Sorry, you need to enable JavaScript to visit this website.

ഐ.പി.എല്‍ എങ്ങനെ? ആശങ്കയോടെ ടീമുകള്‍

ന്യൂദല്‍ഹി - പതിമൂന്നാമത് ഐ.പി.എല്‍ സെപ്റ്റംബര്‍ 19 മുതല്‍ യു.എ.ഇയില്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും നിരവധി സംശയങ്ങളാണ് ഫ്രാഞ്ചൈസികള്‍ക്കുള്ളത്. നാളെ ചേരുന്ന ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ അതിനൊക്കെ ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് അവര്‍.
ഇന്ത്യയില്‍ ഐ.പി.എല്‍ നടക്കുമ്പോള്‍ നെറ്റ്‌സില്‍ പന്തെറിയാന്‍ നിരവധി ബൗളര്‍മാരുടെ സേവനം അനായാസം ലഭിക്കും. എന്നാല്‍ ടൂര്‍ണമെന്റ് യു.എ.ഇയിലാണ്, മൂന്നു മാസത്തോളം ടീമുകള്‍ അവിടെ കഴിയണം, കൊറോണ നിയന്ത്രണങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ നെറ്റ്‌സിന് ബൗളര്‍മാരെ എങ്ങനെ ലഭിക്കുമെന്നതാണ് പ്രശ്‌നം. എട്ട് ടീമുകളും മൂന്നു വേദികളുമാണുള്ളത്. ഒരേ സമയത്ത് രണ്ടു ടീമുകളെ ഒരു വേദിയില്‍ പരിശീലനം നടത്താന്‍ അനുവദിക്കില്ല. അതിനാല്‍ കൃത്യമായ ട്രയ്‌നിംഗ് ഷെഡ്യൂള്‍ ഫ്രാഞ്ചൈസികള്‍ പ്രതീക്ഷിക്കുന്നു.
ക്വാരന്റൈന്‍ ചട്ടങ്ങളാണ് പ്രധാനമായും അറിയേണ്ടത്. ഏതെങ്കിലും കളിക്കാരനോ സ്റ്റാഫോ കൊറോണ പോസിറ്റിവായാല്‍ എന്തായിരിക്കും നടപടിക്രമമെന്നതാണ് പ്രധാനം. മൊത്തം ടീം ക്വാരന്റൈനില്‍ പോകേണ്ടി വരുമോ, ആ ടീമിന്റെ മത്സരങ്ങള്‍ എന്താവും തുടങ്ങിയ കാര്യങ്ങള്‍. ടീമിനു ചുറ്റും അണുസുരക്ഷാ വലയം സൃഷ്ടിക്കേണ്ട ചുമതല അതാത് ഫ്രാഞ്ചൈസികള്‍ക്കാണ്.
വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരക്കിടെ ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍ കൊറോണ ചട്ടം ലംഘിച്ച് വീട്ടിലേക്ക് പോയിരുന്നു. ഭാഗ്യത്തിന് ആര്‍ച്ചര്‍ കാണിച്ച അബദ്ധം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചില്ല. സമാനമായ സാഹചര്യങ്ങളില്‍ എന്തു നടപടിയാണ് സ്വീകരിക്കുകയെന്നതാണ് മറ്റൊരു ചോദ്യം.
കളിക്കാരെ എത്ര ദിവസം കൂടുമ്പോള്‍ പരിശോധന നടത്തണമെന്നതാണ് മറ്റൊരു വിഷയം. പരിശോധനകള്‍ക്ക് ബി.സി.സി.ഐ മേല്‍നോട്ടം വഹിക്കുമോയെന്നും. കളിക്കാരുടെ കുടുംബാംഗങ്ങളെ കൂടെ അനുവദിക്കുമോയെന്ന് അറിയാന്‍ ഫ്രാഞ്ചൈസികള്‍ക്ക് താല്‍പര്യമുണ്ട്. മൂന്ന് എമിറേറ്റുകള്‍ക്കിടയില്‍ ടീമുകളുടെ സഞ്ചാരം എങ്ങനെയായിരിക്കുമെന്ന് അറിയാനും ഫ്രാഞ്ചൈസികള്‍ക്ക് താല്‍പര്യമുണ്ട്.
80 ദിവസത്തോളം കളിക്കാര്‍ യു.എ.ഇയില്‍ ഹോട്ടലില്‍ കഴിയേണ്ടി വരും. ഈ ദീര്‍ഘമായ കാലയളവില്‍ സാമൂഹിക അകലം പാലിക്കല്‍ എങ്ങനെയായിരിക്കുമെന്നത് വലിയ പ്രശ്‌നമാണ്. കളിക്കാര്‍ നിരന്തരം യാത്ര ചെയ്യേണ്ടി വരും, ഹോട്ടല്‍ ജീവനക്കാരുമായി ഇടപഴകേണ്ടി വരും. കളിക്കാര്‍ താമസിക്കുന്ന ഹോട്ടലുകളില്‍ മറ്റുള്ളവരും ഉണ്ടെങ്കില്‍ പ്രത്യേകിച്ചും.  ഈ മാസം ഇരുപതോടെ യു.എ.ഇയിലേക്ക് പോകാനാണ് മിക്ക ടീമുകളും ഉദ്ദേശിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ കളിക്കാര്‍ ഇപ്പോള്‍ തന്നെ ക്വാറന്റൈനില്‍ കഴിയണമോയെന്ന് പലരും ചോദിക്കുന്നുണ്ട്.

Latest News