ഏറ്റവും സമയം പാഴാക്കുന്നതെവിടെയെന്ന് ചോദിച്ചാൽ മലയാളത്തിലെ ദൃശ്യ മാധ്യമങ്ങളിലെ സായാഹ്ന വാർത്താ സംവാദങ്ങളിലെന്ന് നിസ്സംശയം പറയാം. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ന്യൂസ് അവറിലും മറ്റും ചർച്ച ചെയ്ത വിഷയങ്ങൾ വിലയിരുത്തിയാൽ ഇക്കാര്യം വ്യക്തമാവും. അവിശ്വാസ പ്രമേയം, മുഖ്യമന്ത്രിയുടെ പ്രതികരണം, കോൺഗ്രസിലെ അതിഥി തർക്കം, അഗ്നിബാധ ആസൂത്രിതമോ എന്നിങ്ങനെ പോകുന്നു ചർച്ച ചെയ്ത കാര്യങ്ങൾ. പതിനായിരക്കണക്കിന് മലയാളി വിദ്യാർഥികളെ ബാധിക്കുന്ന ഒന്നാണ് നീറ്റ്-ജെ.ഇ.ഇ പരീക്ഷ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് നടത്തണോ, നടത്താതിരിക്കുന്നതിന്റെ ഗുണം എന്നിവ പാനലിസ്റ്റുകൾ കടിച്ചു കീറുന്നത് ഒരിടത്തും കണ്ടില്ല.
മൂന്ന് ദിവസം മുമ്പ് അര ഡസനിലേറെ മുഖ്യമന്ത്രിമാർ സോണിയാ ഗാന്ധി വിളിച്ചു ചേർത്ത യോഗത്തിൽ ദേശീയ തലത്തിൽ ചർച്ച ചെയ്തത് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യമായിരുന്നു. സെക്രട്ടറിയേറ്റിലെ അഗ്നിബാധ ഓർമപ്പെടുത്തിയത് കോഴിക്കോട് മിഠായിത്തെരുവിൽ വർഷങ്ങൾക്കപ്പുറമുണ്ടായ ആദ്യ തീപ്പിടിത്തമായിരുന്നു. അക്കാലത്ത് ചിലരൊക്കെ അടക്കം പറയുന്നത് കേട്ടു. ഇത് നല്ലതിനാണ്. ഇതിന് പിറകേ തെരുവിന് ഐശ്വര്യം വരും. ശരിയാണ് കോർപറേഷൻ അംഗീകരിച്ച പ്ലാനില്ലാതെയും ചില കെട്ടിടങ്ങൾ റോഡിലേക്ക് കൂടുതൽ വളരുന്നതാണല്ലോ കണ്ടത്.
അദാനി തുറമുഖവും വിമാനത്താവളവുമുള്ള അനന്തപുരിയുടെ കേളി ഉയരട്ടെ. ഇത്തരം ഘട്ടങ്ങളിലാണ് പല സി.ഐ.ഡികളും ഇറങ്ങുക. സെക്രട്ടറിയേറ്റിൽ ഉണ്ടായ തീകത്തലിന്റെ പശ്ചാത്തലത്തിൽ കുറ്റക്കാർ എന്നായാലും പിടിക്കപ്പെടുമെന്ന പരോക്ഷ മുന്നറിയിപ്പുമായി നടൻ കൃഷ്ണകുമാർ രംഗത്തെത്തി. എത്ര കത്തിച്ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും. മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ട് ഭാരതത്തിൽ. അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല. കത്താതെ കിടക്കുന്ന, പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണെന്ന് നടൻ കൃഷ്ണകുമാർ കുറിച്ചു. മുൻ പ്രധാനമന്തി രാജീവ് ഗാന്ധിയുടെ കൊലപാതകം ഒരു പ്ലാൻഡ് മർഡർ ആയിരുന്നു. കൊലപാതകം നേരിൽ കാണാൻ, കൊല്ലാൻ അയച്ചവർ ഒരു ഫോട്ടോഗ്രാഫറെയും ഏർപ്പാടാക്കി. മനുഷ്യ ബോംബ് പൊട്ടിയപ്പോൾ രാജീവ് ഗാന്ധിയും മറ്റനേകം പേരും മരണപ്പെട്ടു. ഒപ്പം ഫോട്ടോഗ്രാഫറും. എല്ലാം നശിച്ചെങ്കിലും ആ ക്യാമറ മാത്രം ഒരു കേടുപാടും കൂടാതെ അവിടെ കിടന്നു.. അതായിരുന്നു രാജീവ് വധക്കേസിലെ പ്രധാന തെളിവും, വഴിത്തിരിവും ഉണ്ടാക്കിയത്.
*** *** ***
'കത്തിയ ഫയലുകളെല്ലാം ഇ-ഫയലുകളാണോ' എന്ന് പത്രസമ്മേളനത്തിൽ വ്യവസായ മന്ത്രി ഇ.പി ജയരാജനോട് ഒരു മാധ്യമ പ്രവർത്തകൻ ചോദിക്കുന്ന ദൃശ്യം കണ്ടു. ആ ഫയൽ കത്തുമെങ്കിൽ 'ഇ-ഫയലും' കത്തുമെന്ന് വാദിക്കുന്നവരെ നമുക്കൊന്നും ബോധ്യപ്പെടുത്താനാവില്ല. ഏഷ്യാനെറ്റ് മാത്രമുണ്ടായിരുന്ന കാലത്ത് മുഖ്യമന്ത്രിയോട് ചോദിക്കാം പരിപാടിയിൽ ഒരാൾ ഇ-മെയിൽ അയക്കുന്നതിനെ പറ്റി ചോദിച്ചപ്പോൾ രണ്ട് ദശകങ്ങൾപ്പുറം നായനാർ പരുങ്ങിയിരുന്നു. അതു കഴിഞ്ഞ് ഭാരതപ്പുഴ എത്ര മഴക്കാലം കണ്ടു? മാതൃഭൂമി ന്യൂസിൽ വേണു നയിച്ച ചർച്ചയിൽ തൃപ്പൂണിത്തുറ എം.എൽ.എ എം.സ്വരാജ് വീശിയ ഡയലോഗ് സമൂഹ മാധ്യമങ്ങളിൽ ആഘോഷമായി. റിപ്പബ്ലിക് അർണാബിന്റെ കേരള വേർഷന് എത്രത്തോളം സ്വീകാര്യത മലയാളികൾക്കിടയിലുണ്ടെന്ന് അവതാരകർ അന്വേഷിക്കുന്നതും ഉചിതമാവും.
*** *** ***
നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മാധ്യമങ്ങൾ സംയമനം പാലിക്കണമെന്ന് എഴുത്തുകാരൻ ചേതൻ ഭഗത്. നിലവിലെ സാഹചര്യത്തിൽ കോവിഡ് പ്രതിസന്ധി, നീറ്റ്-ജെ.ഇ.ഇ പരീക്ഷകൾ നടത്തുന്നതിലെ ആശങ്ക എന്നിവയാണ് പ്രധാന വിഷയങ്ങളെന്നും അദ്ദേഹം പറഞ്ഞു. സുശാന്തിനോട് എല്ലാ ആദരവുമുണ്ട്. അദ്ദേഹത്തെ സ്‌നേഹിക്കുന്നു, എന്റെ കരിയറിന് അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. ത്രീ ഇഡിയറ്റ്‌സിനു ശേഷം മറ്റൊരു സിനിമ ലഭിക്കാതിരുന്ന സമയത്താണു കൈ പോ ചെ നിർമിക്കപ്പെട്ടത്. സുശാന്താണ് എന്നെ രക്ഷിച്ചത്. സുശാന്തിനോടു പരിഗണനയില്ലെന്നു ദയവായി പറയരുത്. പക്ഷേ ഞങ്ങൾക്ക് ഇന്ത്യയെയും പരിഗണിക്കേണ്ടതുണ്ട്. മാസങ്ങളോളം പ്രൈംടൈം വിഷയമായി ഈ കേസിനെ കാണാനാവില്ല'. ഓരോ രാജ്യത്തിനും അവരുടെ സമ്പദ്‌വ്യവസ്ഥയിൽ പ്രശ്‌നങ്ങളുണ്ട്. ഉത്തരവാദിത്തമുള്ള ഓരോ രാജ്യവും അതിൽനിന്നു പുറത്തു കടക്കാൻ ശ്രമിക്കുന്നു. നമ്മുടെ ശ്രദ്ധ അങ്ങോട്ടു മാറ്റേണ്ടതുണ്ട്. സുശാന്ത് കേസിൽ എല്ലാമുണ്ട്. കൊലപാതക ആരോപണം, ആത്മഹത്യ, സിനിമാ താരങ്ങൾ, ഗൂഢാലോചന സിദ്ധാന്തങ്ങൾ, രാഷ്ട്രീയം. പക്ഷേ എത്ര വിനോദമൂല്യം ഉള്ളതാണെങ്കിലും ഇതൊരു കഥയല്ല, യഥാർഥ ജീവിതമാണ്. ഒന്നുകിൽ സി.ബി.ഐയെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കുക, അല്ലെങ്കിൽ നിങ്ങൾക്കു സി.ബി.ഐ ആവശ്യമില്ലെന്നു പറയുക എന്നും ചേതൻ ഭഗത് പറഞ്ഞു. ചേതൻ ഭഗതിന്റെ ഓർമപ്പെടുത്തൽ പ്രധാനമാണ്. പ്രമുഖ ദേശീയ ചാനലായ ഇന്ത്യാ ടുഡേ എക്‌സ്‌ക്ലൂസീവ് എന്ന ശീർഷകത്തിൽ കഴിഞ്ഞ ദിവസമാണ് സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയുടെ അഭിമുഖം സംപ്രേഷണം ചെയ്തത്.
സുശാന്ത് സ്ഥിരമായി ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായി ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ റിയ പറഞ്ഞു. താൻ തടഞ്ഞിരുന്നെങ്കെലും സുശാന്ത് അനുസരിച്ചില്ലെന്നാണ് വെളിപ്പെടുത്തൽ. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ റിയയുടെ തുറന്ന് പറച്ചിൽ. സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡ ലഹരിമരുന്ന് ചോദിച്ച് റിയയ്ക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടി ആയാണ് സുശാന്തിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് റിയ വെളിപ്പെടുത്തിയത്. സുശാന്ത് സ്ഥിരമായി ഹാഷിഷ് ഉപയോഗിച്ചിരുന്നതായി മുൻ അംഗരക്ഷകനും വെളിപ്പെടുത്തിയിരുന്നു. എന്നാൽ ലഹരിമരുന്ന് ഇടപാടുകാരൻ ഗൗരവ് ആര്യയുമായി താൻ നടത്തിയതെന്ന പേരിൽ പുറത്ത് വന്ന ചാറ്റുകൾ റിയ നിഷേധിച്ചു. താൻ ഒരിക്കലും ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ല. സുശാന്തുമായി പിരിയാനുള്ള കാരണങ്ങളും അഭിമുഖത്തിലുണ്ട്. അവസാന ദിവസങ്ങളിൽ സുശാന്തിന് കടുത്ത വിഷാദ രോഗമുണ്ടായെന്നും അത് തന്നെയും ബാധിച്ചെന്നും റിയ പറഞ്ഞു. ഫഌറ്റിൽ മനഃശാസ്ത്രജ്ഞനെ വിളിച്ച് വരുത്തി കൗൺസിലിംഗിന് വിധേയയാകാനുള്ള ശ്രമം സുശാന്ത് തടഞ്ഞു. മാത്രമല്ല സഹോദരി വരുന്നുണ്ടെന്നും തന്നോട് ഫഌറ്റ് വിട്ട് പോവാനും ജൂൺ 8 ന് സുശാന്ത് ആവശ്യപ്പെട്ടു.
സുശാന്തിന്റെ ഈ പെരുമാറ്റം വേദനിപ്പിച്ചെന്ന് റിയ പറഞ്ഞു. എല്ലാത്തിൽ നിന്നും ഇടവേളയെടുത്ത് കുടകിലേക്ക് താമസം മാറ്റാനായിരുന്നു സുശാന്തിന്റെ തീരുമാനം. ജൂൺ 9 ന് സുശാന്തിനെ വാട്‌സ് ആപ്പിൽ ബ്ലോക്ക് ചെയ്‌തെന്നും റിയ പറഞ്ഞു. സുശാന്തിനെ സാമ്പത്തിക നേട്ടത്തിനുപയോഗിച്ചെന്ന ആരോപണങ്ങളെല്ലാം റിയ നിഷേധിച്ചു. സഹ ഉടമകളായ മൂന്ന് കമ്പനികളിൽ ഒന്നിൽ നിന്നും വരുമാനം ഇല്ല. സുശാന്തിന്റെ അക്കൗണ്ടിൽ നിന്നും പണമൊന്നും തന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നും റിയ പറഞ്ഞു.
*** *** ***
മലയാളികളുടെ പ്രിയ താരം ജഗതി ശ്രീകുമാർ പഴയതുപോലെ തിരിച്ചു വന്നേക്കാമെന്ന സന്തോഷ വാർത്തയുമായി ഡോക്ടർമാർ. ചാനലിനു നൽകിയ അഭിമുഖത്തിൽ ജഗതിയുടെ മകൻ രാജ്കുമാറാണ് ഇക്കാര്യം അറിയിച്ചത്. സന്തോഷം ആണെങ്കിലും സങ്കടമാണെങ്കിലും പപ്പാ അത് പരമാവധി പ്രകടിപ്പിക്കുന്നുണ്ട്. ഒരത്ഭുതം സംഭവിച്ചേക്കാമെന്നും പപ്പാ പഴയത് പോലെ പെട്ടെന്ന് ഒരു ദിവസം മടങ്ങിയെത്താനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർമാർ പ്രതീക്ഷിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ ഡോക്ടർ വിളിക്കുമെന്നും നല്ല ലക്ഷണങ്ങളാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വളരെ പതുക്കെയാണെങ്കിലും അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുകയാണെന്നും മുൻപത്തെക്കാൾ പ്രസരിപ്പുണ്ടെന്നും രാജ്കുമാർ അറിയിച്ചു. വീണ്ടും ക്യാമറയ്ക്ക് മുന്നിൽ തിരിച്ചെത്താൻ കഴിഞ്ഞതിന്റെ സന്തോഷം ജഗതിയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
*** *** ***
വിവാദ ചാനൽ പ്രമുഖന്റെ സ്വപ്‌നയുമായുള്ള രണ്ട് ഫോൺ കോളുകളാണ് ഇപ്പോഴത്തെ പ്രധാന ചർച്ച. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതും ഇതു തന്നെയാണ്. സ്വർണം എയർപോർട്ടിൽ കുടുങ്ങിയ വാർത്ത വന്നു കഴിഞ്ഞ ഉടനെയായിരുന്നു വിവാദ ഫോൺ കോളുകളുമുണ്ടായത്. 4 മിനിറ്റും ഒരു മിനിറ്റിനു മുകളിലും ദൈർഘ്യമുള്ളതായിരുന്നു ഈ കോളുകളെല്ലാം. വാർത്തക്കു വേണ്ടിയായിരുന്നു വിളിച്ചതെന്ന മാധ്യമ പ്രമുഖന്റെ വാദം സംശയകരം തന്നെയാണ്. കാരണം സാധാരണ ഗതിയിൽ എഡിറ്റർ പോലുള്ള തസ്തികയിൽ ഇരിക്കുന്ന ഒരു വ്യക്തി ഇത്തരത്തിൽ വാർത്തകൾ ശേഖരിക്കാൻ ഇറങ്ങാറില്ല. നല്ല അടുപ്പം സ്വപ്‌നയുമായി ഈ മാധ്യമ പ്രവർത്തകന് ഉണ്ടായിരുന്നു എന്നു തന്നെയാണ് ഉദ്യോഗസ്ഥർ കരുതുന്നത്.
സ്വപ്‌ന സുരേഷ് പ്രതിയായ സ്വർണക്കടത്ത് കേസ് വഴിതിരിച്ചു വിടാൻ മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർ ശ്രമിച്ചെന്ന് വ്യക്തമാക്കുന്ന തരത്തിൽ കസ്റ്റംസിന് മൊഴി ലഭിച്ചെന്ന് റിപ്പോർട്ട്. സ്വർണം വന്നത് നയതന്ത്ര ബാഗേജ് വഴിയല്ല, സ്വകാര്യ ബാഗേജ് വഴിയാണെന്ന് കോൺസൽ ജനറലിനെക്കൊണ്ട് വാർത്താക്കുറിപ്പിറക്കാൻ സ്വപ്‌നയെ അനിൽ നമ്പ്യാർ ഉപദേശിച്ചു. കോൺസൽ ജനറലിന്റെ നിർദേശപ്രകാരം ഈ വാർത്താക്കുറിപ്പ് തയാറാക്കി നൽകാമെന്ന് അനിൽ നമ്പ്യാർ ഉറപ്പും നൽകി. ന്യൂസ്-18 ചാനലാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്.
അതിനിടെ, ജനം ടി.വി ബി.ജെ.പി ചാനൽ അല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനം ടി.വിയിലെ മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ചാനലിനെ കുറിച്ച് മാധ്യമ പ്രവർത്തകർ സുരേന്ദ്രനോട് ചോദ്യം ഉയർത്തിയത്. ബി.ജെ.പിയ്ക്ക് അങ്ങനൊരു ചാനലില്ലെന്നും ചില ദേശസ്‌നേഹികൾ നടത്തുന്ന ചാനലാണ് ജനം ടി,വിയെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഇതോടെ പഴയ പോസ്റ്റ് വീണ്ടും ചർച്ചയായിരിക്കുന്നു. ജനം ചാനൽ ഈ നാട്ടിലെ ദേശസ്‌നേഹികളായ കുറേ പേർ നടത്തുന്ന ചാനലാണ്. ബി.ജെ.പിക്കാരായിട്ടുള്ള ആരും അതിലില്ലെന്നും സുരേന്ദ്രൻ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ചാനലിനെ കുറിച്ചുള്ള സുരേന്ദ്രന്റെ പഴയ പ്രതികരണം സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. 2015 ഏപ്രിൽ 19ന് ജനം ടി.വി ലോഞ്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്. സംഘ്പരിവാറും ബി.ജെ.പിയും നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി എന്നത് തീർത്തും പക്ഷപാതപരമായ മാധ്യമങ്ങളാണ്. ഏറെക്കാലം കാത്തിരുന്ന ജനം ടി.വി ഇതാ ലോഞ്ച് ചെയ്യുകയാണ്. ഇത് തീർച്ചയായും പ്രതീക്ഷ നൽകുന്നുണ്ട്, എന്നായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.
*** *** ***
മോഹൻലാൽ എന്ന പേര് തനിക്ക് എങ്ങനെ ലഭിച്ചുവെന്ന് വെളിപ്പെടുത്തി താരം. മാതൃഭൂമിയുടെ ഓണപ്പതിപ്പിൽ 'മോഹൻലാൽ കയറിവന്ന പടവുകൾ' എന്ന ആത്മകഥയിലാണ് അദ്ദേഹം തന്റെ പേരിനെ കുറിച്ചുള്ള കഥ വെളിപ്പെടുത്തുന്നത്. അറുപത് വർഷങ്ങൾക്ക് മുമ്പ് തന്റെ സഹോദരിയുടെ മക്കൾക്ക് പ്യാരിലാൽ, മോഹൻലാൽ എന്നൊക്കെ പേരിട്ടത് എന്റെ വല്യമ്മാവൻ ഗോപിനാഥൻ നായരാണ്. ജാതിപ്പേര് വാൽപോലെ ചേർത്ത് കെട്ടാതെ മക്കളെ വിളിക്കണമെന്ന ആഗ്രഹം എന്റെ അച്ഛന്റേതായിരുന്നു. അമ്മാവൻ എനിക്ക് ആദ്യം നൽകാൻ ഉദ്ദേശിച്ച പേര് റോഷൻ ലാൽ എന്നായിരുന്നു അത്രേ. പിന്നെ മോഹിപ്പിക്കുന്ന ഒരു പേരാകട്ടെ എന്ന എന്റെ അമ്മാവന്റെ തീരുമാനം എന്നെ മോഹൻലാൽ ആക്കി. പ്രായം കൊണ്ട് അഞ്ച് വയസ്സിന്റെ വ്യത്യാസം ജ്യേഷ്ഠനും ഞാനും തമ്മിലുണ്ടായിരുന്നു. ജനനം കൊണ്ട് പത്തനംതിട്ടക്കാരാണെങ്കിലും പിറന്നതിന്റെ തൊണ്ണൂറാം ദിവസം മുതൽ ഞാൻ വളർന്നത് തിരുവനന്തപുരത്താണ്. അല്ലെങ്കിലും ജാതിപ്പേരിലൊക്കെ വല്ല കാര്യവുമുണ്ടോ ലാലേട്ടാ, ബാലൻ കെ.നായരെ മലയാളി ചലച്ചിത്രാസ്വാദകർ നെഞ്ചേറ്റിയത് അദ്ദേഹത്തിന്റെ പ്രതിഭ കണ്ടിട്ടല്ലേ?