വിപ്ലവത്തിലും ജീവിതത്തിലും പരാജയപ്പെട്ട മനുഷ്യര്‍

എഴുപതുകളിലെയും എൺപതുകളിലെയും സാംസ്‌കാരിക വിപ്ലവത്തിലൂടെ കടന്നുപോയ, വരാതെ പോയ വസന്തത്തിന്റെ അസ്വാസ്ഥ്യങ്ങളിൽ ജീവിതം ഹോമിച്ചു തീർത്ത,  മനഃസാക്ഷി നഷ്ടപ്പെടാത്ത ഒരു  തലമുറയുടെ ബാക്കിപത്രങ്ങളായി നമുക്കിടയിൽ ജീവിക്കുന്ന ഒരുപറ്റം ആളുകളുടെ നഷ്ടസ്വപ്‌നങ്ങളുടെ കഥ പറയുകയാണ് ഷീബ ഇ.കെയുടെ മഞ്ഞനദികളുടെ സൂര്യൻ എന്ന പുതിയ നോവൽ.
ഗ്രാമങ്ങൾ നഗരങ്ങളെ വളയുമെന്നും ഭരണകൂടങ്ങൾ തകർന്നുവീഴുമെന്നുമുള്ള മുദ്രാവാക്യങ്ങൾക്കെല്ലാം പിന്നീടെന്താണ് സംഭവിച്ചത്? ആഹൂതി ചെയ്യപ്പെട്ട ചില യൗവനങ്ങളും തടവറയിൽ നിന്നും തടവറയിലേക്ക് വലിച്ചിഴക്കപ്പെടുകയും തീവ്രമായ മർദ്ദനമുറകൾ കാരണം ഭ്രാന്ത് പിടിക്കുകയും ആത്മഹത്യ ചെയ്യുകയും ചെയ്ത ഒരു പാട് മനുഷ്യരും നമുക്കിടയിലുണ്ടായിരുന്നു. ഭരണകൂട ഭീകരതയുടെയും ജന്മിത്തത്തിന്റെയും ഉന്മൂലനത്തിനായി കച്ചകെട്ടിയിറങ്ങിയ ഒരുപറ്റം മനുഷ്യരുടെ ധീരസാഹസികതകൾ ഒരുകാലത്ത് കേരളക്കരയെ അപ്പാടെ പിടിച്ചുലച്ചിരുന്നെങ്കിലും വിപ്ലവത്തിലെന്നപോലെ ജീവിതത്തിലും പരാജിതരായ ആ മനുഷ്യരുടെ അന്തരാളങ്ങളിലെ വിങ്ങലുകളിലേക്ക് നാമാരും അത്രയധികം ചൂഴ്ന്നിറങ്ങിയിട്ടുണ്ടാവില്ല. ധീരയൗവ്വനത്തിന്റെ ഉദാത്ത മാതൃകകളായി ജീവിതത്തിലേക്കിറങ്ങി വരുമ്പോഴും അവരഭിമുഖീകരിക്കേണ്ടിവരുന്ന ഭയവും ഏകാന്തതയും മോഹഭംഗവും നിരാശയും ഒറ്റപ്പെടലുമെല്ലാം രഞ്ജനെന്ന കഥാപാത്രത്തിലൂടെ എഴുത്തുകാരി കോറിയിടുന്നുണ്ട്. അപ്രതീക്ഷിതമായി ലഭിച്ച ഒരു ഇ-മെയിൽ സന്ദേശത്തെ പിൻതുടർന്ന് ചിറക്കൽ എന്ന കൊച്ചു ഗ്രാമത്തിൽ എത്തിപ്പെടുന്ന നിരുപമക്ക് പരിചയമുള്ള ആരുമുണ്ടായിരുന്നില്ല അവിടെ. അതിനുമുമ്പ് അവളവിടെ ഒരിക്കൽപോലും പോയിട്ടുമില്ലായിരുന്നു. തനിക്കു കിട്ടിയ സന്ദേശത്തിന് ഭാവനാപരമായ ആവിഷ്‌കാരങ്ങൾ കൊടുക്കാതെ അതിന്റെ പൊരുൾ അന്വേഷിച്ചറിഞ്ഞ് സർഗാത്മകമായ സൃഷ്ടി നടത്താനുള്ള ശ്രമത്തിലാണ് എഴുത്തുകാരിയായ നിരുപമ. അവളെ നിരന്തരം വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന മുറിവുകളിൽനിന്ന് ഒരു രക്ഷപ്പെടൽ കൂടിയായിരുന്നു ആ യാത്ര.  
ആധികളും ശൂന്യതകളും ജീവിതത്തിന്റെ അർത്ഥമില്ലായ്മയുടെ നൈരന്തര്യങ്ങളുമായി ഏറ്റുമുട്ടി സ്വയം രൂപപ്പെടുത്തിയ ചിപ്പിക്കുള്ളിൽ ഒതുങ്ങിക്കൂടുന്ന രഞ്ജന്റെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥിയെപ്പോലെയാണ് നിരുപമ കടന്നു വരുന്നത്. അവളുടെ സാന്നിധ്യം രഞ്ജന് പ്രദാനം ചെയ്യുന്നത് സഹവർത്തിത്വത്തിന്റേതായ അപൂർവമായ അനുഭൂതിയാണ്. ജീവിതലക്ഷ്യം നഷ്ടപ്പെട്ട മനസ്സിന് ഒരത്താണി കൂടിയാണ് അത്. 
എഴുപതുകളിലും എൺപതുകളിലും കേരളത്തെ ആകമാനം ത്രസിപ്പിച്ചിരുന്ന വിപ്ലവ പ്രസ്ഥാനങ്ങളിലും സാംസ്‌കാരിക മുന്നേറ്റത്തിലും ഭാഗഭാക്കായിത്തീർന്ന ഒരുപറ്റം ആളുകളുടെ ജീവിതത്തിന്റെ അടിവേരുകൾ തിരിച്ചറിയാനും അവരുടെ ജീവിതങ്ങൾ സാമൂഹ്യമാറ്റത്തിന് നൽകിയ ഊർജത്തെ അടയാളപ്പെടുത്താനുമുള്ള ശ്രമമാണ് നിരുപമയെന്ന എഴുത്തുകാരിയിലൂടെ ഷീബ നടത്തുന്നത്. എഴുപതുകളിലും എൺപതുകളിലും യഥാർത്ഥ ജനകീയ പ്രസ്ഥാനമെന്ന പേരിലാണ് രാഷ്ട്രീയ-ധൈഷണിക ചിന്തകളെ പിടിച്ചുലച്ച ഒരു പ്രസ്ഥാനം കേരളത്തിൽ ആവിർഭവിക്കുന്നത്. ജനങ്ങൾക്കിടയിൽ നല്ല സ്വാധീനമുണ്ടായിരുന്നതിനാൽ ഭരണകൂടം ശക്തമായി അതിനെ നേരിടുകയും ചെയ്തിരുന്നു. ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ അധികാരങ്ങളുപയോഗിച്ച് ഗവൺമെന്റ് പോലീസിനെ ആയുധമണിയിക്കുകയും ഏറ്റുമുട്ടലുകളെന്ന് വിശേഷിപ്പിക്കുന്ന സ്വയം സൃഷ്ടികളായ സംഭവങ്ങളിലൂടെ വിപ്ലവ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തുപോന്നു. സംസ്‌കാരത്തിന്റെയും നൈതികതയുടെയും അവകാശങ്ങളുടെയും പേരിൽ ഇന്നും ഈ ഏറ്റുമുട്ടലുകൾ തുടർന്നുകൊണ്ടിരിക്കുന്നുവെന്നും എഴുത്തുകാരി പറഞ്ഞുവെയ്ക്കുന്നുണ്ട്.
കുരുടൻമാർ കൊമ്പനാനയെ തപ്പിനോക്കുന്നതുപോലെ വിപ്ലവപ്രവർത്തനങ്ങളുടെ വള്ളിപ്പടർപ്പുകളിൽ അടിയ്ക്കുന്നതിനു പകരം സ്വന്തം ജീവനും ജീവിതവും അതിനായി ഹോമിക്കുകയും ഭരണകൂടത്തിന്റെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി  ജീവിതകാലം മുഴുവൻ യാതനകൾ അനുഭവിച്ച് ജീവിക്കേണ്ടിവരികയും ചെയ്ത ചില വ്യക്തികളുടെ ജീവിതങ്ങളിലൂടെ മാത്രം കടന്നുപോയി, ആ കാലഘട്ടം എത്രമാത്രം ഭയാനകമായിരുന്നു എന്നു ചിത്രീകരിക്കാനുള്ള ആഖ്യാതാവിന്റെ കരവിരുത് ശ്ലാഘനീയമാണ്. ഈ വിഷയത്തെക്കുറിച്ച് കേരളത്തിലെ പ്രബുദ്ധരായ ആളുകൾക്കെല്ലാം സാമാന്യ ജ്ഞാനമുണ്ടായിരിക്കും എന്നതുകൊണ്ടുതന്നെ വിപ്ലവ പ്രവർത്തനങ്ങളുടെ ഇതിവൃത്തത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല ഈ ആഖ്യാനം. നമ്മെ ആപാദചുഡം മൂടിനിൽക്കുന്ന വർത്തമാനകാലത്തിന്റേതായ അഴകൊഴമ്പൻ സാമൂഹ്യ രാഷ്ടീയ ധാർമ്മികതകളുടെ വിലക്കുകളെ മറികടക്കാനും ഭരണകൂടത്തിന്റെ കാർക്കശ്യങ്ങളോട് പൊരുതാനുള്ള  ശ്രമങ്ങളും എഴുത്തുകാരിയുടെ ഭാഗത്തുനിന്നുണ്ടാവുന്നുണ്ട്.
വിപ്ലവകാരികളുടെ പട്ടികയിലൊന്നും കാണാത്ത പേരായിരിക്കും ഒരുപക്ഷെ പത്മസേനൻ മാഷിന്റേത്. പോരാട്ടങ്ങളിലൂടെ ഓടിത്തളർന്ന ജീവിതം. പാവപ്പെട്ടവരോടുള്ള ആർദ്രതയും ആഭിമുഖ്യവും കൊണ്ടുമാത്രം നക്‌സലൈറ്റായിത്തീർന്ന അദ്ദേഹത്തെ കാത്തിരുന്നത് കൊടിയ മർദ്ദനങ്ങളും പീഡനങ്ങളും മാത്രം. മരണത്തെ മുഖാമുഖം കണ്ട്  സെല്ലുകളിൽ നിന്നും സെല്ലുകളിലേക്കും ജയിലുകളിൽനിന്നും ജയിലുകളിലേക്കും ആട്ടിയോടിക്കപ്പെട്ട ആ ജീവിതത്തെ യാഥാർത്ഥ്യബോധത്തോടെ, അസ്വസ്ഥമാക്കുംവിധം അവതരിപ്പിച്ചതിനു പിന്നിൽ ഒരുപാടുകാലത്തെ തീവ്രമായ പ്രവർത്തനം ഉണ്ടായിരിക്കുമെന്നത് തീർച്ചയാണ്. പത്മസേനൻ മാഷും സുബൈറും രഞ്ജനുമെല്ലാം നമുക്കിടയിൽത്തന്നെ ജീവിക്കുന്നുണ്ട്. അതോടൊപ്പം കേരളം മറന്നുപോയി എന്നു വിശ്വസിക്കാൻ ശ്രമിക്കുന്ന ചില സംഭവങ്ങളിലേക്കും കഥാഗതി പലപ്പോഴും വഴിമാറുന്നുണ്ട്. മഠത്തിൽ മത്തായി വധവും രക്തസാക്ഷി അങ്ങാടിപ്പുറം ബാലകൃഷ്ണനും  അടിയന്തരാവസ്ഥയും വർഗീസും രാജനും സാംസ്‌കാരിക വേദിയുമെല്ലാം ഒരിക്കൽക്കൂടി നമ്മുടെ സ്മൃതിമണ്ഡലത്തിലേക്ക് വായനയ്ക്കിടയിൽ കടന്നുവരാതിരിക്കില്ല.
ഇതിവൃത്തത്തിന്റെ മർമപ്രധാനമായ ആശയത്തെ നിലനിർത്തിക്കൊണ്ടുതന്നെ നിരുപമയെന്ന കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങളെയും കഥാകാരി മനോഹരമായി ചിത്രീകരിക്കുന്നുണ്ട്. അനാഥയാണ് താനെന്ന തെറ്റിദ്ധാരണയിലൂടെ സാമ്പ്രദായികത്വത്തിന്റെ അടിവേരുകൾ ഛേദിച്ചുകൊണ്ട്, അരാജകജീവിതം ആഘോഷമാക്കിയിരുന്ന ആദിയെന്ന ചിത്രകാരനുമൊത്തുള്ള ഹ്രസ്വമായ ദാമ്പത്യം, അയാളുടെ ആകസ്മികമായ മരണം, എഴുത്ത് നൽകുന്ന ഒരായിരം അസ്വാസ്ഥ്യങ്ങൾ.. ആത്മ സംഘർഷങ്ങളിൽ അകപ്പെട്ടിരുന്ന  നിരുപമക്ക് രഞ്ജനിലേക്ക് എത്തിച്ചേരാൻ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. വിപ്ലവകരമായ എടുത്തുചാട്ടം കാരണം യൗവ്വനാരംഭത്തിൽ കൂടെ കൂട്ടേണ്ടിവന്ന  സ്ത്രീയുമായി മാനസികവും ശാരീരികവും ചിന്താപരവുമായി വേർപെട്ട് ഏകാന്തവാസം നയിക്കുകയും ചുറ്റുമുള്ളവരുടെ വിശ്വാസവഞ്ചനകൾ കൊണ്ട് ജീവിതം മടുക്കുകയും ചെയ്തിരുന്ന രഞ്ജനും ആ കൂട്ട് അനിവാര്യമായിരുന്നു. പരിഭവങ്ങളുടെയും മോഹഭംഗങ്ങളുടെയും അനുഭവപ്രഭാവത്തിൽ ചില സാന്നിധ്യങ്ങൾ ആശ്വാസത്തിന്റയും പ്രതീക്ഷയുടെയും ഇടങ്ങളായിത്തീരുന്നത് ഇവരുടെ ആത്മബന്ധത്തിലൂടെ നമുക്ക് മനസ്സിലാക്കാനാവുന്നുണ്ട്.  കഥാപാത്രങ്ങളുടെ ആന്തരികമായ ഒന്നിച്ചുചേരലും സമാനമനസ്സുകൾ താദാത്മ്യം പ്രാപിക്കുന്നതും  ചില ആന്ദോളനങ്ങളിലൂടെ പൊട്ടിപ്പോവാതെ ഭംഗിയായി ആവിഷ്‌കരിക്കുന്നുമുണ്ട്. 
നമ്മുടെ നോവൽ സാഹിത്യം ഒന്നുകിൽ മസ്തിഷ്‌കത്തോടോ അല്ലെങ്കിൽ ഹൃദയത്തോടോ ആണ് സാധാരണയായി സംവേദിക്കാറുള്ളത്. എന്നാൽ രണ്ടിനോടും ഒരേപോലെ സംവേദിക്കുന്ന രീതിയാണ് ഇ.കെ. ഷീബ തന്റെ സൃഷ്ടിയിൽ അവലംബിക്കുന്നത്. വാക്കുകളെ സാമൂഹിക നിയമത്തിന്റെ ഉപകരണങ്ങളാക്കുമ്പോഴാണ് സർഗാത്മകത ഉദയം ചെയ്യുന്നത്. സാഹിത്യത്തിന്റെ സൗന്ദര്യാനുഭൂതിയെ തെല്ലും നിരാകരിക്കാതെ, ഭാഷയിലും ഇതിവൃത്തത്തിലും വ്യത്യസ്തത പുലർത്തി, ചിന്തകളെ പ്രചോദിപ്പിക്കുന്നതിനും, ഹൃദയങ്ങളെ ആർദ്രമാക്കുന്നതിനും ഷീബയ്ക്കു കഴിഞ്ഞിട്ടുണ്ട്. കഥാപാത്രങ്ങളെ അവരുടെ സാമൂഹികാന്തരീക്ഷത്തിൽ തന്നെ നിലനിർത്തിക്കൊണ്ട്, ചുട്ടുപഴുത്ത യാഥാർത്ഥ്യങ്ങളിൽ വെന്തുരുകിയ ജീവിതങ്ങൾ, അവരുടെ നെടുവീർപ്പുകൾ മനസ്സിനെ അലോസരപ്പെടുത്തുന്ന രീതിയിൽ  ഉൾക്കരുത്തും തന്റേടവും നഷ്ടമാവാതെ അനായാസേന കഥ പറഞ്ഞുഫലിപ്പിക്കാൻ രചനയിലുടനീളം നോവലിസ്റ്റ്    ശ്രദ്ധിച്ചിട്ടുണ്ട്.
മഞ്ഞനദികളുടെ സൂര്യൻ  (നോവൽ )  
ഷീബ ഇ.കെ                         
ഡി സി ബുക്ക്‌സ് 
വില 120 രൂപ  
 

Latest News