Sorry, you need to enable JavaScript to visit this website.

കോവിഡിന് പിന്നനാലെ നെയ്മാറിന് ദീര്‍ഘ വിലക്ക്?

പാരിസ് - കോവിഡ് ഭേദമായി കളിക്കളത്തില്‍ തിരിച്ചെത്തിയ നെയ്മാറിന് ദീര്‍ഘ വിലക്ക് ലഭിച്ചേക്കും. കോവിഡ് കഴിഞ്ഞെത്തിയ നെയ്മാര്‍ കളിച്ചിട്ടും ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ ചാമ്പ്യന്മാരായ പി.എസ്.ജിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ബദ്ധവൈരികളായ മാഴ്‌സെയോടാണ് അവര്‍ തോറ്റത്. ഒമ്പതു വര്‍ഷത്തിനു ശേഷമാണ് മാഴ്‌സെയോട് പി.എസ്.ജി തോല്‍ക്കുന്നത്. 
ഇഞ്ചുറി ടൈമില്‍ ഇരു ടീമിലെയും കളിക്കാര്‍ കൈയാങ്കളിയിലേര്‍പ്പെട്ടതോടെ നെയ്മാര്‍ ഉള്‍പ്പെടെ അഞ്ച് കളിക്കാര്‍ ചുവപ്പ് കാര്‍ഡ് കണ്ടു. നെയ്മാര്‍ എത്ര കളികളില്‍ വിട്ടുനില്‍ക്കണമെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗ് അധികൃതര്‍ വൈകാതെ പ്രഖ്യാപിക്കും. ചാമ്പ്യന്‍സ് ലീഗ് ഫൈനലിനു ശേഷം അവധിയാഘോഷിക്കുന്നതിനിടെ കോവിഡ് സ്ഥിരീകരിച്ച നെയ്മാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ ഇല്ലാതെയാണ് പി.എസ്.ജി ആദ്യ മത്സരം തോറ്റത്. 
മാഴ്‌സെ ഡിഫന്റര്‍ അല്‍വാരൊ ഗോണ്‍സാലസിന്റെ തലയുടെ പിന്നില്‍ ഇടിക്കാനൂന്നിയെന്ന് വീഡിയൊ റീപ്ലേയില്‍ തെളിഞ്ഞതോടെയാണ് നെയ്മാറിന് മാര്‍ച്ചിംഗ് ഓര്‍ഡര്‍ ലഭിച്ചത്. അല്‍വാരൊ തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്നും കുരങ്ങനെന്ന് വിളിച്ചെന്നും പുറത്തുപോവുന്നതിനിടെ റഫറിയോടും, മത്സര ശേഷം നടത്തിയ ട്വീറ്റ് പരമ്പരയിലും നെയ്മാര്‍ ആരോപിച്ചു. ആ വിഡ്ഢിയുടെ മുഖത്തടിച്ചില്ലല്ലോ എന്നതിലേ സങ്കടമുള്ളൂ എന്നും ലോകത്തിലെ വിലയേറിയ താരം പറഞ്ഞു. ആരോപണം അല്‍വാരൊ നിഷേധിച്ചു. മാന്യമായി തോല്‍ക്കാനും നെയ്മാര്‍ ശീലിക്കണമെന്ന് അല്‍വാരൊ കൂട്ടിച്ചേര്‍ത്തു. 
ലീഗിന്റെ അച്ചടക്ക സമിതി നെയ്മാറിന് എത്ര ശിക്ഷ വിധിക്കണമെന്നും ഒപ്പം അല്‍വാരോക്കെതിരായ നെയ്മാറിന്റെ ആരോപണവും അന്വേഷിക്കും. അല്‍വാരോയുടെ മുഖത്ത് എയിംഗല്‍ ഡി മരിയ തുപ്പിയെന്ന് മാഴ്‌സെയും ആരോപിക്കുന്നുണ്ട്.  

Latest News