പ്രവാസി സമൂഹത്തിൽ വലിയൊരു പങ്ക് ടെലിവിഷൻ കാണാൻ സാധ്യതയുള്ള സമയമാണ് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞുള്ള നേരം. അവധി ദിവസമായതിനാൽ ഇഷ്ടം പോലെ സമയം. കേരളത്തിൽ മുൻ നിര ചാനലൊന്നുമല്ലെങ്കിലും ജീവൻ ടി.വിയിക്ക് ഗൾഫിലെ പല സ്ഥലങ്ങളിലും ആവശ്യത്തിന് കാണികളുണ്ട്. ഫ്ളവേഴ്സ്, മഴവിൽ മനോരമ, ഏഷ്യാനെറ്റ് എന്നീ എന്റർടെയിൻമെന്റ് ചാനലുകൾ മാത്രമേ കാണൂവെന്ന് വാശി പിടിക്കുന്ന ഫ്ളാറ്റുകളിലും ഫേവറൈറ്റുകളിൽ ആദ്യ സ്ഥാനങ്ങളിൽ ജീവനുണ്ട്. പ്രവാസി സംബന്ധമായ വിഷയങ്ങളിൽ നടത്തുന്ന ഇടപെടലുകളും ഗൾഫ് ന്യൂസ് ബുള്ളറ്റിനുകളുമാണ് സ്വീകാര്യത വർധിപ്പിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നാല് മണിയോടടുത്ത നേരത്ത് ചാനൽ മാറ്റി ജീവനിലെത്തിയപ്പോൾ ഒരു മുസ്ലിം യുവതി അനുഭവം വിവരിക്കുന്നു. ആഹ്ലാദത്തോടെ ഗൾഫിൽ ഭർത്താവുമായി കഴിഞ്ഞതായിരുന്നു. അവധിയ്ക്ക് നാട്ടിലെത്തിയപ്പോൾ ഒരു മിസ്ഡ് കോൾ. കാര്യമറിയാതെ അറ്റൻഡ് ചെയ്തപ്പോൾ ഇത് പലപ്പോഴായി ആവർത്തിച്ചു. എല്ലാ കഥകളിലേയും പോലെ ജീവിതം ട്രാക്ക് തെറ്റി ഓടാൻ ആരംഭിച്ചു. ഭർത്താവിനോട് വിഷയം തുറന്നു പറഞ്ഞു. സ്ക്രീനിൽ കാണുന്ന വയനാട്ടിലെ മൊബൈൽ നമ്പറിലേക്ക് വിളിച്ച് അപ്പോയിന്റ്മെന്റ് ഉറപ്പിച്ച് വേണ്ടത് ചെയ്തപ്പോഴാണ് പഴയ ജീവിതം തിരികെ ലഭിച്ചത്. നാനാജാതി മതസ്ഥരും സിദ്ധന്റെ ചെയ്തികളുടെ ഗുണഭോക്താക്കളായുണ്ട്. അടുത്തത് ഒരു ക്രൈസ്തവ വനിതയാണ്. കോഴിക്കോടിലെ ഒരു ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നു. അന്യസമുദായക്കാരനുമായി പ്രണയം. കലശലായ പ്രേമം. വീട്ടുകാർ റെഡ് ലൈറ്റുമായി നിൽക്കുന്നു. തൽക്ഷണം ഉസ്താദിന്റെ സഹായം തേടി. എതിർത്തവരുടെയെല്ലാം മനസ്സ് മാറി അനുരാഗം പൂത്തുലഞ്ഞു. കച്ചവടത്തിൽ തകർച്ച നേരിട്ട ഹിന്ദുവിനും സഹായം ലഭിച്ചതിലൂടെ മതസൗഹാർദം വിളംബരം ചെയ്തു. പ്രശ്നങ്ങൾ നേരിടുന്നവർക്ക് പരിഹാരമുണ്ടാക്കുന്ന കേന്ദ്രത്തിന്റെ ക്രെഡിബിലിറ്റി ഉറപ്പിക്കാൻ ഏതാനും വർഷങ്ങൾ മുമ്പ് കേരള സർക്കാർ നടപടിയെടുത്തപ്പോൾ പീടിക പൂട്ടി രക്ഷപ്പെട്ട വ്യാജ സിദ്ധന്മാരെ പോലെയല്ല ഇതെന്നും പറയുന്നുണ്ട്. നോട്ട് റദ്ദാക്കലും ജി.എസ്.ടി ധൃതി പിടിച്ച് നടപ്പാക്കിയതും നിമിത്തം ഇന്ത്യയുടെ സമ്പദ്ഘടനയെ തകർച്ചയിലേക്കാണെന്ന് താമര പാർട്ടിയുടെ മുതിർന്ന നേതാക്കൾ പറഞ്ഞു തുടങ്ങിയ കാലമാണല്ലോ ഇത്. ഇപ്പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നും ഇനി വളർച്ച താഴോട്ടേക്കാണെന്ന് ലോക ബാങ്കും ഐ.എം.എഫും ഉറപ്പിച്ചു. ഇതൊന്ന് ശരിയാക്കിയിട്ട് തന്നെ കാര്യമെന്ന ധാരണയിൽ മോഡിജി ഒരു ഉപദേശക സമിതിയെ നിയോഗിച്ചു. മാന്ദ്യമുണ്ടെന്ന് പറഞ്ഞ് അവരും കൈയൊഴിയുകയാണ്. എന്നാൽ പിന്നെ എല്ലാവർക്കും കൂടി വയനാട്ടിൽ ചെന്ന് ഉസ്താദിനെ കണ്ട് ഇതിനൊരു പരിഹാരമുണ്ടാക്കരുതോ? ജീവനിലെ സ്പോൺസേഡ് പരസ്യം പോലെ മറ്റു ചില ചാനലുകളിലും ഓൺലൈൻ വാണിഭം തകർക്കുന്നുണ്ട്. മലയാളം പറയുന്ന സായിപ്പും മദാമ്മയും എന്തും വിൽക്കാൻ കെൽപുള്ളവരാണ്. സാമ്പിൾ: ഇതൊരു മൊബൈൽ ഫോൺ, ആസ്ട്രോ ബ്ലേഡ് കൊണ്ട് തകർക്കാൻ കഴിയാത്ത സാധനം. അടുത്ത വസ്തു ആസ്ട്രോ ബ്ലേഡ്. ലോകത്തെ എന്തിനേയും തകർത്ത് മുന്നേറാൻ കഴിയുന്ന ഉഗ്രൻ ഐറ്റം. അടിപൊളി. മോഡിജിയുടെ ശോചനാലയ പരസ്യങ്ങളുടെ കോലാഹലമൊന്ന് അടങ്ങിയ മട്ടാണ്. അപ്പോഴതാ മിക്ക ചാനലുകളിലും ഹിന്ദിയിൽ ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് മൻസിലിൽ എത്തിക്കുന്നത് സംബന്ധിച്ച പരസ്യം. പ്രാദേശിക ഭാഷകളിലേക്ക് ഇത് തർജമ ചെയ്യാൻ ഇന്ദ്രപ്രസ്ഥത്തിൽ ആരുമില്ലാതെ പോയോ? ഇത്രയേറെ പണം പബ്ലിസിറ്റിയ്ക്ക് മുടക്കുന്നതിന് പകരം അത് കൂടി അവശ വിഭാഗങ്ങൾക്ക് ക്ഷേമ പ്രവർത്തനം നടത്താൻ വിനിയോഗിക്കാവുന്നതേയുള്ളു.
*** *** ***
മോഡി സർക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിഛായയ്ക്ക് കനത്ത ആഘാതമായി അമിത് ഷായുടെ മകന്റെ കച്ചോടം. ടെമ്പിൾ എന്റർപ്രൈസസ് എന്ന പേരിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന ഏർപ്പാടാണ് ചെറുക്കന്. ഇതിന്റെ വളർച്ച മോഡിജി ഭരണം തുടങ്ങിയതോടെ 16,000 ഇരട്ടിയായി വർധിച്ചുവെന്നാണ് വയറ്റുപിഴപ്പ് മുടക്കാനിറങ്ങിയ ദ വയർ ലേഖിക രോഹിണി സിംഗ് കണ്ടെത്തിയത്. ഈ മാസം എട്ടിനാണ് വയറിൽ ഈ വാർത്ത പുറത്തുവിട്ടത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയുടെ ഡിഎൽഎഫ് ഇടപാടുകൾ തമ്മിലുള്ള വാർത്ത പുറത്തുകൊണ്ടുവന്നതും രോഹിണി സിംഗാണ്.
നൂറ് കോടി രൂപയുടെ മാനനഷ്ട കേസാണ് ഇതിനെതിരെ ഫയൽ ചെയ്തത്. ഈ സംഭവം അതേ ദിവസം രാത്രി ചർച്ച ചെയ്ത് മാതൃഭൂമി ന്യൂസ് മികവ് പുലർത്തി. നൂറ് കോടി രൂപ നഷ്ട പരിഹാരം തേടി കേസ് ഫയൽ ചെയ്യുമ്പോൾ കോർട്ട് ഫീ സ്റ്റാമ്പ് ഇനത്തിൽ എത്ര കെട്ടിവെക്കണമെന്ന സംശയ നിവാരണത്തിന് നിയമ വിദഗ്ധനായ സെബാസ്റ്റ്യൻ പോളിന്റെ സാന്നിധ്യം സഹായകമായി. സ്വത്തിലുണ്ടായ അമിത വർധനയെ പരാമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ നടത്തിയ വാർത്താസമ്മേളനം സംപ്രേഷണം ചെയ്യാൻ ദേശീയ മാധ്യമങ്ങൾ പലതും മടിച്ചു. സിബലിന്റെ വാർത്താസമ്മേളനം എൻഡിടിവി തൽസമയം റിപ്പോർട്ട് ചെയ്തു. ടൈംസ് നൗ ചാനലിൽ ഇത് ഫ്ളാഷ് ന്യൂസായി. റിപ്പബ്ലിക് ടി.വിയും ന്യൂസ് 18 നും ഇന്ത്യാ ടുഡേയും വാർത്താസമ്മേളനത്തെ അവഗണിക്കുകയായിരുന്നു. വാർത്ത പുറത്ത് കൊണ്ടു വന്ന രോഹിണി സിംഗ്, ദ വയർ എഡിറ്റർ സിദ്ധാർത്ഥ വരദരാജൻ, സിദ്ധാർത്ഥ് ഭാട്യ, എംകെ വേണു, മാാനേജിംഗ് എഡിറ്റർ മനോബിനാ ഗുപ്ത, പബ്ലിക് എഡിറ്റർ പമേല ഫിലിപ്പോസ്, ദ വയറിന്റെ പബ്ലിഷർ ഫൗണ്ടേഷൻ ഫോർ ഇൻഡിപെൻഡന്റ് ജേണലിസം എന്ന എൻജിഒ എന്നിവർക്കെതിരെയാണ് കേസ്. അപകീർത്തിക്കേസിൽ ജയ് ഷായ്ക്ക് വേണ്ടി വാദിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് നിയമ മന്ത്രാലയം അനുമതി നൽകുകയും ചെയ്തു. കേസ് വാദിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാവുന്നതിലെ അനൗചിത്യം പറഞ്ഞാണ് ചിലർ വിമർശിക്കുന്നത്. അദ്ദേഹം ഏതായാലും കോടതിയിൽ ഹാജരാവുന്ന ആളല്ലേ, കൂട്ടത്തിൽ ഈ കേസും കൂടി നോക്കിക്കോട്ടെയെന്ന് വെച്ചതേയുള്ളു.
*** *** ***
നോട്ട് റദ്ദാക്കൽ ഇന്ത്യയിൽ ദുരിതം വിതച്ച നാളുകളിലെ രാഹുൽ ഗാന്ധിയല്ല ഇപ്പോഴത്തേത്. ഇക്കഴിഞ്ഞ നവംബറിൽ സകല പാർട്ടികളും പിന്നിൽ അണിനിരന്നപ്പോൾ അതൊന്നും ഗൗനിക്കാതെ യൂറോപ്പിൽ കറങ്ങാൻ പോയ പാർട്ടിയാണ്. ഇത്തവണ അമേരിക്കയിൽ അറ്റൻഡ് ചെയ്ത കോച്ചിംഗ് സെന്റർ തോമസ് സാറിന്റെ എൻട്രൻസ് പരിശീലനം പോലെ കേമമായിട്ടുണ്ട്. മോഡിയുടെ തട്ടകമായ ഗുജറാത്ത് ഇളക്കി മറിച്ചിരിക്കുകയാണല്ലോ. പഴയ ഓർമയിൽ അടുത്തു കൂടുന്ന മാധ്യമ പ്രവർത്തകർ കരുതിയിരിക്കുക. അമിത് ഷായുടെ മകൻ ജയ് ഷാ നടത്തുന്ന കമ്പനിയുടെ ലാഭവിഹിതം ഉയർന്നതുമായി ബന്ധപ്പെട്ട ആരോപണത്തെ കുറിച്ച് പ്രതികരണമാരാഞ്ഞ സീ ന്യൂസ് റിപ്പോർട്ടറെ മറുചോദ്യം കൊണ്ടാണ് രാഹുൽ ഗാന്ധി പൊളിച്ചടക്കിയത്. ബിജെപി പിന്തുണയോടെ രാജ്യസഭാ എംപിയായ സുഭാഷ് ചന്ദ്രയാണ് സീ ന്യൂസിന്റെ ഉടമ. അമിത്ഷായുടെ മകന്റെ കമ്പനിയുടെ ലാഭവുമായി ബന്ധപ്പെട്ട വിഷയത്തിൽ എന്താണ് താങ്കൾക്ക് പറയാനുള്ളത് എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. രാഹുലിന്റെ മറുപടി -നിങ്ങൾ എന്നോട് ചോദിച്ചത് നല്ലാരു ചോദ്യമാണ്. ഇന്ന് നിങ്ങൾക്ക് ഭയമൊന്നുമില്ല. ഇദ്ദേഹം സ്പെഷ്യൽ പ്രസ് റിപ്പോർട്ടറാണ്. 2014 ൽ 50,000 രൂപയുടെ മാത്രം മൂല്യമുള്ള കമ്പനി 2014 ന് ശേഷം അത് 80 കോടി യായി. നിങ്ങൾക്ക് എന്താണ് ഇതിൽ തോന്നുന്നത്? ഇത് എങ്ങനെ സംഭവിക്കും? നിങ്ങൾ ഒട്ടും ഭയക്കേണ്ടതില്ല, നിങ്ങൾക്ക് തോന്നുന്നത് പറയൂ? നിയമപരമായി നടക്കുന്ന സ്ഥാപനത്തിൽ ഇത്തരമൊരു ലാഭം ഉണ്ടാകുമോ? താങ്കൾക്ക് ഇതിന്റെ ഉത്തരം അറിയാം. ഗുജറാത്തിലുള്ള വർക്കും ലോകത്തിന് മുഴുവനും ഇതിന്റെ ഉത്തരം അറിയാം. രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത പ്രതികരണത്തിൽ മറുപടി പറയാനാവാതെ നിശബ്ദനായി നിൽക്കുകയായിരുന്നു സീ ന്യൂസ് റിപ്പോർട്ടർ.
*** *** ***
പ്രധാനമന്ത്രിജിയെ കല്യാണം കഴിക്കാൻ രാജസ്ഥാനിൽ നിന്നെത്തി ദൽഹിയിൽ തപസിരിക്കുന്ന ജയ്പൂരി സുന്ദരി ഓം ശാന്തി ശർമയെന്ന വനിത ഏഷ്യാനെറ്റിലെ ചിത്രം വിചിത്രത്തിൽ. പശ്ചാത്തലത്തിൽ സൂര്യകാന്തീ, സൂര്യകാന്തീ സ്വപ്നം കാണുവതാരെ.. എന്നു തുടങ്ങുന്ന എസ്.ജാനകി ആലപിച്ച ശ്രവണ മധുരമായ ഗാനം. ഒരു മാസമായി ജന്തർ മന്തറിൽ അനിശ്ചിത കാല സമരം തുടരുന്ന പ്രണയിനിയുടെ വികാരം ഇത്രത്തോളം പ്രതിഫലിപ്പിക്കാൻ മറ്റൊരു ഗാനത്തിനുമാവില്ല. മാതൃഭൂമി ന്യൂസിൽ വെള്ളിയാഴ്ച കാലത്ത് കൊല്ലങ്കോട് ക്ഷേത്രത്തിലെ അനാചാരത്തെ കുറിച്ച് റിപ്പോർട്ട്. ചർച്ചയ്ക്ക് വിളിച്ചത് പാലക്കാട് എം.പി എം.ബി രാജേഷിനെ.
താങ്കളുടെ നിയോജക മണ്ഡലത്തിൽ പെടുന്ന കൊല്ലങ്കോട്ടുണ്ടായ സംഭവത്തെ കുറിച്ച് എന്ത് പറയുന്നു? കൊല്ലങ്കോട് എന്ന സ്ഥലം പാലക്കാട് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന അറിവ് പകർന്നാണ് എം.പി മറുപടി നൽകിയത്. വേങ്ങര വോട്ടെടുപ്പ് നാളിൽ റിപ്പോർട്ടർ ടിവിയിൽ ഒരു സഖാവ് പറഞ്ഞതിങ്ങനെ. 66,000 വോട്ടുകൾ പോൾ ചെയ്തപ്പോൾ ആറായിരവും സ്ത്രീകളാണെന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നു. പുരുഷ വോട്ടർമാരുടെ സംഖ്യ പത്ത് ശതമാനമല്ലേയുള്ളു.
പോരാളിയെ കണക്ക് പഠിപ്പിച്ച സാറിനെ വേണം ആദരിക്കാൻ. മാതൃഭൂമി ചക്കരപന്തലിൽ വിധുബാല വൈജയന്തി മാല ബാലിയുടെ ഗാന-നൃത്ത രംഗങ്ങൾ അയവിറക്കിയത് ഒന്നാന്തരമായി.
എന്തറിഞ്ഞിട്ടാണോ എന്ന് വ്യക്തമല്ല, പീഡനത്തിനിരയായ വനിതയുടെ പേര് പറഞ്ഞും അവരെ പങ്കെടുപ്പിച്ചുമുള്ള ചർച്ചകൾ നടത്തി വരികയാണ് മലയാളം ചാനലുകൾ. കേസിനും വയ്യാവേലിക്കും സമയമില്ലാത്തതിനാൽ മഹിളാ രത്നത്തിന്റെ പേര് തൽക്കാലം പറയുന്നില്ല. സ്ത്രീശാക്തീകരണത്തിന്റെ ഉത്തമ പ്രതീകമായ ഇരയുടെ സൂപ്പർ പ്രൈം ടൈമിലെ പ്രസന്റേഷന് നൂറിൽ നൂറ് മാർക്ക്. ഉള്ളിൽ എത്ര വിഷമമുണ്ടെങ്കിലും അതൊന്നും പുറമേക്ക് പ്രകടിപ്പിക്കാതെ ഏറ്റവും ഉന്മേഷവതിയായി തന്നെ വേണം ദൃശ്യ മാധ്യമങ്ങളിലെ അഭിമുഖങ്ങളിൽ പങ്കെടുക്കാൻ.






