Sorry, you need to enable JavaScript to visit this website.

ക്രിസ്റ്റ്യനോയുടെ ഇരട്ട ഗോളും യുവന്റസിനെ രക്ഷിച്ചില്ല

ടൂറിന്‍ - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ട് ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഇല്ലാതെ ആരംഭിക്കും. ക്രിസ്റ്റ്യാനൊ രണ്ടു ഗോളടിക്കുകയും യുവന്റസ് 2-1 ന് ജയിക്കുകയും ചെയ്‌തെങ്കിലും ക്വാര്‍ട്ടറിലെത്താന്‍ അത് മതിയായില്ല. എവേ ഗോളില്‍ യുവന്റസിനെ മറികടന്ന് ഫ്രഞ്ച് ടീം ലിയോണ്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. മാഞ്ചസ്റ്റര്‍ സിറ്റിയുമായി അവര്‍ ക്വാര്‍ട്ടര്‍ കളിക്കും. ലിയോണിലെ ആദ്യ പാദം യുവന്റസ് 0-1 ന് തോറ്റിരുന്നു.

ആദ്യ പകുതിയില്‍ ഇരു ടീമുകളും വിവാദ പെനാല്‍ട്ടികള്‍ ഗോളാക്കി. അറുപതാം മിനിറ്റില്‍ ക്രിസ്റ്റ്യാനൊയുടെ കിടിലന്‍ ലോംഗ്‌റെയ്ഞ്ചര്‍ മൊത്തം സ്‌കോര്‍ 2-2 ആക്കി. രണ്ടാം പാദത്തില്‍ ഗോളടിച്ചത് ലിയോണിന് സഹായമായി.
പന്ത്രണ്ടാം മിനിറ്റില്‍ വെള്ളിടിയായാണ് യുവന്റസ് ഗോള്‍ വഴങ്ങിയത്. ഹുസം അവാറില്‍ നിന്ന് വൃത്തിയായി റോഡ്രിഗൊ ബെന്റാഷൂര്‍ പന്ത് റാഞ്ചിയെങ്കിലും പിച്ച് സൈഡിലെ മോണിറ്റര്‍ പരിശോധിക്കാതെ റഫറി ഫെലിക്‌സ് സായര്‍ പെനാല്‍ട്ടി വിധിച്ചു. പാനന്‍ക സ്റ്റൈലില്‍ ഡെംപേ അത് ഗോളാക്കി.
ക്രിസ്റ്റ്യാനൊയുടെ ഫ്രീകിക്ക് ഗോളി ആന്റണി ലോപസ് തട്ടിത്തെറിപ്പിച്ചു. ഒടുവില്‍ വിവാദ പെനാല്‍ട്ടിയാണ് യുവന്റസിന്റെ ഗോളിന് വഴിയൊരുക്കിയത്. മിരാലെ പ്യാനിച്ചിന്റെ ഫ്രീകിക്ക് പ്രതിരോധമതിലിലെ ഡീപേയുടെ കണങ്കൈയില്‍ തട്ടി. ഒരിക്കല്‍കൂടി മോണിറ്റര്‍ പരിശോധിക്കാതെ റഫറി പെനാല്‍ട്ടി വിധിച്ചു. ക്രിസ്റ്റ്യാനൊ സ്‌കോര്‍ ചെയ്തു.
രണ്ടാം പകുതിയില്‍ യുവന്റസിന് വ്യക്തമായ അവസരങ്ങളൊരുക്കാനായില്ല. 25 മീറ്റര്‍ അകലെ നിന്നുള്ള ക്രിസ്റ്റ്യാനൊയുടെ ഷോട്ടാണ് വിജയം സമ്മാനിച്ചത്.
തുടര്‍ച്ചയായ ഒമ്പതാം തവണ ലീഗ് ചാമ്പ്യന്മാരായെങ്കിലും യുവന്റസില്‍ നിന്ന് യൂറോപ്യന്‍ കിരീടം അകലുകയാണ്. കോച്ച് മൗറിസിയൊ സാരിയുടെ കസേരക്ക് ഇളക്കം സംഭവിച്ചേക്കും.

 

Latest News