ഫുട്‌ബോളറാവാന്‍ അവസരം തന്നില്ല -ബോള്‍ട്

സിഡ്‌നി - അതിസമ്പന്നമായ ട്രാക്ക് കരിയറിനു ശേഷം പ്രൊഫഷനല്‍ ഫുട്‌ബോളറാവാനുള്ള തന്റെ ശ്രമത്തിന് മതിയായ പിന്തുണ കിട്ടിയില്ലെന്ന് ഉസൈന്‍ ബോള്‍ട്. ഓസ്‌ട്രേലിയന്‍ എ ലീഗില്‍ കരുത്തു തെളിയിക്കാന്‍ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സ് തനിക്ക് ആവശ്യത്തിന് അവസരം തന്നില്ലെന്ന് സ്പ്രിന്റ് സൂപ്പര്‍സ്റ്റാര്‍ പറഞ്ഞു. 2018 ല്‍ ട്രാക്കിനോട് വിടപറഞ്ഞ ശേഷമാണ് ബോള്‍ട് മറൈനേഴ്‌സില്‍ ചേര്‍ന്നത്. പ്രൊഫഷനല്‍ ഫുട്‌ബോളറാവുകയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു കളിക്കുകയും ചെയ്യുക ബോള്‍ടിന്റെ ബാല്യകാല സ്വപ്‌നമായിരുന്നു.
100 മീറ്ററിലും 200 മീറ്ററിലും ലോക റെക്കോര്‍ഡിനുടമയായ ബോള്‍ട് ജര്‍മനി, ദക്ഷിണാഫ്രിക്ക, നോര്‍വെ തുടങ്ങിയ ലീഗുകളിലും ഒരു കൈ നോക്കിയിരുന്നു. എന്നാല്‍ വിജയിച്ചില്ല. അതില്‍ ദുഃഖമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഫുട്‌ബോള്‍ താന്‍ സ്‌നേഹിക്കുന്ന കളിയാണെന്നും വിചാരിച്ചതു പോലെ ശ്രമം മുന്നോട്ടുപോവാതിരുന്നതില്‍ നിരാശയുണ്ടെന്നും ബോള്‍ട് പറഞ്ഞു.
ബോള്‍ടിനും ജീവതപങ്കാളി കാസി ബെന്നറ്റിനും ഈയിടെ പെണ്‍കുഞ്ഞ് പിറന്നിരുന്നു. ജീവിതത്തില്‍ താന്‍ സംതൃപ്തനാണെന്ന് ബോള്‍ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Latest News