Sorry, you need to enable JavaScript to visit this website.

കളിക്കാര്‍ക്ക് കൈ നിറയെ, സ്റ്റാഫിന് പിച്ചച്ചട്ടി; ആഴ്‌സനലില്‍ വന്‍ പ്രതിഷേധം

ലണ്ടന്‍- എഫ്.എ കപ്പ് വിജയത്തിന്റെയും യൂറോപ കപ്പ് യോഗ്യതയുടെയും ആഹ്ലാദം അടങ്ങുന്നതിനുമുമ്പ് ജീവനക്കാരില്‍നിന്ന് 55 പേരെ പിരിച്ചുവിട്ട് ആഴ്‌സനല്‍. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വരുമാനത്തില്‍ വന്‍തോതില്‍ ഇടിവ് നേരിട്ടതോടെ മറ്റ് മാര്‍ഗമില്ലാതെയാണ് നടപടിയെന്ന് മുന്‍ ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ പറഞ്ഞു. എന്നാല്‍ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണുയരുന്നത്. കളിക്കാരുടെ വമ്പന്‍ പ്രതിഫലം നിലനിര്‍ത്തിക്കൊണ്ട് ജീവനക്കാരെ പിരിച്ചുവിടുന്നതിനെ ചോദ്യം ചെയ്യുകയാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ ആരാധകര്‍.
എന്നാല്‍ കോവിഡ് കാലത്ത് വരുമാനം ഗണ്യമായി ഇടിഞ്ഞുവെന്ന് ക്ലബ് പ്രസ്താവനയില്‍ പറഞ്ഞു. ബ്രോഡ്കാസ്റ്റിംഗ്, ടിക്കറ്റ് വില്‍പന, പരസ്യം എന്നിങ്ങനെയെല്ലാമുള്ള വരുമാനം വന്‍തോതില്‍ കുറഞ്ഞു. ഈ സാഹചര്യത്തില്‍ കളിക്കാരുടെയും സീനിയര്‍ സ്റ്റാഫിന്റെയും പ്രതിഫലം അവര്‍ സ്വമേധയായ വെട്ടിക്കുറച്ചതടക്കമുള്ള നടപടികള്‍ കൈക്കൊണ്ടതാണ്. എന്നാല്‍ കൂടുതല്‍ ചെലവ് ചുരുക്കിയാല്‍ മാത്രമേ നമുക്ക് പിടിച്ചുനില്‍ക്കാനാവൂവെന്ന് ബോധ്യപ്പെട്ടു. അതുകൊണ്ടാണ് ഇത്തരം നടപടികളെന്ന് ക്ലബ് വിശദീകരിക്കുന്നു.
എന്നാല്‍ ഈ വിശദീകരണം ആരാധകരെ തൃപ്തിപ്പെടുത്തുന്നതല്ല. കളിക്കാര്‍ക്കുവേണ്ടി കോടികള്‍ വലിച്ചെറിയുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രോഷം പ്രകടിപ്പിക്കുന്നു. കഴിഞ്ഞ മത്സരങ്ങളിലൊന്നും കളത്തിലിറങ്ങാതിരുന്ന ജര്‍മന്‍ സ്‌ട്രൈക്കര്‍ മെസുത് ഒസിലിന് ആഴ്ചയില്‍ മൂന്നര ലക്ഷം പൗണ്ട് പ്രതിഫലം നല്‍കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് നൂറുക്കണക്കിനാളുകളാണ് രംഗത്തെത്തിയത്. ആഴ്ചയില്‍ മൂന്ന് ലക്ഷം പൗണ്ട് പ്രതിഫലം നല്‍കുന്ന സ്‌ട്രൈക്കര്‍ പിയറി ഒബാമിയാങ്ങിന്റെ കരാര്‍ ദീര്‍ഘിപ്പിക്കുന്നതിലും കടുത്ത വിമര്‍ശനമാണുയരുന്നത്. ചെല്‍സിയില്‍ നിന്ന് വന്‍തുക പ്രതിഫലത്തില്‍ ബ്രസീല്‍ താരം വില്യനെ കൊണ്ടുവരുന്നതിനെതിരെയും ആരാധകര്‍ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്നു. ആഴ്‌സനല്‍ ഉടമയും അമേരിക്കന്‍ കോടീശ്വരനുമായ സ്റ്റാന്‍ ക്രോങ്കെയുടെ സമ്പത്ത് ഈ വര്‍ഷം മാത്രം 30 കോടി പൗണ്ട് വര്‍ധിച്ച കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇക്കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രിമിയര്‍ ലീഗില്‍ എട്ടാം സ്ഥാനം മാത്രമായിരുന്നു ആഴ്‌സനലിന്. എന്നാല്‍ എഫ്.എ കപ്പ് നേടിയതോടെ അവര്‍ക്ക് യൂറോപ കപ് യോഗ്യത നേടാനായി.
 

Latest News