വെർച്വൽ ക്ലാസ്‌റൂം; പുതുപാഠങ്ങളുമായി ലെസൺ 21

വിദ്യാലയങ്ങൾക്കും ഒപ്പം അധ്യാപകർക്കും പ്രാക്ടിക്കൽ ക്ലാസുകളും ലാബുകളുമുൾപ്പെടെ പുതിയ അവസരങ്ങൾ വികസിപ്പിച്ച് നാലു ചെറുപ്പക്കാർ

ഓൺലൈൻ ക്ലാസും ലാബും ചാറ്റ്‌റൂമും ഒരേ പ്ലാറ്റ്‌ഫോമിലൊരുക്കി ലെസൺ 21 എന്ന പേരിൽ സുഹൃത്തുക്കളായ നാലു ചെറുപ്പക്കാർ വികസിപ്പിച്ചെടുത്ത വെർച്വൽ ക്ലാസ്‌റൂം ആപ്ലിക്കേഷന് ആവശ്യക്കാരേറുന്നു. പുതിയ കാലത്തിന്റെ പഠനമുദ്രയായ ഓൺലൈൻ ക്ലാസുകൾക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഒന്നിച്ച് ഒരേ പ്ലാറ്റ്‌ഫോമിൽ നൽകുന്ന ലെസൺ 21 എന്ന പുതിയ ഡിജിറ്റൽ വിദ്യാഭ്യാസരീതിയനുസരിച്ച വെർച്വൽ ക്ലാസ്‌റൂമിൽ രണ്ടു മാസത്തിനിടെ എത്തിയത് ആയിരത്തിലധികം കുട്ടികൾ.
മുൻ പ്രവാസികളും എൻജിനീയറിംഗ് വിദ്യാർഥികളുമായിരുന്ന പത്തനംതിട്ട അടൂർ സ്വദേശി ഹാഷിഫ് ഹബീബ്, വയനാട് സുൽത്താൻ ബത്തേരി സ്വദേശി രാഹുൽ സെബാസ്റ്റ്യൻ, മലപ്പുറം സ്വദേശികളായ മൻഹർ മുസാഫിർ, റാഷിം ഷുക്കൂർ എന്നിവർ ചേർന്നാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ക്ലാസ്മുറികൾ എന്ന ആശയസാക്ഷാൽക്കാരത്തിനായി ലെസൺ 21 എന്ന ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്.
സൂം, ഗൂഗിൾമീറ്റ് പോലുള്ള വീഡിയോ കോൾ ആപ്ലിക്കേഷനുകളാണ് ഓൺലൈൻ ക്ലാസുകൾക്ക് സാധാരണയായി ഉപയോഗിക്കുന്നത്. അതിനൊപ്പം അധ്യാപകർക്ക് വിദ്യാർഥികളുമായി സംവദിക്കാനും നോട്ടുകൾ കൈമാറാനും മറ്റും വാട്ട്‌സാപ്പ്, ടെലിഗ്രാം പോലുള്ള ആപ്ലിക്കേഷനുകളും നിർബന്ധമാണ്. 
ഫയലുകൾ ശേഖരിക്കാൻ ഫോൺ അല്ലെങ്കിൽ കംപ്യൂട്ടർ മെമ്മറി മതിയാകാതെ വന്നേക്കാം. എന്നാൽ ഇവയെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും എന്നതാണ് ലെസൺ 21 ന്റെ പ്രത്യേകത. ലൈവ് ക്ലാസ്, വിദ്യാർഥികളുമായി സംവദിക്കാനുള്ള ചാറ്റ്‌റൂം, അസൈൻമെന്റുകൾ നൽകാനും പരീക്ഷകൾ നടത്താനുമുള്ള സൗകര്യം തുടങ്ങിയവ ഒരിടത്ത് തന്നെ ലഭ്യമാകുന്നു. റെക്കാർഡഡ് ക്ലാസുകൾ വീണ്ടും കാണുകയുമാവാം. 

 


ലെസൺ 21 ന്റെ സെർവറിൽ തന്നെ ഫയലുകൾ സേവ് ചെയ്യാനും ഒരു ജി.ബി വരെയുള്ള ഫയലുകൾ കൈമാറാനും ഇത് വഴി സാധിക്കും. പ്രാക്ടിക്കൽ ക്ലാസുകൾ നടത്താനുള്ള ബുദ്ധിമുട്ടാണിപ്പോൾ ഓൺലൈൻ ക്ലാസുകളുടെ പ്രധാന പോരായ്മ. എന്നാൽ അതത് സ്‌കൂളുകളുടെ ആവശ്യമനുസരിച്ച് വെർച്വൽ ലാബുകളും ലെസൺ 21 ൽ തയാറാക്കാം. പിഴവില്ലാത്ത രീതിയിൽ പരീക്ഷകൾ നടത്താനുള്ള സംവിധാനം കൂടി ഉൾപ്പെടുത്താനാണ് ശ്രമമെന്ന് ലെസൺ 21 ന്റെ ശിൽപികൾ അറിയിച്ചു. 
സാങ്കേതിക വിദ്യകളിൽ ഏറ്റവും പുതിയ രീതിയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ഉത്തരക്കടലാസുകൾ മാർക്കിടാനും അധ്യാപകർക്ക് വളരെയെളുപ്പത്തിൽ അവരുടെ പാഠ്യേതര ജോലികൾ സുഗമമായി നിർവഹിക്കാനും ലെസൺ 21 സൗകര്യമൊരുക്കുന്നു. അധ്യാപക-വിദ്യാർഥി-രക്ഷിതാക്കൾ എന്നിവയ്ക്കിടയിലെ അകലം കുറയ്ക്കുന്ന പുതിയൊരു ഏകോപന സംവിധാനം കൂടി ഇത് വാഗ്ദാനം ചെയ്യുന്നു. വിദ്യാർഥികളുടെ എല്ലാ കാര്യവും അപ്പപ്പോൾ രക്ഷിതാക്കളെ അറിയിക്കാനും ഹാജർ നിലയും മാർക്ക്ഷീറ്റുകളും ഡിജിറ്റൈസ് ചെയ്യാനും അധ്യാപകർക്ക് ഒറ്റ ക്ലിക്ക് കൊണ്ട് സാധ്യമാകുന്നു. സാങ്കേതിക വിദ്യകളുടെ ഉപയോഗം മൂലമുള്ള എല്ലാ കാലതാമസവും ഇല്ലാതാക്കുകയെന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ട്. വിദ്യാലയങ്ങൾക്ക് അവയുടെ സ്വന്തം ലോഗോ വെച്ച് കസ്റ്റമൈസ് ചെയ്യാനും പരമാവധി സുരക്ഷ ഉറപ്പ് വരുത്താനും ഈ സംവിധാനം വഴി സാധ്യമാകുന്നു. സ്വന്തമായി രൂപകൽപന ചെയ്ത വീഡിയോ കോളിംഗ് സൊല്യൂഷൻ ലെസൺ 21 ന്റെ മറ്റൊരു സവിശേഷതയാണ്.   
വിദ്യാർഥി, അധ്യാപക, രക്ഷാകർത്താവ് എന്നിവർക്കിടയിലെ അകലം ഇല്ലാതാക്കാനും അവർക്കിടയിലെ മാനസിക ഐക്യം, സാങ്കേതിക മാധ്യമം ഉപയോഗിച്ചുള്ള വിനിമയം എന്നിവ ദൃഢീകരിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ലെസൻ 21.
അധ്യാപകർക്കാവശ്യമായ എല്ലാ മാധ്യമങ്ങളും ലെസൻ 21 ആപ്പിൽ ലഭ്യമാണ്. 


ക്ലാസെടുക്കുന്നതിനുള്ള സാമഗ്രികൾ, ഹാജർ എടുക്കുന്നതിനുള്ള സൗകര്യം തുടങ്ങിയ ക്ലാസ് മുറികളിൽ ഏർപ്പെടുത്താവുന്ന തരത്തിലുള്ള എല്ലാ സംവിധാനങ്ങളും അധ്യാപകർക്കായി ഇ. മെയിൽ വഴി ഓട്ടോമാറ്റിക്കായിത്തന്നെ കിട്ടുന്നുവെന്നതും ഈ ആപ്പിന്റെ പ്രത്യേകതയാണ്. ആർക്കും അനായാസം ഉപയോഗിക്കാവുന്ന വിധം യൂസർ ഫ്രന്റ്‌ലിയാണ് ഈ സംവിധാനം.
പുറമെ അതാത് സ്‌കൂളുകൾക്ക് അവരുടെ സ്വന്തം ലോഗോ തന്നെ ഉപയോഗിച്ച് പരമാവധി സുരക്ഷയോടെ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. സാങ്കേതികമായി വിദ്യാലയങ്ങളുടെ മുന്നേറ്റം അടയാളപ്പെടുത്തുന്നതിനും ഈ ആപ്പ് ഉപകരിക്കുന്നു. 
ഉപയോഗിക്കുന്നവരുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് കൂടി വികസിപ്പിച്ചെടുത്തതാണ് ലെസൺ 21. ഓരോ വിദ്യാർഥിക്കും പ്രത്യേകം ലോഗ് ഇൻ വിവരങ്ങളുള്ളതിനാൽ പുറത്ത് നിന്നൊരാൾ ക്ലാസിൽ കടന്നുകൂടില്ല. ആവശ്യമുള്ള സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ ജോയിൻ ചെയ്യാവുന്ന വിധത്തിലാണ് പ്ലാറ്റ്‌ഫോം ഡിസൈൻ ചെയ്തിരിക്കുന്നത്. വിവിധ സ്‌കൂളുകളിലും കോച്ചിംഗ് സെന്ററുകളിലുമായി ആയിരത്തിലധികം കുട്ടികൾ ഇതിനകം നിലവിൽ ലെസൺ 21 ഉപയോഗിക്കുന്നുണ്ടെന്നും ഇവർ വ്യക്തമാക്കി.  www.lesson21.com
 

Latest News