Sorry, you need to enable JavaScript to visit this website.

ഐ.പി.എല്‍: നിബന്ധനകള്‍ അപ്രായോഗികമെന്ന് ഫ്രാഞ്ചൈസികള്‍

ന്യൂദല്‍ഹി- ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് യു.എ.ഇയിലെത്തുന്ന ടീമുകള്‍ക്ക് ബി.സി.സി.ഐ നിര്‍ദേശിച്ചിട്ടുള്ള കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളായ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് പ്രൊസീജ്യറില്‍ ചില ഭേദഗതികള്‍ ആവശ്യപ്പെട്ട് ഫ്രാഞ്ചൈസികള്‍. ഇതനുസരിച്ച് യു.എ.ഇലെത്തിക്കഴിഞ്ഞാല്‍ ഓരോ കളിക്കാരനും പരിശീലനം ആരംഭിക്കുന്നതിനുമുമ്പ് നിര്‍ദേശിച്ചിട്ടുള്ള ആറ് ദിവസത്തെ ക്വാറന്റൈന്‍ മൂന്ന് ദിവസമായി കുറയ്ക്കണമെന്നാണ് പ്രധാന ആവശ്യം. മുന്‍കൂട്ടി അറിയിച്ചശേഷം കളിക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അത്താഴ വിരുന്നുകള്‍ സംഘടിപ്പിക്കാന്‍ അനുമതി നല്‍കണമെന്നതാണ് മറ്റൊരാശ്യം. പുറത്തുനിന്ന് സാമൂഹിക അകലം ഉറപ്പുവരുത്തി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വരുത്താന്‍ അനുവദിക്കണമെന്നും ആവശ്യമുണ്ട്. ടീം ഉടമകളും ഐ.പി.എല്‍ ഭാരവാഹികളും പങ്കെടുക്കുന്ന യോഗത്തിലാവും ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.
ബി.സി.സി.ഐ നിര്‍ദേശിച്ച എസ്.ഒ.പി പ്രകാരം കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും യു.എ.ഇയിലെത്തിക്കഴിഞ്ഞാല്‍ പരിശീലനം ആരംഭിക്കുന്നതിനുമുമ്പ് ആറ് ദിവസം ക്വാറന്റൈനില്‍ കഴിയണം. ആദ്യ ദിവസവും മൂന്നാം ദിവസവും ആറാം ദിവസവും കോവിഡ് ടെസ്റ്റിന് വിധേയമാവണം. ഈ ടെസ്റ്റുകളെല്ലാം നെഗറ്റീവാണെങ്കില്‍ അവര്‍ക്ക് ഏഴാം ദിവസം മുതല്‍ പരിശീലനം ആരംഭിക്കാം. എങ്കിലും തുടര്‍ന്നുള്ള ഓരോ അഞ്ചാം ദിവസവും ടൂര്‍ണമെന്റ് അവസാനിക്കുന്നതുവരെ കോവിഡ് ടെസ്റ്റിന് വിധേയമാവണം. 53 ദിവസം നീളുന്ന ഐ.പി.എല്‍ സെപ്റ്റംബര്‍ 19 നാവും സമാപിക്കുക.
കഴിഞ്ഞ ആറ് മാസമായി മിക്ക കളിക്കാര്‍ക്കും ശരിരായ നിലയില്‍ പരിശീലനം നടത്താന്‍ കഴിഞ്ഞില്ലിട്ടില്ലെന്നും, അതുകൊണ്ടുതന്നെ ഐ.പി.എല്ലിനുമുമ്പ് പരമാവധി പരിശീലനം നടത്താനാണ് ടീമുകള്‍ ലക്ഷ്യമിടുന്നതെന്നും ഒരു ബി.സി.സി.ഐ ഭാരവാഹി പറഞ്ഞു. പൂര്‍ണമായും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്ന ജൈവ സുരക്ഷാ സംവിധാനത്തില്‍ കഴിയുന്നപക്ഷം ക്വാറന്റൈന്‍ കാലം ആറില്‍നിന്ന് മൂന്ന് ദിവസമായി ചുരുക്കുന്ന കാര്യത്തില്‍ ബി.സി.സി.ഐക്ക് അനകൂല നിലപാടാണ്.
ഓഗസ്റ്റ് 20 മുമ്പ് ടീമുകള്‍ യു.എ.ഇയിലെത്തരുതെന്ന് ബി.സി.സി.ഐ നിര്‍ദേശിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അടക്കമുള്ള ടീമുകള്‍ അതിമുമ്പേ പോകാന്‍ പരിപാടിയിട്ടിരുന്നു. ഓഗസ്റ്റ് 15 നുശേഷം പോകാന്‍ അനുവദിച്ചാല്‍ ക്വാറന്റൈനും, പരിശീലനത്തിനും കളിക്കാര്‍ക്ക് വേണ്ടത്ര സമയം കിട്ടുമെന്ന് ഒരു ഫ്രാഞ്ചൈസി ബി.സി.സി.ഐക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ബി.സി.സി.ഐയുടെ എസ്.ഒ.പി പ്രകാരം കളിക്കാരുടെയും ഫ്രാഞ്ചൈസി ഉടകളുടെയും കുടുംബാംഗങ്ങളും ഐ.പി.എല്‍ തീരുംവരെ ജൈവ സുരക്ഷാ കവചത്തിലായിരിക്കണം. ഇതും പുനഃപരിശോധിക്കണമെന്ന് ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെടുന്നു. പ്രധാനമായും വ്യവസായികളായ ഫ്രാഞ്ചൈസി ഉടമകള്‍ക്ക് മൂന്ന് മാസത്തോളം ഇത്തരത്തില്‍ കഴിയാനാവില്ലെന്നതാണ് അവരുടെ വാദം.
ഐ.പി.എല്ലിനിടെ ഓരോ ടീമിലെയും അംഗങ്ങള്‍ക്ക് മറ്റൊരു ടീമിലെ കളിക്കാരനുമായി ഇടപെടുന്നതിനും വിലക്കുണ്ട്. ഓരോ കളിക്കാരനും തുടര്‍ച്ചയായി മൂന്ന് കോവിഡ് ടെസ്റ്റുകള്‍ നെഗറ്റീവാണെങ്കില്‍ മാത്രമേ, ഇപ്രകാരം ഇടപഴകാന്‍ അനുമതി ലഭിക്കൂ.
ഐ.പി.എല്ലിനായി ഓരോ കളിക്കാരനും തുടര്‍ച്ചയായി 80 ലേറെ ദിവസമാണ് പുറം ലോകത്തുനിന്ന് സുരക്ഷാ അകലം പാലിച്ച് കഴിയേണ്ടത്. ഇത് കളിക്കാരില്‍ വലിയ മാനസിക സമ്മര്‍ദമുണ്ടാക്കും. ഈ സാഹചര്യത്തില്‍ കുടുംബങ്ങള്‍ക്കൊപ്പം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിനും തെരഞ്ഞെടുക്കപ്പെട്ട റെസ്റ്റൊറന്റുകളില്‍ പോകുന്നതിനും ഗോള്‍ഫ് കളിക്കുന്നതിനും മറ്റുമുള്ള അനുമതി നല്‍കണമെന്നാണ് ഒരു ഫ്രാഞ്ചൈസി ബി.സി.സി.ഐക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്. ഈയിടെ സമാപിച്ച ഇംഗ്ലണ്ട് -വെസ്റ്റിന്‍ഡീസ് പരമ്പരയില്‍ കളിക്കാര്‍ക്ക് ഇത്തരത്തില്‍ ചില ഇളവുകള്‍ നല്‍കിയിരുന്നുവെന്നും അക്കാര്യം ബി.സി.സി.ഐ പരിഗണിക്കണെന്നും കത്തില്‍ ആവശ്യപ്പെടുന്നു.


 

Latest News