നടുറോഡിലെ അപകടം

ലോക്ഡൗൺ മനോഗതങ്ങൾ - 13 

എന്തു വേണമെന്നു ചോദിച്ചപ്പോൾ എന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടെന്നു ഡേവിഡ് പറഞ്ഞു. ഈ ലോക്ഡൗൺ സമയത്താണോ ഒരു വീട്ടിൽ കയറി വന്നു സംസാരിക്കണമെന്ന് പറയുന്നതെന്ന് അപ്പോൾ ഞാൻ ചോദിച്ചു.
നമുക്കു അകത്തിരുന്നു സംസാരിക്കാമെന്ന് അവൻ പറഞ്ഞപ്പോൾ  പുറത്തു പോയിരുന്നു സംസാരിക്കാമെന്നായി ഞാൻ. വാതിൽ പൂട്ടി ഞങ്ങൾ രണ്ടുപേരും പുറത്തേക്ക് നടന്നു. ഞങ്ങൾ ബിൽഡിംഗിന്റെ കോർട്ട്യാർഡിൽ എത്തി അടുത്തടുത്ത ബെഞ്ചിലിരുന്നു.
സമയം ഒത്തിരിയായിരിക്കുന്നു. കർഫ്യൂ സമയമാണ്. പോലീസ് വന്നാൽ നമ്മളെ രണ്ടുപേരെയും പിടിച്ചു കൊണ്ടുപോകും. അതല്ലെങ്കിൽ ഫൈൻ അടയ്‌ക്കേണ്ടിവരും. അതുകൊണ്ട് ചോദിക്കാനുള്ളത് പെട്ടെന്ന് ചോദിക്കൂവെന്നു ഞാൻ പറഞ്ഞു-.  
എനിക്ക് ഒരു കൈയബദ്ധം പറ്റിപ്പോയതാണെന്നും ആക്‌സിഡന്റ് കരുതിക്കൂട്ടി ചെയ്തതല്ലെന്നും എല്ലാം പറ്റിപ്പോയതാണെന്നും - അവൻ പറഞ്ഞു. 
ആക്‌സിഡന്റ് സമയത്ത് ഞങ്ങൾ മൂന്നു പേരും മാത്രമായിരുന്നു ആ കാറിലുണ്ടായിരുന്നതെന്നും പിന്നെ എനിക്കെക്കെങ്ങനെ ഈ കാര്യങ്ങളെക്കെ അറിയാമെന്നും ഏതെങ്കിലും ഇൻവെസ്റ്റിഗേഷൻ ഡിപ്പാർമെന്റിന്റെ ഭാഗമായി വന്നതാണോയെന്നും എന്തിനാണ് ഞാൻ അവനെ ഫോളോ ചെയ്യുന്നതെന്നും എനിക്കൊരു കൈയബദ്ധം പറ്റിയതാണെന്നും അല്ലാതെ കരുതിക്കൂട്ടി ആരെയും കൊന്നതല്ലെന്നും തെല്ലു പരിഭ്രമത്തേടെ, ദ്രുതഗതിയിൽ അവൻ പറഞ്ഞുതീർത്തു. 
അത് ശരിക്കും ഒരു അപകടമായിരുന്നു. ശരിക്കും ഉള്ള ഒരു കാർ ആക്‌സിഡന്റ് -ഡേവിഡ് ആവർത്തിച്ചു.
മേരിയോട് കൊന്നുകളയും, കൊന്നുകളയും എന്ന് നീ പറഞ്ഞിട്ടുണ്ടായിരുന്നില്ലേ, അത് എന്തിനായിരുന്നുവെന്നു അപ്പോൾ ഞാൻ ചോദിച്ചു. അതു കേട്ടപ്പോൾ അവൻ ഞെട്ടി. അവൻ തുടർന്നു:- നിങ്ങളുടെ ഉദ്ദേശ്യം എന്താണ്? പോലീസിൽ ഏൽപിക്കാനുള്ള പരിപാടിയാണോ, പോലീസ് ഈ കഥകൾ എങ്ങനെ വിശ്വസിക്കും? നിങ്ങളുടെ കൈയിൽ എന്താണ് തെളിവുകളുള്ളത്? ഞാൻ മേരിയെയും ആൽവിനെയും കൊന്നു എന്ന് നിങ്ങൾ പറയുന്നതിന് എന്ത് തെളിവാണ് നിങ്ങളുടെ കൈയിലുള്ളത്?
അവൻ ഇങ്ങനെ പരിഭ്രാന്തനായി തുടരുന്നതിനിടെ ആരോ ഒരാൾ ബിൽഡിംഗിന്റെ അകത്ത് നിന്നും പുറത്തേക്ക് ഞങ്ങളുടെ മുന്നിലേക്ക് നടന്നു വരുന്നത് ഞാൻ കണ്ടു.  ഒരു യുവതിയാണ്. ഇരുണ്ട വെളിച്ചത്തിൽ എനിക്ക് മുഖം ശരിക്കു തെളിഞ്ഞു കാണുന്നില്ലായിരുന്നു. അവൾ നടന്നു ഞങ്ങളുടെ മുൻപിൽ എത്തി. ഡേവിഡ് കസേരയിൽ നിന്നും എഴുന്നേറ്റു. എനിക്ക് എവിടെയോ പരിചയമുള്ള മുഖമായി തോന്നി അത്. ഡേവിഡ് ആകെ പരിഭ്രാന്തിയിലാണ്. ഞാൻ ഒന്നുകൂടി ആ യുവതിയുടെ മുഖത്തേക്ക് നോക്കി. സുന്ദരമായ ആ മുഖം ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. ശരിയാണ് അത് മേരിയാണ്. യഥാർഥത്തിലുള്ള മേരി തന്നെ. ഏതാണ്ട് 25 വയസ്സ് പ്രായമുള്ള സുന്ദരിയായ മേരി. ഫോട്ടോ ആൽബത്തിൽ കണ്ട അതേ മേരി തന്നെ.
ഡേവിഡ് ഒരു ഭ്രാന്തനെ പോലെ മേരിയെ കണ്ടു പേടിച്ചുനിൽക്കുന്നത് ഞാൻ കണ്ടു. അവന്റെ കൈകാലുകൾ വിറക്കുന്നുണ്ടായിരുന്നു. അവൻ ആകെ പേടിച്ചുവിറച്ച് വിയർക്കുകയാണ്. ഞാനും എന്തെന്നറിയാതെ മേരിയുടെ കണ്ണുകളിലേക്ക് നോക്കിനിൽക്കുകയാണ്. ജ്വലിക്കുന്ന കണ്ണുകൾ. അവളും ദേഷ്യപ്പെട്ട് വിറക്കുന്നുണ്ടായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ഡേവിഡ് ഓടിപ്പോകുന്നത് ഞാൻ കണ്ടു. മേരി അവന്റെ പിറകെ പിന്തുടർന്നു പോകുന്നതും. 
എന്തു ചെയ്യണമെന്നറിയാതെ ഞാൻ അന്തം വിട്ടിരിക്കുകയാണ്.  വിഭ്രാന്തിയോടെ എന്റെ ബാൽക്കണിയിലേക്ക് ഞാൻ ഓടി. എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. ഞാൻ ബാൽക്കണിയിലൂടെ പുറത്തേക്ക് നോക്കി. അവൻ കാർ സ്റ്റാർട്ടാക്കി പോകുന്നത് ഞാൻ കണ്ടു. ശരവേഗത്തിൽ അവൻ വണ്ടിയോടിച്ചു പോകുകയായിരുന്നു. ഞാൻ മേരിയെ അവിടെയെല്ലാം തെരഞ്ഞു നോക്കി. പക്ഷേ അവളെ കാണാൻ കഴിഞ്ഞില്ല.
ഞാൻ കാർ കീ എടുത്തു  പുറത്തേക്കോടി ഡേവിഡിനെ പിന്തുടരാൻ ഞാൻ കാർ എടുത്തു. ഞാൻ അതിവേഗത്തിൽ കാറോടിച്ചു മുന്നോട്ടുപോയി. ദൂരെ ഡേവിഡിനെ കാണാമായിരുന്നു. ഞാൻ കാറിന്റെ ആക്‌സിലേറ്ററിൽ കാലമർത്തി വേഗം കൂട്ടി. ഡേവിഡിന്റെ കാർ അതിവേഗത്തിൽ പറക്കുകയാണ്. ഞാൻ വീണ്ടും ആക്‌സിലറേറ്റർ അമർത്തി വേഗം കൂട്ടിക്കൊണ്ടിരുന്നു. ഞാൻ ഡേവിഡിന്റെ പിറകിൽ എത്തിയിരിക്കുന്നു. ഡേവിഡിന്റെ കാർ അടുത്തുള്ള ഹൈവേയിൽ കയറി. ഞാൻ പിന്തുടർന്നുകൊണ്ടേയിരുന്നു. അപ്പോഴും എന്റെ വേവലാതി മേരി എവിടെപ്പോയി എന്നായിരുന്നു. ഡേവിഡിന്റെ കാർ ഹൈവേ കടന്ന് ഫ്‌ളൈ ഓവറിലേക്ക് കയറി. ഞാൻ പിറകെയും. ഡേവിഡ് കാറിന്റെ വേഗം കൂടിക്കൊണ്ടേയിരുന്നു. ഞാൻ എത്ര കാറിന്റെ വേഗം കൂട്ടിയിട്ടും ഡവിഡിനെ പിന്തുടരാൻ പറ്റാത്തത് പോലെ തോന്നി.  ഡേവിഡിന്റെ കാർ ഫ്‌ളൈഓവറിൽ നിന്നും താഴോട്ട് നിയന്ത്രണം വിട്ട് പറക്കുന്നത് കണ്ട് സ്തബ്ധനായി ഞാൻ ബ്രേക്കിൽ കാലമർത്താൻ ശ്രമിച്ചു. പെട്ടെന്ന് വേറെ ഒരു കാർ നിയന്ത്രണം വിട്ട് എന്റെ കാറിന്റെ അടുത്തേക്ക് വരുന്നത് കണ്ട് ഞാൻ ബ്രേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനു മുൻപ് തന്നെ ടപ്പ് എന്ന ഭയാനക ശബ്ദം കേട്ടു. 
എന്റെ കാറിന്റെ സ്റ്റിയറിംഗ് നിയന്ത്രണം  എന്റെ  കൈയിൽ നിന്ന് വിട്ടതുപോലെ എനിക്ക് തോന്നി. എന്റെ കാർ ആകാശത്തേക്ക് ഉയർന്നു വായുവിൽ നിമിഷങ്ങൾ പൊങ്ങി നിന്നു. വീണ്ടും ടപ്പ് എന്ന ശബ്ദം ഉണ്ടാക്കി കാർ റോഡിൽ വന്നിടിച്ചു മുന്നോട്ട് പോയി റോഡ്് സൈഡിലുള്ള ചുമരിൽ ഇടിച്ചു നിന്നു. എനിക്കൊന്നും കാണാമായിരുന്നില്ല. കാർ തുറക്കാൻ ശ്രമിച്ചെങ്കിലും. കഴിയുന്നില്ല. ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു. ആരോ പുറത്തുനിന്നും ഓടി വന്ന് കാറിന്റെ ഡോർ തുറന്നു. ഞാൻ പുറത്തേക്ക് ഓടി. എന്റെ കാൽമുട്ടുകൾ വിറക്കുന്നുണ്ടായിരുന്നു
എന്നെ ഇടിച്ച കാറിന്റെ അടുത്തേക്ക് ഞാനോടി. ശരീരം വിറച്ചിട്ട് ഞാൻ കുഴഞ്ഞു വീഴുന്നതു പോലെ തോന്നി. എങ്ങനെയോ ഞാൻ ആ കാറിന്റെ അടുത്തെത്തി. അത് പരിപൂർണമായി തകർന്നിരിക്കുന്നു. ആ കാറോടിച്ച ഡ്രൈവർ ഒരു വിറയലോടെ പുറത്തു നിൽക്കുന്നുണ്ട്. ഭാഗ്യം, അയാൾക്കൊന്നും പറ്റിയിട്ടില്ല. 
 
 


 

Latest News