Sorry, you need to enable JavaScript to visit this website.

മിനായിലെ തീയും ഓട്ടവും; നടുക്കുന്ന ഓര്‍മ

1997 ഏപ്രില്‍ 15, ദുല്‍ഹജ്ജ് എട്ടിന് സുബ്ഹി നമസ്‌കാരം കഴിഞ്ഞയുടനെ ജിദ്ദ ഷറഫിയയിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ നിന്നും ചെറിയ ബസ്സുകളിലായി ഏകദേശം 150 ഹജ്ജ് തീര്‍ത്ഥാടകരുമായി ഇസ്ലാഹി ഹജ്ജ് കാരവന്‍ മിനായിലേക്ക് പുറപ്പെട്ടു.

ഏകദേശം എട്ട് മണിക്ക് മുമ്പായി തമ്പിലെത്തി. കുവൈത്തി മസ്ജിദിന്ന് അടുത്തായിരുന്നു ടെന്റുകള്‍.
 
കാരവന്റെ ഉത്തരവാദിത്തം എനിക്കും മൂസ്സകോയ പുളിക്കലിനുമായിരുന്നു. ഞങ്ങളുടെ ഭാര്യമാരും വണ്ടണ്ടിയര്‍മാരായിരുന്നു. അന്നൊന്നും മൊബൈല്‍ പ്രാവര്‍ത്തികമായിട്ടില്ല. അതുകൊണ്ട് തന്നെ ഞങ്ങളുടെ പസിഡന്റും ഇസ്ലാഹിസെന്റര്‍ സ്ഥാപകനുമായ മുഹമ്മദ് സാര്‍ ( ഇന്ന് നമ്മോടൊപ്പമില്ല അല്ലാഹു  പരലോക ജീവിതം ഉത്തമമാക്കട്ടെ.. ആമീന്‍) ഒരു മൊബൈല്‍ വാടകക്ക് എടുത്ത് എന്നെ ഏല്‍പ്പിച്ചു.
മദീനയിലെ അബ്ദുസ്സമദ് ഖാതിബ് മൗലവിയും (കെ.എം. മൗലവിയുടെ മകന്‍) ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അദ്ദേഹമായിരുന്നു ഞങ്ങളുടെ ഇമാം (ഇന്ന് നമ്മോടൊപ്പമില്ല  അല്ലാഹു  പരലോക ജീവിതം ഉത്തമമാക്കട്ടെ.. ആമീന്‍).

https://www.malayalamnewsdaily.com/sites/default/files/2020/07/31/minafire2.jpg
അന്നൊക്കെ ഭക്ഷണം തമ്പുകളില്‍ പാചകക്കാരെവെച്ച്, ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിച്ച് പാകം ചെയ്യാറായിരുന്നു പതിവ്. ഫയര്‍ പ്രൂഫ് തമ്പുകളായിരുന്നില്ല. കൂട്ടത്തില്‍ ഒരു മെയിന്‍ പാചകക്കാരനും ബാക്കി സഹായിക്കാന്‍ വളണ്ടിയര്‍മാരും.

ഇടവിട്ട് ജിദ്ദയില്‍ നിന്ന് മുഹമ്മദ് സാര്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. ഏകദേശം 9 മണിക്ക് ഒരു പാട് ദൂരെ ചെറിയ ഒരു പുക കണ്ടു. മുഹമ്മദ് സാര്‍ വിളിച്ചപ്പോള്‍ ഗൗരവമില്ലാത്ത രൂപത്തില്‍ സൂചിപ്പിച്ചു. നല്ല കാറ്റും ഉണ്ടായിരുന്നു. പക്ഷെ നിമിഷങ്ങള്‍ക്കകം തീ പടരുന്നതായി അനുഭവപ്പെട്ടു. പോലീസ് വന്ന് രണ്ടോ മൂന്നോ പേര്‍ മാത്രം തമ്പില്‍ നില്‍ക്കുവാനും ബാക്കിയുള്ളവരോട് സ്ഥലം കാലിയാക്കാനും പറഞ്ഞു. തമ്പിലുള്ളവരോട് അടുത്ത മലയുടെ ഭാഗത്തിലൂടെ മക്കത്തേക്ക് പോകാന്‍ പറഞ്ഞു. ഇഖാമയും പൈസയും മാത്രം കയ്യിലെടുക്കാന്‍ ആവശ്യപ്പെട്ടു. അത് പ്രകാരം എല്ലാവരും പോയി.

ഒരിക്കലും തീ ഞങ്ങളുടെ തമ്പിലെത്തുകയില്ലെന്ന ആത്മ വിശ്വാസം, അത്രയും ദൂരെയായിയിരുന്നു തീ. ഞാനും മൂസ്സകോയ പുളിക്കലും പാചകക്കാരനും ബാക്കിയായി.
പിന്നീട് ജിദ്ദയില്‍ നിന്നും നാട്ടില്‍ നിന്നും ഫോണ്‍ കോളുകള്‍. അറബ് ന്യൂസ് പ്രതിനിധിയും സുഹൃത്തുമായ പി.കെ. അബ്ദുല്‍ ഗഫൂറും വിളിച്ചു.
അബൂസ്സമദ് ഖാത്തിബ് മൗലവി പോകുമ്പോള്‍  3000 റിയാലുണ്ടെന്ന് പറഞ്ഞ് ബാഗ് എന്നെ ഏല്‍പിച്ചു
ഏകദേശം 11 മണിയായപ്പോള്‍ പോലീസ് വന്ന് ഗ്യാസ് സിലിണ്ടര്‍ ഒഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയിടാന്‍ പറഞ്ഞു. ഗ്യാസ് സിലിണ്ടറിന്റെ ഭാരം ആലോചിച്ച് മനസ്സിലാകാത്തതുപോലെ അഭിനയിച്ചു,. ഒടുവില്‍ ഞങ്ങള്‍ മൂന്ന് പേരും വലിയ ഗ്യാസ് സിലിണ്ടര്‍ താങ്ങി പിടിച്ച് 600 മീറ്റര്‍ അകലെ കൊണ്ടിടാന്‍ തുടങ്ങി. ആ സമയത്തും ദൂരെയുള്ള തീ ഒരിക്കലും ഞങ്ങളുടെ തമ്പിലെത്തുകയില്ലെന്ന വിശ്വാസമായിരുന്നു.
അതുകൊണ്ട് സെന്ററിന്റെ പൈസയുള്ള ബാഗും മൗലവിയുടെ ബാഗും സിലിണ്ടര്‍ കൊണ്ടുപോയിട്ട് മടങ്ങിവന്നതിന്ന് ശേഷം എടുക്കാമെന്ന് കരുതി.
 നൂറ് മീറ്റര്‍ പിന്നിട്ടപ്പോള്‍ ഞങ്ങളുടെ തമ്പിനും തീ പിടിക്കുന്ന ദയതീയ കാഴ്ചയാണ് കണ്ടത്. അത്രക്കും വേഗതയിലായിരുന്നു തീ പടര്‍ന്നു കൊണ്ടിരുന്നത്. പിന്നീട് യാ നഫ്‌സീ എന്ന് പറഞ്ഞ് ഞങ്ങള്‍ ഗ്യാസ് സിലിണ്ടര്‍ ഉപേക്ഷിച്ച് ഓടി. അത് ഒരു വല്ലാത്ത ഓട്ടമായിരുന്നു. പിന്നില്‍ തീ, എങ്ങിനെ എവിടേക്ക് എന്ന ലക്ഷ്യമില്ലാത്ത ഒരോട്ടം. ഒടുവില്‍ എങ്ങിനേയോ മക്കത്തെത്തി.

അടുത്ത ചുമതല, ഓടി പോയ ഞങ്ങളുടെ കൂട്ടത്തിലുള്ളവരെ തിരഞ്ഞ് കണ്ടെത്തുക എന്ന സാഹസമായിരുന്നു. മൂസ്സകോയയും ഞാനും തിരച്ചില്‍ തുടങ്ങി. കിട്ടുന്നവരോട് മലബാര്‍ ഹോട്ടല്‍ പരിസരത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. തമ്പ് തീ പിടിച്ചിട്ടുണ്ടെന്നും ഡ്രസ്സിന്റെ ബാഗ് എടുക്കാത്തവരോട് ഡ്രസ്സ് വാങ്ങാനും പറഞ്ഞു. ജിദ്ദയില്‍ നിന്ന് കുറച്ച് പൈസ അതിനിടയില്‍ അറേഞ്ച് ചെയ്തു.
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താല്‍ എല്ലാവരേയും ഒത്തൊരുമിപ്പിച്ചു, ഒരു കുടുംബം ഒഴികെ. അവര്‍ ജിദ്ദയിലേക്ക് പോയിരുന്നു. ദുല്‍ഹജ്ജ് ഒമ്പതി ന് സുബ്ഹിക്ക് ശേഷം എല്ലാവരും മിനായിലേക്ക് പുറപ്പെട്ടു.
ഞങ്ങളെ അത്ഭുതപെടുത്തികൊണ്ട് സൗദി ഗവണ്‍മെന്റ് കത്തിയ ടെന്റുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ റെഡിയാക്കിയിരുന്നു. മുതവഫ് പരിസരം വൃത്തിയാക്കുന്ന കാഴ്ച കണ്‍കുളിര്‍ക്കെ കണ്ടു. നിങ്ങള്‍ അല്ലാഹുവിന്റെ അതിഥികളാണ്, ഇത് എന്റെ ഉത്തരവാദിത്തമാണെന്നു പറഞ്ഞ് ഞങ്ങളെ സഹായിക്കുന്നതില്‍ നിന്നും വിലക്കി. ആ നല്ല മനസ്ഥിതിക്ക് മുമ്പില്‍ അറിയാതെ പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ക്കുള്ള ഭക്ഷണങ്ങളും അദ്ദേഹം തയ്യാറാക്കിയിരുന്നു. അല്ലാഹുവിനെ സ്തുതിക്കുകയും സൗദി ഭരണാധികാരികള്‍ക്ക് വേണ്ടിയും മുതവഫിന്ന് വേണ്ടിയും അങ്ങേയറ്റം പ്രാര്‍ത്ഥിച്ച ഒരവസരമായിരുന്നു ആ നിമിഷം.
പ്രാതല്‍ കഴിച്ച് അറഫയിലേക്ക് പുറപ്പെട്ടു. അറഫയും മുസ്ദലിഫയും കഴിഞ്ഞ് വന്നപ്പോള്‍ മീനായില്‍ തീപിടുത്തം നടന്നിട്ടുണ്ടോ എന്ന് സംശയിക്കുമാറ് പഴയ സ്ഥിതിയിലേക്ക് മീനയെ മാറ്റിയിരുന്നു. ഭക്ഷണ സാധനങ്ങള്‍ക്കോ വെള്ളത്തിനോ മറ്റു അവശ്യ സാധനങ്ങള്‍ക്കോ ഒരു കുറവും ഉണ്ടായിരുന്നില്ല, അത്രമാത്രം ശ്രദ്ധയാണ് ഭരണകൂടം ചെയ്തത്.
ആ വര്‍ഷത്തെ ഹജ്ജില്‍ സുഹൃത്ത് കബീറും ഭാര്യയും ഉണ്ടായിരുന്നു.
തീപിടുത്തത്തിന്ന് കാരണം ഗ്യാസ് ചോര്‍ച്ചയാണെന്നാണ് മനസ്സിലായത്.
ഏകദേശം 300 ആളുകള്‍ മരിക്കുകയും 1300 പേര്‍ക്ക് പരിക്കേല്‍ക്കുകയും 70,000 ടെന്റ് നശിക്കുകയും ചെയ്തു. മരിച്ചവര്‍ അധികവും ഇന്ത്യന്‍, പാക്കിസ്ഥാനി, ബംഗ്ലാദേശുകാരായിരുന്നു.
അടുത്ത വര്‍ഷം മുതല്‍ ഫയര്‍ പ്രൂഫ് ടെന്റുകള്‍ സ്ഥാപിക്കുകയും ടെന്റുകളില്‍ ഭക്ഷണം പാകം ചെയ്യുന്നതും നിരോധിക്കുകയും ചെയ്തു.
അന്നത്തെ നടുക്കുന്ന ഓര്‍മ ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു.
 

 

Latest News