ആദ്യ ഘട്ടത്തിൽ ഈ തൊഴിൽ മേഖലയിൽ എത്തിപ്പെട്ടതിന്റെ പേരിൽ കണ്ണ് നനഞ്ഞ ഒരുപാട് സംഭവങ്ങളുണ്ട്. ബസിൽ കയറിയാലും ചായക്കടയിൽ കയറിയാലും പൊതുജനത്തിന് അറപ്പാണ്. അവരെ രോഗങ്ങളിൽ മുക്തമാക്കുന്നതിനാണ് ഞങ്ങൾ രോഗം പടരുന്ന മാലിന്യം നീക്കാൻ ഇറങ്ങുന്നതെന്ന ബോധം പൊതു സമൂഹത്തിനില്ല. തൊഴിലാളി സംഘടനകളുടെ ഇടപെടൽ മൂലം ഇന്ന് സമൂഹത്തിൽ ഇതിന് ചെറിയ തോതിൽ മാറ്റം വന്നിട്ടുണ്ട്.
അന്ന് രാത്രിയിൽ ചുടലമുത്തുവിന് ഉറക്കം വന്നില്ല. അവനും ഒരു തോട്ടിയാകാൻ പോവുകയാണ്. രണ്ടു പ്രാവശ്യം അവൻ പകരം തൂപ്പുകാരനായി ജോലി ചെയ്തിട്ടുണ്ട്. ഒടുവിൽ ഒരു തോട്ടിയാകുമെന്ന് അവന് അന്നേ അറിയാമായിരുന്നു. ആ ദിവസം ഉദിക്കുന്നതെന്നാണ്? ഇനിയും ജീവിത കാലമത്രയും അവൻ പാട്ടയും മമ്മട്ടിയും കൊണ്ട് കഴിയണം....
തോട്ടിയുടെ മകൻ -തകഴി ശിവശങ്കരപ്പിള്ള
വെളുക്കുന്നതിന് മുമ്പുളള ഇരുട്ടിലേക്കാണ് അവർ ആദ്യമിറങ്ങുന്നത്. ഇരുട്ടിൽ തുടങ്ങിയാൽ മാത്രമേ വെളുക്കുമ്പോഴേക്കും നാടിന് തൊട്ടുമുമ്പുളള ദിവസത്തെ ദുർഗന്ധത്തിൽ നിന്ന് മോചനമാവുകയുള്ളൂ. കാക്കകൾ കൊത്തി വലിക്കുന്നതിന് മുമ്പ്, അഴുകിയ ജഡം മുതൽ മനുഷ്യ വിസർജ്യം വരെയുളള മാലിന്യം നീക്കം ചെയ്യുന്ന കേരളത്തിലെ ശുചീകരണ തൊഴിലാളികളുടെ വേവുന്ന അനുഭവങ്ങളാണ് കൂത്തുപറമ്പ് നഗരസഭയിലെ ശുചീകരണ തൊഴിലാളി എ.വി ശ്രീജ പറഞ്ഞു തുടങ്ങുന്നത്. മാലിന്യം ശുചീകരിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്ന തൊഴിലാളികളോട് എന്നും സമൂഹത്തിനുളള അവഗണനയും പരിഹാസവും തുറന്നു പറയുന്ന ശ്രീജ തങ്ങളുടെ വരുമാനവും ജീവിതവും ആരും കാണുന്നില്ലെന്നു ചൂണ്ടിക്കാട്ടുന്നു.
ദൽഹിയിൽ അഖിലേന്ത്യാതലത്തിൽ നടന്ന 14 സംസ്ഥാനങ്ങളിൽ നിന്നുളള ശുചീകരണ തൊഴിലാളികളുടെ സംഗമത്തിൽ പങ്കെടുത്ത കേരളത്തിലെ ഏക വനിതാ ശുചീകരണ തൊഴിലാളിയായ ധർമ്മടം സ്വദേശി ശ്രീജ കൂത്തുപറമ്പ് നഗരസഭയിലെ ജോലിക്കിടയിലെ വിശ്രമ വേളയിൽ തങ്ങളുടെ യാതനകളും ദുരിതങ്ങളും അവകാശ ലംഘനങ്ങളും പങ്കുവെച്ചു. വെയിലും മഴയും മഞ്ഞും കൊണ്ട് ആരും കാണാതെ പോകുന്ന അഴുക്ക് വാരുന്ന ശുചീകരണ തൊഴിലാളികളുടെ സഹനവും ദുരിതവും ശ്രീജ പറഞ്ഞു നിർത്തുമ്പോൾ അത് കേരളത്തിന്റെ ഇന്നലലെകളിലേക്ക് വരെ കടന്നു ചെന്നു. കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ് ധർമ്മടം സ്വദേശി ശ്രീജ.
കേരളത്തിൽ 941 ഗ്രാമപഞ്ചായത്തുകളിലും 87 നഗരസഭകളിലും ആറ് കോർപ്പറേഷനുകളിലുമായി 12,000 ടൺ ഖരമാലിന്യങ്ങൾ ഉൽപാദിപ്പിക്കുന്നതായാണ് സംസ്ഥാന ശുചിത്വ മിഷന്റെ കണക്ക്. എന്നാൽ ഈ മാലിന്യം നീക്കം ചെയ്യാനുളളത് ആകെ 13,000 തൊഴിലാളികൾ മാത്രമാണ്. ഇവരിൽ ഏഴായിരം പേർ താൽക്കാലിക ജീവിക്കാരും ആറായിരം പേർ സ്ഥിരം ജീവനക്കാരുമാണ്. കുടുംബശ്രീയുടെ മൂവായിരത്തിലേറെ പേരും ഇവരെ കൂടാതെ നിരത്തിലറങ്ങുന്നതുകൊണ്ടാണ് സാക്ഷര - സാംസ്കാരിക കേരളത്തിലെ ഒരു പകലിൽ മനുഷ്യന് മൂക്ക് പൊത്താതെ ജീവിക്കാനാവുന്നത്.
അകറ്റി നിർത്തപ്പെടുന്നവർ
വൃത്തികെട്ട ജോലിയെടുക്കുന്ന വൃത്തിയില്ലാത്ത മനുഷ്യർ എന്ന് ഈ തൊഴിലിന് ഇറങ്ങുന്ന ഓരോരുത്തരും അഭിമുഖീകരിക്കുന്ന ആക്ഷേപമാണ്. ഇതുകേട്ട് വളരുന്ന ഞങ്ങളുടെ കുഞ്ഞുങ്ങളും ഈ തൊഴിലിൽ നിന്ന് മാറിനിൽക്കാൻ പറയുന്നു. എന്നാൽ ആക്ഷേപിക്കുന്നവർക്ക് ഒരു നിമിഷം ഞങ്ങൾ തൊഴിൽ നിർത്തിയാലുളള പ്രയാസം ഓർക്കാനേ വയ്യ. സത്യത്തിൽ അവർ വലിച്ചറിയുന്നതും ഉപേക്ഷിക്കുന്നതുമായ മാലിന്യമാണ് ഞങ്ങൾ ചുമന്ന് നീക്കം ചെയ്യുന്നതെന്ന ബോധം പൊതുജനത്തിനും ഉദ്യോഗസ്ഥർക്കുമില്ല. ഒരു നിമിഷം പിഴച്ചാൽ അവരുടെ യഥാർത്ഥ മുഖം കാണിക്കും.
എന്റെ 26 ാം വയസ്സിലാണ് ഞാൻ ഈ തൊഴിൽ മേഖലയിൽ എത്തുന്നത്. എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴിയാണ് ജോലി കിട്ടയത്. അന്ന് 27 രൂപയാണ് ദിവസക്കൂലി. ഇന്ന് 630 രൂപ കിട്ടും. ഡിഗ്രി വരെ പഠിച്ചതാണെങ്കിലും തൊഴിലിനോട് സംതൃപ്തി തോന്നി. ആദ്യ കാലത്ത് കേരളത്തിലെ റോഡുകൾ ഇങ്ങനെയായിരുന്നില്ല. മാലിന്യം വലിച്ചെറിയുന്ന നിരത്തുകളിൽ മൂക്ക് പൊത്താതെ ജോലി എടുക്കാനാവില്ല.
രാവിലെ കൂത്തുപറമ്പിലെത്തണമെങ്കിൽ വെളുക്കും മുമ്പ് ഇറങ്ങണം. സമയം വൈകിയാൽ താൽക്കാലിക ജീവനക്കാരൻ ജോലിക്ക് കയറും. നമുക്ക് ജോലി ഉണ്ടാവില്ല. പ്രമുഖ നഗരങ്ങളൊഴികെ മിക്കയിടങ്ങളിലും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളോ, സംസ്കരണ യൂണിറ്റുകളോ ഇല്ല. ആയതിനാൽ മാലിന്യങ്ങൾ കുഴിച്ചു മൂടുകയോ, കത്തിച്ച് കളയുകയോ ചെയ്യുകയാണ് പതിവ്.
ആദ്യ ഘട്ടത്തിൽ ഈ തൊഴിൽ മേഖലയിൽ എത്തിപ്പെട്ടതിന്റെ പേരിൽ കണ്ണ് നനഞ്ഞ ഒരുപാട് സംഭവങ്ങളുണ്ട്. ബസിൽ കയറിയാലും ചായക്കടയിൽ കയറിയാലും പൊതുജനത്തിന് അറപ്പാണ്. അവരെ രോഗങ്ങളിൽ മുക്തമാക്കുന്നതിനാണ് ഞങ്ങൾ രോഗം പടരുന്ന മാലിന്യം നീക്കാൻ ഇറങ്ങുന്നതെന്ന ബോധം പൊതുസമൂഹത്തിനില്ല. തൊഴിലാളി സംഘടനകളുടെ ഇടപെടൽ മൂലം ഇന്ന് സമൂഹത്തിൽ ഇതിന് ചെറിയ തോതിൽ മാറ്റം വന്നിട്ടുണ്ട്.
ജീവൻ മറന്നുള്ള തൊഴിൽ
മാലിന്യ സംസ്കരണത്തിലും അതിന് നിയോഗിക്കപ്പെടുന്ന തൊഴിലാളികളുടെ സംരക്ഷണത്തിനും മതിയായ പരിഗണന ഇക്കാലമത്രയും ശുചീകരണ തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. ചൂല്, യൂണിഫോം, കൈയുറ, കാലുറ, മാസ്ക്, തൊപ്പി, കുട, സോപ്പ്, ലോഷൻ, ചെരിപ്പ് തുടങ്ങിയവയൊന്നും ആവശ്യത്തിന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. വർഷത്തിൽ നാലു ചൂലും യൂണിഫോമും കൈയുറയും കാലുറയും മഴക്കോട്ടും നൽകണമെന്നാണ് തദ്ദേശ വകുപ്പിന്റെ നിർദേശം. കിട്ടിയാൽ തന്നെ പലപ്പോഴും ഉപകാരപ്രദമാവുന്നതിന് മുമ്പ് തന്നെ ഇവ നശിക്കുകയാണ്.
വീട്ടിൽ ഉപേക്ഷിക്കുന്നവ മുഴുവൻ നിക്ഷേപിക്കുന്ന കേന്ദ്രങ്ങളാണ് ഇന്ന് കേരളത്തിലെ പൊതുനിരത്തുകൾ. ഇതിന് പുറമെ ചത്ത മൃഗങ്ങളുടെ ചീഞ്ഞളിഞ്ഞ ജഡങ്ങൾ വേറെയുമുണ്ടാകും. ആശുപത്രി മാലിന്യം മുതൽ മനുഷ്യ വിസർജ്യം വരെ കോരിയൊഴിവാക്കേണ്ട ഗതികേടാണുളളത്. രോഗാതുരമായ അന്തരീക്ഷത്തിൽ കഴിയുന്ന തൊഴിലാളികൾ എന്നും ആരോഗ്യ ഭീതിയിലാണ്. ക്ഷയം, കാൻസർ, അതിസാരം, കോളറ, മലമ്പനി, മഞ്ഞപ്പിത്തം, ത്വക്ക് രോഗങ്ങൾ..
സിറിഞ്ചുകളടക്കം ദേഹത്തു കൊണ്ടുണ്ടാകുന്ന അപകടങ്ങൾ വരെ തൊഴിലാളികളെ രോഗത്തിന് ഇരകളാക്കുന്നു. നിരത്തിലെ മാലിന്യങ്ങളുടെ മധ്യത്തിലായതിനാൽ കൊതുക് പരത്തുന്ന രോഗങ്ങൾ മുഴുവൻ ഞങ്ങൾക്ക് പിടിപെടുന്നു. വഴിയോരത്തെ കഫവും തുപ്പലും മലവും കോരി ഞങ്ങൾ ക്ഷയരോഗികളാകുന്നു.
മഴ പെയ്താൽ നാറ്റം, വേനലിൽ പൊടി, കനാലിലും വെളളക്കെട്ടിലും ഇറങ്ങിയുളള ശുചീകരണം തുടങ്ങിയവ അപകടങ്ങളും രോഗങ്ങളും വിളിച്ചുവരുത്തുന്നു. ചത്ത ജന്തുക്കളെ കുഴിച്ചു മൂടുന്നത് മാത്രമല്ല, ജീവനുളള തെരുവ് നായ, പാമ്പ് തുടങ്ങിയവയുടെ ആക്രമണവും ഞങ്ങൾക്ക് നേരെയുണ്ട്. മാലിന്യ കൂമ്പാരത്തിൽ വീണ് മരിച്ചവരും കുറവല്ല.
ചൂഷണത്തിന്റെ ഇരകൾ
അക്ഷരഭ്യാസമില്ലാത്ത തൊഴിലാളികളെ ഉദ്യോഗസ്ഥരും കരാറുകാരും കടുത്ത ചൂഷണത്തിന് വിധേയരാക്കുന്ന കാഴ്ചയാണ് ആദ്യ കാലത്ത് കണ്ടിരുന്നത്. തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനം എത്രയാണെന്ന് എണ്ണാൻ പോലും അറിയാത്തത് ഉദ്യോഗസ്ഥർ മുതലെടുത്തിരുന്നു. തൊഴിൽ ചെയ്ത ദിനങ്ങളെക്കാളേറെ ദിനങ്ങൾ എഴുതിച്ചേർത്ത് ഉദ്യോഗസ്ഥർ പണം തട്ടുന്ന അനുഭവമാണുണ്ടായത്. തങ്ങളുടെ വേതനത്തിന്റെ ബില്ലിൽ എന്താണ് എഴുതിയതെന്ന് വായിക്കാൻ അറിയാത്തവരാണ് ഉണ്ടായിരുന്നത്.
സാക്ഷരതയിലൂടെ ഇവരെ വായന പഠിപ്പിച്ചു. ഉ എന്ന അക്ഷരം അവർ പഠിച്ചത് ഒപ്പിടാൻ വേണ്ടിയായിരുന്നുവെന്നത് പലരും പറയുമായിരുന്നു. തങ്ങളുടെ കൂലി എണ്ണി നോക്കി കൃത്യത വരുത്താൻ തൊഴിലാളികൾ സാക്ഷരതയിലൂടെയാണ് പഠിച്ചത്. എന്നാലും ആദ്യ കാലത്തുളളവർക്കൊന്നും പെൻഷനോ, മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചിരുന്നില്ല. ഇപ്പോഴും പലരും ആനുകൂല്യത്തിനും സ്ഥിരം തൊഴിലിനുമായി നെട്ടോട്ടമോടുകയാണ്.
തോട്ടിപ്പണിക്കാരുടെ ദുരിത ജീവിതം
കേരളത്തിൽ തോട്ടിപ്പണി നിരോധിച്ചിട്ടുണ്ടെങ്കിലു മനുഷ്യ വിസർജ്യം കോരിയൊഴിവാക്കേണ്ടി വന്നവരുടെ ദുരവസ്ഥ നേരിട്ടറിഞ്ഞിട്ടുണ്ട്. ഇന്നും ആ തൊഴിൽ ചെയ്ത് ജീവിച്ച തൊഴിലാളികൾ കേരളത്തിലുണ്ട്. ആദ്യ കാലത്ത് എടുപ്പ് കക്കൂസുകളായിരുന്നു പ്രധാന നഗരങ്ങളിലെല്ലാം. വീടുകളിൽ ചെന്ന് എടുപ്പ് കക്കൂസുകളിലെ മനുഷ്യ വിസർജ്യം ശേഖരിച്ച് കോർപ്പറേഷൻ നൽകുന്ന ഇരുമ്പ് ബക്കറ്റിൽ നിറക്കും. ഇതിന് മുകളിൽ മറ്റുമാലിന്യങ്ങളും നിറച്ചാണ് ഉന്തുവണ്ടികളിൽ നിറച്ച് കൊണ്ടുപോയിരുന്നത്. 1982 ൽ സംസ്ഥാന സർക്കാർ മനുഷ്യ വിസർജ്യം ചുമക്കുന്നത് നിരോധിച്ചു. മനുഷ്യ വിസർജ്യം മറ്റൊരു മനുഷ്യനെക്കൊണ്ട് നീക്കം ചെയ്യിക്കുന്നതും 2013 ലെ തോട്ടിപ്പണി നിരോധമനുസരിച്ച് കുറ്റകരമാണ്.
കേരളത്തിൽ തമിഴ്നാട്ടിൽ നിന്ന് വന്ന ചക്ലിയർ സമുദായമാണ് ഈ പ്രവൃത്തികൾ ഏറെ ചെയ്തിരുന്നത്. വീട്ടിലും മാർക്കറ്റിലുമുള്ള മാലിന്യങ്ങൾ തൊട്ടികളിലാക്കി ചുമന്ന് കൊണ്ടുപോവുകയാണ് ഇവരുടെ ജോലി. ഇന്ത്യയിൽ ഓരോ സംസ്ഥാനത്തും ശുചീകരണ ജോലികൾ ചെയ്യുന്നതിന് നിയോഗിക്കപ്പെട്ട ഒരു സമുദായം തന്നെയുണ്ടെന്നതാണ് വിചിത്രം. കേരളത്തിൽ ചക്ലിയർ, തമിഴ്നാട്ടിൽ അരുന്ധതിയാർ, കർണാടകയിലും ആന്ധ്രയിലും പഖികൾ, ഗുജറാത്തിലും ഉത്തരേന്ത്യയിലും വാൽമീകികൾ, ഭാംഗികൾ അങ്ങനെ നീളുന്നു ഒരു സമുദായത്തിൽ അടിച്ചേൽപിക്കുന്ന ഈ തൊഴിൽ മേഖല.
കേരളത്തിൽ ഇന്നുളള ചക്ലിയാർ കുടുംബങ്ങൾ കോയമ്പത്തൂർ, മധുര, പളനി, നാഗപട്ടണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കുടിയേറിയവരാണ്. വീടുകളിലും സ്ഥാപനങ്ങളിലും ഇവരെ വിളിച്ചു വരുത്തി കക്കൂസ് വാരി ടാങ്കർ ലോറികളിൽ കൊണ്ടുപോവുകയാണ് ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് മതിയായ വേതനം ലഭിക്കാത്തതിനാൽ ഇവർ സ്വയം ജോലി ഏറ്റെടുത്ത് ചെയ്യുന്ന കാഴ്ച ഇന്നുമുണ്ട്. ജീവിക്കാനുളള വരുമാനം കണ്ടെത്തുന്നതിനാണിത്.
കേരളത്തിൽ തോട്ടിപ്പണി നിരോധിച്ചിട്ടുണ്ടെങ്കിലും മനുഷ്യ വിസർജ്യം കോരിയൊഴിവാക്കേണ്ടി വന്നവരുടെ ദുരവസ്ഥ നേരിട്ടറിഞ്ഞിട്ടുണ്ട്. ഇന്നും ആ തൊഴിൽ ചെയ്ത് ജീവിച്ച തൊഴിലാളികൾ കേരളത്തിലുണ്ട്. ആദ്യ കാലത്ത് എടുപ്പ് കക്കൂസുകളായിരുന്നു പ്രധാന ഗരങ്ങളിലെല്ലാം. വീടുകളിൽ ചെന്ന് എടുപ്പ് കക്കൂസുകളിലെ മനുഷ്യ വിസർജ്യം ശേഖരിച്ച് കോർപ്പറേഷൻ നൽകുന്ന ഇരുമ്പ് ബക്കറ്റിൽ നിറക്കും. ഇതിന് മുകളിൽ മറ്റുമാലിന്യങ്ങളും നിറച്ചാണ് ഉന്തുവണ്ടികളിൽ നിറച്ച് കൊണ്ടുപോയിരുന്നത്. 1982 ൽ സംസ്ഥാന സർക്കാർ മനുഷ്യ വിസർജ്യം ചുമക്കുന്നത് നിരോധിച്ചു.
റെയിൽവേ എന്ന തുറന്ന ടോയ്ലറ്റ്
കേരളത്തിലെന്നല്ല, ഇന്ത്യയിലെ എല്ലാ റെയിൽവേ സ്റ്റേഷനിലും ജോലി ചെയ്യുന്നവർക്ക് ദുരിതങ്ങൾ ഇരട്ടിയാണ്. ലോകത്തിലെ ഏറ്റവും വലിയ തുറന്ന കക്കൂസാണ് റെയിൽവേ പാളങ്ങൾ. റെയിൽവേ ശുചീകരണത്തിന് മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ വൻകിട കമ്പനികൾ കരാറേറ്റെടുക്കുകയാണ് ചെയ്യുന്നത്. ഏജൻസികൾ എത്തിക്കുന്ന തൊഴിലാളികളെ വെച്ച് ജോലി ചെയ്യിപ്പിക്കുകയാണ് ചെയ്യുന്നത്. ആയതിനാൽ തന്നെ റെയിൽവെയോ കരാർ കമ്പനിയോ തൊഴിലാളികളുടെ ദുരിതം അറിയുന്നില്ല. ജീവൻ പണയപ്പെടുത്തി പാളത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 200 മുതൽ 250 വരെയാണ് മനുഷ്യ വിസർജ്യമടക്കം ശുചീകരിക്കുന്നത് വഴി ലഭിക്കുന്നത്. ഇതിനിടയിൽ അപകടത്തിൽ പെട്ടാലും നഷ്ടപരിഹാരം അടക്കമില്ല. റെയിൽവേ ട്രാക്ക്, പ്ലാറ്റ് ഫോം, പാർക്കിംഗ് സ്ഥലം, വിശ്രമ കേന്ദ്രങ്ങളടക്കം 8 മണിക്കൂറാണ് ജോലി. ഇവ മൂന്ന് ഷിഫ്റ്റുകളായി ചെയ്യുന്നു.
വിമാനത്താവളങ്ങളിലും ബസ് സ്റ്റാൻഡുകളിലും ഇത്ര ബുദ്ധിമുട്ടില്ലെങ്കിലും ശുചീകരണം മുടങ്ങിയാൽ പൊതുജനത്തിന്റെയും യാത്രക്കാരുടേയും വിധം മാറുന്ന അവസ്ഥയാണ്. വിമാനത്താവളങ്ങളിൽ ടെർമിനലിലും വിമാനങ്ങളിലുമുളള മാലിന്യം നീക്കം ചെയ്യേണ്ടി വരുന്നു.
സ്ത്രീ തൊഴിലാളികളാണ് ഇവിടങ്ങളിലെല്ലാം തൊഴിലെടുക്കുന്നത്. കുടുംബ ജീവിതം രണ്ടറ്റം മുട്ടിക്കാൻ പെടാപ്പാട് പെടുന്നവരാണ് ഈ തൊഴിലിൽ എത്തിപ്പെടുന്നവരിലേറെയും.
അപകടം പതിയിരിക്കുന്ന മാൻഹോൾ
കോഴിക്കോട് മാൻഹോൾ ദുരന്തത്തിൽ പെട്ടവരെ രക്ഷിക്കാനിറങ്ങിയ നൗഷാദ് എന്ന ഓട്ടോ ഡ്രൈവറുടെ മരണം കേരളത്തെ നടുക്കിയ വാർത്തകളിലൊന്നാണ്. 2015 നവംബറിലായിരുന്നു സംഭവം. കോഴിക്കോട് കോർപ്പറേഷന്റെ സ്വീവേജ് പദ്ധതിയുടെ അഴുക്കുചാലിലാണ് മൂന്ന് മനുഷ്യ ജീവൻ പൊലിഞ്ഞു പോയത്. സുരക്ഷാ സംവിധാനങ്ങളില്ലാതെ മാൻഹോളിൽ ഇറങ്ങിയതാണ് അപകടത്തിന് കാരണം. കഴിഞ്ഞ വർഷം കോട്ടയത്തും മാൻഹോളിൽ ഇറങ്ങിയ രണ്ട് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചിരുന്നു.
ഗ്രാമങ്ങൾ തൊട്ട് നഗരങ്ങൾ വരെ മാലിന്യത്തിന്റെ തോത് ദിനം പ്രതി വർധിക്കുകയാണ്. ജനസംഖ്യയും കെട്ടിടങ്ങളും വർധിക്കുന്നതിന് അനുസരിച്ച് മാലിന്യങ്ങളും വർധിക്കും. എന്നാൽ ഇത് ശുചീകരിക്കുന്നതിന് മുന്നിട്ടിറങ്ങുന്ന തൊഴിലാളികൾക്ക് മതിയായ വേതനമോ സുരക്ഷയോ അധികൃതർ നൽകുന്നില്ല.
മാത്രവുമല്ല മറ്റു തൊഴിലുകളെ അപേക്ഷിച്ച് സ്ഥാനക്കയറ്റം ലഭിക്കാത്ത ഏക സർക്കാർ ജോലി കൂടിയാണിത്. ആയതിനാൽ ശുചീകരണ തൊഴിൽ മേഖലയിലേക്ക് തൊഴിലാളികളായി മാറാൻ പുതുതലമുറ തയ്യാറാകുന്നില്ല.
കേരളത്തിൽ 1940 ലാണ് ആദ്യ മുനിസിപ്പൽ കോർപ്പറേഷൻ തിരുവനന്തപുരത്ത് വരുന്നത്. അന്നാണ് ശുചീകരണ പ്രവൃത്തികൾക്കായി 50 കാളവണ്ടികളും 100 കാളകളേയും വാങ്ങിയത്. 500 തോട്ടിത്തൊഴിലാളികളെ മധുരയിൽ നിന്നും എത്തിച്ചു. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കാലികളെ പിടിച്ചു കെട്ടി, വീടുകളിലെ പിന്നാമ്പുറങ്ങളിലെ മറക്കുഴികളിൽ നിന്ന് വിസർജ്യം കോരി കാളവണ്ടികളിൽ കയറ്റി കടപ്പുറത്ത് മൂടുന്ന പ്രവൃത്തികളാണ് ആദ്യ ശുചീകരണ തൊഴിലാളികൾ ചെയ്തിരുന്നത്. കാലം മാറി, മനുഷ്യൻ മാറി, മാലിന്യങ്ങൾ മാറി.
എന്നാൽ ഇന്നും കടുത്ത അവഗണന. പുഛം. അവജ്ഞ. അവകാശങ്ങൾ നിഷേധിക്കപ്പെട്ട് ആയിരങ്ങൾ ശുചീകരണ മേഖലയിൽ തൊഴിലെടുക്കുന്നു, സ്വന്തം ആരോഗ്യം കണക്കിലെടുക്കാതെ. കേരളത്തെ വെടിപ്പുള്ളതാക്കാൻ.






