''നന്നായി ഭക്ഷണം കഴിച്ചില്ലെങ്കിൽ ഒരാൾക്ക് നന്നായി ചിന്തിക്കാനോ നന്നായി സ്‌നേഹിക്കാനോ നന്നായി ഉറങ്ങാനോ കഴിയില്ല'' -ആംഗലേയ സാഹിത്യകാരി വിർജീനിയ വൂൾഫ്.
ഏറെ തിരക്കുള്ള ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറായിരുന്നു ഷൈനി സജീഷ്. വിവാഹവും വിവാഹനിശ്ചയവും കുരുന്നുകളുടെ ചോറൂണും മാത്രമല്ല, ഉദ്ഘാടനങ്ങളും കലാപരിപാടികളുമെല്ലാമായി ഒട്ടേറെ ചടങ്ങുകളാണ് ഷൈനി തന്റെ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്തത്. രാഷ്ട്രീയ പാർട്ടികളുടെ പൊതുപരിപാടികളിൽ ക്യാമറയുമായി ഓടിനടക്കുന്ന സ്ത്രീയെ കണ്ടാൽ സംശയിക്കേണ്ട. അത് ഷൈനിതന്നെ.
അങ്ങനെയും ഒരു കാലമുണ്ടായിരുന്നു. ഇന്ന് എല്ലാം ഔട്ട് ഓഫ് ഫോക്കസിലായിരിക്കുന്നു. കോവിഡ് ഇരുൾപരത്തിയ ഒട്ടേറെ കുടുംബങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഷൈനിയുടേത്. തിരക്കേറെയുണ്ടായിരുന്ന ഒരു കർമ്മമണ്ഡലത്തിനാണ് കോവിഡ് 19 എന്ന മഹാവ്യാധി തിരശ്ശീലയിട്ടത്. കുറച്ചുകാലം വീട്ടിൽ വെറുതെയിരുന്നു. എന്നാൽ എത്രകാലം ഇങ്ങനെയിരിക്കും. മൂന്നു മക്കൾ. ഭർത്താവാകട്ടെ അസുഖബാധിതനായി വീട്ടിലിരിക്കുന്നു.

ഷൈനിയുടെ മനസ്സിൽ പുതിയൊരു ആശയം ഉരുത്തിരിഞ്ഞുവരികയായിരുന്നു. ഫോട്ടോഗ്രഫിയിൽ മാത്രമല്ല, പാചകകലയിലും തല്പരയായിരുന്നതിനാൽ ആ നിലയിൽ ഒന്നു ശ്രമിച്ചാലോ എന്നു ചിന്തിച്ചു. അടുത്ത സുഹൃത്തിനോട് കാര്യം പറഞ്ഞപ്പോൾ അവൾക്കും സമ്മതം. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. ബിരിയാണിയുണ്ടാക്കി പാക്കറ്റുകളാക്കി റോഡുവക്കിലിരുന്ന് വില്പന തുടങ്ങി. ആദ്യദിവസം ഇരുപത് എണ്ണത്തോളം ചെലവായി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ സുഹൃത്ത് ഈ ഉദ്യമത്തിൽനിന്നും പിന്മാറിയതോടെ സ്വയം ചുമതലയേറ്റെടുത്തു. ദിവസം ഇരുപതും മുപ്പതും ബിരിയാണി ചെലവായപ്പോൾ ചെറിയ മിച്ചം വന്നുതുടങ്ങി. അതോടെ ഈ രംഗത്ത് നിലയുറപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ദേശീയ ഫോട്ടോഗ്രഫിദിനമായ ആഗസ്റ്റ് പത്തൊൻപതിന് സാധാരണ യുവമിഥുനങ്ങളുടെയെല്ലാം ചിത്രങ്ങളെടുത്തിരുന്ന ഷൈനി ഇത്തവണ റോഡുവക്കിൽ ബിരിയാണി വിൽക്കുകയായിരുന്നു. മൂന്നു പെൺമക്കളുടെ അമ്മയായ ഷൈനിക്ക്, വരുമാനമാർഗ്ഗത്തിനായി മറ്റൊരു ജോലിയും അറിയുമായിരുന്നില്ല. മലയാളികളുടെ ഇഷ്ടവിഭവമായ ബിരിയാണിക്കായിരിക്കും ഡിമാന്റ് കൂടുതലെന്ന ചിന്തയാണ് ഇതിന് പ്രേരിപ്പിച്ചത്. പലതരത്തിലുള്ളതും വൈവിധ്യമാർന്നതുമായ ബിരിയാണികൾ നഗരത്തിൽ യഥേഷ്ടം ലഭ്യമാണെങ്കിലും വേറിട്ട രീതിയുള്ള ഭക്ഷണ പരീക്ഷണത്തെ മലയാളികൾ എന്നും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറ്. അതുകൊണ്ടാണ് ബിരിയാണി ഉണ്ടാക്കി കുറഞ്ഞ നിരക്കിൽ പാതയോരത്ത് വിൽക്കാൻ തീരുമാനിച്ചത്.

വയനാട്ടിലെ മാനന്തവാടിയിൽ ജനിച്ചുവളർന്ന ഷൈനി വിവാഹാനാന്തരമാണ് കോഴിക്കോട്ടെത്തിയത്. ഭർത്താവ് സജീഷിനൊപ്പം ചേവരമ്പലത്തിനടുത്താണ് സ്ഥിരതാമസം. സ്വന്തമായി എന്തെങ്കിലും ജോലി നേടുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് എരഞ്ഞിപ്പാലത്തെ ഒരു സ്റ്റുഡിയോയിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായെത്തിയത്. ക്രമേണ സ്റ്റുഡിയോയിലെത്തുന്നവരുടെ ഫോട്ടോകൾ എടുത്തുതുടങ്ങി. ഫോട്ടോഗ്രഫിയിലെ സങ്കേതികവിദ്യകൾ സ്വായത്തമാക്കിത്തുടങ്ങിയ ഷൈനി വൈകാതെ വിവാഹ ഫോട്ടോകളും പകർത്തിത്തുടങ്ങി. പത്തുവർഷത്തോളമായി കോഴിക്കോട്ടുനടന്നുവരുന്ന പല സംഭവങ്ങളുടെയും നേർസാക്ഷ്യമായിരുന്നു ഷൈനിയുടെ ക്യാമറ.
സ്വന്തമായി ക്യാമറയില്ലാതെയായിരുന്നു ഷൈനി ഏറെക്കാലം ഈ രംഗത്ത് പ്രവർത്തിച്ചിരുന്നത്. സ്റ്റുഡിയോയിലെ ക്യാമറയായിരുന്നു പലപ്പോഴും വഴികാട്ടിയായിരുന്നത്. എന്നാൽ അടുത്തിടെയാണ് ഒരു സ്വകാര്യ ബാങ്കിൽനിന്നും ലോണെടുത്ത് സ്വന്തമായി ഒരു ക്യാമറ സ്വന്തമാക്കിയത്. ഒരുപാട് പ്രതീക്ഷയോടു കൂടിയായിരുന്നു ആ ഉദ്യമത്തിന് മുതിർന്നത്. എന്നാൽ നിർഭാഗ്യകരമെന്നു പറയാം. അതിനിടയിലാണ് കോവിഡ് എന്ന മഹാമാരി വിലങ്ങുതടിയായത്. ഈ മഹാമാരി അടുത്ത കാലത്തൊന്നും ഒഴിഞ്ഞുപോകുമെന്ന് പ്രതീക്ഷിക്കാൻ കഴിയാതെ വന്നപ്പോഴാണ് മറ്റൊരു ഉദ്യമത്തിനായി ശ്രമം തുടങ്ങിയത്. പാചകത്തിലെ എന്റെ അറിവ് ഉപയോഗിച്ചാണ് ബിരിയാണിയുണ്ടാക്കി ചേവരമ്പലം മിനി ബൈപാസിനടുത്ത ഇരിങ്ങാടൻ പള്ളിക്കടുത്ത് വില്പന ആരംഭിച്ചത്. കഴിഞ്ഞ രണ്ടു മാസമായി ഓരോ ദിവസവും അൻപതു മുതൽ അറുപതുവരെ ബിരിയാണി പാക്കറ്റുകൾ വിൽക്കുന്നുണ്ട്. രാവിലെ പതിനൊന്നു മണിക്ക് തുടങ്ങുന്ന വില്പന ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് അവസാനിപ്പിക്കും.
സ്വന്തമായി ഒരു കട തുടങ്ങുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. അതിനായി കൈയിലുണ്ടായിരുന്ന സമ്പാദ്യവും കുറച്ച് ആഭരണവുമെല്ലാം വിറ്റ് കട സ്വന്തമാക്കി. എന്നാൽ കടയിലേയ്ക്കാവശ്യമായ പാത്രങ്ങൾ വാങ്ങാനും മറ്റും സാമ്പത്തികം സ്വരൂപിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. ബിരിയാണിയോടൊപ്പം മറ്റു ചില ഭക്ഷണ സാധനങ്ങളും വില്പനക്കൊരുക്കുകയാണ് ലക്ഷ്യം.

കോവിഡ് കാലം ഞങ്ങളെ പല പാഠങ്ങളും പഠിപ്പിച്ചുകഴിഞ്ഞു. കൃത്യമായ ഒരു ജോലിയില്ലാത്ത ജീവിതം വളരെ സങ്കീർണ്ണമാണെന്ന് മനസ്സിലായി. ഭർത്താവ് സജീഷ് കുറേക്കാലമായി ബസ്സിലായിരുന്നു ജോലി നോക്കിയിരുന്നത്. എന്നാൽ അടുത്ത കാലത്താണ് കൊറിയർ സർവ്വീസിൽ ചേർന്നത്. കോവിഡ് പടർന്നുപിടിച്ചതോടെ ആ ജോലിയും നഷ്ടപ്പെട്ടു. പെൺമക്കളിൽ രണ്ടുപേർ ബികോം കഴിഞ്ഞു. മൂന്നാമത്തെയാൾ ബി.എ. ഇംഗ്ലീഷാണെടുത്തത്. ഒരു പത്രപ്രവർത്തകയാവുക എന്നതാണ് അവളുടെ ലക്ഷ്യം.
വിവാഹ ഫോട്ടോഗ്രഫിയിൽ മാത്രമല്ല, ഫാഷൻ ഫോട്ടോഗ്രഫിയിലും ഫുഡ് ഫോട്ടോഗ്രഫിയിലുമെല്ലാം ഷൈനി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയെപ്പോലുള്ള ദേശീയ നേതാക്കൾ കോഴിക്കോട്ടെത്തിയാൽ അവരുടെയെല്ലാം ഫോട്ടോയെടുക്കാൻ ക്ഷണിക്കപ്പെടുന്നതും ഷൈനിയെയാണ്. രാഹുൽഗാന്ധിക്കൊപ്പം വേദി പങ്കിടാൻ കഴിഞ്ഞത് ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമായിരുന്നെന്നും ഷൈനി പറയുന്നു.
ഏറെക്കാലമായി ചെയ്തുപോന്നിരുന്ന തൊഴിൽ ചെയ്യാനാകാതെ അതിജീവനമാർഗ്ഗം തേടുകയാണ് ഈ കുടുംബിനി. ഷൈനി ഒരു മാതൃകയാണ്. കണ്ണുകലങ്ങാതെ ക്യാമറയിലൂടെ നോക്കിയിരുന്ന കൈകൾക്കിപ്പോൾ ബിരിയാണിയുടെ മണമാണ്. ഇരിങ്ങാടൻപള്ളിക്കടുത്ത റോഡുവക്കിൽ ബിരിയാണിപൊതികളുമായി... കൊറോണ ദുരിതത്തിന്റെ നേർക്കാഴ്ചയാണിത്. അദ്ധ്വാനിച്ച് ജീവിക്കാൻ... അതിജീവിക്കാൻ ഷൈനിയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കാം...






