കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ ദൂരദർശനും ആകാശവാണിയും പ്രവർത്തിക്കുന്നത് ചില മാർഗ രേഖകളെ ആധാരമാക്കിയാണ്. സ്വകാര്യ ചാനലുകാരൻ വാർത്ത പറയുമ്പോൾ ഏത് കൊമ്പന്റേയും പേര് മാത്രമേ പറയൂ. വലിയ ഡെക്കറേഷനൊന്നുമുണ്ടാവില്ല. എന്നാൽ ഡിഡിയ്ക്കും എ.ഐ.ആറിനും ശ്രീയും ശ്രീമതിയും വിട്ടൊരു കളിയുമില്ല. ഇത് മുതൽ തുടങ്ങുന്നു നിയന്ത്രണങ്ങൾ. എന്നാൽ കഴിഞ്ഞ നാല് വർഷങ്ങളായി നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തെ വാർഷിക പ്രഭാഷണം ഔദ്യോഗിക മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്തു വരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന് റിപ്പോർട്ടർ ചാനലിൽ ന്യൂസ് ടു നൈറ്റിൽ ചർച്ച ചെയ്തത് ഈ വിഷയമാണ്. സംഘ പരിവാറിന്റെ പ്രതിനിധിയായെത്തിയ മോഹൻദാസ് ഇതിനെ ന്യായീകരിച്ചു. ആർ.എസ്.എസ് ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എത്ര അംഗങ്ങൾ കാണുമെന്ന് മോഡറേറ്റർ എം.വി നികേഷ് കുമാർ തിരക്കിയപ്പോൾ ഉത്തരം മുട്ടി. ഇന്ത്യാ വിഷനിൽനിന്ന് പുറത്തിറങ്ങി നോക്കിയാൽ നികേഷിന് എളമക്കരയിലെ ആർ.എസ്.എസ് കാര്യാലയം കാണാവുന്നതേയുള്ളുവെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. നാഗ്പൂരിലെയും ദൽഹിയിലേയും ആർ.എസ്.എസ് ആസ്ഥനങ്ങൾ താൻ സന്ദർശിച്ചിട്ടുണ്ടെന്ന് നികേഷ്. ഇന്ത്യാ വിഷൻ സംപ്രേഷണം നിർത്തിയതൊന്നും ചാർച്ചികൻ അറിഞ്ഞു കാണില്ലായിരിക്കും. ഈ ചർച്ച പുരോഗമിക്കുമ്പോൾ റിപ്പോർട്ടർ ടിവി കാണിച്ച ദൃശ്യങ്ങളിൽ ആർ.എസ്.എസ് പ്രവർത്തകർ അണിഞ്ഞ യൂനിഫോം ട്രൗസറാണ്. ഇത് പാന്റിലേക്ക് മാറ്റിയിട്ടും കുറച്ചു കാലമായല്ലോ. ബുധനാഴ്ച വൈകിട്ട് മാതൃഭൂമി ന്യൂസിൽ വിമർശകർക്ക് പ്രധാനമന്ത്രിയുടെ മറുപടിയെന്ന് വാർത്ത. ഒരു പാതത്തിലെ വളർച്ചാ നിരക്ക് കുറയുന്നത് അത്ര പ്രശ്നമല്ല എന്ന് സ്ക്രോളിൽ. മലയാള വ്യാകരണത്തിന് കൂടിയ പ്രാധാന്യം നൽകുന്ന മാതൃഭൂമിയ്ക്കാണ് പാദം പാതമായത്. ദോഷം പറയരുതല്ലോ, അര മണിക്കൂറിന് ശേഷം അടുത്ത ബുള്ളറ്റിനിൽ ഇത് തിരുത്തിയിരുന്നു. വേറെ ചില ദൃശ്യ മാധ്യമങ്ങളിലെ ഇത്തരം തെറ്റുകൾ പ്രഭാതം മുതൽ പാതിരാ വരെ അലങ്കാരമായി തുടരാറുണ്ട്.
*** *** ***
മലയാളത്തിലെ ദൃശ്യമാധ്യമങ്ങളിൽ വ്യത്യസ്തമായിരുന്നു ഇന്ത്യാ വിഷനെന്ന ന്യൂസ് ചാനൽ. കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് ഒരു വാർത്താ ചാനലിന് നിലനിൽക്കാനാവുമോ എന്ന ആശങ്ക പലരും പ്രകടിപ്പിച്ചിരുന്നു. വാർത്താ അവതരണ രീതിയിൽ മാറ്റത്തിന് തുടക്കം കുറിച്ചത് ഇന്ത്യാ വിഷനാണ്. ഇന്ത്യാ വിഷന്റെ തലപ്പത്തുണ്ടായിരുന്ന എം.വി നികേഷ് കുമാർ സി.ഇ.ഒയായി ആരംഭിച്ച റിപ്പോർട്ടർ ചാനൽ ചുരുങ്ങിയ കാലത്തിനിടെ കാണികളെ ആകർഷിച്ചു. വാർത്താ ബുള്ളറ്റിനുകളും സായാഹ്ന ചർച്ചകളും അഭിമുഖങ്ങളും റേറ്റിംഗ് ഉയർത്താൻ സഹായകമായി. എന്നാൽ വാർത്തകളെ മാത്രം ആശ്രയിച്ച് ഒരു ചാനലിന് കേരളത്തിൽ നിലനിൽക്കാൻ പ്രായസമാവുമെന്ന് തിരിച്ചറിഞ്ഞതിനാലാവണം അടുത്തിടെയായി റിപ്പോർട്ടറിൽ വിനോദ വ്യവസായ സംബന്ധമായ പരിപാടികൾ കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്. മീറ്റ് ദ എഡിറ്റേഴ്സിൽ മുമ്പും സിനിമക്കാർ എത്താറുണ്ടായിരുന്നു. ശേഷം വെള്ളിത്തിരയിൽ, നക്ഷത്ര തിളക്കം എന്നീ പുതിയ പരിപാടികളുടെ ഉള്ളടക്കം മലയാള സിനിമാ ലോകവുമായി ബന്ധപ്പെട്ടതാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പുതുമുഖമായെത്തിയ മോഹൻലാൽ, അതിന്റെ സംവിധായകൻ ഫാസിൽ, സല്ലാപത്തിലെ മഞ്ജു വാരിയർ തുടങ്ങിവരുമായെല്ലാമുള്ള അഭിമുഖങ്ങൾ ചലച്ചിത്ര പ്രേക്ഷകരിൽ ഗൃഹാതുരത്വമുണർത്തി. റിപ്പോർട്ടർ ടിവിയുമായുള്ള സംഭാഷണത്തിൽ നടി ഭാവന കരിയറിലെ മുന്നേറ്റത്തെ കുറിച്ച് വാചാലയായി. കയറ്റവും ഇറക്കവമുള്ള ജീവിതം പലപ്പോഴും റോളർ കോസ്റ്ററിലെ കറക്കം പോലെയാണെന്ന് യുവതാരം വിലയിരുത്തി. ഇടക്കാലത്ത് പിന്മാറിയ നടി മീരാ ജാസ്മിനും ടെലിവിഷൻ അഭിമുഖങ്ങളിൽ ഇതേ പോലെ തിളങ്ങാറുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ.കെ നായനാർക്ക് ഭൂരിപക്ഷം ലഭിച്ചാലും കെ. കരുണാകരൻ ഇറങ്ങി കൊടുത്തില്ലെങ്കിൽ എന്ത് ചെയ്യുമെന്നത് പോലെയുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്ന താരങ്ങളുടെ കൂട്ടത്തിൽ പെട്ടവരല്ല ഇരുവരും.
*** *** ***
ജിഹാദിളകി എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് കടത്തനാട്ടിലെ ഒരു ഗ്രാമീണനിൽ നിന്നാണ്. ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന അർഥത്തിലല്ല കുമാരേട്ടൻ ഈ വാക്ക് പ്രയോഗിച്ചത്. വോളിബോൾ കളിക്കിടെ അടിപിടികൂടിയ ബാലന്മാരെ ഉദ്ദേശിച്ചാണ് മലയാളം കലർത്തി ഈ അറബി പദത്തിലൂടെ കാര്യം വ്യക്തമാക്കാൻ ശ്രമിച്ചത്. ചുവപ്പ്-ജിഹാദി ഭീകരതയെ ഒന്ന് ശരിപ്പെടുത്താനാണ് താമര പാർട്ടിയുടെ ദേശീയ അധ്യക്ഷന്റെ നേതൃത്വത്തിൽ കേരളത്തിൽ ജനരക്ഷായാത്ര തുടങ്ങിയത്. നായനാർ പണ്ട് റെഡ് ബെൽറ്റ് എന്നു വിശേഷിപ്പിച്ച പ്രദേശത്തു നിന്നാണ് ആരംഭം. കയ്യൂരും കരിവെള്ളൂരും മൊറാഴയും പാറപ്രവും കൂത്തുപറമ്പുമൊക്കെയാണല്ലോ കേരളത്തിലെ റെഡ് ബെൽറ്റിലെ പ്രധാന കേന്ദ്രങ്ങൾ. അമിത്ഷാജിയ്ക്ക് ഒരു കുഴപ്പമുണ്ട്. അദ്ദേഹം കണ്ണുവെച്ചാൽ ആ സ്ഥലം കൂടെപ്പോവുമെന്നാണ് ശോഭാജി പഠിപ്പിച്ചിട്ടുള്ളത്. അങ്ങിനെ വരുമ്പോൾ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഏറ്റവും ശക്തമായ അടിത്തറയുള്ള മേഖലയിലാണ് യാത്ര. എന്തും സംഭവിക്കാം. നാരിയൽ കാ പാനിയൊന്നും കുടിക്കാതെ ദേശീയ അധ്യക്ഷൻ പിലാത്തറയിലൂടെ തളിപ്പറമ്പിലേക്ക് നടന്നു. ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് കുറേ പത്രപുംഗവന്മാരെയും ഒപ്പം കൊണ്ടുവന്നിരുന്നുവെന്നാണ് ദുഷ്ടന്മാർ പറയുന്നത്.
സോഷ്യൽ എൻജിനീയറിംഗിൽ മാസ്റ്റർ ഡിഗ്രിയുള്ള അമിതിന് കാര്യം പിടികിട്ടി. അത്ര പെട്ടെന്ന് ഭീകരന്മാരെ കൈകാര്യം ചെയ്യാൻ പറ്റില്ല. അടുത്ത ദിവസമാണ് പ്രധാന ടാസ്ക്. പിണറായിയുടെ മണ്ണിൽ വിജയപതാക നാട്ടുക. 85 ദിവസത്തെ വനവാസം കഴിഞ്ഞ് രാമലീലക്കാരൻ അങ്കമാലി വഴി പുറത്തിറങ്ങിയതിന്റെ കോലാഹലമായിരുന്നു ആദ്യ ദിവസം ദൃശ്യ മാധ്യമങ്ങളിൽ. തൃശൂർ പൂരത്തിന് പോലും ഇവന്മാർ ഇത്രയ്ക്ക് കവറേജ് കൊടുക്കാറില്ലല്ലോ. എല്ലാറ്റിലും ഇതുതന്നെ വിശേഷം. കാവ്യ ഗോതമ്പ്റൊട്ടിയാണോ ഉണ്ടാക്കുക, അതോ തരിക്കഞ്ഞിയോ?
എന്നിങ്ങനെ പുരോഗമിച്ചു അന്വേഷണാത്മക പത്രപ്രവർത്തനം. ജനം ടിവിയും റിപ്പബ്ലിക്കുമില്ലായിരുന്നെങ്കിൽ ശരിക്കും തെണ്ടിപ്പോയേനെ. മാതൃഭൂമി ന്യൂസ് ദിലീപിന്റെ മോചന ദിവസം പ്രാദേശിക വാർത്ത നിർത്തിയാണ് ബ്രേക്കിംഗ് ന്യൂസായി ഇത് സംപ്രേഷണം ചെയ്തത്. ദിവസങ്ങളോളം ദിലീപിനെ കൈകാര്യം ചെയ്തിരുന്ന അവതാരകരുടെ അസാന്നിധ്യം ശ്രദ്ധേയമായി. ദിലീപ് വീട്ടിലെത്തിയതിന്റെ ആദ്യ ദൃശ്യങ്ങൾ വരെ ഉൾപ്പെടുത്തി മികച്ച കവറേജ് നൽകി. ദിലീപ് കഥയുടെ നാൾവഴി പ്രത്യേക പ്രോഗ്രാമായും അവതരിപ്പിച്ചു. ആൾക്കൂട്ടം ഇങ്ങിനെ ആഘോഷിക്കുന്നത് ദിലീപിന് വിനയാവില്ലേയെന്ന് ഡെസ്കിൽനിന്ന് ആശങ്കയോടെ ചർച്ചയ്ക്കിടെ ചോദിക്കുന്നുമുണ്ടായിരുന്നു. സജി നന്ത്യത്തിനെ പ്രകോപിപ്പിക്കാനുള്ള ചോദ്യശരങ്ങളുമുയർന്നു. ദിലീപ് ഫാൻസ് ഏർപ്പാടാക്കിയ ആൾക്കൂട്ടമെന്ന് പറഞ്ഞ് ബൈറ്റെടുത്തപ്പോൾ ആ സ്ത്രീ ജയിലിന് തൊട്ടടുത്ത വീട്ടുകാരിയാണ്. താരം ജയിലിൽ നിന്നിറങ്ങുന്നത് കാണാൻ എത്തിച്ചേർന്നതാണെന്ന് മൊഴി.
*** *** ***
കേരളം എങ്ങിനെയെങ്കിലും ഒന്ന് രക്ഷപ്പെടണമെന്ന് കരുതിയാണ് ജനരക്ഷായാത്ര തുടങ്ങിയത്. ആദ്യ ദിവസം പൊതുയോഗത്തിൽ 'വിജയൻജി കേ ജിലേ മേ...' എന്നെല്ലാം പശു ബെൽറ്റിലെ ഹിന്ദിയിൽ ദേശീയ അധ്യക്ഷൻ പറഞ്ഞത് കേട്ടപ്പോൾ ഇതിനി അനന്തപുരിയിലെത്തുമ്പോഴേക്ക് എന്തൊക്കെ അന്വർഥങ്ങൾ കാണേണ്ടി വരുമെന്ന് ആശങ്കപ്പെട്ടിരുന്നു. എന്തൊക്കെ പറഞ്ഞാലും റിപ്പബ്ലിക് ടിവിയും അർണാബ് ഗോസ്വാമിയും നന്ദിയുള്ള വർഗമാണ്. ആദ്യ ദിവസം എത്ര മനോഹരമായാണ് അവർ കവർ ചെയ്തത്. കണ്ടു പഠിക്കരുതോ മലയാളത്തിലെ മാധ്യമ പ്രവർത്തകർക്ക്? ദേശീയ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്ന രാത്രിയിലെ 9 മണി ബുള്ളറ്റിനിൽ പ്രധാന വാർത്ത അമിത് ഷാജിയുടെ കേരള യാത്ര. അതിനെ തുടർന്നുള്ള മൂന്ന് തലവാചകങ്ങളിൽ ജിഹാദിസവും കമ്യൂണിസ്റ്റ് അക്രമവും കൊലപാതകവുമെല്ലാം നന്നായി മസാല ചേർത്ത് തയാറാക്കി. അവതാരകൻ സ്വാമിയുടെ കഴിവ് അപാരം. ഈ തിരക്കിനിടയിലും യാത്രയുടെ നായകൻ മൂപ്പർക്ക് മാത്രം എക്സ്ക്ലൂസീവ് അഭിമുഖവും നൽകി. റിപ്പബ്ലിക് ടിവിയ്ക്ക് കൂട്ടായി ന്യൂസ് 18 ദേശീയ ചാനലുമുണ്ടായിരുന്നു.ഇതും തൊട്ടടുത്ത ദിവസം വന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സംസാരമെല്ലാം പ്യൂവർ അഗ്മാർക്ക് ഹിന്ദിയിലായിരുന്നു. അതു കൊണ്ട് മലയാളികൾ വല്ലാതെ അങ്ങ് മനസ്സിലാക്കിയിട്ടുണ്ടാവുമെന്ന് ആശങ്കപ്പെടേണ്ടതുമില്ല. എല്ലാം സഹിക്കാം, പയ്യന്നൂരിൽ ജാഥയ്ക്കെത്തിയവർ ചീപിഎം ചിന്ദാബാ വിളിച്ചത് കടുംകൈയായിപ്പോയി. അതിലൊരുത്തൻ താമര ചിഹ്നമുള്ള തൊപ്പിയിട്ട് അണിഞ്ഞത് ചെഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷർട്ടും. കണ്ടിട്ട് ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിൽ നിന്നെത്തിയതാണെന്നേ പറയൂ. സഖാവ് കോടിയേരി ഓരോ വാർത്താ സമ്മേളനത്തിലും ഹമീദ് ഷാ എന്നു പറയുന്നത് മൂപ്പരെ അരിശം കൊള്ളിച്ചിട്ടുണ്ടെന്നാണ് കരന്യൂസ്. ഇതെല്ലാം സഹിച്ച് അധ്യക്ഷൻ തലശ്ശേരിയും കൂത്തുപറമ്പും വരെ ഒപ്പമുണ്ടാവണമെന്ന് വിചാരിക്കുന്നത് അതിമോഹമല്ലേ? ഉത്തരേന്ത്യയിൽ നിന്നെത്തിയ ദൃശ്യ മാധ്യമ പ്രവർത്തകർക്ക് കേരളത്തിന്റെ മനോഹാരിത നേരിൽ കാണാനായെന്നതാണ് ഏറ്റവും വലിയ സൗഭാഗ്യം. ഇന്ത്യാ ടുഡേ ടിവിയുടെ റിപ്പോർട്ടർ തലശ്ശേരി ആശുപത്രിയിൽ ചിത്രീകരിച്ച രംഗങ്ങൾ ഓക്സിജൻ ലഭിക്കാതെ കുട്ടികൾ മരിച്ച യോഗിയുടെ നാട്ടിലെ ആശുപത്രിയുമായി താരതമ്യം ചെയ്ത് സംപ്രേഷണം ചെയ്തു. ഈ പത്രക്കാരെയും പോലീസിനെയും വിശ്വസിച്ചാലുള്ള കുഴപ്പമിതാണ്. അവരെപ്പോഴാണ് നമുക്കിട്ട് തിരിച്ച് പണിയുന്നതെന്ന് പറയാൻ പറ്റില്ല. ദേശീയ ചാനലുകൾ കൂട്ടത്തോടെ കേരളത്തിലെത്തിയത് നമ്മുടെ ടൂറിസം വികസിപ്പിക്കാൻ ഉപയോഗപ്പെടുത്താമായിരുന്നു. തലശ്ശേരി ബിരിയാണിയും കോഴിക്കോട്ടെ ബീഫ് ബിരിയാണിയുമെല്ലാം നൽകി ടൂറിസം വകുപ്പിന് ഇവരെ സൽക്കരിക്കാമായിരുന്നു.






