ചന്ദ്രിക /മിനിക്കഥ

രാത്രിയുടെ അന്ത്യയാമങ്ങളിൽ എന്നുമവളുണരും. കാട് കയറിയ ചിന്തകളോടെ തൂലികയെടുക്കും, വിരൽത്തുമ്പ് ചലിക്കും. പിന്നീട് നീർമാതളത്തിന്റെ  ഉന്മാദിനിയെപ്പോലെ എഴുത്തിൽ അഭിരമിക്കും. ഒടുക്കം 'ചന്ദ്രിക' എന്ന് എഴുതി അവസാനിപ്പിക്കുന്നതോടെ പിരിമുറുക്കമൊന്നുമില്ലാതെ, ആർത്തിരമ്പി വന്ന കടൽ ശാന്തമായതു പോലെ, സ്വസ്ഥമായുറങ്ങും. പാതി കണ്ണടച്ചു കൊണ്ടുള്ള ഉറക്കം അരുണനുദിക്കും വരെ തുടരും.
അവളോർക്കുകയായിരുന്നു, കണ്ടാണശ്ശേരിക്കാരുടെ കഥ പറഞ്ഞ് മലയാള സാഹിത്യത്തിൽ സ്വന്തമായൊരു തട്ടകമുണ്ടാക്കിയ നോവലിസ്റ്റ് കോവിലൻ രാത്രിയിൽ മാത്രമാണത്രെ അദ്ദേഹത്തിന്റെ കൃതികൾക്കെല്ലാം ജന്മം നൽകിയത്. രാത്രിയുടെ സൗന്ദര്യം ഇഷ്ടമായതു കൊണ്ടോ ഏകാഗ്രതയ്ക്ക് വേണ്ടിയോ ആവാം അദ്ദേഹത്തിന് രാത്രിയെഴുത്തിനോട് പ്രിയം. നിശയോടായിരുന്നു അവൾക്കും പ്രിയം.
 'വെളിച്ചം ദുഃഖമാണുണ്ണീ 
തമസ്സല്ലോ സുഖപ്രദം'

മരങ്ങളെയും ചെടികളെയും പൂക്കളെയും പ്രകൃതിയിൽ കാണുന്ന സർവ ചരാചരങ്ങളെയും ജീവജാലങ്ങളെയും അവൾക്കിഷ്ടം.
പൂക്കളിൽ സുഗന്ധിയായ നിശാഗന്ധിയെയായിരുന്നു അവൾക്കേറെയിഷ്ടം. നിശാഗന്ധിയെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലെങ്കിലും വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നിശാഗന്ധിയെത്ര ഭാഗ്യവതിയാണെന്ന് അവളുടെ അന്തരംഗം മന്ത്രിച്ചു. നിത്യേന പൂക്കുമ്പോൾ ആര് ശ്രദ്ധിക്കാൻ....
തൂവെള്ള നിറത്തിൽ, ഇലകളില്ലാത്ത നിശാഗന്ധി അനന്തശയനമാണത്രെ. 
വിത്തിട്ടാൽ മുളക്കില്ലത്രെ, ചെടിയുടെ കാണ്ഡം ഭൂമിയിൽ പതിച്ചാണത്രെ അടുത്ത ഒരു ചെടിക്ക് ജന്മം നൽകാനാവുക. നിശാഗന്ധിയെക്കുറിച്ച് പറയാൻ അവൾക്കെന്നും ആയിരം നാവാണ്. മുന്നൂറ്റി അറുപത്തിയഞ്ച് ദിനങ്ങൾ കാത്തിരുന്ന്, അതും അർധരാത്രിയിൽ ലോകം നിദ്രയിലാണ്ടിരിക്കുമ്പോൾ ആകാശവും നിലാവും നക്ഷത്രങ്ങളും മാത്രം സാക്ഷിയായി സുഗന്ധം പരത്തി ഇതളുകളോരോന്നായ് വിടരുന്ന വെൺപൂവേ..... സുഗന്ധി .....
'നിശാഗന്ധി....നിയെത്ര ധന്യ' മലയാളികളുടെ പ്രിയങ്കരനായ കവിയും ഗാനരചയിതാവുമായ ഒ.എൻ.വിയുടെ വരികൾ അവളുടെ ഉള്ളിലെവിടെയോ കുറിച്ചിട്ടത് അവളറിയാതെ അവളിലെ ഉൻമാദിനി പാടി. 

നിശാഗന്ധിക്ക് ഒരു രാത്രിയുടെ ആയുസ്സു മാത്രമെയുള്ളൂ. അരുണ കിരണമേൽക്കുന്നതോടെ പൂ വാടും.
അതുപോലെ അവളുടെ എല്ലാ സൃഷ്ടികൾക്കും ഒരു രാത്രിയുടെ ആയുസ്സു മാത്രമെ ഉണ്ടായിരുന്നുള്ളൂ. രാത്രിയിൽ അവളുടെ തൂലികയിൽ നിന്നടർന്നു വീഴുന്ന മുത്തുമണികൾ പകൽ അരുണനെ പ്രദർശിപ്പിക്കാൻ അവൾ മടിച്ചു. അരുണ കിരണമേറ്റ് വാടിയ പുഷ്പം പോലെ, മുത്തുമണികൾക്ക് മങ്ങലേൽക്കുന്നത് അവൾ സഹിക്കുമായിരുന്നില്ല.  ചന്ദ്രികയെഴുതുന്നത് ചന്ദ്രികയിൽ തന്നെ അലിയട്ടെ. എന്നാലും നിത്യേന എഴുതണമെന്നത് അവൾ ഒരു ചര്യയായിത്തന്നെ തുടർന്നു. എഴുതാൻ ബാക്കിവെച്ച എത്രയോ കാര്യങ്ങളും കഥകളുമായി അവളിലെ ചന്ദ്രിക ഇന്നും സർവ ചരാചരങ്ങളും നിശ്ചലമായ രാത്രിയുടെ അന്ത്യയാമത്തിൽ ഉറക്കമിളച്ച് തൂലിക ചലിപ്പിച്ച് കൊണ്ടേയിരിക്കുന്നു.

Latest News