മലയാള വായനക്കാർക്ക് അന്വേഷണാത്മക പത്രപ്രവർത്തനം പരിചയപ്പെടുത്തിയത് അകാലത്തിൽ വേർപിരിഞ്ഞ ജയചന്ദ്രനാണ്. മാതൃഭൂമി ദിനപത്രത്തിൽ അദ്ദേഹത്തിന്റെ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടുകൾ പോലീസ് മേധാവികളുടെയും പ്രമാണിമാരുടെയും ഉറക്കം കെടുത്തി. വയനാട്ടിൽ കൊടുങ്കാറ്റായ ജയേട്ടൻ പിന്നീട് വകരയിലെത്തി. ജില്ലാ ആസ്ഥാനമല്ലാത്ത വടകരയിൽ മാതൃഭൂമി പോസ്റ്റ് ചെയ്ത ആദ്യ സ്റ്റാഫ് റിപ്പോർട്ടർ. കടത്തനാടൻ മണ്ണിലും ആവേശം ചോരാതെ മൂപ്പർ പണി കൊടുത്തുകൊണ്ടേയിരുന്നു. മുമ്പ് കോഴിക്കോട്ടെ സ്റ്റാഫ് റിപ്പോർട്ടർമാർ വർഷം തോറും എഴുതുന്ന ഒന്നായിരുന്നു ചേകന്നൂർ മൗലവിയുടെ തിരോധാനം. ഇതിനായി ചിലരൊക്കെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറവും കടന്ന് മൗലവിയുടെ വീട്ടിലെത്തി പത്നിയുടെ അഭിമുഖം തയാറാക്കാറുണ്ടായിരുന്നു. ജയേട്ടനും മൗലവിയുടെ വീട്ടിലെത്തി സമഗ്ര ഫീച്ചർ തയാറാക്കി. പരമാവധി ചിത്രങ്ങളും സംഘടിപ്പിച്ചു. സൺഡേ സപ്ലിമെന്റിൽ അച്ചടിച്ചു വരുമെന്ന് വീട്ടുകാരോട് പറയുകയും ചെയ്തു. കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരണം തുടങ്ങി പെട്ടെന്ന് നിലച്ചു പോയ സദ്്വാർത്തയിലായിരുന്നു അപ്പോൾ അദ്ദേഹത്തിന് ജോലി. ഫീച്ചർ ഇറങ്ങിയ ശേഷം ജയേട്ടൻ പ്രസ് ക്ലബിലിരുന്ന് പറഞ്ഞ തമാശയുണ്ട്. ഞായറാഴ്ച ദിവസം പത്രം വാങ്ങാൻ ചേകന്നൂർ മൗലവിയുടെ മകളുടെ ഭർത്താവ് കറങ്ങി. രാവിലെ വീട്ടിൽ നിന്നിറങ്ങി ഉച്ചയൂണിന്റെ സമയത്താണ് തിരിച്ചെത്തിയത്. പൊന്നാനി, പാലക്കാട്, തൃശൂർ ദിശകളിലെല്ലാം കിലോ മീറ്ററുകൾ താണ്ടിയാണ് വരവ്. പത്രത്തിനായി അലഞ്ഞ് നിരാശനായ യുവാവ് പറഞ്ഞുവത്രേ- ഈ സമയം കൊണ്ട് തെരഞ്ഞിരുന്നുവെങ്കിൽ ചിലപ്പോൾ അമ്മോശനെ (അമ്മായിയപ്പൻ) തന്നെ കിട്ടിയേനേ. കൊച്ചി തോപ്പുംപടിയിൽ സദ്്വാർത്ത -കമ്യൂണിക്കേറ്റർ തുടങ്ങുമ്പോൾ കോഴിക്കോട്ടെ ഒരു സംഘം പത്രക്കാർ അവിടെ ചേർന്നിരുന്നു. അതുപോലെ പിൽക്കാലത്ത് മദിരാശിയിൽ അതിസമ്പന്നരായ വ്യവസായികൾ തുടങ്ങുമെന്ന് പ്രഖ്യാപിച്ച മദർലാന്റിലേക്കും പലരും യാത്ര തിരിച്ചു. 90 കളുടെ ആദ്യത്തിൽ മാതൃഭൂമി പത്രത്തിൽ ഏഷ്യാനെറ്റ് എന്ന മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ച് ഫുൾ പേജ് പരസ്യം വന്നിരുന്നു. ജയേട്ടൻ ടി.വി റിപ്പോർട്ടിംഗിന്റെ നൂതന സാധ്യതകൾ അവിടെയും കണ്ടെത്തി. അച്ചടി മാധ്യമത്തിൽ നിന്ന് മാറി ഏഷ്യാനെറ്റിൽ ലഭിച്ച പരിശീലന അനുഭവങ്ങൾ അദ്ദേഹം പങ്ക് വെക്കുമായിരുന്നു. മലയാളത്തിൽ ഒരു സ്വകാര്യ ടി.വി നിലയം പിടിച്ചു നിൽക്കമോയെന്ന് സംശയിച്ചിടത്താണ് കാൽ നൂറ്റാണ്ടിനിപ്പുറവും നമ്പർ വണ്ണായി തുടരുന്നത്. അക്രമം, ബഹിഷ്കരണ ഭീഷണി എന്നിത്യാദിയൊന്നും മാധ്യമ പ്രവർത്തകർക്ക് പുതിയ കാര്യമല്ല. ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ സ്വീകരിക്കാൻ കരിപ്പൂർ വിമാനത്താവളത്തിൽ തടിച്ചു കൂടിയപ്പോൾ ഏഷ്യാനെറ്റില വനിതാ മാധ്യമ പ്രവർത്തകക്ക് നേരേ ഉപദ്രവമുണ്ടായി. മംഗളം കോഴിക്കോട് യൂനിറ്റിലെ സഹപ്രവർത്തകനായിരുന്നു ആ സമയത്ത് ഏഷ്യാനെറ്റിന്റെ കോഴിക്കോട് ബ്യൂറോ ചീഫ്. ആ സമയത്ത് കണ്ണൂർ റോഡിൽ ക്രിസ്ത്യൻ കോളേജിന് എതിർവശം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമായിരുന്നു ബ്യൂറോ. ഇതേതായാലും നന്നായി സുരക്ഷിതമായി കഴിയാമല്ലോ എന്ന് പറഞ്ഞപ്പോൾ ലേഖകന്റെ കമന്റ്, ഭരണം മാറുമ്പോൾ ലീഗ് ഹൗസിന് മുമ്പിലേക്കും മാറേണ്ടി വരുമെന്നായിരുന്നു. സി.പി.എം നേതൃത്വം ആഹ്വാനം ചെയ്ത് ഏഷ്യാനെറ്റ് ചാനലിലെ ചർടച്ചകൾ ബഹിഷ്കരിച്ചു വരികയാണ്. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഏഷ്യാനെറ്റായിരിക്കുമെന്നതിൽ സംശയമില്ല. മറ്റൊരു കേഡർ പാർട്ടിയായ ബി.ജെ.പി കുറച്ചു കാലം ഏഷ്യാനെറ്റ് ബഹിഷ്കരിച്ചിരുന്നു. പിന്നീട് അവർ തിരുത്തി. അതു പോലെ താത്വിക അവലോകനങ്ങൾ തയാറാക്കി സി.പി.എം പ്രതിനിധികൾ സംവാദങ്ങളിൽ സജീവമാകാൻ ഇനിയെത്ര കാലം എന്നേ അറിയേണ്ടതുള്ളൂ. മലയാളികളിൽ പാതിയിലേറെയും ഇടതുപക്ഷ മനസ്സുള്ളവരാണല്ലോ. എങ്കിൽ പിന്നെ എങ്ങനെ മനോരമ ഏറ്റവും പ്രചാരമുള്ള പത്രമായി? പ്രചാരത്തിൽ റെക്കോർഡ് സൃഷ്ടിച്ചു വാരികയാണ് മംഗളം. ഇതിന്റെ സുവർണ കാലമായ എൺപതുകളിൽ പൈങ്കിളി നോവലുകൾ വായിച്ച് പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്നുവെന്നായിരുന്നു ഡി.വൈ.എഫ്.എയുടെ ആക്ഷേപം. പ്രതിഷേധ സൂചകമായി വാരിക കത്തിക്കാൻ യുവജന സംഘടന തീരുമാനിക്കുന്നു. സാധാരണ യുവതികളുടെ മുഖചിത്രവുമായി പുറത്തിറങ്ങാറുള്ള മംഗളം കവർ പേജിൽ കമ്യൂണിസ്റ്റ് ആചാര്യന്റെ ചിത്രം വന്നതോടെ സമരം ചീറ്റിപ്പോയി. ഇപ്പോൾ ബഹിഷ്കരിക്കുന്ന ചർച്ചയുടെ ക്ലിപ്പുകൾ വിമർശിക്കാനായി സഖാക്കൾ സോഷ്യൽ മീഡിയയിൽ ഇട്ടു തുടങ്ങി. ഇതാ ഞങ്ങളില്ലാതായതോടെ ആരെയൊക്കെയോ വിളിച്ച് ചർച്ച നടത്തുന്നു എന്ന മട്ടിൽ. ഡോ. എം.എൻ കാരശ്ശേരിയും നയതന്ത്രജ്ഞനായ ടി.പി. ശ്രീനിവാസനുമൊക്കെയാണ് പാനലിൽ. പാർട്ടിക്കെതിരെ മനോരമയിൽ എന്തുണ്ട് എന്നറിയാൻ വാങ്ങി വായിക്കുന്നത് പോലൊരു ഏർപ്പാട്.
*** *** ***
ബോളിവുഡ് താരം ദീപിക പദുകോണും പ്രഭാസും ഒന്നിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രം അരങ്ങിൽ ഒരുങ്ങുകയാണ്. വൈജയന്തി ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഒരു വലിയ പ്രോജക്ട് തന്നെയാണ്. ചിത്രത്തിൽ ദീപികയുടെ പ്രതിഫലം 20 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു നടി ഇത്രയും പ്രതിഫലം സ്വന്തമാക്കുന്നത്. ഇത് ഗ്ലാമർ ലോകത്തെ വിശേഷം. വൈവിധ്യം നിറഞ്ഞ ഇന്ത്യയെ പരിചയപ്പെടുത്തുകയാണ് ഇൻഡോറിൽ നിന്നുള്ള റിപ്പോർട്ട്. ടൈംസ് നൗ, എൻ.ഡി.ടി.വി എന്നീ ചാനലുകളിൽ റോഡരികിൽ പഴക്കച്ചവടം നടത്തുന്ന സ്ത്രീ ഇംഗ്ഷീൽ ഉദ്യോഗസ്ഥരോട് തർക്കിക്കുന്ന വീഡിയോ കണ്ടു. തുടർച്ചയായുള്ള ലോക്ഡൗണിൽ അതൃപ്തി പ്രകടിപ്പിച്ചാണ് യുവതി സംസാരിക്കുന്നത്. കൊറോണ ലോക്ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് അധികാരികൾ എന്ത് സഹായം നൽകിയെന്നാണ് ഇവരുടെ ചോദ്യം. എന്നാൽ ചുറ്റും കൂടി നിന്ന ആളുകളെ ഞെട്ടിച്ചത് ഇതൊന്നുമല്ല. ഇംഗ്ലീഷിലാണ് റയീസ അൻസാരി എന്ന പഴക്കച്ചവടക്കാരി സംസാരിച്ചത്. അങ്ങാടി സിനിമയിൽ ജയൻ സീമയെ ഞെട്ടിച്ചത് പോലെ.
ദേവി ആഹില്യ വിശ്വ വിദ്യാലയയിൽ നിന്നും മെറ്റീരിയൽ സയൻസിൽ പിഎച്ച്.ഡി എടുത്തിട്ടുണ്ടെന്നും അവർ വീഡിയോയിൽ പറയുന്നു. മാൾവ മിൽ ഏരിയയിൽ പഴക്കട നടത്തുകയാണ് അൻസാരി. ഇങ്ങനെ ലോക്ഡൗൺ തുടർന്നാൽ എങ്ങനെ കുടുംബത്തെ പോറ്റാനാകും എന്നാണ് ഇവർ ചോദിക്കുന്നത്.
ഫിസിക്സ് പഠനം പൂർത്തിയാക്കിയ അൻസാരി 2011 ലാണ് ഡോക്ടറേറ്റ് നടിയത്. ഈ യോഗ്യതക്ക് അനുസരിച്ചുള്ള ജോലിക്ക് ശ്രമിച്ചുകൂടേ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിനു ആരാണ് തനിക്കൊരു ജോലി നൽകുകയെന്നായിരുന്നു മറുചോദ്യം. മാത്രമല്ല, കൊറോണ വൈറസ് പടർത്തുന്നത് മുസ്്ലിംകളാണെന്നാണ് ധാരണയെന്നും അതുകൊണ്ട് തന്നെ ആരും തനിക്ക് ജോലി തരില്ലെന്നും അവർ പറഞ്ഞു. ദേശീയ ചാനലുകൾ സംപ്രേഷണം ചെയ്ത വാർത്ത കണ്ട് ഇവർക്ക് കേന്ദ്ര സർക്കാർ നാരീശക്തി പുരസ്കാരം കൊടുക്കുമെന്ന് കരുതാം. പത്താം ക്ലാസും ഗുസ്തിയുമുള്ളവർക്ക് കൺസൾട്ടൻസി മുഖേന ഒരു ലക്ഷത്തിലേറെ ശമ്പളം ലഭിക്കുന്ന സംസ്ഥാനമുള്ള കാര്യം മധ്യപ്രദേശുകാരി അറിഞ്ഞില്ലായിരിക്കും.
*** *** ***
ഒരു കാലത്ത് മലയാളികളുടെ ചുണ്ടിൽ നിറഞ്ഞുനിന്നിരുന്ന ഒരു പാട്ടുണ്ടായിരുന്നു. സഖാവ് എന്നാണ് ആ പാട്ടിന്റെ പേര്. കോളേജ് കുട്ടികൾ മുതൽ മുതിർന്നവർ വരെ ആ ഗാനം ഏറ്റുപാടിയിരുന്നു. ഒപ്പം ആ ഗാനം ആലപിച്ച പെൺകുട്ടിയെയും നെഞ്ചോട് ചേർത്തിരുന്നു. ആര്യ ദയാൽ എന്ന ആ കുട്ടിയെ കാലം കഴിയവേ ആളുകൾ മറന്നു. എന്നാൽ ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് ആ കണ്ണൂരുകാരി. ഇന്ത്യ മുഴുവൻ അറിഞ്ഞിരിക്കുകയാണ് ആര്യ ദയാൽ എന്ന ഗായികയെ. അമിതാഭ് ബച്ചനാണ് ആര്യ പാടിയ ഗാനം ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചിരിക്കുന്നത്. എന്റെ ആശുപത്രി ദിനങ്ങളെ നീ മനോഹരമാക്കി എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
'സംഗീതാസ്വാദനത്തിലെ എന്റെ പങ്കാളിയും പ്രിയ സുഹൃത്തുമായ ഒരാളാണ് എനിക്ക് ഈ വീഡിയോ അയച്ചു തന്നത്. ഇതാരാണ് എന്നെനിക്കറിയില്ല. പക്ഷേ ഒരു കാര്യം എനിക്ക് പറയാനാകും, നിനക്ക് വളരെ പ്രത്യേകമായ ഒരു കഴിവുണ്ട് പെൺകുട്ടീ... ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ഇത്തരം സൃഷ്ടികൾ ഇനിയും തുടരുക. മറ്റൊരിക്കലുമില്ലാത്ത വിധം എന്റെ ആശുപത്രി ദിനങ്ങളെ നീ മനോഹരമാക്കി. കർണാടക സംഗീതവും വെസ്റ്റേൺ പോപ്പും മിക്സ് ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ വളരെ ചടുലമായും എളുപ്പത്തോടെയുമാണ് അവൾ അത് ചെയ്തത്' ബച്ചൻ കുറിച്ചു.
*** *** ***
തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ സ്നേഹിക്കുന്ന താരമാണ് ഹരിശ്രീ അശോകൻ. 1986 ൽ സത്യൻ അന്തിക്കാട് ചിത്രമായ പപ്പൻ പ്രിയപ്പെട്ട പപ്പനിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ ഹരിശ്രീ അശോകന് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ അരോഗ്യ രഹസ്യത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. കൗമുദി ടി.വിക്ക് നൽകിയ രസകരമായ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്താണ് ആരോഗ്യത്തിന്റെ രഹസ്യമെന്ന് ചോദിക്കുന്ന അവതാരകക്ക് നർമത്തിലൂടെയാണ് താരം മറുപടി നൽകുന്നത്. ശരീരത്തിന് വേണ്ടി യോഗ ചെയ്യാറുണ്ട്. അതഴപോലെ എക്സർസൈസൊക്കെ ചെയ്യാറുണ്ട്. ആഹാരത്തിനും ഒരു കണക്കുണ്ടെന്നും ഭയങ്കരമായി അഹാരം കഴിക്കില്ലെന്നും അഭിമുഖത്തിൽ പറഞ്ഞു. തന്റെ ആരോഗ്യത്തെ കുറിച്ച് ചോദിച്ച അവതാരകയോട് അദ്ദേഹം മറുചോദ്യം ചോദിക്കുന്നുണ്ട്. എക്സർസൈസ് ചെയ്യാറില്ലേ എന്നായിരുന്നു നടന്റെ ചോദ്യം. കുറച്ച് നടന്നൂടെ എന്നും അദ്ദേഹം അവതാരകയോട് ചോദിച്ചു. താൻ നടക്കാറുണ്ടെന്നും എന്നാൽ ഞാൻ വിചാരിച്ചത് പോലെ നടക്കുന്നില്ലെന്നും അവതാരക പറയുന്നു.
*** *** ***
മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ എൻ.ഐ.എ ചോദ്യം ചെയ്ത ദിവസം മലയാള ദൃശ്യ മാധ്യമങ്ങൾക്ക് ചാകരയായിരുന്നു. മാതൃഭൂമി ന്യൂസ് ആദ്യ ദൃശ്യങ്ങൾ ഒപ്പിയെടുത്തു. ഈ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് മാത്രം എന്ന് ആങ്കർമാർ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. കൈരളിയുടെ ഭാഷയിൽ എൻ.ഐ.എ-ശിവശങ്കരൻ കൂടിക്കാഴ്ച. ഈ പരിപാടി കൊച്ചിയിലും മറ്റുമായി തുടരുമെന്നാണറിവ്.
ടൈംസ് നൗ ചാനലിൽ കേരളത്തിലെ സ്വർണ കള്ളക്കടത്ത് ചർച്ച ചെയ്യുന്നു. പല ചാനലുകളിൽ സാമ്പത്തിക വിദഗ്ധൻ, രാഷ്ട്രീയ നിരീക്ഷകൻ, ഐ.ടി വിദഗ്ധൻ എന്നീ വിശേഷണങ്ങളിലറിയപ്പെടുന്ന ശ്രീജിത് പണിക്കരും സി.പി.എം എം.എൽ.എ എ.എൻ. ഷംസീറും മറ്റുമുണ്ട്. ഇന്ത്യയിലെ ഏറ്റവും റേറ്റിംഗുള്ള ചാനലിന്റെ പ്രൈം ടൈം ചർച്ച. പണിക്കർ ഭംഗിയായി മാനേജ് ചെയ്തു. ഗോൾഡിന് ഓറഞ്ച്, ഗ്രീൻ കളറാണെന്ന് ഷംസീർ പറയുന്നത് കണ്ടു. ഇംഗഌഷ് വിദ്യാഭ്യാസ കേന്ദ്രമായിരുന്ന തലശ്ശേരിയുടെ ജനപ്രതിനിധിയാണ് അദ്ദേഹം. ഷംസീർ മനോരമ ചർച്ചകളിലെ പോലത്തെ നിലപാടെടുത്തപ്പോൾ പാനലിസ്റ്റുകളും അവതാരകനും ചേർന്ന് ടെലിച്ചറി സ്പെഷ്യൽ 65 തയാറാക്കുന്നത് കാണാനായിരുന്നു കാണികൾക്ക് യോഗം.






