്പോൾ ജെമിനി സർക്കസ് ശരിയാക്കാമെന്ന് ശ്രീധരൻ ഏറ്റു. രാജ്കപൂറിന്റെ മേരാനാം ജോക്കർ അതിലാണ് ചിത്രീകരിച്ചത് എന്ന് പറഞ്ഞപ്പോൾ എങ്കിൽ അത് മതി എന്നായി കമലഹാസൻ. 1989-ൽ ജെമിനി സർക്കസ് എറണാകുളം മറൈൻ ഡ്രൈവിൽ കളിക്കുമ്പോഴായിരുന്നു ചിത്രീകരണം നടന്നത്. 17 ദിവസമായിരുന്നു ഷൂട്ടിംഗ്. ആ ദിവസങ്ങളിൽ എല്ലാ സഹായവും ചെയ്ത് ശ്രീധരൻ കൂടെ നിന്നു. ഷൂട്ടിംഗ് പാക്ക്അപ്പായി പിരിയുമ്പോൾ കമലഹാസൻ ശ്രീധരനെ കെട്ടിപ്പിടിച്ച്, ചെയ്ത എല്ലാ സഹായങ്ങൾക്കുമുള്ള നന്ദിയും കടപ്പാടും അറിയിച്ചു. 
ഹോട്ടലിൽ തിരിച്ചെത്തിയപ്പോൾ സുബ്രഹ്മണ്യം അദ്ദേഹത്തിന് ഒരു കവർ കൈമാറി. തുറന്നു നോക്കിയപ്പോൾ നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റും നല്ലാരു തുക പ്രതിഫലവുമായിരുന്നു അതിൽ. അപ്പോൾ മലയാള സിനിമയിൽ നിന്ന് കിട്ടിയ മുൻകാല ദുരനുഭവങ്ങളുടെ ഓർമയിൽ ശ്രീധരൻ ചമ്പാടിന്റെ കണ്ണുകൾ അറിയാതെ നനഞ്ഞു.

Latest News